Thursday
21 Feb 2019

മലയാളിമനസ് ഒരു മംഗലമഹാശക്തി

By: Web Desk | Sunday 3 June 2018 10:11 PM IST

റ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാമെങ്കിലും മലയാളിയുടെ പൊതുമനസ് എന്നും ഒരു മനുഷ്യമംഗലമഹാശക്തിയാണ്. തമശ്ശക്തികളെ തീണ്ടാക്കല്ലുകള്‍ക്കപ്പുറം നിര്‍ത്തുന്ന പൊതുമനസ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ത്തന്നെ അത് മലയാളിയുടെ മനസിന്റെ പ്രകാശധോരണിയുടെ വിളംബരമായി. അഴിമതിയേയും അതിന്റെ രാഷ്ട്രീയബിംബങ്ങളേയും വച്ചുപൊറുപ്പിക്കില്ലെന്ന കാര്യത്തില്‍ ഒരു സന്ധിയുമില്ലെന്ന പ്രഖാപനമാണ് ചെങ്ങന്നൂരില്‍ കണ്ടത്. അഴിമതിയുടേയും വര്‍ഗീയതയുടേയും ഏകാധിപത്യത്തിന്റെയും പുള്ളും പരുന്തും കുരുത്തോലനാഗവും മുള്ളു മുരടു മൂര്‍ഖന്‍ പാമ്പുമടങ്ങുന്ന എതിര്‍ചേരികളെ ഇടതുമുന്നണി പത്മവ്യൂഹത്തിലിട്ട് നിഗ്രഹിച്ച ഈ ഇടതുപക്ഷ മതേതരമനസിനെ നമുക്ക് മെരുക്കിവളര്‍ത്താം. ആ മഹാമനസിന് നന്ദി പറയാം.
ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് കരുത്തായിമാറിയത് മുന്നണിയുടേയും പിണറായിഭരണകൂടത്തിന്റെയും അഴിമതിവിരുദ്ധ പോരാട്ടമാണ്. കെ എം മാണി കൂടി യുഡിഎഫ് പാളയത്തിലേയ്ക്ക് മൂഷികസ്ത്രീയെപ്പോലെ പിന്നെയും ചേക്കേറിയപ്പോള്‍ ജനത്തിന്റെ അഴിമതിവിരുദ്ധവികാരത്തിന് പതിന്മടങ്ങ് പടവീര്യമുണ്ടായി. മാണിയുടെ പിന്തുണ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ കെ രാമചന്ദ്രന്‍നായര്‍ പതിനായിരം വോട്ടിന് ജയിച്ചുവെങ്കില്‍ ഇത്തവണ സജി ചെറിയാന്റെ ഭൂരിപക്ഷം ഇരട്ടിയിലധികമായതിനു പിന്നില്‍ ചെങ്ങന്നൂരിലെ മതേതര-ദേശാഭിമാന ശക്തികളുടെ അഴിമതിവിരുദ്ധ മനസു തന്നെയായിരുന്നു. ഒരഴിമതിക്കോമരമായ മാണിയുടെ നോട്ടെണ്ണല്‍ യന്ത്രം ചെങ്ങന്നൂരിലെ വോട്ടെണ്ണല്‍ യന്ത്രം കടപുഴക്കിയ വിജയം. ബൈബിളില്‍ മത്തായിയുടെ സുവിശേഷത്തില്‍ ഇങ്ങനെ പറയുന്നു. ‘കള്ളന്‍ വരുന്ന യാമം ഇന്നതെന്നു വീട്ടുടയോന്‍ അറിയുകയും അവന്‍ ഉണര്‍ന്നിരിക്കുകയും ചെയ്യുമെങ്കില്‍ തന്റെ വീടു കുത്തിത്തുറക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യും.’ വലതുമുന്നണി എന്ന വീടുകുത്തിക്കവര്‍ന്ന ശേഷം ഇടതുഭവനഭേദനം നടത്താന്‍ കാത്തിരുന്ന മാണിയുടെ കവര്‍ച്ചാശ്രമം വിഫലമായത് വീട്ടുടയനായ ഇടതുപക്ഷ മനസ് കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരുന്നതുകൊണ്ടാണ്.
