കെ ദിലീപ്
1992 ജൂണ്‍ മൂന്നു മുതല്‍ 14 വരെ റിയോഡി ജനീറോയില്‍ നടന്ന യുഎന്‍ ഭൗമ ഉച്ചകോടി ലോകത്തിന്റെ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുകയുണ്ടായി. പെട്രോളിയം ഉല്പന്നങ്ങളില് നിന്നും ഉണ്ടാവുന്ന അന്തരീക്ഷ മലിനീകരണം, ആണവാവശിഷ്ടങ്ങളില് നിന്നുമുള്ള റേഡിയേഷന്, ഭൂമിയില്‍ നിക്ഷേപിക്കപ്പെടുന്ന രാസവസ്തുക്കള്മൂലം മണ്ണിലും ജലത്തിലും പടര്‍ന്നുപിടിക്കുന്ന വിഷവസ്തുക്കള്‍ അങ്ങനെ വായുവിനെയും മണ്ണിനെയും മലീമസമാക്കുന്ന അവസ്ഥയില്‍ നിന്ന് ഭൂമിയെ രക്ഷപ്പെടുത്തുക, തീര്‍ന്നുകൊണ്ടിരിക്കുന്ന പ്രകൃതി വിഭവങ്ങളും ജലവും സംരക്ഷിക്കുക തുടങ്ങിയ വിഷയങ്ങളില്‍ വളരെ സാര്‍ത്ഥകമായ ചര്‍ച്ചകള്‍ നടക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്ത സമ്മേളനമായിരുന്നു റിയോ ഭൗമ ഉച്ചകോടി. ഈ സമ്മേളനത്തിലാണ് 154 രാജ്യങ്ങള്‍ തമ്മില്‍ കാലാവസ്ഥാ വ്യതിയാന ഉടമ്പടിയില്‍ ഒപ്പുവച്ചത്. ബോണ്‍ ആസ്ഥാനമായി ഒരു യുഎന്‍ സെക്രട്ടേറിയറ്റുമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് 1997 ല്‍ ജപ്പാനിലെ ക്യോട്ടോയില്‍ ഉണ്ടാക്കിയ ഉടമ്പടി. ഇന്ന് ക്യോട്ടോ പെരുമാറ്റച്ചട്ടം എന്നറിയിപ്പെടുന്ന ഇത്, ഗ്രീന്‍ഹൗസ് വാതകങ്ങളെ നിയന്ത്രിക്കുക വഴി ആഗോളതാപനത്തെ നിയന്ത്രിക്കുവാന്‍ 192 രാജ്യങ്ങള്‍ ഒപ്പുവച്ച ഉടമ്പടിയാണ്. അതിന്റെ തുടര്‍ച്ചയായി വന്ന പല കരാറുകളും എത്തിച്ചേര്‍ന്നത് 2016 ഏപ്രില്‍ 16ന് ഒപ്പുവച്ച പാരിസ് ഉടമ്പടിയിലാണ്. 196 രാജ്യങ്ങളില്‍ 189 രാജ്യങ്ങളും ഈ ഉടമ്പടിയില്‍ തുടരുന്നു. വിട്ടുപോയ പ്രധാന രാജ്യങ്ങള്‍ യുഎസും ഇറാനും മാത്രമാണ്. റിയോ ഭൗമ ഉച്ചകോടിയില്‍ വച്ചുതന്നെയാണ് ഗുരുതരമായ വരള്‍ച്ച അനുഭവിക്കുന്ന രാജ്യങ്ങളിലെ മരുഭൂമിവല്‍ക്കരണം തടയുവാനുള്ള ഉടമ്പടിയും പ്രഖ്യാപിക്കപ്പെട്ടത്. എല്ലാ യുഎന്‍ അംഗരാജ്യങ്ങളും ഉള്‍പ്പെട്ട ഉടമ്പടി 1994 ഒക്ടോബര്‍ 14ന് പാരിസില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.
