August 19, 2022 Friday

കെ ദാമോദരൻ എന്ന ഇതിഹാസം

Janayugom Webdesk
July 2, 2022 6:00 am

സഖാവ് ദാമോദരനെ ഇതിഹാസം എന്നു വിശേഷിപ്പിക്കുമ്പോൾ ഇതിഹാസ പദത്തിന് ആനുകാലിക അർത്ഥപൂർണത കൈവരുന്നതായി നമുക്ക് അനുഭവപ്പെടും. അദ്ദേഹത്തിന്റെ മനസിനുള്ളിൽ കെടാത്ത അഗ്നിജ്വാലയായിരുന്നു. പ്രതിഷേധത്തിന്റെയും രോഷത്തിന്റെയും അഗ്നിജ്വാലകൾ. സ്റ്റാലിനിസ്റ്റ് നേതൃത്വത്തിന്റെ ഭീകരതകളെ അനാവരണം ചെയ്ത ക്രൂഷ്ചേവ് ലോക കമ്മ്യൂണിസ്റ്റ് ചിന്തയിൽ അനേകായിരം മെഗാവാട്ട് ശക്തിയുള്ള ബോംബാണ് പൊട്ടിച്ചത്. പിന്നീട് ഹംഗറി, പോളണ്ട്, ചെക്കോസ്ലോവാക്യ തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഭരണകൂടങ്ങൾക്കെതിരെയുള്ള സമരങ്ങൾ അടിച്ചമർത്തപ്പെട്ടു. പിന്നീട് അത് ചരിത്രത്തിന്റെ കറുത്ത ഏടുകളായി മാറി. ഏതു മരവിച്ച, മസ്തിഷ്ക്കത്തെയും ജീവസുറ്റതാക്കാൻ കെൽപ്പുറ്റ ഈ സംഭവങ്ങൾ അന്നത്തെ ലോക കമ്മ്യൂണിസ്റ്റ് ചിന്തയിൽ കാര്യമായ പോറലുകൾ ഏല്പിച്ചില്ല എന്നത് എത്ര അഗാധമായ മാനസിക അടിമത്തമായിരുന്നു പ്രസ്ഥാനത്തെ ബാധിച്ചത് എന്നതിന് തെളിവത്രെ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് ഈ സംഭവങ്ങളെ വേണ്ടപോലെ ഉൾക്കൊള്ളാനും അവയെ നിശിതമായി, പരസ്യമായി വിലയിരുത്താനും സഖാവ് ദാമോദരന് കഴിഞ്ഞു എന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒരപൂർവ സംഭവമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളിൽ നിന്നുകൊണ്ട് സോവിയറ്റ് യൂണിയന്റെ അധീശത്വചിന്താഗതി പ്രത്യയശാസ്ത്ര രംഗത്തും പ്രവർത്തനരംഗത്തും അഗമ്യഗമനം ചെയ്യുമ്പോഴെല്ലാം ധീരമായി പ്രതികരിക്കുകയും തന്മൂലമുണ്ടാകുന്ന, ശിക്ഷണ നടപടികളെ സ്വാഭിമാനം സ്വാഗതം ചെയ്യാനും മുതിർന്നൊരു പാർട്ടി നേതാവ് സഖാവ് കെ ദാമോദരനായിരുന്നു.

