18 April 2024, Thursday

നക്കിത്തിന്നാന്‍‍ ഉപ്പില്ലെങ്കിലും നാവിനു നാലുമുഴം

ദേവിക
വാതിൽപ്പഴുതിലൂടെ
September 6, 2021 4:04 am

ലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്നതാരെന്ന് മലയാളം ചാനലിലെ ഒരവതാരകന്‍ ചോദിക്കുന്നു. ഉത്തരങ്ങള്‍ ഒന്നൊന്നായി സദസില്‍ നിന്നു പൊട്ടിച്ചിതറുന്നു. അല്ലേയല്ല എന്ന് അവതാരകന്‍. ഒരു ക്ലൂ തരുമോ എന്ന് ഒരു സദസ്യതിലകന്റെ അപേക്ഷ. ശരി അതൊരു മുത്തശ്ശിയാണെന്ന് അവതാരകന്‍. ‘മലയാള മനോരമ’ എന്ന് സദസ് ഒറ്റസ്വരത്തില്‍ ആര്‍ത്തുവിളിച്ചു. അതുമല്ലെന്ന് അവതാരകന്‍ മൊഴിഞ്ഞതോടെ സദസ് ശുദ്ധനിശബ്ദം. മനോരമയെക്കാള്‍ ചിരിപ്പിക്കാനൊരു മുത്തശ്ശിയോ സദസ്യര്‍ പരസ്പരം അത്ഭുതം കൂറി. ഒരു ക്ലൂ കൂടി തരാമോ എന്ന് ഒരു സദസ്യയാചകന്‍. അതൊരു പാര്‍ട്ടിയാണെന്ന് അവതാരകന്‍ പറഞ്ഞതോടെ ഏകസ്വരത്തില്‍ ഉത്തരം. കോണ്‍ഗ്രസ്. ഈ വളച്ചുകെട്ടില്ലാതെ ചോദിച്ചിരുന്നുവെങ്കില്‍ ക്ലൂവില്ലാതെ തന്നെ സദസിനു ക്ലച്ചുപിടിക്കുമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ് എടുത്തണിഞ്ഞ രാഷ്ട്രീയ വിദൂഷകവേഷത്തിന് കെ സുധാകരന്‍ പ്രസിഡന്റായതോടെ ഹെെടെക്ക് വിദൂഷകവേഷമായി. നക്കിത്തിന്നാന്‍ അണികള്‍ എന്ന ഉപ്പില്ലെങ്കിലും നേതാക്കളുടെ നാവിന്റെ നീളം നാലുമുഴം. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള ഉമ്മന്‍ചാണ്ടിയുടെ നാവു പുറത്തേക്കുതള്ളി എതിരാളികളുടെ നെഞ്ചത്തുകയറുന്നു. ചെന്നിത്തലയുടെ നാവ് ഒരു പരിചപോലെ. സതീശന്റെ നാവിനാകട്ടെ വടിവാളിന്റെ നീളം. സുധാകരന്റെ നാവ് കളരിയാശാനെപ്പോലെ ആഞ്ഞുവെട്ടുന്നു. ഭൂമിമലയാളത്തിന് ഇതില്‍പ്പരം ചിരിക്കാന്‍ വകവേണോ. തിരുവഞ്ചൂര്‍ മകന്‍ അര്‍ജുനെ യൂത്ത് കോണ്‍ഗ്രസ് വക്താവാക്കി എ ഗ്രൂപ്പില്‍ നിന്നു കളംമാറ്റി ചവിട്ടുന്നു. തന്റെ കാലശേഷം മോനും ഒരു മന്ത്രിയാകേണ്ടേ. ഇല്ലെങ്കില്‍ പെമ്പ്രന്നോത്തി പിരാകില്ലേ, കുടുംബം നോക്കാതെ കുലംകുത്തിയെന്ന്. ഉമ്മന്‍ചാണ്ടിയാകട്ടെ മകന്‍ ചാണ്ടി ഉമ്മനെ നിഴല്‍പോലെ കൂടെ കൊണ്ടുനടന്ന് ഒരു ഭാവി മുഖ്യമന്ത്രിക്കു പഠിപ്പിക്കുന്നു. എ കെ ആന്റണി പുത്രശ്രീ അനില്‍ ആന്റണിയെ കോണ്‍ഗ്രസിന്റെ സെെബര്‍സെല്ലില്‍ തിരുകിക്കയറ്റി. ഒന്നും ഫലിച്ചില്ലെങ്കില്‍ കാളന്‍നെല്ലായി എന്നപോലെ സെെബര്‍ സെല്ലെങ്കില്‍ സെെബര്‍സെല്‍. ഇതൊക്കെ ചെറുപൂരങ്ങള്‍. വരാന്‍പോകുന്ന പൂരം കണ്ടറിഞ്ഞോളൂ. കെപിസിസി പുനഃസംഘടനയുടെ അടുത്ത ഘട്ടമാകുമ്പോള്‍ കോണ്‍ഗ്രസുകാരുടെ തെരുവുയുദ്ധം, വാള്‍പയറ്റ്, ഉറുമിപ്രയോഗം, ഓഫീസ് അടിച്ചുതകര്‍ക്കല്‍, കരിങ്കൊടി ഘോഷയാത്ര, ഫ്ലക്സ് അങ്കം എന്നിവ വരാനിരിക്കുന്നതേയുള്ളൂ. ആനന്ദലബ്ധിക്കിനിയെന്തുവേണം. അപ്പോള്‍ പിന്നെ മലയാളികളെ ചിരിപ്പിക്കുന്ന സംഭവം ഏതെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് എന്നല്ലാതെന്ത് ഉത്സവം!

