17 April 2024, Wednesday

Related news

April 18, 2024
April 14, 2024
April 13, 2024
April 12, 2024
April 9, 2024
April 7, 2024
April 7, 2024
April 6, 2024
April 6, 2024
April 5, 2024

പ്രധാനമന്ത്രി നൽകേണ്ട 10 ഗ്യാരന്റികൾ

സഫി മോഹന്‍ എം ആര്‍
February 13, 2024 4:12 am

രാജ്യത്തെ പ്രധാനമന്ത്രി ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാജ്യത്ത് ഉടനീളം സഞ്ചരിച്ച് ജനങ്ങൾക്ക് മോഡിയുടെ ഗ്യാരന്റി എന്ന പുതിയ ബ്രാന്റ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്ഥിതി-സമത്വ മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയിൽ നിന്ന് രാജ്യം ആഗ്രഹിക്കുന്ന ഗ്യാരന്റികൾ എന്താണ് എന്നത് ഒരു തെരഞ്ഞെടുപ്പ് വേളയിൽ വളരെ പ്രസക്തമാണ്. രാജ്യത്തെ പ്രധാനമന്ത്രി ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്താണ് അധികാരമേറ്റിരിക്കുന്നത്. ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കുന്നതിന് താൻ പ്രതിജ്ഞാബദ്ധനാണ് എന്ന സത്യപ്രതിജ്ഞാ വാചകം ഇത്രയും കാലം എത്ര പ്രാവശ്യം താൻ ലംഘിച്ചുവെന്ന് സ്വയം വിമർശനാത്മകമായി പരിശോധിക്കേണ്ടതാണ്. ഭരണഘടനയെ സംരക്ഷിക്കും എന്ന വാക്ക് പ്രധാനമന്ത്രി ജനങ്ങൾക്ക് കൊടുത്ത ഉറപ്പാണ്. ആ ഉറപ്പ് ലംഘിച്ചുവെങ്കിൽ തിരുത്തുവാൻ തയ്യാറാകും എന്ന ഗ്യാരന്റിയാണ് ജനങ്ങൾക്ക് ആദ്യം വേണ്ടത്. മതനിരപേക്ഷത ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലയാണ്. ഇന്ത്യ ഒരു മതാധിഷ്ഠിത രാജ്യമല്ലെന്നും എല്ലാ മതവിശ്വാസങ്ങൾക്കും ഒരേ പരിഗണന കൊടുക്കേണ്ടത് മതനിരപേക്ഷ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ് എന്നും അറിഞ്ഞുകൊണ്ടുതന്നെ ഇന്ത്യയുടെ പാർലമെന്റ് ഉൾപ്പെടെയുള്ള പരമാധികാര സ്ഥാപനങ്ങളുടെ പവിത്രതയെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് ആവർത്തിക്കാതിരിക്കുകയും കേശവാനന്ദ ഭാരതി വിധിന്യായത്തിൽ സുപ്രീം കോടതി പറഞ്ഞ മതനിരപേക്ഷ രാഷ്ട്രം എന്ന ആശയം രാജ്യത്ത് നിലനിർത്തി ഇന്ത്യ ലോകത്തിന് മാതൃകയാകും എന്ന ഗ്യാരന്റിയും ജനങ്ങൾക്ക് വേണം.