വീണ്ടുവിചാരങ്ങളിലെ നിർഭയത്വമായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വത്തിൽ മുഴച്ചു നിന്നിരുന്ന ഘടകം. ആധുനിക കേരളത്തിന്റെ അത്ഭുത പ്രതിഭയായിരുന്നു കെ ദാമോദരൻ. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് മറ്റൊരു പ്രതിഭാസാഗരത്തിലും ഇത്രയേറെ വിജ്ഞാനഭാഗീരഥികൾ ഒന്നിച്ച് ഒഴുകിയെത്തിയിട്ടുണ്ടാവില്ല. അദമ്യമായ വിജ്ഞാന ദാഹവും അതുല്യമായ മനനശേഷിയും അമാനുഷമായ ക്രാന്തദർശിത്വവും ആ വ്യക്തിത്വത്തെ അസാമാന്യമാംവിധം കനം തൂക്കിയിരുന്നു. ഈ വസ്തുത സമർത്ഥിക്കാൻ ഒട്ടും വിഷമിക്കേണ്ടതില്ല. പരസ്പരം ബന്ധം കുറവായ വ്യത്യസ്തങ്ങളായ എത്ര ബൗദ്ധിക മേഖലകളിലാണ് അയത്നവും സ്വച്ഛന്ദവുമായി അദ്ദേഹം വ്യാപരിച്ചു പോന്നിരുന്നത് എന്ന് പരിശോധിച്ചാൽ മതി. ഉന്നതനായ രാഷ്ട്രീയ നേതാവും, ഉജ്ജ്വലനായ പ്രാസംഗികനും പ്രഗത്ഭ സംഘാടകനുമായിരുന്നു അദ്ദേഹം. അനേകം പ്രതികൾ വിറ്റഴിഞ്ഞ “മനുഷ്യൻ” എന്ന മലയാളത്തിലെ അത്യപൂർവ ഗ്രന്ഥത്തിന്റെ കർത്താവായ നരവംശശാസ്ത്രജ്ഞൻ. ഉറുപ്പിക, നാണയ പ്രശ്നം, ധനശാസ്ത്ര പ്രവേശിക തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവായ ധനശാസ്ത്രജ്ഞൻ. മാർക്സിസ്റ്റ് തത്വങ്ങളെ ലളിതമായ ഭാഷയിലുള്ള ചെറിയ ചെറിയ പുസ്തകങ്ങളിലൂടെ, കേരളത്തിലെ സാധാരണക്കാർക്കെത്തിച്ചു കൊടുത്തത് ദാമോദരനായിരുന്നു. മിച്ചമൂല്യം, നിഷേധത്തിന്റെ നിഷേധം, ചരിത്രപരവും ശാസ്ത്രീയവുമായ ഭൗതികവാദം ഇവയെ എല്ലാംകുറിച്ചുള്ള ഭാമോദരന്റെ ഗ്രന്ഥാവലിയാണ് സാധാരണക്കാരനെ മാർക്സിസത്തിന്റെ നിലത്തെഴുത്ത് പഠിപ്പിച്ചത്. മലയാളിയുടെ നാവിൽ കമ്മ്യൂണിസത്തിന്റെ “ഹരിശ്രീ” കുറിച്ചിട്ട സഖാവ് എല്ലാ അർത്ഥത്തിലും കേരളത്തിലെ മാത്രമല്ല, ഇന്ത്യയുടെ മാർക്സിസ്റ്റ് ആചാര്യനായിരുന്നു. കേരളം കണ്ട ഏറ്റവും ശക്തനായ ലഘുലേഖാകൃത്തും ദാമോദരൻ തന്നെ, ഏറ്റവും പ്രശസ്തമായത് “യേശുക്രിസ്തു മോസ്കോവിൽ”. നാടക കൃത്തായ ദാമോദരൻ കർഷക കേരളത്തിന്റെ എന്നത്തെയും പുളകമാണ്.

 


