Wednesday
20 Feb 2019

നന്ദി എവ്വിധം ചൊല്ലേണ്ടു ഞാന്‍!

By: Web Desk | Saturday 1 December 2018 10:11 PM IST

c radhakrishnan

എനിക്കല്‍പം വട്ടാണെന്ന് ഒരു വാരികയുടെ ഒരു മാന്യവായനക്കാരന്‍ എഴുതിയിരിക്കുന്നു. അതു നേരാണെന്നു തോന്നിയതുകൊണ്ടാവുമല്ലൊ ആ വാരികയുടെ പത്രാധിപര്‍ ആ കത്ത് അച്ചടിക്കാന്‍ തീരുമാനിച്ചത്. അവര്‍ രണ്ടു കൂട്ടരോടും എനിക്കു നന്ദിയുണ്ട്. കാരണം, സംഗതി ശരിയാണെന്ന് പലപ്പോഴും എനിക്കുതന്നെ തോന്നാറുണ്ട്. രോഗനിര്‍ണയവും നടത്തിക്കിട്ടിയതിനാല്‍ ചികിത്സ ഉടന്‍ തുടങ്ങാന്‍ സൗകര്യമായി.
പത്രവാരികകളിലെ കോളമെഴുത്തും പലതരം വേദികളില്‍ പ്രസംഗവും പുസ്തകങ്ങള്‍ വായിച്ചു നോക്കി അവതാരിക എഴുത്തും പൊതുകാര്യങ്ങളിലെ പ്രതികരണത്തൊഴിലും വട്ടാണെന്നതിനു തെളിവു തേടി ഏറെ ദൂരമൊന്നും പോകേണ്ട, തപ്പിത്തിരയുകയും വേണ്ട. ഇതാ എന്റെ കണ്‍മുന്നില്‍ത്തന്നെ ഉണ്ട്. എങ്കില്‍പ്പിന്നെ എന്തിനിതൊക്കെ ഇത്രയും കാലം ചെയ്തു എന്നാണെങ്കില്‍ ചൊട്ടയിലെ ശീലം ചുടല വരെ എന്ന പരിഗണനയില്‍ ക്ഷമിക്കുക.
ഓരോന്നായി എടുത്താല്‍ നേരറിയാന്‍ എളുപ്പമുണ്ട്. 1968-ല്‍ പാട്രിയട്ട് പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പിലാണ് കോളമെഴുത്തു തുടങ്ങുന്നത്. രണ്ടു കോളങ്ങള്‍ – ദ റിട്ടണ്‍ വേഡ് എന്ന സാഹിത്യക്കോളവും സയന്‍സ് ഹൊറൈസന്‍സ് എന്ന വേറൊന്നും. അവിടന്നു പിരിഞ്ഞിട്ടും അഞ്ചു കൊല്ലം അതു രണ്ടും തുടര്‍ന്നു.
1971-ല്‍ പൊരുള്‍ എന്ന സ്വന്തം മാസികയില്‍ തുടങ്ങിയതാണ് മലയാളത്തിലെ കോളമെഴുത്ത്. വളരെ വലിയ നഷ്ടം വരാമായിരുന്നത് വെറും അയ്യായിരം ഉറുപ്പികയില്‍ നിന്നു എന്നത് വലിയ ലാഭമായി കരുതി കടയടയ്ക്കുവോളം മുപ്പത്തിയാറു ലേഖനങ്ങള്‍ എഴുതി. അതില്‍ ചിലത് അടിയന്തരാവസ്ഥയെ വിമര്‍ശിച്ചായതിനാല്‍ വാറണ്ടില്ലാതെ കസ്റ്റഡിയിലെടുക്കാന്‍ ഇടപാടായി. ഒളിവില്‍ ആന്ധ്രയിലേക്കു പോയി ഒരു ബാല്യകാലസുഹൃത്തിന്റെ തട്ടുകടയില്‍ മൊട്ടത്തലയും കാക്കി നിക്കറുമായി ഇഡ്ഡലി സാമ്പാര്‍ സപ്ലൈ ചെയ്ത് മൂന്നു മാസം കഴിയാന്‍ ടൂറിസ്റ്റ് വിസ കിട്ടിയത് ചെറിയ സൗഭാഗ്യമാണൊ!
