10 September 2024, Tuesday
KSFE Galaxy Chits Banner 2

കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പുതിയ കാല്‍വയ്പ്

സിപിഐ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ്
സത്യന്‍ മൊകേരി
വിശകലനം
October 20, 2022 4:49 am

വിജയവാഡയില്‍ നടന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗുണാത്മകമായ പരിവര്‍ത്തനത്തിലേക്ക് നയിക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കുവാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളെയും സജ്ജമാക്കുന്നതിന് നിര്‍ണായകമായ തീരുമാനങ്ങളാണ് കെെക്കൊണ്ടത്. കമ്മ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പുതിയ കാല്‍വയ്പാണ് സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്. ബിജെപി-ആര്‍എസ്എസ് നേതൃത്വം നല്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന പുത്തന്‍ വെല്ലുവിളികളുടെ കാലഘട്ടത്തിലാണ്‌‍ വിജയവാഡയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 809 പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന ശക്തമായ പാര്‍ട്ടിയാണ് സിപിഐ എന്ന് സംസ്ഥാനങ്ങളില്‍ നടന്ന സമ്മേളനങ്ങള്‍ വ്യക്തമാക്കിയിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പ്രതിനിധികളായെത്തി. ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഡോക്ടര്‍മാര്‍, വര്‍ഗ‑ബഹുജന സംഘടനകളിലും പാര്‍ട്ടി സംഘടനകളിലും പ്രവര്‍ത്തിക്കുന്നവര്‍ അങ്ങനെ, പ്രതിനിധികളില്‍ 28 ശതമാനം ബിരുദാനന്തര ബിരുദം നേടിയവരായിരുന്നു. നാല് ശതമാനം പ്രതിനിധികള്‍ ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ളവരും. 253 പ്രതിനിധികള്‍ ആദ്യമായി പങ്കെടുക്കുന്നവരാണ്. 782 പ്രതിനിധികളും മുഴുവന്‍ സമയ പ്രവര്‍ത്തകരാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഒക്ടോബര്‍ 14ന് നടന്ന റാലിയില്‍ ജനങ്ങള്‍ ഒഴുകിയെത്തി. കിലോമീറ്ററുകള്‍ നീണ്ട ജനസാഗരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബഹുജന പിന്തുണ വിളിച്ചറിയിച്ചു.

 


ഇതുകൂടി വായിക്കു; വിവര, ഡിജിറ്റൽ സാങ്കേതികവിദ്യ നേതൃനിരയില്‍ മലയാളി സാന്നിധ്യം


കാലഘട്ടത്തിന്റെ സാഹചര്യം മനസിലാക്കി, രാജ്യശത്രുക്കള്‍ക്കെതിരെ ശക്തമായ ബദല്‍ രാഷ്ട്രീയശക്തിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആവശ്യമായ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കെെക്കൊണ്ടത്. ഫാസിസ്റ്റ് ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന നരേന്ദ്ര മോഡി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നു പുറത്താക്കുക എന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കടമ. ആ കടമ തിരിച്ചറിഞ്ഞ് ജനാധിപത്യ‑മതേതര ശക്തികളെല്ലാം മുന്നോട്ടുവരേണ്ടതായിട്ടുണ്ട്. ദേശീയതലത്തിലും പ്രാദേശികതലത്തിലും പ്രവര്‍ത്തിക്കുന്ന മതേതര ജനാധിപത്യ പാര്‍ട്ടികള്‍, മുഖ്യശത്രുവായ ഹിന്ദുത്വ‑ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായി അടിയുറച്ച നിലപാട് സ്വീകരിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഹിന്ദുത്വ‑ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ നിലപാടുകളാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്. വ്യക്തമായ രാഷ്ട്രീയ ദിശാബോധം ഇല്ലാത്തതാണ് കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രധാനപ്പെട്ട പ്രതിസന്ധി. ഫാസിസ്റ്റ് ശക്തികളുമായി സന്ധിചെയ്യുന്ന സമീപനം കോണ്‍ഗ്രസ് സ്വീകരിക്കുന്നു. സാമ്പത്തിക, ആശയ തലങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടി കെെക്കൊള്ളുന്ന നിലപാടുകള്‍ അവ്യക്തമാണ്. കോണ്‍ഗ്രസിന്റെ ബഹുജന അടിത്തറക്ക് വിള്ളല്‍ ഉണ്ടാകാനുള്ള കാരണം ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളോട് സ്വീകരിക്കുന്ന വിട്ടുവീഴ്ചാസമീപനമാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങളെ വാരിപ്പുണരുന്ന സമീപനം‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ്. നെഹ്രുവിയന്‍ സാമ്പത്തിക‑സോഷ്യലിസ്റ്റ് നയങ്ങളിലേക്ക് തിരിച്ചുപോകാന്‍ കോണ്‍ഗ്രസ് തയാറാകണം.