1992ല്‍ റിയോ ഭൗമ ഉച്ചകോടിക്കു ശേഷം 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ലോകം ഭയാനകമായ മരുഭൂമിവല്ക്കരണത്തിലേക്ക് കൂപ്പുകുത്തുകയാണ്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളില്‍ 30 മുതല്‍ 35 ശതമാനം വരെ മണ്ണ് മരുഭൂമിയായി മാറിക്കഴിഞ്ഞു. ഓരോ വര്‍ഷവും 12 ദശലക്ഷം ഹെക്ടര്‍ ഭൂമി ഉപയോഗശൂന്യമായി മാറുന്നു എന്നാണ് യുണേറ്റഡ് നാഷണ്‍ കണ്വന്ഷന് റ്റു കോംബറ്റ് ഡസര്റ്റിഫിക്കേഷന്(യുഎന്‍സിസിഡി) കണക്കുകള്‍ പറയുന്നത്. ഇത്രയും ഭൂമിയില്‍ 2.9 കോടി ടണ്‍ ഭക്ഷ്യധാന്യം ഉല്പാദിപ്പിക്കുവാന് കഴിയുമെന്നുകൂടി ഓര്‍ക്കണം. ലോകത്തിലെ ഏതാണ്ട് നാലിലൊരു ഭാഗം ഭൂമി കൃഷിയോഗ്യമല്ലാത്ത വരണ്ട നിലമായി മാറിക്കഴിഞ്ഞു. ഇത്തരത്തില്‍ മരുഭൂമിയായി മാറിയ ഭൂമിയെ ആശ്രയിച്ചാണ് 150 കോടി ജനങ്ങള്‍ ഇന്ന് ജീവിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമായും പത്ത് സംസ്ഥാനങ്ങളിലാണ് വരള്‍ച്ചമൂലം മണ്ണ് മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നത്. ഝാര്‍ഖണ്ഡ്, രാജസ്ഥാന്, ഡല്‍ഹി, ഗുജറാത്ത്, ഗോവ, നാഗാലാന്‍ഡ്, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, ത്രിപുര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് അവ. ലോക ജനസംഖ്യയുടെ 18 ശതമാനവും 15 ശതമാനം കന്നുകാലികളും കാര്‍ഷിക രാജ്യമായ ഇന്ത്യയിലാണ് അധിവസിക്കുന്നത്. ഭൂമിയുടെ 2.4 ശതമാനം മാത്രം വരുന്ന ഇന്ത്യ യില്‍ തിങ്ങിപ്പാര്ക്കുന്നവരില് 19.5 കോടി പോഷകാഹാരക്കുറവുള്ള മനുഷ്യരാണെന്നും ഓര്‍ക്കേണ്ടിയിരിക്കുന്നു. 2018 ലെ ഐഎസ്ആര്‍ഒയുടെ കണക്കുകളനുസരിച്ച് 9.64 കോടി ഹെക്ടര്‍ അതായത് നമ്മുടെ രാജ്യത്തിന്റെ 30 ശതമാനം പ്രദേശം മരുഭൂമിവല്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു എന്നാണ്. ഇതില്‍തന്നെ കഴിഞ്ഞ ഏട്ടു വര്‍ഷങ്ങള്‍ക്കുള്ളിലാണ് 18.7 ലക്ഷം ഹെക്ടര്‍ ഭൂമി ഉപയോഗശൂന്യമായി മാറിയത്.
ഡല്‍ഹിയിലെ എനര്‍ജി റിസോഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡിഇആര്ഐ)യുടെ റിപ്പോര്‍ട്ട് പ്രകാരം വര്‍ഷംതോറും 4,880 കോടി ഡോളറിന്റെ നഷ്ടമാണ് ഇന്ത്യയുടെ ഖജനാവിന് ഭൂമിയുടെ ഫലഭൂയിഷ്ഠത നഷ്ടമാവുന്നതിലൂടെ സംഭവിക്കുന്നത്. 1980കള്‍ മുതല്‍ വാട്ടര്‍ ഷെഡ് പദ്ധതികള്‍ക്കായി ഒരു വര്‍ഷം 10,000 കോടിയും 3,874 കോടി രൂപയോളം മരങ്ങള്‍ വച്ചുപിടിപ്പിക്കാനും ചെലവാക്കിയിട്ടും ഇതാണ് അവസ്ഥ.
വനവല്‍ക്കരണ പദ്ധതികളും വാട്ടര്‍ഷെഡ് പദ്ധതികളും ഫലം കാണാതിരിക്കുന്നതിന് പ്രധാന കാരണം നിയമവിരുദ്ധമായ വനനശീകരണം തന്നെയാണ്. മഹാരാഷ്ട്രയില്‍ ശതപുര മലനിരകളില്‍ 2005നും 2014നുമിടയില്‍ മാത്രം 15 ലക്ഷം മരങ്ങള്‍ നിയമവിധേയമായും അല്ലാതെയും വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. ഇതില്‍ നിയമവിധേയമല്ലാതെ വെട്ടിമാറ്റിയ മരങ്ങളാണ് എണ്ണത്തില്‍ കൂടുതല്‍. ഝാര്‍ഖണ്ഡിലാവട്ടെ വ്യാപകമായ വനനശീകരണം വ്യാപകമായ ഉഷ്ണക്കാറ്റുകളിലേക്കും അന്തരീക്ഷ താപ വര്‍ധനയിലേക്കും നയിച്ചു. സ്വാഭാവികമായും 270 മില്ലീമീറ്റര്‍ വരെ മഴ കുറയുകയും ചെയ്തു. ഗോവയെ സംബന്ധിച്ചിടത്തോളം വ്യാപകമായ ഖനികള്‍, നഗരവല്‍ക്കരണം ഇവ മൂലം 43 ശതമാനത്തോളം ഭൂമിയുടെ ഉല്പാദനക്ഷമത നശിച്ചു. കാലവര്‍ഷം നന്നായി ലഭിച്ചിരുന്ന നാഗാലാന്റ് സംസ്ഥാനത്ത് 62.43 ശതമാനം ഭൂമിയുടെ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടു.
