സംഘപരിവാറിന്റെ ഗാന്ധി സ്നേഹം ‘ഹിപ്പോക്രസി’ മാത്രം

Web Desk
Posted on November 04, 2019, 10:19 pm

കശ്മീർ ജനതയുടെ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും അടിച്ചമർത്തുന്നതിന് ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ നടപടി കേ­ന്ദ്രസർക്കാരിന്റെ അതിക്രമവും ജനാധിപത്യവിരുദ്ധതയുമാണെന്ന്, മോഡിസർക്കാരിന്റെ ഈ നയത്തിൽ പ്രതിഷേധിച്ച് സിവിൽ സർവ്വീസിൽ നിന്നും രാജിവച്ച കണ്ണൻ ഗോപിനാഥൻ അഭിപ്രായപ്പെടുകയുണ്ടായി. “ഇന്ത്യൻ ജ­നാധിപത്യം കടന്നുപോകുന്ന കാലം” എന്ന വിഷയത്തിൽ എറണാകുളം പ്രസ്സ് ക്ലബ്ബ് ഹാളിൽ കേരളസംസ്ഥാന ജനകീയപ്രതിരോധ സമിതി സംഘടിപ്പിച്ച (ഒക്ടോബർ 13,2019) പ്രഭാഷണത്തിലാണ് ഇത്തരമൊരു പരാമർശമുണ്ടായത്. സർക്കാരുകൾ അവ നയിക്കുന്നത് ആരായാലും പരാജയപ്പെടാറുണ്ട്. അതിന് ന്യായീകരണവുമുണ്ടാകാം. എന്നാൽ കശ്മീരിൽ നടന്നത് പരാജയമല്ല, അതിക്രമമാണ്; മൗലികാവകാശ നിഷേധമാണ്. കശ്മീർ സംസ്ഥാനത്തിനും അവിടത്തെ ജനങ്ങൾക്കും സംഭവിച്ചതിൽ കേരളത്തിലെ ഭരണകൂടത്തിനും, കേരള ജനതക്കും ഒരു വിഷമവും തോന്നുന്നില്ലാ എങ്കില്‍, ഇന്ത്യ ഒരു രാഷ്ട്രമാണ് എന്ന് പരിഗണിക്കപ്പെടാൻ എങ്ങനെ കഴിയും?

രോഗബാധിതയായൊരു കുഞ്ഞിന് ഡോക്ടർ ഇൻജക്ഷൻ കൊടുക്കുമ്പോൾ വേദന താങ്ങാനാവാത്ത ആ പാവം കരയാതിരിക്കില്ലല്ലോ. കരച്ചിൽ പുറത്തുള്ളവർ കേൾക്കാതിരിക്കാൻ നിസഹായനായ ആ കുഞ്ഞിന്റെ വായപൊത്തിപ്പിടിച്ചാലത്തെ സ്ഥിതിയാണ് ഇന്നത്തെ കശ്മീ­ർ ജനതയുടേതെന്ന് ഈ മുൻ യുവ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് നീണ്ടു നിന്ന കരഘോഷത്തോടെയാണ് അവിടെ കൂടിയവർ സ്വീകരിച്ചത്. മോഡിയുടെ നേതൃത്വത്തിലുള്ള കേ­ന്ദ്രഭരണത്തിനു രാജ്യത്തിന്റെ ഭാവി ശോഭനമാക്കാന്‍ കഴിയില്ലെന്ന ആശങ്ക പ്രകടമാക്കിക്കൊണ്ട് സിവില്‍ സര്‍വ്വീസില്‍ നിന്നും രാജിവച്ചതിനുശേഷം കര്‍ണ്ണാടക സംസ്ഥാനത്തെ ദക്ഷിണ കന്നഡ ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷന്‍ പദവി­യില്‍ നിന്നും ഒഴിഞ്ഞുപോയ ശശികാന്ത് സെന്തില്‍ എന്ന യുവാവ് 2009 ബാച്ചിലെ ഐഎഎസ് ഓഫീസറാണ്. ജനാധിപത്യം സന്ധിചെയ്യപ്പെടുന്നു എന്നും വൈവിദ്ധ്യമാര്‍ന്ന ഇന്ത്യന്‍ പാരമ്പര്യവും, സംസ്കാരവും തകര്‍ത്തെറിയപ്പെടുകയാണെന്നും തനിക്ക് തുറന്നു പറയാന്‍ ജോലി ഒരു തടസമാവരുതെന്നതിനാലാണ് രാജിവച്ച് ഒഴിയുന്നതെന്ന് സെന്തില്‍ ഏറ്റുപറയുന്നു. ഒരു കണ്ണന്‍ ഗോപിനാഥന്റേയും ഒരു ശശികാന്ത് സെന്തിലിന്റേയും രാജികൊണ്ട് ഇന്ത്യയുടെ സിവില്‍ സര്‍വ്വീസിലും ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് സ്വഭാവത്തിലും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ ആരും തന്നെ കരുതുമെന്ന് തോന്നുന്നില്ല.