ഇടതുഭവനത്തിലെ കുത്തിക്കവര്‍ച്ചാശ്രമം അമ്പേ പാളിയതോടെ മാണി വലതുഭവനത്തില്‍ കയറി പൊറുതിയാക്കുകയും ചെയ്തിരിക്കുന്നു. വീട്ടുടയോരായ ഉമ്മനും കുഞ്ഞൂഞ്ഞും കുഞ്ഞാപ്പക്കുമൊപ്പം ഒരേ പായയില്‍ ഉറക്കവും തുടങ്ങി. തന്റെ സുവിശേഷത്തിലെ അന്‍പത്തൊന്നാം വചനത്തില്‍ മത്തായി പിന്നെയും പറഞ്ഞു; ‘ഇനി ആ വീട്ടില്‍ അശാന്തി വിളയാടും. കരച്ചിലും പല്ലുകടിയും ഉണ്ടാകും’. ഇതുകൂടി പറഞ്ഞ സുവിശേഷകനായ മത്തായി മാണിയെക്കുറിച്ചു നന്നായറിയുന്ന പാലാക്കാരനോ മറ്റോ ആണോ. എന്തായാലും ഫലപ്രഖ്യാപനം വന്ന അന്നുതന്നെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരു കാര്യം പറഞ്ഞു, ഒരേസ്വരത്തില്‍. മാണി യുഡിഎഫില്‍ ചേക്കേറിക്കഴിഞ്ഞു. ഇനി ആ വിഷയം ചര്‍ച്ച ചെയ്യുന്നതുതന്നെ അപ്രസക്തമായിക്കഴിഞ്ഞുവെന്ന്. അതേ ചത്ത കുഞ്ഞിന്റെ ജാതകമെഴുതി ആരെങ്കിലും സമയം കളയുമോ. ആ പണി നമുക്ക് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ച ആന്റണി ജ്യോത്സ്യനു വിട്ടുകൊടുക്കാം.

മുകളിലേയ്ക്ക് ചവിട്ടിക്കയറ്റുക എന്നൊരു ഏര്‍പ്പാടുണ്ട്. രാഷ്ട്രീയ നേതൃത്വത്തില്‍ അനഭിമതരാവുന്ന നേതാക്കളെ പ്രൊമോട്ടു ചെയ്യുന്നുവെന്ന മട്ടില്‍ ലയണല്‍ മെസിയുടെ വലങ്കാലനടി പോലെ മുകളിലേയ്ക്ക് അടിച്ചുപായിക്കുന്ന വിദ്യ. കേരളത്തില്‍ ഉമ്മന്‍ചാണ്ടിയും കുമ്മനം രാജശേഖരനും മെസികിക്കില്‍ ഉന്നതങ്ങളിലേയ്ക്ക് പറന്നിരിക്കുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയായി സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയും മിസോറാം ഗവര്‍ണറായി കുമ്മനവും. രണ്ടുപേരുടേയും നിയമന ഉത്തരവ് വന്നപ്പോള്‍ ഇരുവര്‍ക്കും ഒരേ പ്രതികരണം; പണ്ട് ഒരു പെണ്ണിന് കല്യാണം ഉറപ്പിച്ചപ്പോള്‍ പെണ്ണ് തന്തപ്പടിയോടും ആങ്ങളയോടും പറഞ്ഞപോലെ.
‘എനിക്കിപ്പോ കല്യാണം ഇഷ്ടമല്ല. പിന്നെ അച്ഛനും കൊച്ചാട്ടനും ഇഷ്ടമെങ്കില്‍ എനിക്കും ഇഷ്ടം.’ ഗവര്‍ണര്‍ സ്ഥാനവും എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനവും വേണ്ടെന്നു പറഞ്ഞ കുമ്മനവും ഉമ്മന്‍ചാണ്ടിയും ഈ സ്ഥാനങ്ങള്‍ പിന്നെ ഇരുകൈനീട്ടി വാങ്ങിയെന്ന വാര്‍ത്തയും നാം കേട്ടു. അച്ഛന്‍ മോഡിക്കും കൊച്ചാട്ടന്‍ അമിത്ഷായ്ക്കും ഇഷ്ടമെങ്കില്‍ എനിക്കും ഇഷ്ടം എന്നു കുമ്മനവും സോണിയാമ്മയ്ക്കും രാഹുല്‍കൊച്ചാട്ടനും ഇഷ്ടമെങ്കില്‍ എനിക്കും ഇഷ്ടമെന്നും പറഞ്ഞ് ഉമ്മന്‍ചാണ്ടിയും വരണമാല്യങ്ങള്‍ തലനീട്ടി സ്വീകരിച്ചിരിക്കുന്നു. കേരളത്തിലെ ഡൂക്കിലിയായ കെ സി വേണുഗോപാലും എഐസിസി ജനറല്‍ സെക്രട്ടറി വിടാകണ്ടന്‍കെടാകണ്ടനായ ഉമ്മന്‍ചാണ്ടിയും ജനറല്‍സെക്രട്ടറി. മീന്‍ ചന്തയുടെ ഠാ വലിപ്പമുള്ള മിസോറാമില്‍ കുമ്മനവും ഗവര്‍ണര്‍. ചവിട്ടിക്കയറ്റം എങ്ങനെയുണ്ട്.

