പി എ വാസുദേവൻ

കാഴ്ച

January 09, 2021, 5:30 am

2020: ഒരു വിലാപഗീതം

Janayugom Online

പി എ വാസുദേവൻ

കഴിഞ്ഞ വര്‍ഷം വല്ലാത്തൊരനുഭവമായിരുന്നു. അതിലേക്ക് ഒരു പിന്‍ദര്‍ശനം നടത്തുമ്പോള്‍,‍ അത് ഏതെങ്കിലുമൊരു ശാസ്ത്രശാഖയുടെ പരിമിതിയില്‍ നിന്നുകൊണ്ടാവരുത്. ഏതൊരു ഭൗതിക‑സാമൂഹികശാസ്ത്ര പഠന മണ്ഡലത്തിനും ഏകപക്ഷീയമായി ന്യായീകരണം ചെയ്യാനാവാത്തത്ര വ്യാപനവിശേഷം ആ വര്‍ഷത്തിന്റെ അനുഭവപാഠങ്ങള്‍ക്കുണ്ട്.

സാധാരണ നമ്മുടെ അറിവിന്റെ ചെറു മണ്ഡലത്തിലൊതുക്കി വിശദീകരിച്ച് തൃപ്തിപ്പെടുന്ന സ്വഭാവമാണ് ഗവേഷണ-ചര്‍ച്ച, പഠനവ്യായാമങ്ങള്‍ക്കുള്ളത്. ഒരു പുതുവര്‍ഷത്തിന്റെ നാരകീയാനുഭവങ്ങളില്‍ക്കൂടി കടന്നുപോന്ന നമ്മുടെ ‘ലിവ്ഡ് എക്സ്പീരിയന്‍സി‘നു കുറേക്കൂടി അനുഭവവും അനുഭാവവും ചേര്‍ത്ത്, ഒരു വിലയിരുത്തലിലേക്ക് കടക്കാനാവണം. അതില്‍ ധനശാസ്ത്രവും രാഷ്ട്രമീമാംസയും മറ്റ് സാമൂഹികശാസ്ത്രങ്ങളും അതല്ലാത്ത ശാസ്ത്രമണ്ഡലങ്ങളുമൊക്കെ വേണം. നമുക്കാവശ്യം കൂടുതല്‍ ശരികളും ഭാവിയുടെ തിരുത്തലുകളുമാണ്. കഴിഞ്ഞ ഒരു വര്‍ഷം ഒരു മഹാമാരി തീര്‍ത്ത നിശ്ചലതകളും ദുരിതങ്ങളും എല്ലാ രംഗത്തെയും പതനങ്ങളുമായിരുന്നു. ഒരുവക കരപിടിച്ചു പോന്ന വന്‍കരകളും രാജ്യങ്ങളുമൊക്കെ തകര്‍ന്നു. അതിലും ദുരിതം മനുഷ്യന്റെ നിസഹായതയും ഒറ്റപ്പെടലുമായിരുന്നു. അലറി ആര്‍ത്തിരുന്ന നഗരവീഥികള്‍ സ്തംഭിച്ചു.

മുംബെെയില്‍ നിന്ന് ഒരു സുഹൃത്ത് എഴുതി. ‘നാമെത്രയോ തവണ ജനക്കൂട്ടത്തിന്റെ ഒഴുക്കില്‍ നീന്തിയിരുന്ന വെസ്റ്റ് അന്ധേരിയിലെ റയില്‍വേ സ്റ്റേഷനു മുന്നിലെ റോഡില്‍ മയിലുകള്‍ നൃത്തം ചെയ്യുന്ന കാഴ്ച, ഒരു രാവിലെ ഞാന്‍ കണ്ടു. ‘അപ്പോള്‍ അതിന്റെ ഏസ്തറ്റിക്സ് എനിക്കു കാണാനായില്ല. ജീവിതത്തിന്റെ ഒരു അട്ടിമറിയായിരുന്നു അത്. ഇന്ത്യയിലെ കഥയാണിത്. ലണ്ടന്‍ എന്ന മഹാനഗരത്തില്‍ ഒരു മുറിയില്‍ മാസങ്ങളോളം അടച്ചിരിക്കേണ്ടി വന്നതിന്റെ ഭ്രാന്തമായ അവസ്ഥയെക്കുറിച്ചായിരുന്നു മറ്റൊരു വ്യക്തിക്കു പറയാനുണ്ടായിരുന്നത്. ഓക്സ്ഫണ്ട് തെരുവില്‍ നൃത്തം ചെയ്ത് ചില്ലറകള്‍ വാരിയെടുത്ത് പോകുന്ന ചെറുപ്പക്കാരില്ല. ഥെയിംസ് നദീതീരത്ത് മരാളങ്ങളെപോലെ ഒഴുകുന്ന യുവമിഥുനങ്ങളില്ല. ഭരണകൂടങ്ങളുടെ അധീശത്വ ധാര്‍ഷ്ട്യങ്ങളില്ല.

