വീണ്ടും സ്കൂള്‍ തുറക്കുന്നു. കുട്ടികളുടെ രണ്ടുമാസത്തെ തിമര്‍പ്പുകള്‍ക്ക് തല്‍ക്കാലം വിരാമമാവുകയാണ്. സ്കൂള്‍ തുറക്കുന്നതിനെക്കുറിച്ച് എല്ലാവര്‍ക്കും പലതരം ഓര്‍മ്മകളുണ്ടാവും. കാലം കഴിയുന്നതിനനുസരിച്ച് ഓര്‍മ്മകള്‍ക്കും വ്യത്യാസങ്ങളുണ്ടാവും. നാട്ടിന്‍പുറത്ത് ഒരുവിധം, നഗരങ്ങളില്‍ മറ്റൊരുവിധം. ഇതൊരു വെറും തുടക്കം മാത്രമാണ്. വിഷയം മറ്റൊന്നാണ്. ഈയിടെ വായനയുമായി ബന്ധപ്പെട്ട രണ്ടു പ്രധാന വാര്‍ത്തകളാണ് ‘സ്കൂള്‍ തുറ’യുടെ പശ്ചാത്തലത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. രണ്ടും വായനയെ എങ്ങനെ സമൂഹത്തിന്റെ സ്വഭാവമാക്കി മാറ്റണമെന്നതിനെപ്പറ്റിയുള്ളവയാണ്. വായന മരിക്കുന്നു എന്നൊക്കെ പൊതുവായ വിലാപങ്ങളുണ്ടല്ലോ. പക്ഷെ അതെങ്ങനെ കൃത്യമായ പദ്ധതി നിര്‍വഹണത്തിലൂടെ മാറ്റിയെടുക്കാമെന്നതാണല്ലോ നമ്മുടെ ബാധ്യത. വായനയെക്കുറിച്ചാണല്ലോ പറയുന്നത്. അതുസംബന്ധിച്ച്, ശ്രദ്ധേയമായ രണ്ടു വാര്‍ത്തകള്‍ വായിക്കാനിടയായത് കൗതുകകരമായി തോന്നി.
പട്ടാമ്പിയില്‍ ‘ദ ലേണിങ് കോണ്‍സ്റ്റിറ്റ്യുവന്‍സി’ എന്നൊരു പരിപാടി പ്രായോഗികമാവുന്നു. നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ വായനശാലകളും സ്കൂളുകളുമായി ബന്ധപ്പെട്ട്, അവയെ ഒരുക്കൂട്ടി, വായനാപുസ്തകങ്ങള്‍ വിതരണം ചെയ്യുക. ഈ വായനാമണ്ഡലത്തെ ഒരു ഏകരൂപ അവസ്ഥയായി കാണാതെ വായനക്കാരുടെ വിദ്യാഭ്യാസ നിലവാരം, പ്രായം എന്നിവ കൂടി കണക്കിലെടുത്ത് അതിന് പറ്റിയ പുസ്തകങ്ങള്‍ ശേഖരിച്ച് ഒരു പ്രത്യേകസ്ഥലത്ത് വച്ച് വിതരണം ചെയ്യുക. ഇങ്ങനെയാവാം വായനാമണ്ഡലത്തെ വാര്‍ത്തെടുക്കുന്നത്. എന്തായാലും പൊതുപങ്കാളിത്തത്തോടെ വായനയെ ഗൗരവമായി കണ്ട് ഒരു പരിപാടി തുടങ്ങുന്നു എന്നത് സന്തോഷകരമാണ്. അതിന്റെ തലപ്പത്ത് എംഎല്‍എ മുഹമ്മദ് മുഹ്സിന്‍ ഉണ്ടെന്നത് നന്നായി. നല്ല അക്കാദമിക് അനുശീലനമുള്ള വ്യക്തിയാണദ്ദേഹം. ഒരു വൃത്തമാരംഭിക്കുമ്പോള്‍ അതിനു ചുറ്റും വൃത്തങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. ഒരു കുളത്തില്‍ ഒരു ചെറിയ കല്ലിടുക. അതുണ്ടാക്കുന്ന വൃത്തത്തില്‍ നിന്ന് വൃത്തങ്ങളുണ്ടായി കുളം നിറയും. അതുപോലെ ഒരു ചെറിയ തുടക്കം മതി. അത് സൃഷ്ടിക്കുന്ന ചലനങ്ങള്‍ ഒരു സമൂഹത്തെ മുഴുവനും നിറയ്ക്കും. ഇത്തരം സദുദ്യമങ്ങള്‍ ഏറ്റെടുക്കാന്‍ സന്മനസുകള്‍ വേണമെന്നു മാത്രം.
