Thursday
21 Feb 2019

ചരിത്രം ദിവ്യശക്തിയുടെ ആജ്ഞയുടെ ഫലമല്ല

By: Web Desk | Tuesday 26 June 2018 10:10 PM IST

karyavicharam

രിത്രത്തെക്കുറിച്ചുള്ള ഭൗതികവാദപരമായ ഒരു ധാരണ പുലര്‍ത്തുകയും ആവര്‍ത്തന അളവുകോല്‍ സമുദായത്തിന്‍റെ കാര്യത്തില്‍ പ്രയോഗിക്കുകയും ചെയ്തുകൊണ്ട് സാമൂഹ്യവികസന നിയമങ്ങള്‍ കണ്ടെത്താന്‍ മാര്‍ക്‌സിനും ഏംഗല്‍സിനും കഴിഞ്ഞു. ചരിത്രം തോന്നിയപോലെയുള്ള വ്യക്തിപരമായ പ്രവര്‍ത്തനത്തിന്റെയോ ഏതെങ്കിലും ദിവ്യശക്തിയുടെ ആജ്ഞയുടെയോ ഫലമല്ലെന്നും മറിച്ച് പ്രകൃതിയെപ്പോലെതന്നെ മനുഷ്യരുടെ ആഗ്രഹാഭിലാഷങ്ങളില്‍നിന്ന് സ്വതന്ത്രമായി വികസിക്കുന്ന ഒരു വസ്തുനിഷ്ഠ പ്രക്രിയയാണതെന്നും വിവരിക്കാനും അവര്‍ക്ക് കഴിഞ്ഞു.
സമുദായം താഴ്ന്ന രൂപങ്ങളില്‍ നിന്ന് ഉയര്‍ന്ന രൂപങ്ങളിലേക്ക് നീങ്ങുമെന്നും വര്‍ഗവൈരുധ്യങ്ങളിലും വര്‍ഗസമരത്തിലും കൂടി വര്‍ഗരഹിതമായ കമ്മ്യൂണിസ്റ്റ് സമുദായം രൂപം കൊള്ളുമെന്നും മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് സംശയത്തിനിടയില്ലാത്ത രീതിയില്‍ തെളിയിച്ചു. കമ്മ്യൂണിസം എന്നത് ഒരു യുട്ടോപ്പിയ, ഒരു ദിവാസ്വപ്‌നം, അല്ലെന്നും മറിച്ച് സാമൂഹ്യവികാസത്തിന്‍റെ ഒരു അവശ്യഫലമാണെന്നും അവര്‍ തെളിയിച്ചു. മാര്‍ക്‌സിസത്തിന്‍റെ പ്രണേതാക്കള്‍ കമ്മ്യൂണിസം അനുപേക്ഷണീയമാണെന്നു തെളിയിക്കുക മാത്രമല്ല ചെയ്തത്. പിന്നെയോ, മുതലാളിത്തം അവസാനിപ്പിച്ച് തല്‍സ്ഥാനത്ത് ഒരു കമ്മ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കാന്‍ കെല്‍പ്പുള്ള ഒരു ശക്തിയെ അവര്‍ തൊഴിലാളിവര്‍ഗത്തില്‍ കണ്ടെത്തുകയും ചെയ്തു. സാമൂഹ്യവികസനത്തിനാധാരമായ വസ്തുനിഷ്ഠ നിയമങ്ങളുടെ പ്രവര്‍ത്തനം വച്ചുകൊണ്ടാണ് ഇത് തെളിയിക്കപ്പെട്ടത്.