സൗഹൃദവും വെളിച്ചവും വറ്റാത്ത പാരിസ് നഗരത്തിന്റെ ദെെന്യത്തെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞപ്പോള്‍, ഒരിക്കല്‍ ആ തെരുവുകളിലൂടെ മോഹിതനായി അലഞ്ഞുനടന്ന ഓര്‍മ്മ ദുഃഖമായി. അപ്പോള്‍ ഡല്‍ഹിക്ക് പുറത്ത് ജയ്‌പൂര്‍ പാതയില്‍ മാസങ്ങളാവുന്ന അതിജീവനത്തിന്റെ സമരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു വേദനിപ്പിക്കുന്നു. നിഗൂഢമായൊരു വര്‍ഷത്തിന്റെ അന്ത്യപാദത്തില്‍, ഇത്രയുംകാലം നമുക്കുവേണ്ടി വിളയിച്ച്, വിളമ്പിയവരെ കൊടുംതണുപ്പിലും മഴയിലും മഹാപാതയില്‍ വിട്ട്, ഭരിക്കുന്നവരുടെ ധാര്‍ഷ്ട്യം, ഏതുതരം ജനാധിപത്യത്തിന്റെ ‘ലഗസി‘യാണ്. ഒരുപക്ഷെ ഒരു വര്‍ഷം നീണ്ട, ഭീകരമായ തകര്‍ച്ചയെക്കാളും അധികം വേദനിപ്പിച്ചത് സ്വന്തം ജനങ്ങളോടുള്ള ഒരു ഭരണാധികാരിയുടെ നിരാസ സ്വഭാവമാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പാഠം, ഈ ജനാധിപത്യത്തിന്റെ അസംബന്ധമാണ്. പറഞ്ഞു പഴകിയ വിഷയമാണിതെന്നു പറയാം.

പക്ഷെ, ഒരിക്കലും പഴകാത്ത ഒരു വെെരനിര്യാതന ബുദ്ധിയുടെ കഥയാണിത്. ആരാണ് ഈ യുദ്ധത്തില്‍, ഈ ഏറ്റുമുട്ടലില്‍ തോല്ക്കുന്നത്. ഏഷ്യ മുഴുവനും വ്യാപിച്ചുകിടക്കുന്ന, പുറംകാഴ്ചയിലും ഏത്രയോ ആഴവും സങ്കീര്‍ണതകളുമുള്ള ഒരു പ്രശ്നത്തിലാണ് പോയ വര്‍ഷത്തെ അന്ത്യപാദത്തില്‍ ലക്ഷങ്ങള്‍ വരുന്ന കര്‍ഷകര്‍ ഒന്നിച്ചത്. അതിനെ മനസിലാക്കലിലൂടെയല്ലാതെ ഒരു ജനാധിപത്യ സര്‍ക്കാറിന് എങ്ങനെ നേരിടാനാവും. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തം കോവിഡായിരുന്നില്ല. സ്വബോധമില്ലാതെ പോയ, ഏകാധിപത്യത്തോളമെത്തിയ ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ ഭരണാധികാരിയുടെ ക്രൂരവും ദയനീയവുമായ പ്രമത്തതയായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ 2020 അടയാളപ്പെടുത്തുക ഇതുകൊണ്ടാവുമെന്നറിയാത്തത് അഗാധമായ അജ്ഞതയാണ്. മുമ്പോട്ടുള്ള എല്ലാ പ്രയാണവും പിന്‍നോക്കി വിലയിരുത്തിക്കൊണ്ടു തന്നെയാവണം. ചരിത്രം എല്ലാം വിലയിരുത്തുമെന്ന ബോധം ഭരണാധികാരിക്കു വേണം. ഇന്ത്യയുടെ തലസ്ഥാനത്തെ വളയാന്‍, പാവപ്പെട്ട കര്‍ഷകരെ, പോയ ആണ്ടിന്റെ അന്ത്യപാദത്തില്‍ നിര്‍ബന്ധിതരാക്കിയത്, നാടിനെ ഭരിക്കുന്ന തല, സ്ഥാനത്തിരുന്ന് മനുഷ്യോചിതമായി ചിന്തിക്കാത്തതുകൊണ്ടായിരുന്നു.