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് ജനാധിപത്യ ശക്തികളെ ഒരു വേദിയില്‍ രാഷ്ട്രീയമായി അണിനിരത്തുന്നതിന് ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് പ്രധാനപ്പെട്ട പങ്കാണ് വഹിക്കാനുള്ളത്. ഇടതുപക്ഷ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കടമയായി പാര്‍ട്ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തും. സിപിഐ‑സിപിഐ(എം) പാര്‍ട്ടികളുടെ യോജിച്ച പ്രവര്‍ത്തനം ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ കടമയാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ഠിതമായ പുനരേകീകരണത്തിന്റെ പ്രാധാന്യം പാര്‍ട്ടി കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചു. ജനാധിപത്യത്തെയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അവകാശങ്ങളെയും ഇല്ലായ്മചെയ്ത്, ഫാസിസം പൂര്‍ണാര്‍ത്ഥത്തില്‍ കടന്നുവരാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് ഇന്ത്യയില്‍ വളര്‍ന്നുവരുന്നത്. അതിനെ തടയുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട പങ്കാണ് വഹിക്കാനുള്ളത്. അതിനായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്ന വര്‍ഗ‑ബഹുജന സംഘടനകളെയും കൂടുതല്‍ കരുത്തുറ്റതാക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ‑എംഎൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ദേവരാജന്‍ എന്നിവരെല്ലാം ഫാസിസ്റ്റ് ശക്തികളുടെ അപകടത്തെ ചൂണ്ടിക്കാണിച്ചാണ് പ്രസംഗിച്ചത്.‍ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവര്‍ സംസാരിച്ചു.


ഇതുകൂടി വായിക്കു; തൊഴിലാളി പാര്‍ട്ടികളുടെ സാർവദേശീയ ഐക്യം അനിവാര്യം: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി


24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒത്തുചേരലായി മാറി. ലോകത്തെ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ നവലിബറല്‍ നയങ്ങള്‍ക്ക് എതിരായി നടത്തുന്ന പോരാട്ടങ്ങളുടെ അനുഭവങ്ങളാണ് വിവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ പങ്കുവച്ചത്. 17കമ്മ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ട്ടികളില്‍ നിന്നായി 30 വിദേശ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്, വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് ബംഗ്ലാദേശ്, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഗ്രീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ, ലാവോസ് പീപ്പിള്‍സ് റവല്യൂഷനറി പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പലസ്തീന്‍, പോര്‍ച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ശ്രീലങ്ക, ദക്ഷിണാഫ്രിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, അമേരിക്കന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവരുടെ പ്രതിനിധികള്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ അഭിവാദ്യംചെയ്ത് സംസാരിച്ചു. ലോകത്തുടനീളം നടക്കുന്ന ജനകീയ പോരാട്ടങ്ങളുടെ അനുഭവങ്ങള്‍, 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത പ്രതിനിധികളുമായി അവര്‍ പങ്കുവച്ചത് ഏറെ ആവേശകരമായി. കമ്മ്യൂണിസത്തിന്റെ സാര്‍വദേശീയത ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിലെ വിദേശ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളുടെ പ്രസംഗങ്ങളും സാന്നിധ്യവും.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ തയാറെടുപ്പ് തുടങ്ങിയത് മുതല്‍തന്നെ സിപിഐക്കെതിരായി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ശക്തമായ ആക്രമണമാണ് നടത്തിവന്നത്. സിപിഐ തളരുകയാണെന്നും കേരളത്തിലും തമിഴ്‌നാട്ടിലും ഒഴികെ മറ്റെല്ലായിടത്തും സിപിഐ തളര്‍ന്നുകഴിഞ്ഞുവെന്നുമുള്ള കൂലി എഴുത്തുകാരുടെ പ്രചാരണങ്ങള്‍ എല്ലാം അസ്ഥാനത്തായി. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുപോകുന്ന ആവേശകരമായ അനുഭവമാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമ്മാനിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്നോ ഉള്‍പാര്‍ട്ടി ചര്‍ച്ച, വിമര്‍ശനം, സ്വയം വിമര്‍ശനം ഇതിന്റെയൊക്കെ ബാലപാഠങ്ങള്‍പ്പോലും അറിയാത്തവര്‍ പാര്‍ട്ടി സമ്മേളനങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ മെനയുന്നു. മൂലധനശക്തികള്‍ നിയന്ത്രിക്കുന്ന ദൃശ്യ‑ശ്രവ്യ അച്ചടിമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെല്ലാം പാര്‍ട്ടി സമ്മേളനങ്ങള്‍ തള്ളിക്കളഞ്ഞു. പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് നടക്കുന്ന സന്ദര്‍ഭത്തില്‍ പാര്‍ട്ടിക്കെതിരായി പത്രവാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതില്‍ മത്സരത്തിലായിരുന്നു മാധ്യമങ്ങള്‍. പാര്‍ട്ടി സംസ്ഥാന സമ്മേളന തീരുമാനം പുറത്തുവന്നതോടെ അവര്‍ കെട്ടിപ്പൊക്കിയതെല്ലാം ചീട്ടുകൊട്ടാരംപോലെ തകര്‍ന്ന് വീഴുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍, തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കങ്ങളാണ് ബൂര്‍ഷ്വാപ്രചാരണ മാധ്യമങ്ങള്‍ നടത്തുന്നത്. സിപിഐക്കെതിരെ പേന ഉന്തുന്നവര്‍ അവരുടെ ജോലി നിര്‍വഹിക്കുന്നതായേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനെ കാണുന്നുള്ളു.


ഇതുകൂടി വായിക്കു; മോഡി ഭരണം തൂത്തെറിയാന്‍ ഇടതു മതേതര മുന്നേറ്റം യാഥാര്‍ത്ഥ്യമാകണം: ഡി രാജ


1925 ഡിസംബര്‍ 26ന് രൂപീകൃതമായ സിപിഐ 2025 ആകുമ്പോള്‍ 100 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനമെടുത്തു. 100 വര്‍ഷത്തെ അനുഭവങ്ങളുള്ള പാര്‍ട്ടിയെ ആര്‍ക്കും ആശയപരമായോ സംഘടനാതലത്തിലോ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല. നിരവധി പ്രതിസന്ധികളെ നേരിട്ട പാര്‍ട്ടിയുടെ മുമ്പിലുള്ള പുതിയ വെല്ലുവിളികളെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നല്ല ബോധ്യമുണ്ട്. അതിനെയെല്ലാം തട്ടിമാറ്റി മുന്നോട്ടുപോകാനുള്ള ആഹ്വാനമാണ് 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് നല്‍കിയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും വര്‍ഗബഹുജന സംഘടനകളും ശക്തിപ്പെടുത്തിയും പ്രത്യയശാസ്ത്ര അടിത്തറ വിപുലപ്പെടുത്തിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുപോകും. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ ആ കടമ നിര്‍വഹിക്കുക തന്നെ ചെയ്യും. ആര്‍ക്കും നിശ്ചയദാര്‍ഢ്യത്തെ തളര്‍ത്താന്‍ കഴിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.