പൊതുവില്‍ സാമൂഹ്യനിയമങ്ങള്‍ എന്ന യാതൊന്നുമില്ലെന്നു തെളിയിക്കാന്‍ ചില ബൂര്‍ഷ്വാ തത്വചിന്തകര്‍ പണിപ്പെടുകയുണ്ടായി. ഈ ഉദ്ദേശം മനസില്‍ വച്ചുകൊണ്ട് അവര്‍ ഒരു പുതിയ സിദ്ധാന്തം തന്നെ മുന്നോട്ടുവച്ചു. പ്രകൃതിയില്‍ നിന്ന് വ്യത്യസ്തമായി, സമുദായത്തില്‍ യാതൊന്നുംതന്നെ ആവര്‍ത്തിക്കപ്പെട്ടിട്ടില്ലെന്നും അത് സാധ്യമല്ലെന്നുമായിരുന്നു അവരുടെ സിദ്ധാന്തം. എന്തെന്നാല്‍ ഓരോ ചരിത്രസംഭവവും അപൂര്‍വവും അഭ്രതപൂര്‍വവുമാണത്രേ.
അതെ, ഒരു ചരിത്രസംഭവവും രണ്ടാമതൊരിക്കല്‍ ഉണ്ടാകില്ലെന്നത് സത്യമാണ്. വ്യക്തിഗതസ്വഭാവവിശേഷങ്ങളുടെ ഒരു ആകെത്തുകയെന്ന നിലയില്‍ ഓരോ സാമൂഹ്യപ്രതിഭാസവും അപൂര്‍വമായിട്ടുള്ളതുതന്നെയാണ്. ഉദാഹരണത്തിന് നമുക്ക് 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് ബൂര്‍ഷ്വാ വിപ്ലവവും 17-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ബൂര്‍ഷ്വാ വിപ്ലവവും ഒന്ന് താരതമ്യപ്പെടുത്തിനോക്കാം. കൊടുങ്കാറ്റുപോലെയുള്ള ഒരു ആക്രമണത്തിനുശേഷം ബസ്റ്റീല്‍ പിടിച്ചെടുക്കാന്‍ ഫ്രഞ്ച് രാജാവിന്റേയും രാജ്ഞിയുടെയും ശിരച്ഛേദം എന്നീ സംഭവങ്ങളുണ്ടായി. റോബസ്‌പ്യേര്‍, ദന്തോന്‍, മറാത്ത് എന്നിവരുടെ നാമധേയങ്ങളുമായി ‘മാഴ്‌സെല്യേസ്’ ‘കര്‍മണോല്‍’ എന്നീ ഗാനങ്ങളും ആലപിച്ചുകൊണ്ട് പാരീസ് തെരുവുകളില്‍ അണിനിരന്ന സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ടതാണ് ഫ്രഞ്ച് വിപ്ലവം.
ഇംഗ്ലീഷ് ബൂര്‍ഷ്വാവിപ്ലവം എന്ന് പറയുമ്പോള്‍ രാജാവിന്‍റെ തലവെട്ടലും ക്രോംവെല്ലിന്‍റെ നാല്‍പ്പതുകൊല്ലത്തെ ഏകാധിപത്യവും ഇതിന്‍റെയെല്ലാം അവസാനത്തില്‍ ബൂര്‍ഷ്വാസിയുടെ ‘ഉജ്ജ്വലവിപ്ലവ’വും ബൂര്‍ഷ്വാസിയും നാടുവാഴിത്തവും തമ്മിലുള്ള സന്ധിയും രാജവാഴ്ചയുടെ പുനഃപ്രതിഷ്ഠയും എല്ലാമാണ് ഓര്‍മ്മവരുന്നത്.

ഈ രണ്ട് സംഭവങ്ങളും തമ്മില്‍ യാതൊരു സാമ്യവുമില്ലെന്ന് തോന്നിയേക്കാം. രാജ്യങ്ങള്‍ തമ്മില്‍ സാദൃശ്യമൊന്നുമില്ല, ജനങ്ങളും വ്യത്യസ്തമായിട്ടുള്ളതാണ്. അതുപോലെതന്നെ അവരുടെ ആചാരങ്ങളും ശീലങ്ങളും. പക്ഷേ, ഈ രണ്ട് സംഭവങ്ങളിലും ഏറ്റവും കാതലായിട്ടുള്ള സംഗതി എന്താണ്? അന്ന് ലണ്ടനിലും പാരീസിലും അവര്‍ പാടിയ പാട്ടുകളാണോ? അതാണെന്ന് പറയാന്‍ യാതൊരു വഴിയും കാണുന്നില്ല. രണ്ടിടത്തേയും രാജാക്കന്മാര്‍ക്ക് അവരുടെ തല നഷ്ടപ്പെട്ട രീതിയാണോ? അതുമാകാന്‍ വഴിയില്ല. എങ്കില്‍ പിന്നെ ഈ രണ്ട് സംഭവങ്ങളുടെയും മുഖ്യമായ അര്‍ഥം എന്താണ്?