ഇതുകൂടി വായിക്കു; പൊയ്കയില്‍ അപ്പച്ചന്‍: ഒഴിവാക്കാനാകാത്ത ചരിത്രയാഥാർത്ഥ്യം


കർഷക കേരളത്തിന്റെ മനസിൽ വിപ്ലവത്തിന് വിത്തുകൾ പാകിയത് സഖാവ് എഴുതിയ “പാട്ടബാക്കി” തന്നെ. ജന്മിത്വത്തോടുള്ള ഒടുങ്ങാത്ത പ്രതികാര ബുദ്ധിയോടെയാണ് നാടകം കണ്ട ജനങ്ങൾ വേദിവിട്ടിറങ്ങിയിരുന്നത് എന്ന് അക്കാലത്ത് എഴുതപ്പെട്ടു. കേരളത്തിൽ സാക്ഷാല്ക്കരിക്കപ്പെട്ട കാർഷിക പരിഷ്കാര വടവൃക്ഷത്തിന്റെ വേരുകൾ തേടിപ്പോയാൽ പാട്ടബാക്കിയിലാണ് നാം എത്തിച്ചേരുന്നത്. ”ഇന്ത്യയുടെ ആത്മാവും” ”ഭാരതീയ ചിന്തയും” രചിച്ചപ്പോൾ സഖാവിലെ ചിന്തകന്റെ ഉയരം തേടുകയായിരുന്നു. ഭാരതീയ ചിന്തയിലുള്ള അവഗാഹം ലോകാടിസ്ഥാനത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു. കേരളത്തിലെ ആദ്യത്തെ സംഘടിത തൊഴിലാളി സമരത്തിന്റെ ജീവാത്മാവും പരമാത്മാവും അദ്ദേഹം തന്നെ. 1939ലെ പൊന്നാനിയിലെ ബീഡി തൊഴിലാളി സമരം, ചരിത്ര സംഭവം. ഒരാളെക്കുറിച്ച് മനസിലാക്കാൻ അയാളുടെ എതിരാളികൾ ആരൊക്കെയെന്നു നോക്കിയാൽ മതി. വചനം ശരിയാണെങ്കിൽ അദ്ദേഹത്തെ മനസിലാക്കാൻ ആയാസപ്പെടേണ്ടി വരില്ല. രാഷ്ട്രീയ രംഗത്ത് ഒരു കാലത്തു സി കെ ഗോവിന്ദൻ നായരായിരുന്നു എങ്കിൽ, മറ്റൊരു ഘട്ടത്തിൽ ഇ എം എസ് നമ്പൂതിരിപ്പാടും. സാഹിത്യ രംഗത്ത് കുട്ടികൃഷണ മാരാർ, സഞ്ജയൻ, ജോസഫ് മുണ്ടശേരി, ചരിത്രരചനാ രംഗത്ത് ഇളംകുളം കുഞ്ഞൻപിള്ള.

പ്രസംഗകലയിൽ എതിരാളികൾ ഉണ്ടായിരുന്നില്ല താനും. മാർക്സിസ്റ്റു ചിന്താലോകത്ത് സോവിയറ്റ് വക്താക്കൾ പറഞ്ഞു കഴിഞ്ഞാൽ, “ആമേൻ” എന്നു മാത്രം പറയാമായിരുന്ന കാലത്താണ് സോവിയറ്റ് യൂണിയന്റെ താത്വികാചാര്യനായ ഉളിനോവ്സികിയുടെ താത്വികാഭിപ്രായങ്ങളെ ദാമോദരൻ ശിഥിലീകരിച്ചത്. ഹംഗറിയിലെയും ചെക്കോസ്ലോവാക്യയിലെയും സോവിയറ്റ് യൂണിയന്റെ സൈനിക ഇടപെടലുകൾ ദാമോദരനിലെ ധാർമ്മിക രോഷം ഉയർത്തി. അതിനെതിരെ അദ്ദേഹത്തിന്റെ പ്രതിഷേധം അണപൊട്ടിയൊഴുകി. ഇവയൊക്കെ അന്നത്തെ കമ്മ്യൂണിസ്റ്റ് ചിന്താ ലോകത്തെ അസംഭവ്യതകളായിരുന്നു. ഇന്ന് ജനാധിപത്യ കേന്ദ്രീകരണത്തിൽ, കേന്ദ്രീകരണത്തിന് പ്രായോഗികതലത്തിൽ പ്രാമുഖ്യം ലഭിക്കുന്നു. ഇന്നത്തെ പ്രവൃത്തികൾ കണ്ടാൽ, സമഗ്രാധിപത്യ ഭരണത്തിനുള്ള ഭരണപരവും രാഷ്ട്രീയ പരവുമായ മൃദുവാക്യമാണ് ജനാധിപത്യ കേന്ദ്രീകരണമെന്നൊരു പൊതുവായ സംശയം നിലവിലുണ്ട്. സാക്ഷാൽ ലെനിൻ അടക്കം അതിലടങ്ങിയ വിപത്തിനെക്കുറിച്ച് തീർത്തും ബോധവാനായിരുന്നു. അദ്ദേഹത്തിന്റെ ബോധ്യം സ്റ്റാലിൻയുഗത്തിൽ ശരിയാണെന്ന് തെളിയുകയും ചെയ്തു. തുടർച്ചയായി പ്രസ്ഥാനങ്ങൾ തെറ്റുകൾ ചെയ്യുകയും പിന്നീടത് തുറന്ന് സമ്മതിക്കുകയും ചെയ്യുന്ന പ്രവണത, ജനാധിപത്യ കേന്ദ്രീകരണത്തിന്റെ സഹജമായ ദൗർബല്യത്തിന്റെ അനന്തരഫലമല്ലെ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

