അക്കിത്തം: ഇതിഹാസമെഴുതിയ കാവ്യചക്രവര്‍ത്തി

വി പി ഉണ്ണികൃഷ്ണൻ

മറുവാക്ക്

Posted on October 16, 2020, 5:45 am

‘ഇടിഞ്ഞുപൊളിഞ്ഞ ലോക’ത്തിന്റെ ദുരവസ്ഥ പറഞ്ഞ, ‘ഇരുപതാം നൂറ്റാണ്ടി‘ന്റെ ഇതീഹാസ’മെഴുതിയ മലയാള കാവ്യപ്രപഞ്ചത്തിലെ ചക്രവര്‍ത്തിയാണ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി. ഭൗതികമായി അദ്ദേഹം മണ്‍മറഞ്ഞാലും ആ തൂലികയില്‍ വിരിഞ്ഞ ഇതിഹാസഗാഥകള്‍ അനശ്വരമായി നിലനില്‍ക്കും. ഒന്‍പതര പതിറ്റാണ്ടുകളോളം നീണ്ട ആ വിനീത വസന്ത സുരഭില ജീവിതം പകര്‍ന്ന മാനവികതയുടെയും സുസ്മേര സ്നേഹത്തിന്റെയും സന്ദേശ പത്രങ്ങള്‍, മധുരനാദങ്ങള്‍ മലയാള മണ്ണില്‍ വിടര്‍ന്നു പരിലസിച്ചുകൊണ്ടേയിരിക്കുമെന്നതും നിസ്തര്‍ക്കമാണ്. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ അതിന്റെ അര്‍ത്ഥഗരിമയറിഞ്ഞ് വായിക്കാത്തവര്‍ അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കുവാന്‍ ശ്രമിച്ചു. ഒരു വേള ആര്‍എസ്എസ് പക്ഷപാതിയായി പോലും വ്യാഖ്യാനിക്കുവാനുള്ള ദുര്‍നടപ്പുകാരുടെ വിഫലപരിശ്രമമുണ്ടായി.

അക്കിത്തം തന്നെ അതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് താന്‍ മാനവികതയുടെയും സ്നേഹത്തിന്റെയും പക്ഷത്താണെന്ന് അടയാളപ്പെടുത്തി ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കവിതയിലെ ‘വെളിച്ചം ദുഃഖമാണുണ്ണീ തമസല്ലോ സുഖപ്രദം’ എന്ന വരികളെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്തു സങ്കുചിത ബോധം വെച്ചുപുലര്‍ത്തിയ ചില നിരൂപകര്‍. ‘നൃത്തമാടും ദീപനാളങ്ങള്‍ മാനവ മാലിന്യം കഴുകിക്കളയവേ’ എന്നെഴുതിയ മഹാകവി മനുഷ്യത്വത്തിന്റെ പക്ഷത്തടിയുറച്ചുനിന്ന് മനുഷ്യരാല്‍ സൃഷ്ടിക്കപ്പെടുന്ന നീചത്വത്തിനും നിന്ദയ്ക്കുമെതിരെ തൂലികകൊണ്ട് കലഹിച്ചു. ജീവിതത്തെയും കാലത്തെയും അനുഭവങ്ങളെയും ഹൃദയപക്ഷത്ത് ചേര്‍ത്തുപിടിച്ച്, കാല്‍പ്പനിക പ്രപഞ്ചത്തില്‍ മാത്രം തളച്ചിടപ്പെടാതെ ആധുനിക കവിതയുടെ വ്യതിരിക്ത സ്വരം ഉയര്‍ത്തിയ മലയാള കവികളിലെ അഗ്രഗാമിയായിരുന്നു അക്കിത്തം. ‘കവിതയിലെ വൃത്തവും ചതുരവും കണ്ട കവിമാനസത്തിനുടമയായിരുന്നു അദ്ദേഹം.

