വി പി ഉണ്ണികൃഷ്ണൻ

മറുവാക്ക്

January 08, 2021, 5:45 am

ആരോഗ്യ വിദഗ്ധസംഘം എത്തുന്നു ആരോഗ്യക്ഷമത പരീക്ഷിക്കുവാന്‍

Janayugom Online

വി പി ഉണ്ണികൃഷ്ണൻ

 

‘സ്നേഹഗാഥകള്‍ പാടിയും
മാനവൈക്യം നേടിയും
അണിനിരക്കയാണ് നാം
പുതിയ പോര്‍ക്കളങ്ങളില്‍
നവ്യലോക സംവിധാന സര്‍ഗശക്തിയാണ് നാം
ഉജ്ജ്വല ജനാഭിലാഷ തീക്ഷ്ണശക്തിയാണ് നാം’

തിരുനെല്ലൂര്‍ കരുണാകരന്റെ ഈ ഗാനശകലം അന്വര്‍ത്ഥമാക്കിയാണ് ജനാധിപത്യ കേരളത്തില്‍ ഇടതുപക്ഷം മുന്നേറുന്നത്. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ മാനവമൈത്രിയുടെയും മതനിരപേക്ഷതയുടെയും പുതിയ പോര്‍ക്കളങ്ങള്‍ സൃഷ്ടിച്ച്, നവലോക സര്‍ഗശക്തിയായ് ഉജ്ജ്വല ജനാഭിലാഷ തീക്ഷ്ണശക്തിയായ് ഇടതുപക്ഷം ജനങ്ങളുടെ ഹൃദയപക്ഷമായി മുന്നേറി. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെയും മൃദുവര്‍ഗീയതയുടെയും ഭൂരിപക്ഷ ‑ന്യൂനപക്ഷ വര്‍ഗീയതയുടെയും പ്രണേതാക്കളായ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിനെയും ബഹുദൂരം പിന്നിലാക്കി എല്‍ഡിഎഫ് മിന്നുന്ന വിജയം കൈവരിച്ചു.

സ്വര്‍ണവും സ്വപ്നയും മയക്കുമരുന്നും കള്ളക്കടത്തും കള്ളപ്പണവുമുള്‍പ്പെടെ ദുരാരോപണങ്ങള്‍ ഉന്നയിച്ച് വാചാടോപം നടത്തിയവര്‍ക്ക് കരണത്തേറ്റ കനത്ത പ്രഹരമായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. മഹാഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും ഇടതുപക്ഷം വിജയിച്ചു. കൈവശമുണ്ടായിരുന്ന പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും യുഡിഎഫിന് കൈനഷ്ടം വന്നു. വയനാട് ജില്ലാ പഞ്ചായത്ത് ഭാഗ്യ നറുക്കെടുപ്പില്‍ കിട്ടിയില്ലായിരുന്നുവെങ്കില്‍ പതിനാല് ജില്ലാ പഞ്ചായത്തില്‍ കേവലം രണ്ടു ജില്ലാ പഞ്ചായത്തില്‍ ഒതുങ്ങുമായിരുന്നു യുഡിഎഫ്. മലപ്പുറമാകട്ടെ മുസ്‌ലിംലീഗിന്റെ കരങ്ങളിലും.

അനവരതം അരങ്ങേറ്റിയ അപവാദ പ്രചാരണങ്ങളെയും കുതന്ത്രങ്ങളെയും അതിജീവിച്ച് വിജയപതാക പാറിച്ച ഇടതുപക്ഷത്തെ കുറിച്ച് സംഭ്രമം പൂണ്ട കോണ്‍ഗ്രസും ലീഗും പുതുപുതു വര്‍ഗീയ കാര്‍ഡുകള്‍ വര്‍ഷിക്കുകയാണ്. ‘പോയ മച്ചാന്‍ തിരുമ്പി വന്താന്‍’ എന്ന നിലയില്‍ നിയമസഭാംഗത്വം രാജിവച്ച് കേന്ദ്രമന്ത്രി സ്ഥാനം മോഹിച്ച് പാര്‍ലമെന്റിലേക്കു പോയ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും നിയമസഭയില്‍ മത്സരിക്കുവാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നു. യൂത്ത് ലീഗ് നേതാവ് മുനവര്‍ അലി പോലും നവമാധ്യമങ്ങളിലൂടെ കുഞ്ഞാലിക്കുട്ടിയുടെ കുത്സിത ശ്രമത്തിനെതിരായി പരസ്യ പ്രതികരണവുമായി രംഗത്തുവന്നു. കോണ്‍ഗ്രസിനെ ഹൈജാക്കു ചെയ്യുകയാണ് കുഞ്ഞാലിക്കുട്ടിയും ലീഗും ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളുടെ ഫലം സൂക്ഷ്മമായി വിശകലനം ചെയ്താല്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്‍കൈ ലീഗിനാണ് നിയമസഭയില്‍. യുഡിഎഫില്‍ കോണ്‍ഗ്രസിനേക്കാള്‍ മേല്‍ക്കൈ നേടി ഒറ്റക്കക്ഷിയാവാനാണ് ലീഗ് ലക്ഷ്യമിടുന്നത്.

കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്‍നിര്‍ത്താനും ലീഗ് താല്പര്യപ്പെടുന്നുണ്ട്. കൂടുതല്‍ നിയമസഭാ സീറ്റുകള്‍ മുസ്‌ലിംലീഗ് ആവശ്യപ്പെടുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പത്രസമ്മേളനത്തിലൂടെ പരസ്യമായി പറഞ്ഞതും യാദൃച്ഛികമല്ല. മുസ്‌ലിംലീഗിന്റെ ആവശ്യത്തെ മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ എം പി പരസ്യമായി പിന്തുണച്ചതിന്റെ രാഷ്ട്രീയവും സുവ്യക്തമാണ്.
പി കെ കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ ക്രൈസ്തവ പള്ളി അരമനകള്‍ കയറി നിരങ്ങുകയാണ്. ബിഷപ്പുമാരെ കണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക സംവരണത്തിലെ പത്ത് ശതമാനത്തെ എതിര്‍ത്തതിനെ കുറിച്ച് വിശദീകരിച്ച് മാപ്പപേക്ഷിക്കുകയാണ്. ക്രിസ്മസ് — പുതുവര്‍ഷ കേക്കുകളുമായാണ് കുഞ്ഞാലിക്കുട്ടിയുടെ അരമന സന്ദര്‍ശനങ്ങള്‍. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ യു‍ഡിഎഫിന് നഷ്ടമായ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ തിരിച്ചുപിടിക്കുക എന്ന തന്ത്രമാണ് കുഞ്ഞാലിക്കുട്ടി പയറ്റുന്നത്. അതിലുപരി കോണ്‍ഗ്രസും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമല്ല, യുഡിഎഫിനെ മുന്നില്‍ നിന്ന് നയിക്കുന്നത് താനാണ് എന്ന സന്ദേശം കൂടി കുഞ്ഞാലിക്കുട്ടി നല്‍കുന്നുണ്ട്.

ബിജെപിയും വര്‍ഗീയ കാര്‍ഡ് പരമാവധി പ്രയോഗിക്കുന്നുണ്ട്. മിസോറാം ഗവര്‍ണറായി നാടുകടത്തപ്പെട്ട, ശബരിമല സുവര്‍ണാവസരം എന്ന് പ്രഖ്യാപിച്ച അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളെയും യാക്കോബായ സഭാ പ്രതിനിധികളെയും പ്രധാനമന്ത്രിയുടെ മുന്നില്‍ എത്തിക്കുന്നു. അവര്‍ അഭ്യര്‍ത്ഥിച്ചതു പ്രകാരമാണ് മുഖാമുഖം ഉറപ്പാക്കിയതെന്ന് ശ്രീധരന്‍പിള്ള പറയുമ്പോള്‍ സഭക്കാര്‍ പറയുന്നത് ചര്‍ച്ചയ്ക്കായി തങ്ങള്‍ ആരോടും അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നാണ് രാഷ്ട്രീയ വിളവെടുപ്പിന്റെ അനാരോഗ്യതലങ്ങളാണ് പ്രത്യക്ഷമാകുന്നത്.

മുസ്‌ലിംലീഗ് യുഡിഎഫ് നേതൃത്വം ഏറ്റെടുക്കുവാന്‍ പോവുകയും കോണ്‍ഗ്രസ് അപ്രസക്തമാവുകയും ചെയ്യുന്ന ഘട്ടത്തിലാണ് എഐസിസി നേതൃത്വം പ്രത്യേക ആരോഗ്യവിദഗ്ധ സംഘത്തെ കേരളത്തിലേക്ക് നിയോഗിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് എന്‍സിപിയില്‍ ചേക്കേറി വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും മൂന്ന് എഐസിസി സെക്രട്ടറിമാരും പ്രാഥമിക പരിശോധന നടത്തി. ‘കെ മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’, കെ സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’, ‘ഉമ്മന്‍ചാണ്ടിയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്നീ ഫ്ളക്സ് ബോര്‍ഡുകള്‍ ആംഗലേയത്തിലും ഹിന്ദി ഭാഷയിലും കണ്ട് താരിഖ് അൻവര്‍ സംഘം തകര്‍ന്നു. ഒടുവില്‍ ഹൈക്കമാന്‍ഡ് എന്ന ലോ കമാന്‍ഡ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ മറ്റൊരു നിരീക്ഷണസംഘത്തെ കൂടി നിശ്ചയിച്ചു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ ഒതുക്കിയ അശോക് ഗെലോട്ടിന് ഇവിടെ രമേശ് ചെന്നിത്തലയേയും അരികു പറ്റിക്കാനാവുമായിരിക്കും. പക്ഷേ, ജയിച്ചാലല്ലേ മുഖ്യമന്ത്രി പദവിയിലേക്കുള്ള തര്‍ക്കമുണ്ടാവുകയുള്ളു.

ജനക്ഷേമ‑വികസന പദ്ധതികളുമായി ജനഹൃദയപക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷത്തിനൊപ്പം ജനത ചേര്‍ന്നുനില്‍ക്കുമെന്നത് തീര്‍ച്ച. അപ്പോള്‍ അശോക് ഗെലോട്ട് നേതൃത്വം നല്‍കുന്ന ആരോഗ്യ വിദഗ്ധ സംഘത്തിന്റെ കോണ്‍ഗ്രസ് ചികിത്സാ ഫലം തീര്‍ത്തും വിഫലമാകുമെന്നത് അങ്ങേയറ്റം തീര്‍ച്ച.

‘ഇന്ത്യ തന്‍ വിഭാതകാന്തിയെ
തമസ്സിലാഴ്ത്തുവാന്‍ വെമ്പിടും
മതാന്ധതയ്ക്കിതോര്‍ക്കിതന്ത്യശാസനം’

തിരുനെല്ലൂര്‍ എഴുതിയതുപോലെ നവോത്ഥാന കേരളം തീവ്ര വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കും മൃദുവര്‍ഗീയവാദികള്‍ക്കും ഇന്ത്യയുടെ വിഭാതകാന്തിയെ ഇരുട്ടിലാഴ്ത്തുവാനും മതാന്ധതയിലേക്ക് ആനയിക്കുവാനും നടത്തുന്ന വിഫലശ്രമങ്ങള്‍ക്കെതിരെ അന്ത്യശാസനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.