നമ്പാടന്‍ മാസ്റ്റര്‍ ഓര്‍മ്മപ്പെടുത്തുന്നത്

Web Desk
Posted on January 31, 2018, 10:20 pm

 കെ ജി ശിവാനന്ദന്‍

രനൂറ്റാണ്ടിലധികമായി സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടയ്‌ക്കൊക്കെ തിളങ്ങിയും ചിലപ്പോഴെല്ലാം മങ്ങിയും നിലനിന്നുപോകുന്ന കേരള കോണ്‍ഗ്രസ്സ് നേതാവാണ് കെ എം മാണി. 1965ല്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഒരു ജീപ്പും പതിനായിരം രൂപയുമെന്ന മോഹനസുന്ദരമായ വാഗ്ദാനത്തിനു മുന്നില്‍ വഴങ്ങി, കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസില്‍ അഭയം പ്രാപിച്ചതുമൂലമാണ് യഥാര്‍ത്ഥത്തില്‍ കെ എം മാണിയുടെ രാഷ്ട്രീയജീവിത ചരിത്രം ആരംഭിക്കുന്നത്. പതര്‍ച്ചയുള്ളതെങ്കിലും ഘനഗംഭീരമായ ശബ്ദമാധുര്യം കൊണ്ട് ആരേയും കീഴ്‌പ്പെടുത്താനാവുമെന്ന് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിനകത്തെ സംഭവബഹുലമായ ഏടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

കോണ്‍ഗ്രസിന്റെ മതേതര രാഷ്ട്രീയത്തെ കേരള കോണ്‍ഗ്രസിന്റെ മതരാഷ്ട്രീയവുമായി കൂട്ടിക്കൊണ്ട് വിലപേശലിന്റെ തന്ത്രവുമായി രാഷ്ട്രീയാധികാരം തട്ടിയെടുക്കുന്നതില്‍ തന്റെ മുന്‍ഗാമികളേക്കാള്‍ കഴിവു തെളിയിച്ച ആളാണ് കെ എം മാണി. കേരള കോണ്‍ഗ്രസ് പിളരുമ്പോള്‍, പിളര്‍ന്ന ഭാഗങ്ങള്‍ വീണ്ടും കഷ്ണങ്ങളാകുമ്പോള്‍ മാണി നടത്തിയ വ്യാഖ്യാനം രാഷ്ട്രീയ കേരളം ശ്രദ്ധിച്ചിരുന്നു. പിളരുംതോറും വളരുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്ന് മാണി പറഞ്ഞപ്പോള്‍ കേരള ജനത ഊറിച്ചിരിച്ചെങ്കിലും, മാണിയുടെ വാക്കുകള്‍ കേട്ട് അണികള്‍ ആവേശം കൊള്ളുകയായിരുന്നു. അന്താരാഷ്ട്ര സംഭവങ്ങളെയും മാണി ഇത്തരത്തില്‍ വ്യാഖ്യാനിച്ചിരുന്നു. അതിനൊരു ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ ഭരണത്തലവന്‍ മിഖായേല്‍ ഗോര്‍ബച്ചേവ് അവിടെ നടപ്പാക്കിയ ഭരണപരിഷ്‌ക്കാരമായ ‘ഗ്ലാസ്‌നോസ്തും പെരിസ്‌ത്രോയിക്കയും’ സംബന്ധിച്ച മാണിയുടെ പ്രതികരണം. ഗോര്‍ബച്ചേവിനേക്കാള്‍ മുമ്പ് ആശയം കൊണ്ടുവന്നത് താനാണെന്നും ഇതാണ് തന്റെ അധ്വാനവര്‍ഗ്ഗ സിദ്ധാന്തത്തിന്റെ കാതല്‍ എന്നും മാണി അവകാശപ്പെട്ടു. ഇപ്പോള്‍ സാക്ഷാല്‍ കെ എം മാണി നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താവായി മാറിയിരിക്കുകയാണ്.
രാഷ്ട്രീയ ചാണക്യന്‍ എന്ന അഭിസംബോധനയോടെ കേരള രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന ആളാണ് മാണി. അധികാരത്തില്‍ എത്തുന്നതിനുള്ള മാര്‍ഗ്ഗം മാത്രമാണ് രാഷ്ട്രീയം എന്നതാണ് മാണി പഠിപ്പിക്കുന്ന പാഠം. രാഷ്ട്രീയാധികാരത്തിനു വേണ്ടി ഏതു മാര്‍ഗ്ഗവും സ്വീകരിക്കാം. തന്ത്രങ്ങളും കുതന്ത്രങ്ങളും കുതികാല്‍ വെട്ടുവരെ നടത്താം. ഇത്തരം മാര്‍ഗ്ഗങ്ങളവലംബിച്ച് വിജയിച്ചുവരുന്നവര്‍ക്കാണ് മാധ്യമലോകം ‘രാഷ്ട്രീയ ചാണക്യന്‍” എന്ന കീര്‍ത്തിമുദ്ര ചാര്‍ത്തി കൊടുക്കുന്നത്. ഈ കീര്‍ത്തിമുദ്ര ഏറെ പ്രാവശ്യം സ്വീകരിച്ചിട്ടുള്ളയാളാണ് കെ എം മാണി.
തന്റെ കൈവശമുള്ള ചാണക്യതന്ത്രത്തിലൂടെ മാറി മാറി വരുന്ന സര്‍ക്കാരുകളില്‍ വലിയ അധികാരങ്ങള്‍ കൈവശപ്പെടുത്തിയെടുത്ത ആളുമാണ് അദ്ദേഹം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ധനമന്ത്രി പദമാണ് അദ്ദേഹം അലങ്കരിച്ചിരുന്നത്. യുഡിഎഫ് ഭരണക്കാലത്താണ് അമ്പതാണ്ട് പിന്നിട്ട കേരളകോണ്‍ഗ്രസിന്റെ സുവര്‍ണജൂബിലി ആഘോഷം നടന്നത്.