എത്രയോ പാവപ്പെട്ടവരാണവര്‍. മണ്ണില്‍ വിളയിക്കുന്ന അവര്‍ക്ക് സഹനശക്തിയുണ്ടെന്ന് ഭരണക്കാര്‍ അറിയണം. കൗടില്യങ്ങളിലൂടെ അവരെ നേരിടാനുള്ള ശ്രമത്തിനു പകരം, സൗഹാര്‍ദംകൊണ്ടും സംവാദങ്ങള്‍കൊണ്ടും അവരിലേക്കെത്താന്‍ മോഡി ശ്രമിച്ചിരുന്നുവെങ്കില്‍ അഥവാ പാഴായിപ്പോവുമായിരുന്ന 2020 എന്ന വര്‍ഷം സഫലമാകുമായിരുന്നു. മോഡി നഷ്ടപ്പെടുത്തിയത് ഒരു ദശകത്തിന്റെ അന്ത്യത്തില്‍ ഇരുട്ടിനെ മാറ്റി പ്രകാശം വിതറാനുള്ള സന്ദര്‍ഭമായിരുന്നു. പാകിസ്ഥാനിലും ശ്രീലങ്കയിലും കൃഷിവിപണികളെ ഡീറഗുലേറ്റ് ചെയ്ത് കര്‍ഷകര്‍ക്ക് ദുരിതം വിതച്ച അനുഭവപാഠമുണ്ടായിട്ടും കോവിഡിന്റെ മറവില്‍ ഒരു മഹാജനതയെ പറ്റിക്കാനാണ് മോഡി, മൂന്ന് മാരക ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നത്. അതിനെ മറയ്ക്കാനും അവരുടെ വിളനിലങ്ങളെ കോര്‍പ്പറേറ്റുകള്‍ക്ക് ചൂതുകളിയില്‍ പണയപ്പെടുത്താനുമാണ്, മോഡി തന്റെ ‘ആത്മഭാഷണ’ങ്ങള്‍ (മന്‍ കീ ബാത്ത്) ഉപയോഗിച്ചത്. അധികാരം പ്രലോഭനങ്ങള്‍ക്കും ചതിക്കും വേണ്ടിയാവുന്ന അനുഭവം പണ്ടേ ഉണ്ടെങ്കിലും നമ്മുടെ ഏറ്റവും തീക്ഷ്ണമായ അനുഭവമിതാണ്. അധികാരം സുതാര്യമാവണം. ജീവന്റെ വിലയുള്ള ആവശ്യങ്ങളുമായി കര്‍ഷകര്‍ സന്ധിക്കു വരുമ്പോള്‍ അധികാരത്തിന്റെ ഗര്‍വുമായല്ല അവരെ നേരിടേണ്ടത്. പ്രഖ്യാതനായൊരു ചിന്തകന്‍ പറഞ്ഞു ‘നമ്മുടെ കാലഘട്ടത്തിലെ രാഷ്ട്രീയ പ്രസംഗങ്ങളും എഴുത്തും അപ്രതിരോധ്യമായതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളാണ്.’ അതുകൊണ്ടാണല്ലോ ഒരു ചെറിയ പ്രശ്നം തീരുമാനമാവാതെ നീണ്ടുപോയതും പാവം കര്‍ഷകര്‍ തണുപ്പത്തും ഇരുട്ടത്തും പാതയില്‍ കിടന്നതും അവരില്‍ കുറേപേര്‍ രക്തസാക്ഷികളായതും.