മറ്റെല്ലാറ്റിലുമുപരിയായി, പഴയ നാടുവാഴിസമ്പ്രദായം അവസാനിപ്പിച്ച് പുതിയൊരു വ്യവസ്ഥ, മുതലാളിത്തവ്യവസ്ഥ, സ്ഥാപിക്കുകയായിരുന്നു ഇംഗ്ലീഷ് ബൂര്‍ഷ്വാ വിപ്ലവത്തിന്റെ ലക്ഷ്യം. ബൂര്‍ഷ്വാസിയും നാടുവാഴിത്തവും തമ്മിലുണ്ടാക്കിയ സന്ധിമൂലം ഈ വിപ്ലവത്തിന് അതിന്റെ കടമകള്‍ നിരന്തരമായി നിറവേറ്റാന്‍ സാധിച്ചില്ലെങ്കിലും മുതലാളിത്തത്തിനു വഴിതെളിക്കാന്‍ അതിനു കഴിഞ്ഞുവെന്നത് ഒരു വസ്തുതയാണ്.

ഫ്രഞ്ച് ബൂര്‍ഷ്വാവിപ്ലവത്തിന്റേയും മുഖ്യമായ ലക്ഷ്യം പഴയ നാടുവാഴിത്തഭരണം അവസാനിപ്പിച്ച് പുതിയ, മുതലാളിത്ത, ബന്ധങ്ങള്‍ സ്ഥാപിക്കുകയെന്നതായിരുന്നു. അതിനാല്‍ ഈ രണ്ട് സംഭവങ്ങള്‍ക്കും പൊതുവായ ചില സംഗതികളുണ്ട്. ആവര്‍ത്തിക്കപ്പെടുന്ന സ്വഭാവവിശേഷങ്ങള്‍ രണ്ട് സംഭവങ്ങളെയും സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായിട്ടുള്ളതായിരുന്നു. അതേസമയം ആവര്‍ത്തിക്കപ്പെടാതിരുന്ന സ്വഭാവവിശേഷങ്ങള്‍ ചരിത്രഗതിയെ സംബന്ധിച്ചിടത്തോളം അപ്രധാനങ്ങളായിരുന്നു. ഈ രണ്ട് സംഭവങ്ങളുടെയും ആ സാമൂഹ്യഘടകമാണ് ”ബൂര്‍ഷ്വാ വിപ്ലവം” എന്ന ധാരണയില്‍ പ്രതിഫലിച്ചിരുന്നത്.

ഈ വിധത്തില്‍ ആവര്‍ത്തകവും അപൂര്‍വമായതിന്റെ ഐക്യത്തിന്റെ ഒരു ചിത്രമാണ് ചരിത്രസംഭവങ്ങള്‍ അവതരിപ്പിക്കുന്നതെന്നു കാണാന്‍ കഴിയും. സാധാരണ ഈ സംഭവങ്ങളുടെ സാരവത്തായ വശങ്ങളാണ് ആവര്‍ത്തിക്കപ്പെടുന്നത്. അപൂര്‍വവും നിഷ്‌കൃഷ്ടവുമായ അപ്രധാനവശങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. എന്നാല്‍, സാമൂഹ്യ പ്രതിഭാസങ്ങളില്‍ ഒരു ക്രമബദ്ധതയുണ്ടെങ്കില്‍ അതിനര്‍ഥം സമുദായവും ചരിത്രവും പൊതുവില്‍ വസ്തുനിഷ്ഠനിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്നാണ്.
പ്രായപൂര്‍ത്തിയായ ഒരു സമുദായാംഗത്തിന് ആ സമുദായത്തില്‍ പൂര്‍ണമായി രൂപംപ്രാപിച്ച സാമൂഹ്യബന്ധങ്ങള്‍, ഉല്‍പ്പാദനബന്ധങ്ങള്‍, ഭരണകൂട ഘടന ആദിയായവ കാണാന്‍ കഴിയും. ആ സാഹചര്യങ്ങളെ അയാള്‍ക്ക് തന്റെ പ്രവര്‍ത്തനത്തിലൂടെ ഒട്ടൊക്കെ സ്വാധീനിക്കാന്‍ കഴിയുമെങ്കിലും അയാള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റുന്നവയല്ല അതൊന്നും. പ്രകൃതിനിയമങ്ങളപ്പോലെതന്നെ വ്യക്തിയുടെ ഇച്ഛയ്ക്ക് അതീതവും വസ്തുനിഷ്ഠവുമാണ് സമുദായത്തില്‍ പ്രാവര്‍ത്തികമായിട്ടുള്ള നിയമങ്ങളും.