 


ഇതും കൂടി വായിക്കുക; ഖിലാഫത്തും മലബാർ കലാപവും


 

കോടതികള്‍ തന്നെ മരപ്പൊട്ടന്‍ കോമരങ്ങളായാലോ. ചങ്ങലയ്ക്കുതന്നെ ഭ്രാന്തായാലോ. പശുവില്‍ നിന്നു ഡയറക്ടായി കെെക്കുമ്പിള്‍ നീട്ടി ഗോമൂത്ര തീര്‍ത്ഥപാനം നടത്തുന്ന യോഗി ആദിത്യനാഥിന്റെ നാട്ടിലാണ് സംഭവം. അലഹബാദ് ഹെെക്കോടതിയിലെ ഒരു ജാമ്യത്തിനുവേണ്ടി വാദം നടക്കുന്നതിനിടെ നീതിന്യായത്തമ്പുരാന്റെ ഒരു ചാടിവീഴല്‍. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണം. ദേശീയമൃഗമായ റോയല്‍ ബംഗാള്‍ കടുവയെ ഔട്ടാക്കണമെന്നു ചുരുക്കം. ചാണകം ദേശീയ ഭക്ഷണമാക്കണം, ഗോമൂത്രം ദേശീയ പാനീയമാക്കണം എന്നിങ്ങനെയുള്ള ശുപാര്‍ശകള്‍ അവസാനവിധിയില്‍ വരുമായിരിക്കും. എന്നാല്‍ ദേശീയപക്ഷിയായ മയില്‍ രക്ഷപ്പെട്ടെന്നു തോന്നുന്നു. ഇതിനുവേണ്ടി സംഘികള്‍ സമൂഹമാധ്യമങ്ങളിലൂടെ ‘പ്രേമചകോരി’ എന്ന ക്യാമ്പയിന്‍ തന്നെ തുടങ്ങിയിരിക്കുന്നു. മയിലിന്റെ അത്ഭുതാവഹമായ സിദ്ധികളിലൂന്നിയാണ് പ്രചാരണം. ഇണചേരാതെ സന്താനോല്പാദനം നടത്തുന്ന ഏകജിവിയാണ് മയിലെന്ന് രാജസ്ഥാന്‍ ഹെെക്കോര്‍ട്ടിലെ ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ്മ കണ്ടുപിടിച്ചിരിക്കുന്നു. മയിലുകള്‍ക്കു ലെെംഗികവേഴ്ചയുടെ ഹരിശ്രീപോലും അറിയില്ലെന്നാണ് ഈ നിയമകിടിമന്നന്റെ വാദം. ആണ്‍മയില്‍ കരയും പെണ്‍മയില്‍ ആ കണ്ണീര് ഒപ്പിക്കുടിച്ച് കണവന്‍ മയിലിനെ സാന്ത്വനിപ്പിക്കും. അതോടെ കണ്ണീരുകുടിച്ചു ഗര്‍ഭിണിയാകുന്ന പെണ്‍മയില്‍ മുട്ടയിടും. അടയിരുന്ന് പ്രജനനം നടത്തുമെന്നു പറഞ്ഞ ന്യായാധിപന്‍ മയില്‍ മുട്ടകള്‍ക്ക് അടയിരിക്കുന്നത് അമിത്ഷായാണെന്നു മാത്രം പറഞ്ഞില്ല. ഈ കൊഞ്ഞാണന്‍ തന്നെയാണ് മൂക്കിലൂടെ പ്രാണവായു ശ്വസിക്കുന്നതും ഉച്ഛ്വസിക്കുകയും ചെയ്യുന്ന ബ്രഹ്മാണ്ഡത്തിലെ ഏകജീവിയാണ് മയിലെന്ന് ആദ്യം ഉദ്ഘോഷിച്ചതും. എന്തിനു വേറൊരു സൂര്യോദയം എന്നു പാടുമ്പോലെ എന്തിനു വേറൊരു ഭ്രാന്തോദയം എന്നു പാടി നമുക്കു സമാധാനിക്കാം. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചൊല്ലാനാണത്രേ ‘നരനായിങ്ങനെ ജനിച്ചുപോയി ഞാന്‍ നരകവാരിധി നടുവില്‍ ഞാന്‍, ഈ നരകത്തീന്നെന്നെ കരകേറ്റീടണേ തിരുവെെക്കം വാഴും ശിവശംഭോ, ശംഭോ’ എന്ന ശ്ലോകം രചിച്ചത്!
