1776ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം അമേരിക്കയില്‍ നാല്പത്തഞ്ചു പ്രസിഡന്റുമാര്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഒട്ടുമിക്കവാറും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടികളുടെയും രണ്ടു സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഒരു മത്സരമാണ് നടന്നിട്ടുള്ളത്. ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടോ മൂന്നോ പേര് മത്സരിച്ചിട്ടുള്ളത്. അപ്പോഴെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് മാറിമാറി അധികാരത്തില്‍ വന്നിട്ടുള്ളത്. ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സമ്പ്രദായമായാണ് ഈ ദ്വികക്ഷി മത്സരങ്ങളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. സോവിയറ്റ് യൂണിയന് ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ ഒറ്റ സ്ഥാനാര്‍ത്ഥി മാത്രമായിരുന്നതുകൊണ്ട് അവിടങ്ങളിലേത് ഏകാധിപത്യമായും ഭരിക്കപ്പെട്ടിരുന്നു. പ്രസിഡന്റ് — വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെയും ജനപ്രതിനിധികളുടെയും കാലാവധി നാലുകൊല്ലത്തേതാണെങ്കിലും ഉപരിസഭയിലേക്കുള്ള (സെനറ്റ്) അന്‍പതുപേരുടെ വോട്ടെടുപ്പ് രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ്.
അന്‍പതോളം സീറ്റുകളിലേയ്ക്ക് രണ്ടു കൊല്ലത്തിലൊരിക്കല് വീതംവച്ചും നടക്കും. അന്‍പതോളം സ്റ്റേറ്റുകളിലേയ്ക്കുള്ള ഗവര്‍ണര്‍ തെരഞ്ഞെടുപ്പും മറ്റും കൂടിയായാല്‍ രാജ്യത്ത് ഏതാണ്ടെല്ലായ്പ്പോഴും ഒരു തെരഞ്ഞെടുപ്പ് മത്സരത്തിന്റെ തയ്യാറെടുപ്പുകള്‍ ഇടതടവില്ലാതെ നടക്കുന്നുണ്ടാകും. ഇതെല്ലാം കൂടിയാകമ്പോള്‍ തെരഞ്ഞെടുപ്പ് മത്സരങ്ങള്‍ക്കിടയില്‍ വലിയ ഇടവേളയുണ്ടാകില്ല. ഈ നവംബറില്‍ പ്രസിഡന്റിന്റെയും ജനസഭയുടെയും സെനറ്റിലെ പകുതി അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏറ്റവും വാശിയേറിയ മത്സരങ്ങള്‍ അതിന്റെ ഉച്ചകോടിയിലെത്തിയിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് ഇത് രണ്ടാംവട്ടമായതിനാല് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ വാശിയേറിയ വലിയ മത്സരം നടക്കില്ല. എന്നാല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിനുള്ള മത്സരം അങ്ങേയറ്റത്തെ വാശിയോടെയാണ് നടന്നുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ അര ഡസനോളം പേര് രംഗത്തുണ്ടായിരുന്നെങ്കിലും അതിപ്പോള്‍ ഏതാണ്ട് മൂന്നായി ചുരുങ്ങിയിട്ടുണ്ട്.
ബെര്‍നി സാന്‍ഡേഴ്സ് എന്ന പുരോഗമനവാദിക്കാണ് ഇതില്‍ അല്പം മുന്‍തൂക്കം. സോഷ്യലിസ്റ്റ് ആശയക്കാരനാണ് താനെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മത്സരം. കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കാര്‍തന്നെ നാമമാത്രമായെങ്കിലും പ്രസിഡന്റാകാന്‍ മത്സരിച്ച് അമ്പേ തോറ്റുതൊപ്പിയിട്ടിട്ടുണ്ട്. മറ്റെല്ലായ്പ്പോഴും ഒരു ദ്വയാംഗമത്സര ജനാധിപത്യമാണ് അവിടെ നടപ്പിലായിട്ടുള്ളത്. പിന്നീടിപ്പോഴാണ് താനൊരു സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് പാര്ട്ടിക്കാരന് സോഷ്യലിസ്റ്റ് പ്രഖ്യാപനത്തോടെ അവിടെ മത്സരിക്കുന്നത്. അതുതന്നെയാണ് അദ്ദേഹത്തിന്റെ വിജയവും പരാജയവും.
പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കായുള്ള പ്രാഥമിക മത്സരം നടക്കുന്നതേയുള്ളുവെങ്കിലും അങ്ങനെയൊരാളാണ് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്നത്. പ്രൈമറി വോട്ടെടുപ്പുകള്‍ അവസാനിക്കുമ്പോഴും ബര്‍ണി സാന്‍ഡേഴ്സാണ് മുന്നില്‍ നില്ക്കുന്നതെങ്കിലും അവസാന റൗണ്ടില്‍ മുതലാളിത്ത പ്രചാരകര്‍ ഒത്തുപടിച്ചാലത്തെ അവസ്ഥ ഇപ്പോള്‍ പ്രവചിക്കാനാവില്ല. അമേരിക്കയിലെ രണ്ടു പാര്‍ട്ടികളായ റിപ്പബ്ലിക്കന്മാരും ഡമോക്രാറ്റുകളും മാത്രമാണ് ഇപ്പോള്‍ രംഗത്തുള്ളതെങ്കിലും അവസാന റൗണ്ടില്‍ സോഷ്യലിസ്റ്റ് വിരോധികളായ ഡമോക്രാറ്റുകള്‍ ഒത്തുപിടിച്ചാല്‍ ഇപ്പോള്‍ അധികാരം ട്രംപിനെ അഭിമുഖീകരിക്കുന്നതു ഒരു സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായ ബര്‍ണി സാന്‍ഡേഴ്സ് ആയിരിക്കുമോ എന്ന് തീര്‍ത്തു പറയാനാവില്ലെങ്കിലും അതിനുള്ള സാധ്യതയും ഒട്ടും കുറവല്ല.അതു സംഭവിച്ചാല്‍ ട്രംപിനെ നേരിടാന്‍പോകുന്ന സാന്‍ഡേഴ്സ് ആയിരിക്കും. ആ യാഥാസ്ഥിതികളെ പരസ്യമായി എതിര്‍ക്കുന്ന ആദ്യത്തെ യുക്തിവാദിയാണ് സാന്‍ഡേഴ്സ് എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. അങ്ങനെയാണ് സംഭവിക്കുന്നതെങ്കില്‍ ആ പോരാട്ടം ഐതിഹാസികമായിരിക്കുകയും ചെയ്യും. കാരണം, രണ്ടര നൂറ്റാണ്ടായുള്ള പ്രസിഡന്റ് പോരാട്ടത്തില്‍ യാഥാസ്ഥിതിയ്ക്കെതിരായി വാളെടുക്കുനന ചരിത്രപുരുഷന് സാന്‍ഡേഴ്സായിരിക്കും. കാരണം സ്ഥിരം കക്ഷികളില്‍ നിന്ന് വ്യത്യസ്തമായി പരസ്യമായി ഒരു സോഷ്യലിസ്റ്റ് വാളെടുക്കുന്നതിന്റെ ഖ്യാതി ആദ്യമായി ലഭിക്കുന്നത് സാന്ഡേഴ്സനായിരിക്കും. കാരണം ഇതുവരെ അമേരിക്കയിലെ ഭരണകക്ഷികളില്‍ ഇത്ര ആഭ്യന്തരമായി എതിര് നേരിടുന്നത് സാന്‍ഡേഴ്സായിരിക്കും. ഇതുവരെയുള്ള 45 പ്രസിഡന്റുമാരില്‍ ഒരു ശതമാനം ജനതയുടെ പ്രതിനിധികള്‍ മാത്രമാണ് അമേരിക്കയുടെ തെരഞ്ഞെടുപ്പ് ഗോദയില്‍ പരസ്പരം ഗോഗ്വാ വിളിച്ചിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയെ തോല്പിച്ചതിന്റെ ഖ്യാതി നേടിയത് യുദ്ധാവസാനത്തില്‍ മാത്രം യു എസ് പ്രസിഡന്റായിരുന്നെങ്കിലും ഹിറ്റ്ലറെ തോല്‍പ്പിച്ചത് സോവിയറ്റ് ചുവപ്പ് സേനക്ക് നേതൃത്വം നല്‍കിയിരുന്ന ജോസഫ് സ്റ്റാലിനാണ്. സ്റ്റാലിന്റെ സൈന്യം ജര്‍മ്മനിയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് മാത്രമാണ് ചര്‍ച്ചിലും ഡിഗോളും യു എസ് പ്രസിഡന്റും ചേര്‍ന്ന് നോര്‍മണ്ടിയില്‍ നിന്ന് യുദ്ധരംഗത്തെത്തിയതും തങ്ങളും കൂടി ചേര്‍ന്നാണ് യുദ്ധം ജയിച്ചതെന്ന് അവകാശപ്പെട്ടതും. അതുകൊണ്ടുതന്നെയാണ് ഒരു പോറല്‍പോലും ഏല്ക്കാതെ അമേരിക്കയ്ക്ക് ലോകനേതൃത്വം പിടിച്ചെടുക്കാന്‍ സാധിച്ചതും. അമേരിക്കന്‍ പ്രസിഡന്റുമാരായ 45 പേര്‍ക്കും ഏതാണ്ടൊരേലക്ഷ്യമാണുണ്ടായിരുന്നതെന്ന് വിശദീകരിക്കാനാണ്ഇത്രയും വിസ്തരിക്കേണ്ടിവന്നത്.