 


ഇതുകൂടി വായിക്കു; ‘നിഴല്‍’ വിദ്യാഭ്യാസം പടരുന്നു


 

രണ്ട് ദശാബ്ദം കൂടി ജീവിക്കാൻ ആയുസുണ്ടായിരുന്നെങ്കിൽ ദാമോദരനു താനെഴുതിയ ഓരോ വരിയും വരിയിലെ ഓരോ അക്ഷരവും സത്യത്തിന്റെ ചെമ്പതാകയുമായി തന്റെ മുന്നിൽ നൃത്തം ചെയ്യുന്നതു കാണാൻ സാധിക്കുമായിരുന്നു. കിഴക്കൻ യൂറോപ്യൻ കമ്മ്യൂണിസത്തിന്റെയും, സോവിയറ്റ് കമ്മ്യൂണിസത്തിന്റെയും പതനം അദ്ദേഹത്തിന് ഒരിക്കലും ഒരത്ഭുതമാകുമായിരുന്നില്ല. പ്രസ്ഥാനത്തിലെ ജനാധിപത്യ രാഹിത്യത്തെയും സ്ഥാപനവല്ക്കരണത്തെയും കുറിച്ച് വളരെ മുമ്പ് തന്നെ അദ്ദേഹം ബോധവാനായിരുന്നു. കമ്മ്യൂണിസത്തിന്റെ മാനവികമായ മുഖച്ഛായയാണ് സോവിയറ്റ് യൂണിയനിലടക്കം പലയിടങ്ങളിലും ഇല്ലാതെ പോയതെന്നു അദ്ദേഹം പല തവണ പറഞ്ഞു, എഴുതി. ഉദാത്തമായ മനുഷ്യത്വമാണ് മാർക്സിസമെന്നു പ്രസംഗങ്ങളാലും പ്രവൃത്തികളാലും ജീവിതത്താലും തെളിയിച്ചു കാണിച്ച നേതാവാണ് ദാമോദരൻ. “സഖാവ് ദാമോദരന്റെ ജീവിതം, അലോസരപ്പെടുത്തുന്ന, ചർച്ചയ്ക്ക് വിധേയമാക്കേണ്ട പല ചോദ്യങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആന്തരിക വിമർശകർക്ക് (ക്രിട്ടിക്കൽ ഇൻസൈഡേഴ്സിന്) എന്തെങ്കിലും ഭൂമികയുണ്ടോ എന്നും ഉണ്ടെങ്കിൽ അതെന്തായിരിക്കണം എന്നുമാണ്”. (കെ എൻ പണിക്കർ) മെരുങ്ങാത്ത വിമർശനാവബോധത്തിനു നൽകേണ്ടി വരുന്ന വില ശിക്ഷിക്കപ്പെടലാണ് എന്നാണോ ആ ജീവിതം ഒരു വശത്തു നൽകുന്ന പാഠം.