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്ത കണ്ടത് തിരുവനന്തപുരത്തുനിന്നാണ്. മൂന്നു ലക്ഷം വീടുകളിലേക്ക് പുസ്തകമെത്തിക്കുന്ന ‘വായനാ വസന്തം’ പദ്ധതി. ലൈബ്രറി കൗണ്‍സിലിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 3,000 ലൈബ്രറികളാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒടുക്കം 10 ലക്ഷം വീടുകളിലേക്ക് പുസ്തകമെത്തും. തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറികളിലെ ലൈബ്രേറിയന്മാരാവും പുസ്തകമെത്തിക്കുക. ഓരോ ആഴ്ചയിലും വീട് സന്ദര്‍ശിച്ച് താല്പര്യമുള്ള പുസ്തകങ്ങള്‍ കൈമാറും. രാഷ്ട്രീയ വാര്‍ത്തകള്‍ മാത്രം നിറഞ്ഞുനില്‍ക്കുന്ന ഈ കാലത്ത് അടിസ്ഥാന രാഷ്ട്രീയ ‘ലിറ്ററസി’ നല്‍കാനാവശ്യമായ വായനയെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാഷ്ട്രീയ സാംസ്കാരിക സംഭവമാണിത്. വായനാബോധം മാത്രമല്ല വായന വളര്‍ത്തിയെടുക്കുന്ന ബോധമാണ് വേണ്ടത്. രാഷ്ട്രീയത്തെ അടിസ്ഥാനമായ അറിവോടെ നേരിടുന്ന പൗരന്മാര്‍ക്കേ ജനാധിപത്യം സാര്‍ത്ഥകമായ ഭരണക്രമമാക്കാന്‍ പറ്റൂ. അതിന് രാഷ്ട്രീയ — സാംസ്കാരിക ഇടപെടലുകളും വേണം. വായനശാലകള്‍, ഗ്രന്ഥശാലകള്‍ എന്നിവ അതിന്റെ ഹൃദയഭാഗമാണ്. പണ്ട് എന്റെ ജന്മഗ്രാമമായ മലപ്പുറം ജില്ലയിലെ പെരിങ്ങാവില്‍ ഞങ്ങളെല്ലാം ചേര്‍ന്ന് രൂപം നല്‍കിയ ഒരു വായനശാല അറുപതാണ്ടുകള്‍ക്കിപ്പുറവും നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. അന്നൊക്കെ ഗ്രാന്റ് വരുമ്പോള്‍ വാങ്ങുന്ന പുസ്തകങ്ങള്‍, ആര്‍ത്തിയോടെ വായിച്ച കാലവും ഓര്‍ക്കുന്നു. ഒരര്‍ത്ഥത്തില്‍ എന്റെ വിദ്യാഭ്യാസത്തിന്റെ പ്രാരംഭം അവിടെ വച്ചായിരുന്നു. ഒരു പുസ്തകം തൊടുമ്പോള്‍ നാമൊരു വ്യക്തിയെ സ്പര്‍ശിക്കുന്നു എന്നാണ് പറയാറ്. ഒരു വ്യക്തി ഒരു ജന്മത്തില്‍ നേടിയ അറിവും സംസ്കാരവും നമുക്ക് ഒറ്റ പുസ്തകത്തിലൂടെ ലഭിക്കുന്നു. അങ്ങനെ ഒരായിരം ജന്മങ്ങളിലൂടെ കടന്നുപോകുന്നതാണ് വായന. ഇത്രയൊക്കെ ജന്മങ്ങള്‍ നമുക്കില്ല. അതിനു പുസ്തകം വായിക്കലാണ് പ്രതിവിധി.