പിന്നീട് വീക്ഷണം പത്രത്തിന്റെ ചുമതലക്കാരനായപ്പോള്‍ നിരീക്ഷകന്‍ എന്ന പേരില്‍ രാഷ്ട്രീയേതരതമാശകള്‍ എഴുതി. ആന പിടിച്ചാലും അനങ്ങാത്ത പത്രപ്രചാരം ആറില്‍നിന്ന് പതിനൊന്നായിരമായി ഉയര്‍ന്നു! അക്കാലത്തൊരിക്കല്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്നോടു പറഞ്ഞു – ഇതിനൊക്കെ നീ അനുഭവിക്കും!
പിന്നെ കോളക്കൃഷി ചെയ്തത് ഭാഷാപോഷിണി എന്ന സാഹിത്യമാസികയുടെ ആമുഖ പംക്തിയിലാണ്. അന്ന് താക്കീതു തന്നത് തകഴിച്ചേട്ടനാണ് – അനിയാ, പലര്‍ക്കും മുഷിയുന്നുണ്ട്, കേട്ടൊ! വിളയാന്‍നേരത്ത് നിന്റെ പാടശേഖരത്തില്‍ മട വീഴുന്നത് സൂക്ഷിക്കണം!
മാധ്യമം വാരികയിലും തുടര്‍ച്ചയായി ആമുഖ കോളമെഴുതി. തുടക്കം എന്ന പേരില്‍ ആയിരുന്നു അത്. പിന്നെ, പിറവി എന്ന മാസികയില്‍ അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കോളമെഴുതി. ജനയുഗത്തിലും കുറെയായി ഈ കോളമുണ്ടല്ലൊ. ഇവിടങ്ങളിലൊന്നും എനിക്ക് എഴുതാനുള്ള വിഷയം തെരഞ്ഞെടുക്കുന്നതിലൊ എഴുത്തിലൊ ഇടപെടലുകള്‍ അനുഭവിക്കേണ്ടി വന്നിട്ടില്ല. ഈ കോളം എഴുതാന്‍ തുടങ്ങിയിട്ട് ഇത്ര വര്‍ഷമായിട്ടും ഒട്ടും ഇല്ല.
വട്ടായതുകൊണ്ടാണ് ഞാന്‍ ഈ പണി ചെയ്യുന്നതെന്ന് എന്നോടു പറയാന്‍ പക്ഷേ ആരും ഉണ്ടായില്ല. എന്തൊരു കഷ്ടം! കോളമെഴുത്തുകൊണ്ടൊന്നും നഷ്ടങ്ങളല്ലാതെ ഉണ്ടായില്ല.
പലേടങ്ങളിലും തപ്പി വസ്തുതാശേഖരണവും തുടര്‍ന്ന് കാര്യമായ സമാലോചനയും നന്നായി പറയാനുള്ള പരിശ്രമവും നടത്തിയ നേരവും അധ്വാനവും നാലു വാഴ നടാന്‍ ഉപയോഗിച്ചു എങ്കില്‍ രണ്ടു മുച്ചീര്‍പ്പനെങ്കിലും കുലയ്ക്കുമായിരുന്നു! മാത്രമല്ല, ഉള്ളതു പറഞ്ഞു കേട്ടപ്പോള്‍ ചില ഉറികള്‍ ചിരിക്കുന്നതിനു പകരം അകത്തെ പഴങ്കഞ്ഞിവെള്ളം തലയില്‍ തൂവുകയും ചെയ്തു! കുടിക്കാന്‍ കിട്ടുമായിരുന്ന കഞ്ഞിയാണ് കണ്ടതു പറഞ്ഞതിനാല്‍ ഇണ്ടലായത്.
പ്രസംഗത്തൊഴിലിന്റെ കഥ ഇതിലും വിചിത്രമാണ്. അരമണിക്കൂര്‍ പ്രസംഗിക്കാന്‍ നാലഞ്ചു മണിക്കൂര്‍ അങ്ങോട്ടും പിന്നെ ഇങ്ങോട്ടും യാത്ര ചെയ്ത് ദിവസം മുഴുവന്‍ പാഴായ അനുഭവം ധാരാളം. കേള്‍ക്കാന്‍ ആരുമുണ്ടാവില്ല, സംഘാടകര്‍പോലും! പ്രതിഫലത്തിന്റെ പ്രശ്‌നമേ ഇല്ല, സാറിനു തരുന്ന മാന്യാവസരവും ആദരവും സ്വാഗതപ്രശംസയും ധാരാളം മതി എന്നാണ് കൃതകൃത്യത!