ആഘോഷത്തിന്റെ സമാപനസമ്മേളനം കോട്ടയം പട്ടണത്തില്‍ വെച്ചായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ഒരു അശരീരി പോലെ ഒരാശയം സംസ്ഥാന രാഷ്ട്രീയ ചക്രവാളത്തില്‍ ഉയര്‍ന്നു പൊങ്ങിയത്. ഈ ആശയത്തെ മാണി ഒരാഗ്രഹമായി സ്വീകരിച്ച് ആസ്വദിക്കുകയായിരുന്നു. എന്നാല്‍ മാണിയെപ്പോലെ തന്നെ ചാണക്യ ഖ്യാതിയുള്ള അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അസ്വസ്ഥതയോടെയാണ് ഈ അശരിരിയെ കേട്ടത്. പിന്നീട് നാം കണ്ടതും കേട്ടതും ചാനലുകളിലെ അന്തിമചര്‍ച്ചകളില്‍ നിന്ന് കെ എം മാണിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണവും അതിന്റെ കഥകളുമാണ്. ഭരണാധികാരിയെന്ന നിലയില്‍ സ്ഥാനം ദുരുപയോഗപ്പെടുത്തി വിവിധ കേന്ദ്രങ്ങളില്‍ നിന്നായി അമ്പത് കോടിയോളം രൂപ കൈപ്പറ്റിയെന്നുള്ളതായിരുന്നു മുഖ്യ ആരോപണം. പണം എണ്ണി തിട്ടപ്പെടുത്തുന്നതിനായി വീട്ടില്‍ നോട്ടെണ്ണല്‍ മെഷീന്‍ ഉണ്ടെന്നുവരെ സാക്ഷിമൊഴികള്‍ ഉണ്ടായി. മാണിയ്ക്കു നേരെയുള്ള അഴിമതി കഥകള്‍ പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ആഘോഷപൂര്‍വം കൊണ്ടാടി. നിയമം നിയമത്തിന്റെ വഴിയ്ക്കുപോകുമെന്ന് വാതോരാതെ പറഞ്ഞിരുന്ന മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിലപാടുകള്‍ മാണിയെ നിയമക്കുരുക്കിലാക്കി. വിജിലന്‍സ് അനേ്വഷണവും തുടര്‍ന്ന് ഹൈക്കോടതി കേസും മാണിയെ ധനമന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയില്‍ എത്തിച്ചു. മാണിയെ പിന്നില്‍ നിന്ന് കുത്തിയതാണെന്ന് പിന്നാമ്പുറങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടായി. കൂടെയുണ്ടായിരുന്ന പലരും കൂട് വിട്ട് പോകാന്‍ തുടങ്ങി. കുറച്ചുപേര്‍ ഒത്തുകൂടി പുതിയ പാര്‍ട്ടിയ്ക്ക് രൂപം കൊടുത്തു. യുഡിഎഫ് നീതി കാണിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന കെ ബാബുവിന് ലഭിച്ച പരിഗണന തനിക്ക് കിട്ടിയില്ലെന്ന് പരിഭവിച്ചു. എങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായി തന്നെ മത്സരിച്ചു. പാലാ മണ്ഡലത്തില്‍ നിന്ന് കഷ്ടിച്ച കടന്നു കയറി. മാണിയില്‍ നോട്ടം വെച്ചിട്ടുള്ള ബിജെപി അവസരോചിതമായി സഹായിച്ചതുകൊണ്ടാണത്രെ പാലാ മണ്ഡലത്തില്‍ കാലിടറി വീഴാതിരുന്നത്. നിയമസഭ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നത് സംസ്ഥാനത്ത് യുഡിഎഫിന്റെ കനത്ത പരാജയ വാര്‍ത്തയോടെയാണ്. യുഡിഎഫിന്റെ പരാജയവും ഭരണം പോയ സ്ഥിതിയും കെ എം മാണിയെ ഇരുത്തി ചിന്തിപ്പിച്ചു.