പലവിധ ഭൗതിക സാഹചര്യങ്ങളും കുറഞ്ഞ ഗ്രാമങ്ങളില്‍ പുസ്തകങ്ങളിലൂടെ മനസിന് തുറസുകള്‍ ലഭിക്കുന്നു. വായന ഒരു സമാന്തര ജീവിതമാണ്. സാംസ്കാരിക പ്രവര്‍ത്തനമാണ്. പൊളിറ്റിക്കല്‍ ആക്ടിവിസമാണ്. സര്‍വോപരി മനസിനെ സ്ഫുടീകരിക്കലാണ്. അതുകൊണ്ട് വായന നിത്യജീവിതത്തിന്റെ ഒരു ഭാഗമാവണം. ഈ അര്‍ത്ഥത്തില്‍ ഇന്ന് വായന നന്നേ കുറവാണ്. മിക്ക രാഷ്ട്രീയ നേതാക്കളും വായനാശീലമില്ലാത്തവരായതിനാലാണ് പഴകിയ ചിന്തകളും ഭാഷയും കൊണ്ട് സമൂഹത്തില്‍ വിലസുന്നത്. രാഷ്ട്രീയ നേതാക്കള്‍ ഒന്നാന്തരം വായനക്കാരും ചിന്തകരുമായിരുന്ന നല്ലൊരു കാലം നമുക്കുണ്ടായിരുന്നു. സി അച്യുതമേനോന്‍, ഇഎംഎസ്, പിജി, എന്‍ ഇ ബാലറാം, ഉണ്ണിരാജ തുടങ്ങിയവരെ പെട്ടെന്ന് ഓര്‍മ്മവരുന്നു. ഇത്രയില്ലെങ്കിലും ഇനിയും കുറേ പേര്‍ കൂടിയുണ്ട്.
അതിരിക്കട്ടെ നമ്മുടെ കാലത്ത് തളര്‍ന്നുപോയ ഗൗരവാവഹമായ വായനയെ വീണ്ടെടുക്കണം. പൊതുസമൂഹത്തിലേക്ക് ലൈബ്രറി പുസ്തകങ്ങള്‍ എത്തണം. തലക്കെട്ടില്‍ ഒരു വീട്ടിലെ വായനക്കാരുടെ ‘ഘടന’ നോക്കി പുസ്തകം നല്‍കണം. കുട്ടികളെ ലൈബ്രറിയിലേക്ക് ആകര്‍ഷിപ്പിക്കണം. അവരെ സംസാരത്തിലൂടെ വിനിമയശേഷിയുള്ളവരാക്കി തീര്‍ക്കണം. വായനശാലകള്‍ പരന്ന ചര്‍ച്ചകള്‍ക്കുള്ള കേന്ദ്രമായിത്തീരണം. വളരെ ഔപചാരികമായ ചര്‍ച്ചകളാവട്ടെ.
ഒരു പ്രദേശത്തെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങളുടെ കേന്ദ്രം അവിടുത്തെ വായനശാലയാവണം. ഇതിനായി പ്രായമായവരുടെയും കുട്ടികളുടെയും ഒരു സന്നദ്ധ സംഘടന വളര്‍ന്നുവരണം, വരും. ആമുഖമായി പറഞ്ഞ തുടക്കങ്ങള്‍ വളരെ നന്നായി. പക്ഷെ തുടക്കം പോര, ഒടുക്കം വരെ കൊണ്ടുനടക്കണം.
ഒരു സമൂഹം വായനശാലയില്‍ രൂപപ്പെടുകയും കാലികമായി നവം ചെയ്യപ്പെടുകയും ആണ് സംഭവിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.