ഇന്ത്യ എന്ന രാജ്യത്തിന്റെ പേര് ഭരണഘടനയിൽ 500ൽ കൂടുതൽ പ്രാവശ്യം ആവർത്തിച്ച് വരുന്നുണ്ട്. അത് സിന്ധു നദീതട സംസ്കാരത്തിന്റെയും ഇന്ത്യൻ മതേതരത്വത്തിന്റെയും പ്രതീകമാണ്. ഭരണഘടനാ ശില്പിയായ ഡോ. ബി ആർ അംബേദ്കർ ഭരണഘടനാ അസംബ്ലിയിൽ രാജ്യത്തിന്റെ പേരുമായി ബന്ധപ്പെട്ട ചർച്ചയിൽ പറഞ്ഞത് ഇന്ത്യയുടെ പേര് എന്നും ഇന്ത്യ ആയിരിക്കുമെന്നാണ്. അതുമാറ്റി ഭാരതം എന്ന പേര് കൊണ്ടുവരാനുള്ള ശ്രമം അവസാനിപ്പിക്കും എന്ന ഗ്യാരന്റിയാണ് പിന്നെ വേണ്ടത്. 2000ത്തിൽ വാജ്പേയ് സർക്കാർ ബിഎസ്എൻഎൽ എന്ന കമ്പനിയിലൂടെ ഭാരതമെന്ന പേരിന് ജീവൻ നൽകിയപ്പോൾ 2014 മുതൽ വളരെ തന്ത്രപൂർവം ആ പേര് ജനങ്ങളുടെ മനസിൽ പതിപ്പിച്ച് രാജ്യത്തിന്റെ പേര് മാറ്റുവാന്‍ നടത്തിയ ശ്രമം ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. ഭാരത് സേഫ്റ്റി എമിഷൻ സ്റ്റാൻഡേഴ്സ്, സ്വച്ഛ് ഭാരത്, ആത്മനിർഭർ ഭാരത് അഭിയാൻ, ആയുഷ്മാൻ ഭാരത്, വികസിത് ഭാരത്, പിഎം ഭാരതീയ ജൻ ഔഷധി കേന്ദ്ര, ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ, മൈ ഭാരത് പോർട്ടൽ അവസാനം തൃശൂരിൽ ഭാരതിന്റെ പേരിൽ റേഷനരി വരെ നീളുന്നു ആ പട്ടിക. സ്വയം പല പ്രാവശ്യം പറയുകയും, ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യുമ്പോൾ മാറുന്നതാണോ ഇന്ത്യ എന്ന ഈ രാജ്യത്തിന്റെ മഹനീയമായ നാമം. അത് ഇന്ത്യൻ മഹാസമുദ്രം പോലെ പരപ്പും ആഴവുമേറിയത് കൊണ്ടുതന്നെ രാജ്യത്തിന്റെ പേര് മാറ്റാനുള്ള വിഫലശ്രമത്തിൽ നിന്ന് പിന്മാറും എന്ന ഗ്യാരന്റിയും ജനങ്ങൾക്ക് വേണം.