എ­ന്നാല്‍ ആദര്‍ശ ധീരന്മാരായ ഈ രണ്ടു യുവാക്കളുടേയും മാതൃക ഇന്ത്യയിലേയും വിശിഷ്യാ കേരളത്തിലേയും യുവാക്കള്‍ക്ക് അനുകരിക്കാവുന്നതാണ്. മോഡി ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ആള്‍ക്കൂട്ട ആക്രമണം എന്ന ഒരു പ്രതിഭാസം ഇന്ത്യയില്‍ നടക്കുന്നു എന്നത് വെറും ദുഷ്‍പ്രചരണമാണെന്നാണ് ഇപ്പോഴും ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്തുവരുന്ന ബിജെപി അധ്യക്ഷന്‍ ആവര്‍ത്തിച്ച് അവകാശപ്പെടുന്നത്. ഇതിന്റെ പേരിലൊന്നും ഒരു ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തിലെത്തുന്ന യത്നങ്ങളില്‍ നിന്ന് തന്നെയോ തന്റെ സര്‍ക്കാരിനെയോ പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കേണ്ട കാര്യമില്ലെന്ന് പറയാതെ പറയുകയാണ് അമിത്ഷാ ചെ­യ്യുന്നത്. ഹിന്ദുമഹാസഭാ നേതാവും ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ സൈദ്ധാന്തിക പ്രമുഖനുമായ വിനായക ദാമോദര്‍ സവര്‍ക്കര്‍ (1883–1966) എന്നു തീവ്ര ഹിന്ദുത്വവാദിയെ ‘ഭാരതരത്ന’ പദവി നല്‍കി ആദരിക്കാനാണ് മോഡി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അമിത്ഷായുടെ പ്രഖ്യാപനം തന്റെ ഈ നിലപാടിനുള്ള നടപടികളിലൊന്നായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

സവര്‍ക്കര്‍ ഇല്ലായിരുന്നെങ്കില്‍ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം വെറുമൊരു പട്ടാള ലഹളയായി ചരിത്രം രേഖപ്പെടുത്തുമായിരുന്നു എന്നും ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയ മഹാത്മാഗാന്ധിയേക്കാള്‍ പ്രശംസ അര്‍ഹിക്കുന്നത് സവര്‍ക്കര്‍ ആണെന്നാണ് അമിത്ഷായുടെയും സംഘപരിവാറിന്റെയും നിലപാട്. ഇതിനുള്ള ന്യായവാദമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്, സവര്‍ക്കര്‍ എഴുതിയ “ഇന്ത്യന്‍ സ്വാതന്ത്ര്യ യുദ്ധത്തിന്റെ ചരിത്രം” എന്ന പുസ്തകത്തില്‍ 1857 ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെ സ്വാതന്ത്ര്യത്തിനായുള്ള ഒന്നാമത്തെ യുദ്ധമെന്ന പരാമര്‍ശമാണ്. എന്നാല്‍ പ്രസ്തുത യുദ്ധത്തില്‍ പങ്കെടുത്ത മുഴുവന്‍ ദേശാഭിമാനികള്‍ക്കും സവര്‍ക്കറോടൊപ്പം അതിനുള്ള ക്രെ­ഡിറ്റ് അവകാശപ്പെട്ടതല്ലേ? മാത്രമല്ലാ, ഗാന്ധിജിയുടേതില്‍ നിന്നും വ്യത്യസ്തമായ സമരമാര്‍ഗങ്ങളായിരുന്നു സവര്‍ക്കര്‍ തുടര്‍ന്നുള്ള കാലയളവില്‍ മുഴുവന്‍ പിന്‍ തുടര്‍ന്നിരുന്നത്, അക്രമവും ഗറില്ലാ യുദ്ധമുറകളും കടുത്ത ഹിന്ദുവര്‍ഗീയതയുമായിരുന്നു ഇതിന്റെയെല്ലാം മുഖമുദ്രകള്‍.