കവിതയിലൂടെ സമൂഹത്തിനു മുമ്പാകെ, നവോത്ഥാനത്തിനായി അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായി കവി പ്രസരിപ്പിച്ച പ്രകാശരേണുക്കള്‍ അനശ്വരമായി നിലകൊള്ളുന്നു. ‘എന്റെയല്ലെന്റെയല്ലീക്കൊമ്പനാനകള്‍ എന്റെയല്ലീമഹാക്ഷേത്രവും മക്കളേ’ എന്നെഴുതുമ്പോള്‍ നല്കുന്ന സാമൂഹ്യ സന്ദേശവും നിസ്വാര്‍ത്ഥതാബോധവും വിനീതഭാവവും വായിച്ചെടുക്കുവാന്‍ യഥാര്‍ത്ഥ മലയാള കാവ്യാസ്വാദകര്‍ക്കായി. ‘മറ്റുള്ളവര്‍ക്കായ് കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍, ആയിരം സൗരയൂഥങ്ങള്‍ സൃഷ്ടിച്ച കവിയാണ് അക്കിത്തം. ‘അടുത്തൂണ്‍’ എന്ന കവിതയില്‍ അക്കിത്തം എഴുതുന്നു; ‘പട്ടണമോടി കിതച്ചെന്റെ വാതിലില്‍ വന്നൂ മുട്ടി വാത്സല്യത്തോടെ കുശലം ചോദിക്കുന്നൂ അടുത്തൂണ്‍ പറ്റി സ്വന്തം ഗ്രാമത്തിലൊരു മാസം ഇച്ചാരുകസേലയില്‍ ഭൂതകാലാഹ്ളാദത്തി- നുച്ഛിഷ്ടം നുണച്ചുകൊണ്ടിരിക്കും പാവത്താനെ മതിയായില്ലേ നിനക്കേകാന്ത നിദ്രാണനം’ ആ ചാരുകസേലയില്‍ ഭൂതകാലാഹ്ളാദം പങ്കിട്ട് ഗ്രാമാന്തരീക്ഷത്തിലിരുന്ന് കവി എഴുതിയ ഓരോ വരികളും ഗ്രാമഗ്രാമാന്തരങ്ങളെയും പട്ടണങ്ങളെയും വന്‍ നഗരങ്ങളെയും ഒന്നുപോലെ സ്വാധീനിച്ചു. ‘മടുക്കില്ലയോ നിനക്കേകതാനത!’ എന്ന ചോദ്യത്തിന് മടുപ്പില്ലാത്ത കവിയുടെ ഉത്തരമിങ്ങനെ.

‘മുറ്റത്തു വര്‍ഷംതോറും വിടര്‍ന്നു വാടാറുള്ള മുക്കുറ്റി പൂവിതളുകളെത്രയെന്നറിയാതെ അമ്പത്തൊന്നു വര്‍ഷം കടന്നുപോയൊള്ളൊ- രമ്പരപ്പാണീ മുഹൂര്‍ത്തത്തിലെന്നന്തര്‍ഭാവം പറവൂ നിസന്ദേഹമിന്നു ഞാന്‍ മുക്കൂറ്റിപ്പൂ കരളില്‍ തുടുപ്പുപോലഞ്ചിതളുകള്‍’. ബ്രാഹ്മണ സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ, വിധവാ വിവാഹ വിലക്കിനെതിരെ കലഹിച്ചുകൊണ്ട് നവോത്ഥാനത്തിന്റെ പതാക ഉയര്‍ത്തിപ്പിടിച്ചാണ് അക്കിത്തം നവീന കേരള നിര്‍മ്മിതിയില്‍ പങ്കാളിയായത്. വി ടി ഭട്ടതിരിപ്പാടും പ്രേംജിയും ഉയര്‍ത്തിയ ആശയധാരയുടെ പാതയിലൂടെ അടിപതറാതെ സഞ്ചരിച്ച അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിലും ആകൃഷ്ടനായി. ലോകത്തിന്റെ ദുഃഖങ്ങള്‍ക്ക് പരിഹാരം കമ്മ്യൂണിസമാണെന്ന് അക്കിത്തം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് കല്‍ക്കത്താ തീസിസിനെ അക്കിത്തം തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ ഹ്രസ്വകാലയളവിനുള്ളില്‍ തന്നെ കല്‍ക്കത്താ തീസിസിലൂടെയുള്ള സായുധവിപ്ലവത്തെ തള്ളിപ്പറഞ്ഞതുകൂടി അക്കിത്തത്തിന്റെ നിലപാട് ഉദ്ധരിച്ച് അദ്ദേഹം കമ്മ്യൂണിസ്റ്റ് എതിര്‍ചേരിയിലാണെന്ന് വാദിക്കുന്നവര്‍ പുനര്‍വായന നടത്തണം.