എന്നാല്‍ പ്രകൃതി നിയമങ്ങളും ചരിത്രനിയമങ്ങളും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടുതാനും. പ്രകൃതിനിയമങ്ങള്‍ മനുഷ്യേച്ഛയിലും ബോധത്തിലും നിന്നു മാത്രമല്ല, മനുഷ്യനില്‍ നിന്നുതന്നെയും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഈ വ്യത്യാസങ്ങളില്‍ മുഖ്യമായിട്ടുള്ളത്. പ്രകൃതിനിയമങ്ങളെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ നിലനില്‍ക്കുന്നില്ല എന്നുതന്നെ വന്നേക്കാം. ഇന്നത്തെപ്പോലെ മനുഷ്യനില്ലാതിരുന്ന കാലത്തും ഈ നിയമങ്ങള്‍ ഇതേപോലെ ഫലപ്രദമായിരുന്നു. പക്ഷേ, പ്രകൃതിനിയമങ്ങളെപ്പറ്റി മനസിലാക്കിയ മനുഷ്യന് അവയുടെ പ്രവര്‍ത്തനം കൂടുതല്‍ ത്വരിതപ്പെടുത്തുകയോ സമുദായത്തിന് പ്രയോജനകരമായ രീതിയില്‍ അവയെ തിരിച്ചുവിടുകയോ ചെയ്യാന്‍ കഴിയുമെന്നതില്‍ സംശയമില്ല.
സ്പീഷിസ് ഉരുത്തിരിയുന്ന രീതിയുടെ നിയമങ്ങള്‍ മനസിലാക്കിയ മനുഷ്യന്‍ കൃത്രിമമായ നിര്‍ദ്ധാരണത്തിലൂടെ ആ പ്രക്രിയ ത്വരിതപ്പെടുത്താന്‍ പഠിക്കുകയും താരതമ്യേന ചുരുങ്ങിയ ഒരു കാലയളവിനിടയില്‍ പ്രയോജനപ്രദമായ സസ്യജാതികളും ജന്തുജാതികളും വളര്‍ത്തിയെടുക്കുകയും ചെയ്തു. പക്ഷേ, സ്പീഷിസിന്റെ ഉരുത്തിരിയല്‍ നിയമങ്ങള്‍ മനുഷ്യനില്‍ നിന്ന് സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്റെ പരിണാമത്തിനും എത്രയോ മുമ്പ്, ജീവജാലങ്ങളുടെ ആവിര്‍ഭാവം മുതല്‍ക്കുതന്നെ പ്രകൃതിനിര്‍ദ്ധാരണം ഫലപ്രദമായി നടന്നുവന്നിട്ടുണ്ട്. എന്നു മാത്രവുമല്ല, ഒരു ജീവശാസ്ത്രസ്പീഷിസ് എന്ന നിലയില്‍ മനുഷ്യനും പ്രകൃതിനിര്‍ദ്ധാരണത്തിന്റെ സന്തതിയാണ്. ഈവിധത്തില്‍ പ്രകൃതിനിയമങ്ങളുടെ പ്രവര്‍ത്തനത്തിന് മനുഷ്യന്‍ അതില്‍ പങ്കെടുക്കേണ്ടതിന്റെ യാതൊരാവശ്യവുമില്ലെന്ന് നമുക്ക് കാണാന്‍ കഴിയും.

എന്നാല്‍, സാമൂഹ്യവികാസനിയമങ്ങളുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. മനുഷ്യന്‍റെ ഇച്ഛയിലും മനസിലും നിന്ന് സ്വതന്ത്രമായാണ് അവയുടെ പ്രവര്‍ത്തനമെങ്കിലും മനുഷ്യരിലൂടെയാണ്, മനുഷ്യപ്രവര്‍ത്തനത്തിലൂടെയാണ് ഈ നിയമങ്ങള്‍ സാക്ഷാത്ക്കരിക്കപ്പെടുന്നത്. അതുകൊണ്ട് ചരിത്രം സൃഷ്ടിക്കുന്നത്, പക്ഷേ, ഓരോ തലമുറയൂടെയും കാലത്ത് നിലവിലുള്ള വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ക്കനുസൃതമായേ അവര്‍ക്കത് സൃഷ്ടിക്കാന്‍ കഴിയൂ എന്നുമാത്രം. അല്ലാതെ തോന്നിയപോലെ അത് ചെയ്യാനാവില്ല. അപ്പോള്‍, മനുഷ്യപ്രവര്‍ത്തനം ചരിത്രനിയമങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ നിബന്ധനകളിലൊന്നാണ്. സത്യം പറഞ്ഞാല്‍, മുഖ്യമായ നിബന്ധന അതാണ്.