തിരുവില്വാമല നാണ്വാരുടെ ഒരു പ്രായോഗികഫലിതം മറക്കാവതല്ല. ഞങ്ങളിരുവരും ഒരു മലയോരഗ്രാമത്തില്‍ ഏതൊ വായനശാലാവാര്‍ഷികത്തിനു പോയി. വി കെ എന്‍ അധ്യക്ഷന്‍, ഞാന്‍ ഉദ്ഘാടകന്‍. കലപിലകൂടുന്ന പത്തിരുപതു പീക്കിരിപ്പിള്ളേരാണ് സദസ്, വിഷയം മലയാളസാഹിത്യത്തിലെ നൂതനപ്രവണതകളും! ദൂരെ വയലിലെ നാല്‍ക്കാലി സ്‌റ്റേജിനു മുന്നിലെ രംഗം കണ്ട നാണ്വാര് ഒരു വേലിത്തറി പറിച്ച് അതുമായാണ് അരങ്ങേറിയത്. ചെന്ന പടി മൈക്കിനു മുന്നിലേക്കു നീങ്ങി നിന്ന് പറഞ്ഞു – നായിന്റെ മക്കളേ, ഞാന്‍ ഈ കുന്ത്രാണ്ടത്തിനു മുന്നില്‍നിന്നു മാറുവോളം വേറെ ആരെങ്കിലും ശബ്ദിച്ചാല്‍ അടിച്ച് തലമണ്ട ഞാന്‍ പൊളിക്കും!
ആ വേലിത്തറി ഉയര്‍ത്തി വേദിയിലെ പഴമേശപ്പുറത്ത് ആഞ്ഞൊരടിയും!
പരിപൂര്‍ണ നിശബ്ദത. അടിയേറ്റ് മേശ പൊളിഞ്ഞുപോയി!
പിന്നെ പ്രസംഗം. അതു തനിക്കു പത്ത്യമായ തെരഞ്ഞെടുത്ത തെറിവചനങ്ങളുടെ മഹാപ്രവാഹം മാത്രം. അതു കഴിഞ്ഞ് വേലിത്തറി ഉയര്‍ത്തി സംഘാടകപ്രമുഖനെ വിളിച്ചു – ആയിരം ഉറുപ്പിക കൊണ്ടുവാ, നിന്റെ തല പൊളിയേണ്ട എങ്കില്‍!
ആ കാശു വാങ്ങി പോക്കറ്റിലിട്ട് എന്റെ കൈ പിടിച്ചു പറഞ്ഞു, ഇനി താന്‍ ഒന്നും പറയേണ്ടതില്ല, എല്ലാ വചനവും പ്രഘോഷിക്കപ്പെട്ടിരിക്കുന്നു!
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നപോലെ ഉശിരുണ്ടെങ്കില്‍ പ്രസംഗപ്പശുവും പാല്‍ ചുരത്തും എന്നു ഭരതവാക്യവും പാടി അരങ്ങൊഴിഞ്ഞു.
ഇതിലും കഷ്ടമാണ് മിക്കപ്പോഴും അവതാരിക എഴുത്ത്. നല്ല കൃതികള്‍ കൂട്ടത്തില്‍ തീര്‍ച്ചയായും ഉണ്ട്. പക്ഷേ, അവ നിയമത്തെ സാധൂകരിക്കുന്ന ഒഴികഴിവുകള്‍ മാത്രം. സമയമുണ്ടെങ്കില്‍ മറിച്ചുനോക്കിയാല്‍ മതി എന്നാണ് തുടക്കം. പാഠം എത്തിച്ചുകഴിഞ്ഞാല്‍ നിരന്തരം വിളിയായി. കൃതി മോശമെന്നു പറഞ്ഞാല്‍ ആജീവനാന്ത വൈരാഗ്യം ഫലം. നന്നെന്നു പറഞ്ഞാലോ, സ്വന്തം മനസില്‍ അസത്യക്കളങ്കവും! കഴിഞ്ഞില്ല, വെട്ടിച്ചും തിരുത്തിച്ചും ചിലപ്പോള്‍ അതുകൂടി സ്വയം ചെയ്തും ശരിയാക്കിയാല്‍ പുസ്തകം പ്രകാശിപ്പിക്കയും വേണം!