മാധ്യമങ്ങള്‍ പ്രതേ്യകിച്ചും ചാനലുകള്‍ കഴിഞ്ഞ കുറേക്കാലമായി ഹൃദയശൂന്യതയുടെ എല്ലാ ലക്ഷ്മണരേഖകളും കടക്കുന്നുവെന്ന് പറയാന്‍ ദേവികയ്ക്ക് ദുഃഖമുണ്ട്. കഴുത്തറപ്പന്‍ കിടമത്സരത്തിനിടയില്‍ ചാനലുകള്‍ മാധ്യമധര്‍മം പോകട്ടെ മനുഷ്യത്വം പോലും വലിച്ചെറിയുന്ന ദുരന്തം. കെവിന്‍ എന്ന ദളിത് ക്രൈസ്തവ യുവാവ് സവര്‍ണ ക്രിസ്ത്യാനികളുടെ കുടുംബമായി മുദ്രകുത്തപ്പെട്ട വീട്ടിലെ നീനുവെന്ന ഇരുപതുകാരിയെ പ്രണയിച്ചു നിയമപരമായി കല്യാണം കഴിക്കുന്നു. നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തിലുള്ള കൊലയാളി സംഘം കെവിനെ തട്ടിക്കൊണ്ടുപോയി അരുംകൊല ചെയ്യുന്നു. ഇരുപത്തിമൂന്നുകാരനായ കെവിന്റെ വിറങ്ങലിച്ച മൃതദേഹമടക്കം ചെയ്ത പേടകത്തില്‍ നീനു കെട്ടിപ്പിടിച്ച് അലമുറയിടുന്ന രംഗം മനുഷ്യത്വമുള്ള ആരുടേയും കരളലിയിക്കുന്നതായിരുന്നു. ഇതിനിടയില്‍ ചാനലുകള്‍ കരയുന്ന ആ പെണ്‍കുട്ടിയുടെ വായ്ക്കുള്ളിലേയ്ക്ക് മൈക്കുകള്‍ തിരുകിക്കയറ്റി പ്രതികരണം ചോദിക്കുന്ന ദൃശ്യദുരന്തത്തില്‍ മലയാളി നാണിച്ചു തല കുനിക്കുക. അതേസമയം ലജ്ജാകരവും പൈശാചികവുമായ ഈ ദുരഭിമാനക്കൊലയിലൂടെ പ്രബുദ്ധകേരളം കറുത്ത നാളുകളിലേയ്ക്ക് തിരിച്ചുപോകുന്ന തിന്മയെക്കുറിച്ച് എത്ര ചാനലുകള്‍ ചര്‍ച്ച ചെയ്തു? ത്യാജ്യഗ്രാഹ്യവിവേചനശക്തി മനുഷ്യനുമാത്രമല്ല ചാനല്‍ ജന്തുക്കള്‍ക്കും ബാധകമാകേണ്ടതല്ലേ.

