Saturday
14 Dec 2019

അമേരിക്കന്‍ പുറമ്പോക്കിലേക്ക് ആരും നോട്ടമിടേണ്ടെന്ന്

By: Web Desk | Sunday 2 June 2019 9:47 PM IST


lokajalakam

രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച് സ്വന്തം സൈന്യത്തെയും നാട്ടുകാരില്‍ നിന്നുള്ള കൂലിപ്പട്ടാളത്തെയും ഉപയോഗിച്ച് നാടിന്റെ ദൈനംദിന ഭരണം പിടിച്ചെടുക്കുകയും അവിടങ്ങളിലെ സമ്പത്ത് കൊള്ളയടിച്ച് സ്വദേശത്തേക്ക് കടത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന പരമ്പരാഗത കൊളോണിയലിസമായിരുന്നില്ല അമേരിക്കയുടേതെന്ന് കഴിഞ്ഞയാഴ്ച ഈ പംക്തിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമേരിക്കയുടേത് ഒരുതരം പരോക്ഷ കൊളോണിയലിസമായിരുന്നുവെന്നാണ് ഇതിനര്‍ഥം.
യുഎസ്എ 1776ല്‍ ഒരു സ്വതന്ത്ര രാജ്യമായി മാറിയ ഉടന്‍തന്നെ ഈ പുത്തന്‍ കൊളോണിയലിസം അവര്‍ നടപ്പിലാക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. 1817 മുതല്‍ക്ക് 1825 വരെ യുഎസ് പ്രസിഡന്റായിരുന്ന ജയിംസ് മണ്‍റൊ അന്നുതന്നെ ഈ നയത്തിന്റെ രൂപരേഖ വരച്ചുകാണിച്ചിരുന്നുവെന്നത് ചരിത്ര വിദ്യാര്‍ഥികള്‍ക്ക് മാത്രമെ ഓര്‍മയുണ്ടാകു. അദ്ദേഹം രാജ്യത്തിന്റെ അഞ്ചാമത്തെ ആദ്യകാല പ്രസിഡന്റായിരുന്നുതാനും. ഈ നയപ്രഖ്യാപനത്തിന് രണ്ട് നൂറ്റാണ്ടിന്റെ പഴക്കവുമുണ്ടല്ലൊ. ആ പ്രസിഡന്റിന്റെ പേരില്‍ മണ്‍റോ സിദ്ധാന്തമെന്നാണ് ഇത് അറിയപ്പെടുന്നത്.

ഈ സിദ്ധാന്തം വാസ്തവത്തില്‍ യുഎസ്എയുടെ ആദ്യത്തെ കൊളോണിയല്‍ പ്രഖ്യാപനമായാണ് കണക്കാക്കപ്പെടേണ്ടത്. തെക്കും വടക്കുമുള്ള അമേരിക്കന്‍ ഭൂഖണ്ഡങ്ങളാകെത്തന്നെ യുഎസ്എയുടെ പുറമ്പോക്കായി കണക്കാക്കപ്പെടേണ്ടതുണ്ടെന്നും, അവിടേക്ക് മറ്റാരും കാലുകുത്താന്‍ പാടില്ലെന്നുമായിരുന്നു ആ പ്രഖ്യാപനത്തിന്റെ സാരം. റഷ്യയിലെ ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിനും ഒരു നൂറ്റാണ്ടു മുമ്പുള്ളതാകയാല്‍ അത് കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനെ ഉദ്ദേശിച്ചുള്ളതാകാന്‍ തരമില്ല. അത് അന്നത്തെ യൂറോപ്യന്‍ കൊളോണിയലിസ്റ്റുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ളത് മാത്രമാകാനെ വഴിയുള്ളൂ. എന്നാല്‍, തെക്കേ അമേരിക്കയാകത്തന്നെ സ്‌പെയിന്‍, പോര്‍ച്ചുഗല്‍ എന്നീ ആദ്യ കൊളോണിയലിസ്റ്റുകളുടെ അധീനതയിലായിരുന്നുവെന്ന വസ്തുത ഓര്‍മയുണ്ടെങ്കില്‍ അവരെയും കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു ഈ നിരോധനമെന്നുതന്നെ കരുതേണ്ടിവരും. അതെന്തായാലും മൊത്തത്തിലുള്ള യു എസ് ആധിപത്യം ആരും ചോദ്യം ചെയ്തതായി അറിയില്ല. ലാറ്റിന്‍ അമേരിക്കയിലെ ഇരുപത് രാജ്യങ്ങളിലും 1979 വരെ ഈ ആധിപത്യം ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു.