സ്വതന്ത്ര ചിന്തയുടെ കൈവിളക്കാക്കി മാർക്സിസത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ള മാർക്സിസ്റ്റു സൈദ്ധാന്തികൻ. മുൻ വിധി കൂടാതെ ഭാരതീയ തത്വചിന്തയെ വിമർശനബുദ്ധ്യാ നിരീക്ഷണം ചെയ്തു. ഭാരതീയ ചിന്ത അപ്പാടെ ആത്മീയ വാദമല്ല, ഭൗതികവാദം കൂടിയാണെന്ന് കൃത്യമായി പറഞ്ഞു. ജനങ്ങളുടെ ബോധമുയർത്തുക എന്ന കടമയിലാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഇന്ന് അതിൽ ആരു ശ്രദ്ധിക്കുന്നു? വിപ്ലവ ബോധം മുദ്രാവാക്യം മുഴക്കുന്നതിലും സമരരംഗത്തേക്ക് എടുത്തുചാടുന്നതിലും മാത്രം ഒതുങ്ങി നിൽക്കുന്നതല്ലെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. “വിപ്ലവം നേതാക്കൾ സർക്കുലർ അയയ്ക്കുന്നതിനനുസരിച്ച് അല്ല ഉണ്ടാകുന്നത്. അതു നടത്തേണ്ടത് ജനങ്ങളാണ്. ജനങ്ങളുടെ ബോധവും പ്രതിഭയും കൂട്ടായ പ്രവർത്തനവും കൊണ്ടെ വിപ്ലവം ഉണ്ടാകൂ. ജനങ്ങൾ എന്നത് ഒരു പിടി ആളുകളല്ല” എന്നദ്ദേഹം എഴുതി. നിരന്തരവും പരന്നതുമായ വായനാശീലം, പുതിയതെന്തും ഉൾക്കൊള്ളാനും പഠിക്കാനുമുള്ള തൃഷ്ണ, ഏതു പീഡയും ത്യാഗവും സഹിക്കാൻ തയാറുള്ള ഉജ്ജ്വല ദേശാഭിമാനി. അസമത്വങ്ങളോട് കടുത്ത രോഷം ആയിരുന്നു സഖാവിന്. മുഖം നോക്കാതെ കാര്യം പറയുമ്പോൾ വ്യക്തിത്വം നിന്ദിക്കാതെയുള്ള സമീപനം, ഇതൊക്കെ അദ്ദേഹത്തിന്റെ സവിശേഷതകൾ.

ഇന്നാണെങ്കിൽ വർഗീയവാദികളുടെയും യാഥാസ്ഥിക ശക്തികളുടെയും കടുത്ത വെല്ലുവിളികളെ നേരിടുകയാണ് ഇടതുപക്ഷ പൊതുമണ്ഡലം. ഹ്യുമനിസം, യുക്തിപരത, സമത്വം തുടങ്ങിയവയുടെ ആശയ പ്രചാരത്തിലൂടെയാണ് ഇടതുപക്ഷം പ്രവർത്തിച്ചത്. എന്നാൽ വിജ്ഞാനവിരോധത്തിലും അന്ധവിശ്വാസത്തിലും ആണ്ടു കിടക്കുന്ന സമൂഹത്തെ സംബന്ധിച്ചിടത്തോളം ഈ ആശയങ്ങൾ അവരുടെ പരമ്പരാഗത വിശ്വാസ വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല എന്ന് അന്നും ഇന്നും ഇന്ത്യ കാണിച്ചുതരുന്നു. ഇതൊക്കെ സഖാവ് മുൻകൂട്ടി കണ്ടു. പരമ്പരാഗത വിശ്വാസികൾ ആഴ്ന്നിറങ്ങിയ സമൂഹത്തിൽ ഇടതുപക്ഷത്തിന് വേണ്ടത്ര പ്രവേശം ലഭിക്കാതെ പോയി. ഈ കാലത്ത് ഇടതുപക്ഷ പൊതുമണ്ഡലം വ്യാപിപ്പിച്ചേ മതിയാകൂ. ഇന്ത്യൻ സമൂഹം ചരിത്രത്തിലെ നിർണായകമായ ഒരു ഘട്ടത്തിലൂടെ കടന്നു പോകുന്നു. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ദുരന്തങ്ങളെ ചെറുത്തു നിൽക്കാനുള്ള സന്നദ്ധതയ്ക്കു സാധ്യതയുള്ള മറ്റൊരു രാഷ്ട്രീയ ആശയമില്ല. ഈ അവസരത്തിൽ ഇടതുപക്ഷത്തിന് ചരിത്രപരമായ പങ്ക് നിർവഹിക്കാനുണ്ട്. ദാമോദരനെ പഠിച്ചാൽ മനസിലാകും ഇടതുപക്ഷം ഒരു വീണ്ടെടുപ്പിന് വിധേയമാവേണ്ടതുണ്ടെന്ന്. ക്രോണി ക്യാപ്പിറ്റലിസത്തിൽ നിന്നും വിമോചനത്തിനു വേണ്ടിയുള്ള ജനങ്ങളുടെ നേതൃത്വം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്നും ഏറ്റെടുക്കണം എന്ന് അദ്ദേഹം പറഞ്ഞു.