തിരുവിതാംകൂര്‍ ഭാഗത്ത് വവ്വാലെന്നും വടക്കോട്ട് വാവലെന്നും പറയുന്ന വിചിത്രജന്തുവിന്റെ ജനനം തന്നെ വിചിത്രവും ശാപനിര്‍ഭരവുമാണ്. അനുസരിക്കാത്ത കുട്ടിയെ അമ്മ ശപിച്ചുവെന്നും ആ കുട്ടിയാണ് വവ്വാല്‍ പരമ്പരയ്ക്ക് തുടക്കമിട്ടതെന്നും ഐതിഹ്യമുണ്ട്. ‘തായ്‌ശൊല്ലു കേള്‍ക്കാത്ത വവ്വാലേ നീ തലകീഴായി കിടക്കും’ എന്നായിരുന്നുവത്രേ ശാപം. മരക്കൂട്ടങ്ങളില്‍ അന്നുമുതല്‍ തലകീഴായി കിടപ്പാണ് മേല്‍പ്പടിയാന്‍. പറന്നുനടന്ന് പഴം തിന്നും. കുഞ്ഞുങ്ങളെ പ്രസവിക്കുകയും പാലൂട്ടുകയും ചെയ്യാന്‍ വിധിക്കപ്പെട്ട ഏക പറക്കും ജന്തു, തൂവലില്ലാത്ത പക്ഷി, ഉഷ്ണരക്തജീവി, ശാപഗ്രസ്തമായ ഒരു ജന്മം. ഇതൊന്നുംകൊണ്ട് തീരുന്നില്ല. നിപാ വൈറസ് മൂലം മരണം താണ്ഡവമാടിയപ്പോള്‍ അതിന്റെ പഴിയും വാവലുകള്‍ക്ക്. കേന്ദ്രവിദഗ്ധര്‍ വരുന്നു. വൈറസ് സ്ഥിരീകരിക്കാന്‍ വാവലുകളെ പിടിച്ച് കശാപ്പ് ചെയ്ത് ഐസ് പെട്ടിയിലടച്ച് ഡോക്ടര്‍മാര്‍ ഭോപ്പാലിലേയ്ക്ക് പറക്കുന്നു. പിന്നാലെ ചാനലുകളും വാവലുകളെപോലെ പറക്കുന്നു. പരിശോധനാഫലം ഇന്നലെ പുറത്തുവന്നപ്പോള്‍ വാവലുകള്‍ നിരപരാധികള്‍. ഈ വവ്വാല്‍ കൊലപാതകത്തിന് ആര് ഉത്തരം പറയും. കൊല്ലം ജില്ലയില്‍ വവ്വാക്കാവ് എന്നൊരു സ്ഥലമുണ്ട്. പണ്ട് വവ്വാലുകള്‍ ചേക്കേറിയിരുന്ന കാവുണ്ടായിരുന്നു അവിടെ. അങ്ങനെ വവ്വാല്‍ക്കാവ് ലോപിച്ച് വവ്വാക്കാവായി. അവിടെയാണ് വവ്വാക്കാവിലമ്മ എന്ന മാതാ അമൃതാനന്ദമയിയുടെ ആശ്രമം. മാതാ അമൃതാനന്ദമയി തന്റെ ഭക്തരെ ആലിംഗനം ചെയ്തും ചുംബിച്ചുമാണ് അനുഗ്രഹിക്കുക. നിപാ വൈറസ് വന്ന ശേഷം അശ്രമത്തില്‍ ആള്‍ കുറവാണത്രേ. രോഗബാധയുണ്ടാവുമെന്ന് പേടിച്ച് അമ്മ പത്തുമീറ്റര്‍ അകലെ നിന്ന് ആശ്ലേഷാഭിനയം നടത്തിയും ഫ്‌ളൈയിങ് കിസ് നല്‍കിയുമാണ് ഇപ്പോള്‍ അനുഗ്രഹിക്കുന്നതെന്ന് സോഷ്യല്‍മീഡിയാ കില്ലാടികള്‍ പറയുന്നു. വവ്വാലിന്റെ മുജ്ജന്മശാപം വവ്വാക്കാവിലേയ്ക്കും പടരുന്ന കലികാലവിശേഷം.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭാ-നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ഒന്നൊഴികെ മറ്റെല്ലാറ്റിലും ബിജെപി തോറ്റു തുന്നംപാടി. അമ്പത്തിയാറിഞ്ച്് നെഞ്ചളവാണ് പ്രധാനമന്ത്രിയാകാനുള്ള ജനാധിപത്യ മാനദണ്ഡമെന്ന് പറയുന്ന മോഡിയുടെ നെഞ്ചളവ് പകുതിയായെന്ന് രാഷ്ട്രീയ നെഞ്ച് ശാസ്ത്ര നിരീക്ഷകര്‍. നെഞ്ചളവാണ് മാനദണ്ഡമെങ്കില്‍ അതിനെക്കാള്‍ നെഞ്ചളവുള്ള സ്മൃതി ഇറാനിയേയോ ഉമാഭാരതിയേയോ ഇനി പ്രധാനമന്ത്രിയാക്കി മോഡിക്ക് തലയൂരാം.