ലോകത്ത് എന്തെല്ലാം നടക്കുന്നു. മരിക്കാന്‍ നേരത്ത് ഭര്‍ത്താവ് ഭാര്യയുടെ മുഖത്തുനോക്കി ഭാര്യയോടുപറയും, എനിക്കു നിന്നോടൊപ്പം ജീവിച്ചു മതിയായില്ലെന്ന്. എന്നാല്‍ മോഡിയുടെ ഗുജറാത്തില്‍ ഇപ്പോള്‍ ട്രെന്‍ഡ് വേറെ ലവലിലാണ്. രാജ്കോട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ദേവ്‌ജി ചൗദയെന്ന ഇരുപത്തിമൂന്നുകാരന്‍ നേരെ പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. സ്റ്റേഷനു തീയിട്ടു. അമ്പരന്ന പൊലീസുകാര്‍ പയ്യനെ പിടിച്ചുകെട്ടി. കാര്യം തിരക്കിയ പൊലീസുകാര്‍ കാര്യമറിഞ്ഞ് ചിരിച്ചു തലതല്ലിയ ശേഷമേ തീയണച്ചുള്ളൂ. കാരണം ഭാര്യയോടൊത്തുള്ള ജീവിതം മടുത്തു. ഇതിനെക്കാള്‍ ഭേദം ജയില്‍ തന്നെയാണ്. ജയിലില്‍ സസുഖം വാഴണമെങ്കില്‍ ഒരു കുറ്റകൃത്യം ചെയ്യണം. അതിനുപറ്റിയ സ്ഥലം പൊലീസ് സ്റ്റേഷനാണ്. കുറ്റവാളികളുടെ മടയ്ക്കു തന്നെ തീയിട്ടിട്ട് ജയിലില്‍ പോകുന്നതിന്റെ സുഖം ഒന്നു വേറെതന്നെ ഏമാന്മാരേ എന്ന് പയ്യന്‍ പറഞ്ഞതായാണ് വാര്‍ത്ത. ‘തന്റേതല്ലാത്ത കാരണത്താല്‍ മൂന്നുതവണ വിവാഹമോചിതനായ 90 വയസുള്ള യുവാവിന് 20 വയസിനു താഴെ പ്രായമുള്ള ഒരു ജീവിതപങ്കാളിയെ വേണം. ആദ്യ വിവാഹമായിരിക്കണം’ എന്ന് ഒരു വിവാഹപരസ്യം ഒരു കൗതുകവാര്‍ത്തയായി ഈയിടെ പത്രങ്ങളില്‍ വായിച്ചു. ഇത്തരം മുതുകിളവന്മാരുടെ വിവാഹാഭ്യര്‍ത്ഥനപരസ്യങ്ങള്‍ ഈയിടെ സാധാരണയായിട്ടുണ്ട്. എന്നാല്‍ തന്റേതല്ലാത്ത കാരണത്താല്‍ വിവാഹമോചനം നേടിയ ഒരു യുവതിയുടെ നിയമ സമരവിജയഗാഥയാണ് ഇപ്പോള്‍ ദുബായിലെ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. ഈജിപ്തുകാരിയായ എന്‍ജിനീയറായ പെണ്ണ് കല്യാണം കഴിച്ചിട്ട് ആറാഴ്ച പോലുമായില്ല. കല്യാണരാത്രി പോട്ടെ ഒന്നരമാസത്തോളമായി മണവാളന്‍ കുളിക്കാറില്ല. വീട്ടില്‍ ഒട്ടകച്ചാണകത്തിന്റെ നാറ്റം. ഭര്‍ത്താവിന്റെ സ്നാനനിരാസത്തിനു കാരണമറിയാന്‍ ഡോക്ടറെ കണ്ടപ്പോള്‍ വെള്ളം തനിക്ക് അലര്‍ജിയാണെന്ന് പുതുമണവാളന്‍. വെള്ളം കുടിക്കുമ്പോഴോ എന്ന് ഡോക്ടര്‍. ഒരലര്‍ജിയുമില്ലെന്ന് ചെക്കന്‍. സുഖമായി കുളിച്ചോളാന്‍ ഡോക്ടറുടെ ഉപദേശം. പക്ഷെ കുളി മാത്രം നടന്നില്ല. ഒടുവില്‍ പെണ്ണ് കോടതിയില്‍ പോയി വിവാഹമോചനവും നേടി. കുളിക്കാന്‍ മാത്രം തനിക്കു മേലാ. വേണമെങ്കില്‍ കുളിക്കുന്ന ഭര്‍ത്താവിനെ നീ നിക്കാഹ് കഴിച്ചോ എന്ന് പുതുമാരന്‍ കോടതിയില്‍ മൊഴി നല്കി. കുളിക്കാതിരിക്കുന്നത് മാനസിക രോഗമാണെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോഴല്ലേ പിടികിട്ടിയത്.