തുഞ്ചത്തുരാമാനുജനും കീഴേടത്തു ദാമോദരനും ഒരേ നാട്ടുകാരായിരുന്നു. കുട്ടിക്കാലം മുതൽക്കേ രണ്ടു പേരും ധിക്കാരികൾ. ആഢ്യബ്രാഹ്മണർ അമ്പലമുറ്റത്തിരുന്നു വേദമന്ത്രങ്ങൾ പിഴച്ച് ഉരുവിട്ടിരുന്നതു കേട്ട്, ബാലനായ തുഞ്ചൻ “കാട്”, “കാട്” എന്നപഹസിച്ചതായി ഐതിഹ്യമുണ്ട്. മരുമക്കത്തായ സമ്പ്രദായം കാടുകയറിയ കാലത്ത് പിറന്ന ദാമോദരൻ എന്ന അനന്തിരവൻ അപഥസഞ്ചാരികളായ കാരണവന്മാരുടെ താന്തോന്നിത്തങ്ങൾക്ക് എതിരെ ധീരോദാത്തം പോരാടിയ സംഭവങ്ങളുണ്ട്. ചക്കാലനായ തുഞ്ചനെ ആക്ഷേപിക്കാൻ “നിന്റെ ചക്കിൽ എന്തൊക്കെ ആടും? എന്ന ചോദ്യത്തിന് “നാലും ആറും ആടും” എന്നു പറഞ്ഞ ആത്മാവിശ്വാസത്തിന്റെ പരിഷ്കരിച്ച പതിപ്പായിരുന്നു “യേശുക്രിസ്തു മോസ്കോവിലോ” എന്ന ചോദ്യം മുഖത്തടിച്ചു വന്നപ്പോൾ “യേശുക്രിസ്തു മോസ്കോവിൽ” തന്നെ എന്നുറപ്പിച്ച ആത്മവിശ്വാസം. ഒരാൾ മലയാളത്തിന്റെ പിതാവും, മറ്റൊരാൾ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനുമായിത്തീര്‍ന്നു പിൽക്കാലത്ത്. അറിവ് അദ്ദേഹത്തിന് അലങ്കാരമോ, പാണ്ഡിത്യമോ മാത്രമായിരുന്നില്ല. തനിക്ക് കൈവന്ന അറിവുകളെ മുൻനിർത്തി ദാമോദരൻ തന്റെ ബോധ്യങ്ങളെ നിരന്തരം പുതുക്കി പണിതും, തികഞ്ഞ ആന്തരിക വിമർശകനായി. നിശ്ചയദാർഢ്യവും നിലപാടും അദ്ദേഹത്തിന്റെ ചൈതന്യമായി മാറി. മാർക്സിസത്തെ കടുകു കീറി വ്യാഖ്യാനിച്ച അസാമാന്യ പ്രതിഭ. ഇന്ത്യൻ തത്വചിന്തയെ അതിഗഹനമായി പഠിച്ച പണ്ഡിതൻ. പ്രസ്ഥാനത്തിനെ പുതിയൊരു വഴി സഞ്ചരിക്കാൻ പഠിപ്പിച്ച നേതാവ്. മാനസികാടിമത്തത്തിനു വിധേയമാകരുത് എന്ന് നിരന്തരം പറഞ്ഞ വിപ്ലവകാരി. തികഞ്ഞ മനുഷ്യ സ്നേഹി. ഈ ജൂലൈ മൂന്നിന് ആ പാവനസ്മരണ നമുക്ക് പുതുക്കുക. അന്നു മാത്രമല്ല എന്നും. ഒരു മഹത്തായ കൃത്യം അങ്ങിനെ മനസാ നിർവഹിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.