അധികം വൈകാതെ അദ്ദേഹം അണികളെ വിളിച്ചുചേര്‍ത്ത് തന്റെ നിലപാട് പ്രഖ്യാപിച്ചു. ഞാനും എന്റെ പാര്‍ട്ടിയും യുഡിഎഫ് വിടുന്നു എന്നുള്ളതായിരുന്നു പ്രഖ്യാപനം. എല്ലാ മുന്നണികളോടും സമദൂരം എന്നതാണ് കേരള കോണ്‍ഗ്രസിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടയിലാണ് മലപ്പുറം ലോകസഭ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. സമദൂര സിദ്ധാന്തത്തില്‍ അടിയുറച്ചു നിന്നിരുന്ന കെ എം മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചു. യുഡിഎഫിനു വേണ്ടി പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. വള്ളിക്കുന്ന് നിയമസഭ മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്ന പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച് ഒഴിവിലുണ്ടായ ഉപതെരഞ്ഞെടുപ്പിലും കെ എം മാണി ഇതുതന്നെ ആവര്‍ത്തിച്ചു.

അടുത്തകാലത്തായി പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത കെ എം മാണി എല്‍ഡിഎഫിന്റെ ഭാഗമാകാന്‍ പോകുന്നുവെന്നാണ്. നവലിബറല്‍ നയങ്ങളെ മുറുകെ പിടിക്കുന്ന കെ എം മാണിയെപ്പറ്റി അത്തരം ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ ലോനപ്പന്‍ നമ്പാടന്‍ എഴുതിയ ആത്മകഥയിലേക്ക് കണ്ണോടിക്കുന്നത് നന്നായിരിക്കും. കാല്‍ നൂറ്റാണ്ടുകാലം എംഎല്‍എയും രണ്ടുപ്രാവശ്യം മന്ത്രിയും അഞ്ചു വര്‍ഷം എം പിയും ആയി അരനൂറ്റാണ്ടുകാലം പൊതുപ്രവര്‍ത്തന രംഗത്തുണ്ടായിരുന്ന രാഷ്ട്രീയ നേതാവാണ് ലോനപ്പന്‍ നമ്പാടന്‍. നമ്പാടന്‍ മാസ്റ്ററുടെ പൊതുജീവിതത്തില്‍ പകുതിയിലധികം സമയവും ചെലവഴിച്ചത് കേരള കോണ്‍ഗ്രസിനൊപ്പമായിരുന്നു. പിന്നീട് ഏറെക്കാലം ഇടതു പക്ഷത്തിനൊപ്പവും. സിപിഐ (എം)ന്റെ ഭാഗവുമായിരുന്നു. സത്യവിശ്വാസിയായ കമ്മ്യൂണിസ്റ്റ് എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിരുന്നത്. മണ്‍മറഞ്ഞുപോയ അദ്ദേഹം മരണത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ആത്മകഥയെഴുതിയത്. നമ്പാടന്‍ എന്ന വാക്കിനെ വ്യാഖ്യാനിച്ച് ‘സഞ്ചരിക്കുന്ന വിശ്വാസി” എന്ന പേരാണ് ആത്മകഥയ്ക്ക് നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ കാലികരാഷ്ട്രീയ പ്രാധാന്യം കണക്കിലെടുത്ത് ആത്മകഥയിലെ പന്ത്രണ്ടാം അധ്യായം വീണ്ടും വായിക്കാം. കഥാനായകന്‍ കേരള കോണ്‍ഗ്രസ്സ് നേതാവ് കെ.എം. മാണിയാണ്. 1980 ലെ സര്‍ക്കാരിനെ നയിച്ചിരുന്ന മുഖ്യമന്ത്രി ഇ കെ നായനാരേയും അതുവഴി ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും കഥാനായകന്‍ കബളിപ്പിച്ച സംഭവമാണ് പ്രതിപാദ്യവിഷയം. ആ അധ്യായത്തിന്റെ തലവാചകം ഇതാണ്;” ഇരുപത്തിരണ്ട് ലക്ഷവും ഇരുപത്തി രണ്ട് സീറ്റും”. കെ എം മാണിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന നമ്പാടന്‍, മാണിയുടെ ആന്തരിക രാഷ്ട്രീയ മനോഭാവത്തെ ആറ്റിക്കുറുക്കി, അരിച്ചെടുത്ത് പ്രകടിപ്പിച്ചിരിക്കുകയാണ്. 