ഈയിടെ കണ്ട ഒരു തമാശ ഞാന്‍ എഴുതിക്കൊടുത്ത അവതാരിക മാറ്റിവച്ച് താനെഴുതിയ ഒരെണ്ണം അതിനു പകരം എന്റെ പേരില്‍ ഒരാള്‍ തന്റെ പുസ്തകത്തിന് ആഭരണമാക്കിയിരിക്കുന്നതാണ്! മഹാകവിയുടെ പേരില്‍ തന്ന അവാര്‍ഡിന്റെ ചെക്ക് ബാങ്കില്‍ പണമില്ലാതെ മടങ്ങിയ അനുഭവത്തേക്കാള്‍ എത്രയൊ ഇരട്ടി വേദനാകരമായിരുന്നു ഇത്. നാലു കാശു മാത്രം വിഷയമായ ഒരു ചെറിയ ചതിയേക്കാള്‍ കഷ്ടമല്ലെ ഉണ്ടാകാക്കുട്ടിയുടെ അച്ഛനായി വാഴിക്കല്‍!
ആജീവനാന്തമെന്നു പറയാവുന്നത്ര കാലം കൊണ്ടുനടന്ന ദുശീലങ്ങളില്‍നിന്ന് ഒറ്റയടിക്കു പിന്‍തിരിപ്പിച്ചു സഹായിച്ചതിന് ഏവര്‍ക്കും നന്ദി. ഈ വകയെല്ലാം ഉടനെ നിര്‍ത്തുകയാണ്. വിശേഷിച്ചും, ഇനി കുറച്ചേ ഉള്ളൂ കാലം എന്നറിയാവുന്നതിനാല്‍. എണ്‍പതാകാന്‍ ഏതാനും മാസങ്ങളേ ഉള്ളൂ. മടിശീലയിലെ അവസാനത്തെ നാണയത്തുട്ടുകളായ ശേഷം ദിവസങ്ങള്‍ ചെലവഴിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമല്ലൊ. പ്രായത്തിന്റെ പരാക്രമകങ്ങളെ ഒതുക്കി നിര്‍ത്താന്‍ ആവശ്യമായ അല്‍പം യോഗയും ബോധത്തിന്റെ ശുദ്ധി ഉറപ്പാക്കാനുള്ള ഇത്തിരി ധ്യാനവും കഴിയുമ്പോഴേക്കുതന്നെ മണിക്കൂറുകള്‍ തീരും. ക്ഷീണം പറ്റാതെ ജോലി ചെയ്യാവുന്ന സമയം ദിവസംതോറും കൂടുതല്‍ പരിമിതമായി വരുന്നു. കുറച്ചു കാലമായി മനസില്‍ കിടക്കുന്ന നോവല്‍ അതിനോടുള്ള അവഗണനക്കെതിരെ ചുരമാന്തുന്നു. എനിക്കു മാത്രം ചെയ്യാന്‍ കഴിയുന്നതുപേക്ഷിച്ച് മറ്റെന്തെല്ലാമൊ ചെയ്യുന്നു എന്ന നഷ്ടബോധം കുമിയുന്നു.
സത്യമാണ്, അനാവശ്യമായി മനുഷ്യര്‍ വഴക്കിടുന്നതു കാണുമ്പോള്‍ തോന്നുന്ന വേദനയാണ് കോളമെഴുത്തും മറ്റു നേരിട്ടുള്ള ഇടപെടലുകളുമായി പുറപ്പെടുന്നത്. വിഭാഗീയത നമ്മെ നശിപ്പിക്കുന്നു. ശിഥിലീകരണം അരങ്ങു വാഴുന്നു. തമ്മില്‍ തല്ലിച്ച് കാര്യം കാണുന്ന കക്ഷികളും കച്ചവടങ്ങളും എവിടെ കണ്ട വിടവിലും ആപ്പടിച്ചു കയറ്റുന്നു, വിടവില്ലാത്തിടത്തു ബോംബു വയ്ക്കുന്നു. നേര്‍വഴി പറയാന്‍ പോയാല്‍, പാവത്താനായ ബ്രാഹ്മണനായാലും ഫലിതക്കാരനായ സഞ്ജയനായാലും വെറും സൂചീമുഖിപ്പക്ഷിയായാലും ആപത്തുതന്നെ!