1979ല്‍ നിക്കരാഗ്വയിലാണ് ഇതിന് ആദ്യ പ്രഹരമേറ്റത്. ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സാന്‍ഡിനിസ്റ്റ് വിമോചന മുന്നണിയാണ് 46 വര്‍ഷത്തോളം അമേരിക്ക താങ്ങിനിര്‍ത്തിയിരുന്ന സമോസ കുടുംബത്തിന്റെ കുത്തക ഭരണത്തിന് അന്ത്യംകുറിച്ചത്. അതിനുശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും ഒര്‍ട്ടേഗ തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അമേരിക്കയുടെ സജീവമായ ഇടപെടലിലൂടെ ആ ഭരണം 1990 മുതല്‍ക്ക് അട്ടിമറിക്കപ്പെടുകയാണുണ്ടായത്. പക്ഷെ, 2006 ല്‍ ഒര്‍ട്ടേഗതന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ആ ഭരണത്തിനെതിരായ അമേരിക്കയുടെ രഹസ്യവും പരസ്യവുമായ ഇടങ്കോലിടല്‍ ഇനിയും അവസാനിച്ചിട്ടുമില്ല.

ആറു പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ലാറ്റിനമേരിക്കയിലെ യു എസ് ആധിപത്യത്തിന് വിരാമമിട്ട ക്യൂബയ്ക്കുശേഷം നിക്കരാഗ്വയോടൊപ്പം വെനിസ്വേലയും ആ കത്രികപ്പൂട്ട് പൊട്ടിച്ചെറിഞ്ഞതോടെയാണ് പ്രസിഡന്റ് ട്രംപ് ഈ ത്രിരാഷ്ട്ര ജനകീയ സഖ്യത്തിനെതിരായ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടതോടെ അവിടെനിന്നുള്ള മിസൈല്‍ പിന്തുണ ഇല്ലാതായിട്ടും ലോകഭീമനായ അമേരിക്കയുടെ ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കാതെ നില്‍ക്കുന്ന ക്യൂബയാണ് നിക്കരാഗ്വയ്ക്കും വെനിസ്വേലയ്ക്കും ഒരു പിന്‍ബലം. നിക്കരാഗ്വ തെരഞ്ഞെടുപ്പിലൂടെ തന്നെ അമേരിക്കയ്ക്ക് ചുട്ടമറുപടി നല്‍കുന്നുണ്ടെങ്കിലും ഷാവേസിന് ശേഷമുള്ള വെനിസ്വേലയ്ക്ക് പാശ്ചാത്യരുടെ സംഘടിത ഉപരോധങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ടെങ്കിലും എണ്ണവില്‍പ്പനയ്ക്കുള്ള പാശ്ചാത്യ വിലക്കുകള്‍ കാരണം സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി ഗുരുതരവുമാണ്. ലക്ഷക്കണക്കിന് ആളുകള്‍ പുതിയ മേച്ചില്‍പുറം തേടി അയല്‍നാടുകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനുള്ള വെനിസ്വേലയുടെ കഴിവിന് പരിമിതികളുണ്ട്. ഈ സ്ഥിതിയില്‍ ശക്തമായ ഒരു ഉന്തുകൂടി ഉണ്ടായാല്‍ ഈ ത്രിരാഷ്ട്രസഖ്യം നിലംപൊത്തിക്കൊള്ളുമെന്നാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍.

അതുകൊണ്ടാവണം യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജോണ്‍ ബോള്‍ട്ടന്‍ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള മണ്‍റൊ സിദ്ധാന്തം ഇക്കഴിഞ്ഞ ദിവസം പൊടിതട്ടിയെടുത്ത് വീണ്ടും ചുഴറ്റാന്‍ നോക്കിയത്. യുഎസ്എയുടെ പുറമ്പോക്കായി അന്ന് പ്രസിഡന്റ് ജയിംസ് മണ്‍റൊ നടത്തിയ പ്രഖ്യാപനത്തിന് ഇപ്പോഴും പ്രസക്തിയുണ്ടെന്നാണ് ബോള്‍ട്ടന്‍ ലോകത്തെ ബോധ്യപ്പെടുത്താന്‍ നോക്കിയത്. ആ സിദ്ധാന്തം മരിച്ചിട്ടില്ലെന്നായിരുന്നു ബോള്‍ട്ടന്റെ പ്രസ്താവന. ലോകമെന്നു പറയുമ്പോള്‍ ബോള്‍ട്ടന്‍ ഉദ്ദേശിക്കുന്നത് പഴയ പഞ്ചമഹാശക്തികളില്‍പ്പെട്ട ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സും ഒന്നുമല്ലെന്ന് സ്പഷ്ടം. കാരണം, രണ്ടാം ലോകയുദ്ധത്തിന് ശേഷം അവരിരുവരും ശക്തികളല്ലാതായിരിക്കുകയാണ്. ദീര്‍ഘകാലം ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലിരുന്ന ലേബര്‍ പാര്‍ട്ടിയുടെ ടോണി ബ്ലെയര്‍ ഇറാഖിനെതിരായി ഈ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ പടയോട്ടം നടത്തിയ പ്രസിഡന്റ് ബുഷിന്റെ വാലേല്‍ തൂങ്ങിനടന്നിരുന്നല്ലൊ. ആ സ്ഥിതിക്ക് ബോള്‍ട്ടന്‍ ഉദ്ദേശിക്കുന്നത് റഷ്യയെയും ചൈനയെയുമായിരിക്കും. റഷ്യയുടെ പ്രസിഡന്റ് പുടിന് പഴയ സോവിയറ്റ് യൂണിയനോട് വലിയ ആഭിമുഖ്യമില്ലെങ്കിലും അന്നത്തെ ആ രാജ്യത്തിന്റെ വന്‍ശക്തി പദവി അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. സിറിയയില്‍ പ്രസിഡന്റ് അസ്സദിനെ അട്ടിമറിക്കാനുള്ള യു എസ് ഇടപെടല്‍ വിജയിക്കാത്തത് അസ്സദിന് റഷ്യ നല്‍കുന്ന ഉറച്ച സൈനിക പിന്തുണ കാരണവുമാണ്. റഷ്യന്‍ പ്രസിഡന്റ് പുടിന് അമേരിക്കയുമായി വലിയ സൗഹൃദമൊന്നുമില്ലതാനും. ചൈനയാകട്ടെ അമേരിക്കയുമായുള്ള വ്യാപരയുദ്ധത്തില്‍ മുഴുകിയിരിക്കുകയുമാണ്. ആ സ്ഥിതിക്ക് ബോള്‍ട്ടന്‍ ഇപ്പോള്‍ മണ്‍റൊ സിദ്ധാന്തം ഉയര്‍ത്തിപ്പിടിക്കുന്നത് റഷ്യയെയും ചൈനയെയും ഓര്‍മ്മിപ്പിക്കാനായിരിക്കണമെന്നതില്‍ സംശയമില്ല. ട്രംപിന്റെ ത്രിരാഷ്ട്രസംഹാര യജ്ഞത്തിന്റെ വിജയത്തിന് റഷ്യയുടെയും ചൈനയുടെയും ഇടപെടല്‍ ഒരു വലിയ തടസമായിരിക്കുമെന്ന് ട്രംപിന്റെ ദേശീയ സുരക്ഷാ സെക്രട്ടറിയെ ആരും പഠിപ്പിക്കേണ്ടതുമില്ല.