‘ഘര്‍വാപസി നഹിം’ എന്നുപറഞ്ഞാണ് അവര്‍ അവിടെ രാപ്പകലുകള്‍ കഴിക്കുന്നത്. അവരെ സംബന്ധിച്ച് ഇത് മറ്റൊരു കുരുക്ഷേത്രയുദ്ധമാണ്. നമ്മുടെ ഇതിഹാസത്തിലെ കുരുക്ഷേത്രയുദ്ധം നടന്നത് ഇതിനടുത്താണല്ലോ. ലോകം മുഴുവനും പഞ്ചാബിലെ സമരത്തിന് ആഭിമുഖ്യവും പിന്തുണയും പ്രഖ്യാപിച്ചുകഴിഞ്ഞു. തെക്കനേഷ്യയിലെ പല രാജ്യങ്ങളിലെയും കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ ഇത്തരം നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കേണ്ടിവന്നിട്ടുണ്ട്. ഒരു വര്‍ഷമല്ല, ഒരു ദശകമായിരുന്നു കഴിഞ്ഞത്. സാധാരണ നിലയ്ക്ക് പുതിയ മാറ്റങ്ങള്‍ ചിന്തയില്‍ ഉണ്ടാവേണ്ട കാലമാറ്റമാണത്. പക്ഷെ കൂട്ടായ അറിവ് നഷ്ടപ്പെട്ട ഒരു ഭരണക്രമത്തിന്റെ, മനുഷ്യനിരാസത്തോളമെത്തിയ അസംബന്ധമായിരുന്നു പോയ വര്‍ഷം. കോവിഡ് ദുരിതത്തെക്കാളും അധമമായിരുന്നു അത്. നല്ലൊരു ‘നാട്ടായ്മ’യ്ക്ക് കോവിഡിനെ നേരിടാനാവും. രണ്ടു വെള്ളപ്പൊക്കങ്ങളെ കേരളം നേരിട്ടത് നമ്മുടെ അനുഭവമായിരുന്നു. ഈ ജനാധിപത്യം എത്രത്തോളം ഇങ്ങനെ പോവുമെന്നറിയില്ല. 2020 തന്നത് ആശങ്കയും അനിശ്ചിതത്വവും ആകുന്നു. കാഴ്ചയില്‍ സന്യാസികളും വേദപാരംഗതരും ഇരുകരകളും കാണേണ്ടതിനു പകരം, സ്വന്തം ചിന്താപരിമിതികളുടെ പരിമിതിയില്‍ നാടുഭരിക്കുമ്പോള്‍ മനുഷ്യനെ സംബന്ധിച്ച എല്ലാം അപ്രസക്തമാവുന്നു. ജനാധിപത്യം നാട്യങ്ങളുടേതല്ല, ആവരുത് എന്നതാണ് പോയ വര്‍ഷത്തെ ഗുണപാഠം. സൗമ്യഭാഷണങ്ങള്‍, സല്‍പ്രവൃത്തികളുടെ ഉത്ഭവങ്ങളില്‍ നിന്നേ വരാവൂ.

കടമ്മനിട്ട എഴുതിയ പോലെ ‘തുപ്പല്‍ പുരളാത്ത വാക്കുകള്‍’, ചതിയാണ്. ഒരു ചെറിയ സന്ദര്‍ഭം ഓര്‍മ്മ വരുന്നു. രാമലക്ഷ്മണന്മാര്‍ പമ്പാ നദീതീരത്തുകൂടി നടക്കുമ്പോള്‍ ധ്യാനനിരതനും മെല്ലെ കാലടിവയ്ക്കുന്നവനുമായൊരു കൊറ്റിയെ കാണുന്നു. രാമന്‍ പറഞ്ഞു ‘ലക്ഷ്മണാ, സാധ്വിയായ ആ കൊറ്റിയെ നോക്കൂ. ജീവവധം ഭയന്ന് മെല്ലെ മെല്ലെയാണിത് പാദങ്ങള്‍ വയ്ക്കുന്നത്.’ അതുകേട്ട ഒരു മീന്‍ പറഞ്ഞു ‘അതു തന്ത്രമാണ്. ഞങ്ങളറിയാതെ ഞങ്ങളെ കൊത്തിവിഴുങ്ങാനുള്ള തന്ത്രം’. അന്നും ഇരപിടിത്തക്കാരുടെ തന്ത്രമാതായിരുന്നു. പോയവര്‍ഷം ഈ സന്ദര്‍ഭം ഓര്‍മ്മിപ്പിക്കുന്നു.