1980ല്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍ ആന്റണി കോണ്‍ഗ്രസിന്റെയും കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന്റെയും പ്രതിനിധികള്‍ ഉണ്ടായിരുന്നു. രണ്ട് വര്‍ഷം പിന്നിട്ട ഘട്ടത്തില്‍ ആന്റണി കോണ്‍ഗ്രസ് മന്ത്രി സഭയ്ക്ക് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചു. ഈ പശ്ചാത്തലത്തില്‍ കൂടിയ എല്‍ഡിഎഫ് യോഗത്തില്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. എല്ലാവരും നായനാരുടെ നിലപാടിനോട് യോജിക്കുകയുണ്ടായെങ്കിലും കെ എം മാണി മാത്രം വിയോജിച്ചു. രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് മാണി ഉറപ്പിച്ചുതന്നെ പറഞ്ഞു. മാണിയുടെ വാക്കുകളെ വിശ്വാസത്തിലെടുത്ത മുഖ്യമന്ത്രി നായനാര്‍ രാജി തീരുമാനത്തില്‍ നിന്ന് പുറകോട്ടുപോയതായി അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്ന ആത്മകഥാകാരന്‍ വിവരിക്കുന്നുണ്ട്.

രാജി വെക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ ശേഷം കെ എം മാണി നേരേ പോയത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താനാണ്. അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള രഹസ്യ ചര്‍ച്ചയാണ് നടത്തിയത്. ചര്‍ച്ചക്കൊടുവില്‍ ഇരുപത്തിരുണ്ട് സീറ്റും ഇരുപത്തിരണ്ട് ലക്ഷം രൂപയും കോണ്‍ഗ്രസ് ഹൈക്കമാന്റ് വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രതിനിധിയായ ജി കെ മൂപ്പനാരുമായാണ് കെ എം മാണി ധാരണയുണ്ടാക്കിയത്. രാജി വെയ്ക്കണ്ടായെന്ന് ഇ കെ നായനാരോട് പറയാന്‍ കാരണം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുവാന്‍ സമയം കിട്ടാനായിരുന്നുവെന്നും, അത് ശുദ്ധഗതിക്കാരനായ നായനാര്‍ക്ക് അറിയില്ലായിരുന്നുവെന്നും നമ്പാടന്‍ രേഖപ്പെടുത്തുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വഞ്ചിച്ച മാണി പിന്നീട് അധികാരത്തില്‍ വന്ന കെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി. കെ എം മാണിയുടെ രാഷ്ട്രീയ കുടില കുതന്ത്രങ്ങളെ അനുഭവസ്ഥനായ ലോനപ്പന്‍ നമ്പാടന്‍ തുറന്നുകാട്ടുകയാണ്. ഈ രാഷ്ട്രീയാനുഭവം ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ പാഠമാക്കേണ്ട കാര്യമാണ്. പ്രതേ്യകിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തിനും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും. മുന്നണിയിലെ വ്യക്തികളേയോ നേതാക്കളേയോ അല്ല ജനങ്ങള്‍ നോക്കിക്കാണുന്നത്. എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യാധിഷ്ഠിത രാഷ്ട്രീയത്തേയും അതിന്റെ സാമൂഹ്യ പ്രതിബദ്ധതയേയുമാണ്. യഥാര്‍ഥ ഇടതുപക്ഷനിലപാടുകള്‍ എന്തെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.