നിങ്ങള്‍ കരിയിലക്കകത്തു വെച്ച് ഊതുന്നത് തീയല്ല, മിന്നാമിനുങ്ങാണ്, അതു കത്തിപ്പിടിക്കില്ല എന്നു പറഞ്ഞ സൂചീമുഖിപ്പക്ഷിയെ കുരങ്ങന്‍മാര്‍ ചാടിപ്പിടിച്ച് പാറപ്പുറത്ത് തല്ലിക്കൊന്നു. അല്ല, പിന്നെ, ഞങ്ങളേക്കാള്‍ അറിവുള്ള ഒരുവനൊ! ആമയെ ചുടാന്‍ ശ്രമിക്കുന്ന കാട്ടാളരെ ഉപദേശിക്കാന്‍ ചെന്ന ബ്രാഹ്മണന്റെ ഗതിയും തഥൈവ. ചൂടു തട്ടുമ്പോള്‍ ആമ തീയില്‍നിന്ന് പുറത്തേക്കു നടക്കും. വീണ്ടും വീണ്ടും ഇതുതന്നെ! വഴിപോക്കനായ ബ്രാഹ്മണന് പാവം തോന്നി, വിശപ്പകറ്റാനാണല്ലൊ ചുടുന്നത്. അദ്ദേഹം പറഞ്ഞു, ആമയെ ചുടുന്നെങ്കില്‍ മലര്‍ത്തി ഇട്ട് ചുടണം! ഹിംസ ചെയ്യാനാണല്ലൊ ഉപദേശിച്ചത് എന്ന തിരിച്ചറിവുണ്ടായി അടുത്ത നിമിഷം സ്വയം തിരുത്തി, അതു വേണ്ട, ഞാനൊന്നും പറഞ്ഞില്ലേ, രാമനാരായണാ! തങ്ങളെ കളിപ്പിക്കുകയാണെന്നു വിചാരിച്ച് കാട്ടാളര്‍ ആദ്യം അദ്ദേഹത്തെ തല്ലിക്കൊന്നു. പിന്നെയേ തോന്നിയുള്ളൂ, ആ മൂപ്പിലാന്‍ പറഞ്ഞതൊന്നു പരീക്ഷിക്കാന്‍.
പാതിരാത്രിയില്‍ ഒരു ഹൈ മാസ്റ്റ് വിളക്കിനു താഴെ നിന്ന് വഴക്കിടുന്ന രണ്ട് മദ്യപര്‍ അതുവഴി വന്ന സഞ്ജയനെ തടഞ്ഞുനിര്‍ത്തുന്നു. സൂര്യനാണൊ ചന്ദ്രനാണൊ മുകളില്‍ എന്നാണ് തര്‍ക്കം. അവര്‍ക്കത് തീര്‍പ്പായിക്കിട്ടണം. സൂര്യനെന്നു പറഞ്ഞാല്‍ ചന്ദ്രപ്പാര്‍ട്ടി തല്ലും, ചന്ദ്രനെന്നു പറഞ്ഞാല്‍ സൂര്യപ്പാര്‍ട്ടിയും. രണ്ടുമല്ലെന്നു പറഞ്ഞാലോ, ഇരുവരും ചേര്‍ന്നാവും മര്‍ദനം. സഞ്ജയന്‍ ഗുരുകാരണവന്‍മാരെ നല്ലപോലെ വിചാരിച്ച് പറഞ്ഞു, അതേയ്, ഞാന്‍ ഇവിടത്തുകാരനല്ല, മാവിലായിക്കാരനാണ്, എനിക്കിവിടത്തെ സ്ഥിതിഗതികളൊന്നും അറിഞ്ഞുകൂടാ. പിന്നാലെ വേറെ ചിലര്‍ വരുന്നുണ്ട്, അവരോട് ചോദിക്കൂ.
രക്ഷപ്പെട്ട അദ്ദേഹം പിന്നില്‍നിന്നു ഏകസ്വരത്തില്‍ കേട്ടു – നല്ല വിവരമുള്ള ആരൊ ആണെന്നു നിശ്ചയം!
ചുരുക്കത്തില്‍ ഈ കോളം ഉള്‍പ്പെടെ ഇത്തരം എല്ലാ ഏര്‍പ്പാടുകളും ഇതോടെ നിര്‍ത്തുകയാണ്. ഇതുവരെ വായിച്ചവര്‍ക്കും കേട്ടവര്‍ക്കും അനുഭവിച്ചവര്‍ക്കും നല്ലതൊ ചീത്തയൊ പറഞ്ഞവര്‍ക്കും ഒന്നും പറയാത്തവര്‍ക്കും അകമഴിഞ്ഞ നന്ദിയും സകല മാലോകര്‍ക്കും നല്ല തിരുപ്പിറവിയും സന്തുഷ്ടമായ പുതുവര്‍ഷവും.