ഹാരിട്രുമാനും ഐസനോവറും തുടര്ന്നുള്ളവരുമെല്ലാവരും തന്നെ ഒരമ്മപെറ്റ മക്കളെപ്പോലെയാണ് ലോകത്തിന്റെ ഭാവി കൈകാര്യം ചെയ്തിരുന്നത്. സാന്‍ഡേഴ്സ് ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കപ്പെട്ടാലെ ഇതില്‍ നിന്ന് ഒരു നേരിയ വ്യത്യാസത്തിനെങ്കിലും സാധ്യതയുള്ളു. ആ വ്യത്യാസം സൃഷ്ടിക്കുന്നത് സാന്‍ഡേഴ്സ് ആയിരിക്കും. ട്രംപിനെ തോല്പിച്ച് സാന്‍ഡേഴ്സിന് ജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ ഇതിന്റെ സാധ്യതയെപ്പറ്റി ആലോചിക്കാനെങ്കിലും കഴിയൂ. ആ സാധ്യത വിളിച്ചറിയിക്കുന്ന തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളാണ് സാന്‍ഡേഴ്സ് മുന്നോട്ടുവച്ചിട്ടുള്ളത്. ഒരു ശതമാനം മാത്രം വരുന്ന വന്‍കിടക്കാരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്ത് അതില്‍ 20 ശതമാനം തൊഴിലാളികള്‍ക്കിടയില്‍ വീതിക്കണമെന്നത് അപ്രായോഗികമായി തോന്നിയേക്കാമെങ്കിലും അദ്ദേഹത്തിന്റെ ഭാവനയിലുള്ള ഒരു ചിത്രം നമുക്കു അതില്‍ നിന്ന് ലഭിക്കും. അമേരിക്കന്‍ മുതലാളിമാര്‍ ജനങ്ങളില്‍ നിന്ന് തട്ടിപ്പറിച്ചിട്ടുള്ളതെല്ലാം ജനങ്ങള്ക്കവകാശപ്പെട്ടതാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ഒരു ശതമാനം സഹസ്ര കോടീശ്വരന്മാര് കൈക്കലാക്കി വച്ചിട്ടുള്ളതാണെന്നും അത് പിടിച്ചെടുത്ത് അതിന്റെ ചെറിയ ഭാഗമെങ്കിലും ഒരു കാശിനുപോലും വകയില്ലാത്തവര്ക്കിടയില് വിതരണം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് അദ്ദേഹം വാദിക്കുമ്പോള്‍ വന്‍കിടക്കാര്‍ സാധാരണ ജനങ്ങളെ പിഴിഞ്ഞെടുത്ത് പൂഴ്ത്തിവച്ചിട്ടുള്ളതാണെന്ന വാദം വജ്രാധിഷ്ഠിതമായ മുതലാളിത്ത സ്തുതിപാഠകര്‍ക്ക് ശ്രദ്ധിക്കാനാവില്ലെങ്കിലും ഒരു ശതമാനക്കാര്‍ 99 ശതമാനത്തെ പിഴിഞ്ഞെടുത്ത സമ്പാദ്യത്തില്‍ നിന്ന് എന്തെങ്കിലും പിടിച്ചെടുത്ത് ദരിദ്ര വിഭാഗക്കാര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതില്‍ അധികമാരും ഒരു അനര്‍ത്ഥവും ദര്ശിക്കുന്നുണ്ടാവില്ലെന്നത് തീര്‍ച്ചയാണ്.
ഒരു സാമൂഹ്യ വിപ്ലവത്തിനുള്ള ആഹ്വാനമാണ് സാധാരണ ജനങ്ങള്‍ ഈ വാഗ്ദാനത്തില്‍ ദര്‍ശിക്കുന്നത്. ഇപ്രകാരമൊരു ആഹ്വാനം നടത്തുന്ന നേതാവിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പലര്‍ക്കും മോഹമുണ്ടാകുമെങ്കിലും അതിന് എത്രപേര്‍ തയ്യാറാകുമെന്നാണ് ചോദ്യം. ബഹുഭൂരിപക്ഷം ജനങ്ങള്‍ ഈ ആഹ്വാനത്തില്‍ ആകൃഷ്ടരാകുമെങ്കിലും എത്രപേര്‍ അതിനായി വോട്ടു രേഖപ്പെടുത്തുമെന്ന് കണ്ടുതന്നെ അറിയണം. അതെന്തായാലും അമേരിക്കയില്‍ ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇപ്രകാരമൊരു മുദ്രവാക്യം ഉയര്‍ത്തുന്നതിന്റെ പ്രായോഗികതയില്‍ പലര്‍ക്കും സംശയം തോന്നാമെങ്കിലും അത് അവര്‍ക്ക് അസ്വാഭാവികമാകുമെന്നത് തീര്‍ച്ച. അമേരിക്കയില്‍ അങ്ങനെയൊരു സോഷ്യലിസ്റ്റ് ഉദയം ചെയ്തതില്‍ ആശ്വാസവും ആഹ്ലാദവും കണ്ടെത്താത്തവര്‍ ചുരുങ്ങുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.