ഇതുകൂടി വായിക്കൂ; ജനാധിപത്യം വധിക്കപ്പെടുന്ന കാലത്ത്


ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തുടങ്ങുന്നത് ഈ രാജ്യത്തിലെ ജനങ്ങൾ എന്ന വാചകത്തിലൂടെയാണ്. അതിൽ ഹിന്ദുവെന്നോ മുസ്ലിം എന്നോ ക്രിസ്ത്യനെന്നോ വ്യത്യാസമില്ല. അതിലുപരി മതപരവും ഭാഷാപരവുമായ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകുന്ന ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ജീവിക്കുന്ന മുഴുവൻപേരെയും സഹോദരീസഹോദരന്മാരായി കണ്ടുകൊണ്ട് അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കേണ്ട ജനാധിപത്യ സർക്കാർ ഏതെങ്കിലും ഒരു പ്രത്യേക മതത്തോട് മമതയോ വിരോധമോ കാണിക്കുന്നത് ശരിയാണോ. അങ്ങനെ ഉണ്ടാകുന്നുവെന്ന തോന്നലുണ്ടെങ്കിൽ അത് അവസാനിപ്പിച്ചുകൊണ്ട് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റും എന്ന ഗ്യാരന്റിയുമാണ് ജനങ്ങൾക്ക് നല്‍കേണ്ടത്. രാജ്യത്ത് നടക്കുന്ന വർഗീയ കലാപങ്ങൾ വെറും ഒരു മനുഷ്യാവകാശ ലംഘനം മാത്രമല്ല, അത് പൗരന് ഭരണഘടന നൽകുന്ന എല്ലാത്തരം അവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ്. എന്തുകൊണ്ടാണ് ഗുജറാത്തിലും യുപിയിലും ഹരിയാനയിലും മണിപ്പൂരിലും ഉത്തരാഖണ്ഡ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം വർഗീയ കലാപങ്ങൾ ഉണ്ടാകുന്നത്. ഇതിന്റെ ഫലമായി രാജ്യത്തെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ആരാണ് ഉത്തരം പറയുക. ഇക്കാരണത്താൽ ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ മതനിരപേക്ഷ രാഷ്ട്രം അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പിൽ പലതവണ തലകുനിച്ച് നിൽക്കേണ്ട അവസ്ഥ വന്നു. മറ്റൊരു ബിൽക്കീസ് ബാനു രാജ്യത്ത് ഉണ്ടാകില്ല എന്ന ഗ്യാരന്റി കൂടിയാണ് ജനങ്ങൾക്ക് വേണ്ടത്. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ അതിന് അനുവദിക്കും എന്ന ഗ്യാരന്റിയാണ് ജനങ്ങൾക്ക് വേണ്ടത്. കോടതികൾ, കുറ്റാന്വേഷണ ഏജൻസികൾ, മാധ്യമങ്ങൾ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ഇലക്ഷൻ കമ്മിഷൻ എന്നീ സ്ഥാപനങ്ങളില്‍ അനാവശ്യമായി കൈകടത്തിയതിന്റെ ഫലമായി ഏതാനും വർഷങ്ങളായി ഇന്ത്യൻ ജനാധിപത്യം ദുർബലപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളെ വരുതിയിലാക്കിയും ഭീഷണിപ്പെടുത്തിയും അധികാരം നിലനിർത്താം എന്ന വ്യാമോഹം അവസാനിപ്പിക്കും എന്ന ഗ്യാരന്റിയും ജനങ്ങൾക്ക് വേണം.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്നും എല്ലാ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നത് ജനങ്ങൾ തെരഞ്ഞെടുത്ത ജനാധിപത്യ സർക്കാരാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ സംസ്ഥാനങ്ങളോടും തുല്യനീതി ഉറപ്പാക്കും എന്ന ഗ്യാരന്റിയും വേണ്ടതുണ്ട്. രാജ്യത്തിന്റെ വൈവിധ്യത്തെപ്പോലെ ഇന്ത്യയിലെ സംസ്ഥാനങ്ങൾ ഭരിക്കുന്ന വിവിധങ്ങളായ രാഷ്ട്രീയപാർട്ടികളോട് സഹിഷ്ണുതയോടെ പെരുമാറും എന്ന ഗ്യാരന്റിയാണ് വേണ്ടത്. ഗവർണർമാരെയും, ഓപ്പറേഷൻ താമരയിലൂടെയും കേരള സ്റ്റോറിയിലൂടെയും സിബിഐ, എൻഐഎ, ഇഡി എന്നീ സ്ഥാപനങ്ങളെയും ഉപയോഗിച്ച് സംസ്ഥാന ഭരണങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ ജനങ്ങളുടെ ജനാധിപത്യബോധത്തെയാണ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് എന്ന് മറക്കരുത്. ഇത്തരം പരിശ്രമങ്ങളിൽ നിന്നും പിന്മാറും എന്ന ഗ്യാരന്റിയാണ് വേണ്ടത്.
ശാസ്ത്രബോധം വളർത്തുക എന്നത് ഓരോ പൗരന്റെയും ഭരണഘടനാപരമായ കടമയാണ്. അനുച്ഛേദം 51(എ)യിൽ പ്രതിപാദിച്ചിട്ടുള്ള ഈ കടമ നിർവഹിക്കുവാൻ രാജ്യത്തെ പൗരന്മാരെ അനുവദിക്കും എന്ന ഗ്യാരന്റിയും പ്രധാനമന്ത്രിയിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു. രാമന്റെയും രാവണന്റെയും പുറകേ നടന്ന് അപഹാസ്യരാകുന്ന നേതാക്കളെയല്ല രാജ്യത്തിന് ആവശ്യം മറിച്ച് ജനങ്ങളിൽ ശാസ്ത്രബോധം വളർത്തുന്ന ജനനായകരെയാണ്. ലോകത്തിലെ എല്ലാ വികസിത രാജ്യങ്ങളും അതിലൂടെയാണ് വിജയപഥത്തിലെത്തിയത്. ശാസ്ത്രബോധത്തിന്റെ വഴിയിലൂടെ രാജ്യത്തെ ജനങ്ങളെ അവരുടെ ഭരണഘടനാപരമായ കടമ നിറവേറ്റാൻ അനുവദിക്കും എന്ന ഗ്യാരന്റി ഇന്ത്യൻ പ്രധാനമന്ത്രി നൽകേണ്ടിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ; മോഡിയും ഗോഡ്സെയും