അക്കിത്തം പറഞ്ഞത് ലോകത്തിന്റെ ദുഃഖങ്ങള്‍ക്ക് പരിഹാരം കമ്മ്യൂണിസം മാത്രമാണെന്നും പക്ഷേ അതിനായി വാളെടുക്കുവാന്‍ താനില്ലെന്നുമാണ്. അദ്ദേഹം തള്ളിപ്പറഞ്ഞത് സായുധ കലാപത്തെ മാത്രമാണ്, കമ്മ്യൂണിസത്തെയല്ല. ‘ഇത്ര വേഗത്തില്‍ പടകഴിഞ്ഞ് അമ്മയെ കാണാനെത്തിയോ കാറ്റേ’ എന്ന് ചോദിക്കുമ്പോള്‍ മലയാള കവിതയിലെ പുതു ആധുനിക ഗാഥകളുടെ ശബ്ദമാണ് ഭാരതീയ കാവ്യലോകം ശ്രവിക്കുന്നത്. ബ്രാഹ്മണ മേധാവിത്തത്തിന് അടിമകളായി കഴിയാതെ ശബ്ദിക്കുവാന്‍, പ്രതിരോധിക്കുവാന്‍, വിജയംവരിക്കുവാന്‍ ആ സമുദായത്തിലെ സ്ത്രീകളോട് അക്കിത്തം എന്ന മാനവിക പുരോഗമന ചിന്താഗതികള്‍ മാറോടു ചേര്‍ത്തുപിടിച്ച മഹാകവി ആഹ്വാനം ചെയ്തു. ‘കണ്ണുനീരില്‍ നിന്ന് ബഡവാഗ്നികള്‍ പടര്‍ന്നൂ കാലടിയില്‍ നിന്ന് ചോരച്ചാലുകള്‍ കിളര്‍ന്നു, പുസ്തകങ്ങള്‍ കോടി കോടിത്താളുകളാലെന്റെ മസ്തകത്തെ വീശിത്തണുപ്പിച്ചിരുന്നൂ, പക്ഷേ വേര്‍പ്പുവറ്റിയില്ല, തിന്നൊരീര്‍പ്പമേറിവന്നൂ വേര്‍പ്പുറച്ചു സൂക്ഷ്മദര്‍ശനച്ചില്ലുകളായ് തീര്‍ന്നൂ’ കണ്ണുനീരില്‍ നിന്ന് അഗ്നി പടര്‍ത്തിയും കാലടികളില്‍ നിന്ന് കിളര്‍ന്ന ചോരച്ചാലുകളില്‍ നിന്നും കോടികോടി പുസ്തകത്താളുകള്‍ വീശി തണുപ്പിച്ച മസ്തകത്തില്‍ നിന്നും കവിത എന്ന ജീവവായു കണ്ടെത്തി പകര്‍ന്ന കവിയാണ് അക്കിത്തം.

അവയൊക്കെയും സൂക്ഷ്മ ദര്‍ശനച്ചില്ലുകളായ് നമ്മുടെ മുന്നില്‍ ജ്വലിക്കുന്നു. ‘കര്‍ക്കിടക കണ്ണീരില്‍ക്കുളിച്ചുവരും നാടിന്‍ കണ്ണിനു മധുരം നല്‍കുമോമനമാര്‍ ഞങ്ങള്‍ ഓണമഞ്ഞക്കിളികള്‍ പോല്‍‍ തത്തീടുമ്പോള്‍ വില്ലിന്‍ ഞാണുപോലെ ഞങ്ങളുടെ തൊണ്ട വിറയ്ക്കുമ്പോള്‍’ എന്നെഴുതിയ കവി ‘കണ്ടു കണ്ണീര്‍ പാടയിങ്കലൂടെ ഞാനന്നെന്റെ കണ്ഠപാശമായിത്തൂങ്ങും കുടയില്‍ തമസ്സിന്‍ പുഞ്ചിരി പൊഴിപ്പൂ പട്ടുപൂക്കളല്ലാ, ഘോര വഞ്ചനതന്‍ പരിഹാസപ്പല്ലുകള്‍ താനല്ലോ! എന്നുകൂടി എഴുതി. പുഞ്ചിരി പൊഴിക്കുന്ന പട്ടുപൂക്കളെ മാത്രം കണ്ടാല്‍പോരാ. ഘോരവഞ്ചനതന്‍ പരിഹാസപ്പല്ലുകളെ കൂടി തിരിച്ചറിയണമെന്ന് ദേശീയ- നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന മാനവികതയുടെ മഹാകവി ഓര്‍മ്മപ്പെടുത്തുകയാണ്. സമാനതകളില്ലാത്ത മഹാകവിയാണ് മഹത്വങ്ങള്‍ മാത്രം ബാക്കിവച്ച് വിടവാങ്ങുന്നത്. ഇന്ത്യന്‍ സാഹിത്യത്തിലെ ഉജ്ജ്വല പുരസ്കാരമായ ജ്ഞാനപീഠം ഏറെ വൈകിയാണെങ്കിലും അക്കിത്തത്തെ തേടിയെത്തി.

കേരളക്കരയില്‍ ഒരേ നാട്ടിലേക്ക് രണ്ടുതവണ ജ്ഞാനപീഠം എത്തിച്ചേര്‍ന്നുവെന്നതും മലയാളത്തിന്റെ മഹത്വം. എം ടി വാസുദേവന്‍ നായര്‍ക്കു പിന്നാലെ അക്കിത്തത്തെ തേടി ആ മഹാപുരസ്കാരമെത്തി. ‘ഞാന്‍ മിഥ്യ മാത്രം, നീ മാത്രമാണ് സത്യം’ എന്നോര്‍മ്മിപ്പിച്ച് അക്കിത്തം യാത്രയാകുമ്പോള്‍, ആര്‍ഷഭാരത സംസ്കൃതിയെക്കുറിച്ച് വേദോപനിഷത്തുക്കളെക്കുറിച്ച്, ഭൗതിക ശാസ്ത്രീയ ചിന്തകളെക്കുറിച്ച്, ആത്മീയ തത്വദര്‍ശനങ്ങളെക്കുറിച്ച് അവഗാഹമായ പാണ്ഡിത്യമുണ്ടായിരുന്ന മഹാമനുഷ്യനെയാണ് നഷ്ടമാകുന്നത്. നമോവാകം! മഹാകവേ!