അക്രമത്തിലൂടെ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാന്‍ കഴിയില്ലെന്നു ബോദ്ധ്യമായതിനാലാണ് മഹാത്മാഗാന്ധി വിട്ടു വീഴ്ചകള്‍ക്ക് സന്നദ്ധനായത്. ഗാന്ധിജിയുടേതില്‍ നിന്നും ഭിന്നമായ മാര്‍ഗത്തിലൂടെയാണെങ്കിലും ബ്രിട്ടീഷ് വിരുദ്ധ നിലപാടില്‍ തുടര്‍ന്നിരുന്ന സവര്‍ക്കര്‍ 1910 ല്‍ അറസ്റ്റിലാവുകയും 1924 വരെ ആന്റമാനിലെ സെല്ലുലാര്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തു എന്നത് സത്യമാണ്. എന്നാ­ല്‍, അദ്ദേഹം ഒരു രാഷ്ട്രീയ തടവുകാരനായിരുന്നില്ലാ നാസിക് കളക്ടറെ വധിച്ച കേസില്‍ ഗൂഢാലോചന നടത്തുകയും രാജാവിനെതിരെ ഗൂഢാലോചനക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്തതിന്റെ പേരിലായിരുന്നു തടവുശിക്ഷ. ഈ ശിക്ഷക്ക് സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഒടുവില്‍ ജയില്‍ മോചിതനായതോ? ബ്രിട്ടീഷ് ഭരണത്തോട് കൂറും വിശ്വാസവും രേഖപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷയും ദയാഹര്‍ജിയും സമര്‍പ്പിച്ചതിനെ തുടര്‍ന്നും. ഈ മനുഷ്യനാണ് ഭാരതരത്നം എന്ന ബഹുമതി നല്‍കി മോഡി അമിത്ഷാ കുട്ടുകെട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗ‍‍് വതിന്റെ അനുഗ്രഹാശിസുകളോടെ മഹാത്മജിയുടെ 150-ാം ജന്മ വാര്‍ഷികാഘോഷം നടത്തിവരുന്ന വര്‍ഷത്തില്‍ തന്നെ ആദരിക്കാന്‍ ഒരുമ്പെടുന്നതെന്നോര്‍ക്കുക.

“ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്തു?” എന്ന വിചിത്രമായൊരു ചോദ്യം ഉള്‍പ്പെടുത്തി ഗുജറാത്തിലെ ഒന്‍പതാം ക്ലാസ് ചരിത്ര പാഠപുസ്തകവുമായി ബന്ധപ്പെട്ട പരീക്ഷയിലെ ചോ­­ദ്യപേപ്പര്‍ പുറത്തുവന്നു. ഗാന്ധിജി ജനിച്ച സംസ്ഥാനത്തുതന്നെയാണ് അദ്ദേഹത്തെ അപമാനിക്കാനും ചരിത്രം വളച്ചൊടിക്കാനും നമ്മുടെ രാഷ്ട്രപിതാവിന്റെ 150-ാം ജന്മവാര്‍ഷികാഘോഷ വേളയില്‍ ശ്രമം നടക്കുന്നതെന്നോര്‍ക്കുമ്പോള്‍ ഹാ കഷ്ടം! അല്ലാതെന്തു പറയാന്‍? ഇതു സംബന്ധമായ മാധ്യമ റിപ്പോര്‍ട്ട് പുറത്തുവന്നത് 2019 ഒക്ടോബര്‍ 14നാണ്. ഒരാഴ്ച കഴിഞ്ഞിട്ടും ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ഒരുവിധത്തിലുള്ള പ്രതികരണവും ഇതേപ്പറ്റി നടത്തിയിട്ടില്ല. ഇതൊന്നും തിരിച്ചറിയാന്‍ ഇന്ത്യയിലെ പ്രതിപക്ഷത്തിന് കഴിയാത്തതിലാണ് മതനിരപേക്ഷ ജനാധിപത്യ വിശ്വാസികള്‍ക്കുള്ള കടുത്ത ആശങ്ക. ബിജെപിയുടെയും സംഘപരിവാറിന്റെയും ഗാന്ധി സ്നേഹം ‘ഹിപ്പോക്രസി’ മാത്രമാണ്. ഈ തീരുമാനത്തിനാധാരമായി സൂചിപ്പിക്കാനുള്ളത് രാഷ്ട്രപിതാവ് വധിക്കപ്പെട്ടപ്പോള്‍ നാഗ്പൂരിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ പിടിഐയുടെ റിപ്പോര്‍ട്ടറായി നേരിട്ടെത്തിയ വാള്‍ട്ടര്‍ ആല്‍‍ഫ്രഡ് അവിടെ കണ്ടത് തീര്‍ത്തും അതിശയിപ്പിക്കുന്ന കാഴ്ചയാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെയാണ്. മുംബൈ മീരാ റോഡിലെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുന്ന 99 കാരനായ ഈ ലേഖകന്‍ അവിടെ കണ്ട കാഴ്ച ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. തീര്‍ത്തും ആഘോഷത്തിന്റേതായൊരു അന്തരീക്ഷമായിരുന്നു ആര്‍എസ്എസ് കേന്ദ്രത്തില്‍ നിലവിലിരുന്നത്. ‘ഗാന്ധിജി മരിച്ചപ്പോള്‍ അവരുടെ സന്തോഷം കണ്ട് അമ്പരന്നുപോയി’ ഇതായിരുന്നു വാള്‍ട്ടര്‍ ആല്‍ഫ്രഡിന്റെ വാക്കുകള്‍. എന്നാല്‍, മോഡി അധികാരത്തിലെത്തിയതിനുശേഷം ഇ­ന്ത്യയില്‍ നടക്കുന്നതോ?

ഗാന്ധി സ്നേഹം വെ­റും കാപട്യമായി തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. ഈ ക്രൂരകൃത്യത്തിന് മുന്‍കൈയെടുക്കുന്നത് ഭരണകര്‍ത്താക്കള്‍ തന്നെ. ഈ അവസരത്തില്‍ നാം ഓര്‍ത്തെടുക്കേണ്ടൊരു കാര്യമുണ്ട്. എന്താണെന്നോ? യു എസ് പ്രസിഡന്റായി ഒബാമ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാധ്യമങ്ങള്‍ സ്ഥിരമായി ചോദിച്ചിരുന്ന ഒരു ചോദ്യം അദ്ദേഹത്തോടും ചോദിച്ചു. എന്തായിരുന്നു ആ ചോദ്യം? ലോകത്ത് ഇതിനകം മരിച്ചുപോയ മഹാത്മാക്കളില്‍ ഒരാളോടൊപ്പം അത്താഴത്തിന് പങ്കുചേരാന്‍ ഒരവസരം തരാമെന്ന് ദൈവം പറഞ്ഞു എന്ന് കരുതുക. താങ്കള്‍‍ ആരുടെ പേരായിരിക്കും പറയുക? ഒബാമ കൃത്യമായി സൂചിപ്പിച്ച പേര് അ­ത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. കാരണം, അത് മഹാത്മാഗാന്ധിയുടേതായിരുന്നു.

(അവസാനിച്ചു)