 


ഇതും കൂടി വായിക്കൂ; മതേതരത്വം ഉറപ്പാക്കിയ വിജയം


അനന്തു എന്ന പന്ത്രണ്ടുകാരന്റെ ദുര്യോഗം അക്ഷര കേരളം മറക്കാതിരിക്കുക. അനന്തുവിനോടൊപ്പമുള്ള നാല് ലക്ഷം കുരുന്നുകളേയും. ഓണ്‍ലെെന്‍ ക്ലാസിനു പഠിക്കാന്‍ ഫോണിനു റേഞ്ചില്ലാത്തതിനാല്‍ മരത്തില്‍ കയറവേ നിലത്തുവീണ് നട്ടെല്ലു പൊട്ടി ചികിത്സയില്‍ കഴിയുന്ന അനന്തു. കണ്ണൂരിലും പാലക്കാടും വയനാട്ടിലുമായി റേഞ്ചു കിട്ടാന്‍ മരത്തില്‍ കയറി താഴെ വീണ് പരിക്കേറ്റ നിരവധി കിടാങ്ങള്‍ വേറെയുമുണ്ട്. നാലു ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലെെന്‍ പഠനത്തിനു മൊബെെല്‍ ഫോണുകള്‍ പോലുമില്ലെന്നാണ് സര്‍ക്കാരിന്റെ കണക്ക്. അക്ഷരലോകത്തില്‍ നിന്ന് അയിത്തം കല്പിക്കപ്പെട്ട് അരികുവല്കരിക്കപ്പെട്ട നാല് ലക്ഷം കുരുന്നുകള്‍ നമ്മുടെ നാടിന്റെ നാളെയുടെ സംവിധാന ശക്തികളാണെന്ന് ഓര്‍ക്കുക. ലക്ഷക്കണക്കായ കുട്ടികളെ ഓണ്‍ലെെന്‍ ക്ലാസില്‍ നിന്നു പുറത്തുനിര്‍ത്തുമ്പോള്‍ അവരില്‍ നിന്നുയരുന്ന ശിശുരോദനങ്ങള്‍ നാം കേള്‍ക്കാതിരിക്കരുത്. മെട്രോയും കെ-റയിലും പോലുള്ള പൊങ്ങച്ച പദ്ധതികളെക്കാള്‍ മുന്‍ഗണന നല്കേണ്ടത് ലക്ഷക്കണക്കിനു കുരുന്നുകള്‍ക്ക് അക്ഷരവെട്ടം പകര്‍ന്നുനല്കേണ്ട പദ്ധതികള്‍ക്കാണ്. ജനങ്ങള്‍ക്കു ഭക്ഷ്യക്കിറ്റു കൊടുക്കുന്നതില്‍ കാട്ടുന്ന ജാഗ്രത ഈ കുട്ടികളോടും കാട്ടിയില്ലെങ്കില്‍ കാലം നമുക്കു മാപ്പുതരില്ല. അറിവിനു വേണ്ടി ദാഹിച്ച് ജീവന്‍ പണയംവയ്ക്കുന്ന ആ കുരുന്നുകളുടെ മുഖം മാത്രം നാം ഓര്‍ത്താല്‍ മതി. എത്രയോ കോടികള്‍ ചെലവാക്കിയാലും അതു നഷ്ടമല്ല. ലോക അധ്യാപകദിനമായിരുന്നു ഇന്നലെ. വിദ്യാഭ്യാസ വിചക്ഷണനും തത്വജ്ഞാനിയുമായിരുന്ന രാഷ്ട്രപതി എസ് രാധാകൃഷ്ണന്റെ ഓര്‍മ്മദിനം. അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഭാവി ക്ലാസുമുറികളിലാണ് രൂപംകൊള്ളുന്നത്. വിദ്യാഭ്യാസത്തിനു വേണ്ടി മുടക്കുന്ന പണം രാജ്യത്തിന്റെ പ്രയാണപഥങ്ങളിലെ മുന്നേറ്റത്തിന്റെ നിക്ഷേപമാണ്. ഈ വാക്കുകളിലൂടെ നാം ആ നാല് ലക്ഷം കുരുന്നുകളെ ഓര്‍ക്കുക, നെഞ്ചോട് ചേര്‍ത്തുപിടിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.