ഇന്ത്യ ഒരു സ്ഥിതി-സമത്വ രാഷ്ട്രമാണ്. മിനർവ മിൽസ് വിധിന്യായത്തിൽ സുപ്രീം കോടതി സ്ഥിതി-സമത്വ രാഷ്ട്രത്തെ ഭരണഘടനയിലെ അടിസ്ഥാനശിലയായി അംഗീകരിച്ചിട്ടുണ്ട്. ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും അതീതമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് സ്ഥിതി-സമത്വ രാഷ്ട്രത്തിന്റെ ലക്ഷ്യം. അഡാനിയുടെയും അംബാനിയുടെയും പുറകേ പോയി രാജ്യത്ത് സാമ്പത്തിക അസമത്വം സൃഷ്ടിക്കുകയില്ല എന്ന ഗ്യാരന്റി ജനങ്ങൾക്ക് നൽകേണ്ടതാണ്. കർഷകരുടെയും തൊഴിലാളികളുടെയും സമരങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നത് ഒരു സ്ഥിതി-സമത്വ രാഷ്ട്രത്തിന്റെ ഭരണാധികാരിക്ക് ചേർന്നതാണോ എന്ന് ഈ അവസരത്തിൽ പരിശോധിക്കേണ്ടതാണ്.
ജനാധിപത്യ രാഷ്ട്രത്തിൽ സർവാധികാരികൾ ജനങ്ങളാണെന്നും ഭരണസ്ഥാപനങ്ങളിൽ ഇരിക്കുന്നവർ ജനങ്ങളുടെ ദാസന്മാരാണെന്നുമുള്ള ബോധം ഉണ്ടാകും എന്ന ഗ്യാരന്റിയും വേണം. വ്യക്തിപൂജ പ്രോത്സാഹിപ്പിക്കില്ലെന്നും, പുഷ്പവൃഷ്ടി പോലുള്ള ചടങ്ങുകൾ നടത്താൻ സ്വന്തം അനുയായികളെ പ്രേരിപ്പിക്കില്ല എന്നുമുള്ള ഗ്യാരന്റി വേണം. രാജ്യത്തുടനീളം സെൽഫി പോയിന്റ് കൊണ്ടുവരാനുള്ള ശ്രമത്തിൽ നിന്നും പിന്മാറും എന്ന ഗ്യാരന്റിയാണ് ജനങ്ങൾക്ക് വേണ്ടത്. രാഷ്ട്രീയത്തിൽ വ്യക്തിപൂജ ഏകാധിപത്യത്തിലേക്ക് നയിക്കും എന്ന അംബേദ്കറുടെ വാക്കുകൾ ഏറെ പ്രസക്തമാണ്. ഇന്ത്യൻ ഭരണഘടനയാണ് രാജ്യത്തിന്റെ മഹത്വം എന്ന സത്യം തുറന്ന് പറയാൻ ഇന്ത്യൻ പ്രധാനമന്ത്രി തയ്യാറായില്ലെങ്കിൽ ചരിത്രം അദ്ദേഹത്തിന് നൽകുന്ന സ്ഥാനം റോമൻ സാമ്രാജ്യം മാർക് ആന്റണിക്ക് നൽകിയതിന് സമാനമാകും. ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്കിനെ ഏകാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റിയ ഭരണാധികാരി എന്ന സ്ഥാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.