ഗ്രീൻഹൗസ് വാതകങ്ങളുടെ ആധിക്യം മൂലം അന്തരീക്ഷ താപനില ഉയരുന്നതോടെ കാലാവസ്ഥയില്‍ പ്രവചനാതീതമായ മാറ്റങ്ങളുണ്ടാവുന്നു. ഈ കാലാവസ്ഥാവ്യതിയാനത്തിന്റെ ഫലമാണ് ലോകമെമ്പാടും ഉണ്ടാവുന്ന അതിവൃഷ്ടിയും അനാവൃഷ്ടിയും പല പേരുകളില്‍ വിളിക്കപ്പെടുന്ന കൊടുങ്കാറ്റുകളും. ഇന്ത്യയില്‍ കാര്‍ഷികവൃത്തിയുടെ നട്ടെല്ലായിരുന്ന കാലവര്‍ഷം ഇന്ന് ഭീതി ജനിപ്പിക്കുന്ന ഒരു പ്രകൃതിദുരന്തമായി മാറിക്കൊണ്ടിരിക്കുന്നു. 2018, 2019 വര്‍ഷങ്ങളില്‍ കേരളത്തില്‍ സംഭവിച്ചത് അതാണ്. ഒരു ദിവസത്തില്‍ ലഭിക്കേണ്ടതിന്റെ 1,000 മുതല്‍ 3,000 വരെ മടങ്ങ് മഴ പെയ്യുക അത് വലിയ വെള്ളപ്പൊക്കത്തിനിടയാക്കുക. വീടുകളും കന്നുകാലികളും ഒലിച്ചുപോകുന്നു. ദിവസങ്ങള്‍ക്കകം മഴ നിലയ്ക്കുന്നു. തുടര്‍ന്ന് വരള്‍ച്ചയും. ഈ അതിവൃഷ്ടിയുടെ ഫലമായി ജലം ഭൂമിയില്‍ സംഭരിക്കപ്പെടുന്നുമില്ല, പകരം മേല്മണ്ണടക്കം ഒലിച്ചു പോവുന്നു. ഫലവൃക്ഷങ്ങളും ചെടികളും പൂര്‍ണമായും കടപുഴകിയും ചീഞ്ഞും നശിക്കുന്നു. റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, വീടുകള്‍ എല്ലാം തകരുന്നു. ഏതാനും വര്‍ഷം ഈ പ്രതിഭാസം തുടരുന്നതോടെ വലിയൊരു ജനതയുടെ ജീവിതമാര്‍ഗം അടയുന്നു. ഇതാണ് കേരളത്തിലും ഇന്ത്യയിലും ലോകത്തിന്റെ മറ്റു പലയിടങ്ങളിലും ഇന്ന് സംഭവിക്കുന്നത്.
പ്രകൃതിനശീകരണം മൂലമുള്ള ദുരന്തങ്ങള്‍ ലോകത്തെ ഒരു പ്രത്യേക പ്രദേശത്തെ മാത്രം ബാധിക്കുന്ന രീതിയില്‍ പിടിച്ചുനിര്‍ത്താന്‍ ആവില്ല. അവ ലോകത്തെയാകെ ധനിക, വികസിത രാഷ്ട്രങ്ങളെന്നോ, ദരിദ്ര, അവികസിത രാഷ്ട്രങ്ങളെന്നോ ഉള്ള ഭേദമില്ലാതെ മനുഷ്യരെ ആകെ ബാധിക്കുന്നു. ഇവിടെയാണ് 1992 ലെ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിയെയും വികസനത്തെ കുറിച്ചുമുള്ള സമ്മേളനം അഥവാ റിയോ ഭൗമ ഉച്ചകോടിയിലെ തീരുമാനങ്ങള്‍ പ്രസക്തമാവുന്നത്.
കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷങ്ങളില്‍ പ്രസ്തുത തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ലോകത്തെ വികസിത രാജ്യങ്ങള്‍ ഒരു താല്പര്യവും കാണിച്ചില്ല. 2016 ലെ പാരീസ് ഉച്ചകോടി തീരുമാനങ്ങളില്‍ നിന്ന് ട്രംപിന്റെ ഭരണകൂടം പുറത്തുപോവുകയും ചെയ്തു. വികസ്വര രാജ്യങ്ങളാവട്ടെ പാവ ഭരണകൂടങ്ങളുടെ അഴിമതിയുടെ ഫലമായി പ്രകൃതിവിഭവങ്ങള്‍ പരിധിയില്ലാതെ നശിപ്പിക്കുന്ന രീതി തുടരുകയും ചെയ്തു. ഇപ്പോഴും ആമസോണ്‍ മഴക്കാടുകളില്‍ കാട്ടുതീ എരിയുകതന്നെയാണ്. ആര്‍ട്ടിക്കിലെ മഞ്ഞുമലകള്‍ പ്രതീക്ഷിച്ചതിലും എത്രയോ വേഗം ഉരുകിത്തീരുകയാണ്. ലോകമെമ്പാടും പശുക്കൊഴുപ്പിന്റെയും പന്നിക്കൊഴുപ്പിന്റെയും പേരിലുള്ള ലഹളകളില്‍ മുഴുകിയിരിക്കുന്ന മനുഷ്യവംശത്തിന്റെ ജലസമാധിക്ക് ഇനിയെത്ര കാലം?