ക്യൂബയെയും നിക്കരാഗ്വയെയും വെനിസ്വേലയെയും ജനാധിപത്യം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന അമേരിക്ക അവരുടെ ‘പുറമ്പോക്കിലുള്ള’ രാജ്യങ്ങളുടെ ജനാധിപത്യത്തിന്റെ വളര്‍ച്ചയെപ്പറ്റി ഒന്ന് തിരിഞ്ഞുനോക്കുകയെങ്കിലും ചെയ്യേണ്ടതാണ്. ‘പുറമ്പോക്ക് സിദ്ധാന്തം’ ആവിഷ്‌കരിച്ച പ്രസിഡന്റ് മണ്‍റൊയ്ക്ക് ശേഷം അവിടെ ഏതെങ്കിലും നാട്ടില്‍ പാശ്ചാത്യ സങ്കല്‍പത്തിലുള്ള ജനാധിപത്യം നിലനിന്നിട്ടുള്ളതായി അവര്‍ക്ക് ചൂണ്ടിക്കാട്ടാനാവില്ല. ഏതാണ്ടെല്ലായിടങ്ങളിലും ഏകാധിപത്യ വാഴ്ചകളെയാണ് അവര്‍ സംരക്ഷിച്ചു നിലനിര്‍ത്തിയിട്ടുള്ളത്. ഇടതുപക്ഷമെന്നോ സോഷ്യലിസമെന്നോ കേട്ടാലാണ് അവര്‍ക്ക് ഹാലിളക്കം ഉണ്ടാകുന്നത്. സര്‍ക്കാര്‍ ഉടമയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനാണ് അവര്‍ വ്യഗ്രത കാണിച്ചിട്ടുള്ളത്.
നിക്കരാഗ്വയില്‍ സമോസ കുടുംബവാഴ്ച അവസാനിപ്പിച്ചത് യൂറോപ്യര്‍ക്കുകൂടി സ്വീകാര്യമായിരുന്ന തെരഞ്ഞെടുപ്പുകളിലൂടെയായിരുന്നു. എന്നിട്ടും ആ സാന്‍ഡിനിസ്റ്റ ഭരണം മറിച്ചിടാന്‍ യുഎസ് സര്‍ക്കാരുകള്‍ കാണിച്ചിട്ടുള്ള ഗോഷ്ടികള്‍ക്ക് കണക്കില്ല. എന്നിട്ടും തെരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിലെത്തിയ ഒര്‍ട്ടേഗയുടെ കുടുംബവാഴ്ച എന്നു പറഞ്ഞാണ് അവര്‍ ഇപ്പോള്‍ ബഹളം ഉണ്ടാക്കുന്നത്.

ഇതിനിടയില്‍ ബ്രസീലില്‍ തൊഴിലാളിപക്ഷത്ത് നിന്ന് അധികാരത്തിലെത്തിയ ലൂലാ ഡിസില്‍വയുടെയും തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എത്തിയ ദില്‍മ ഔസേഫിന്റെയും ഭരണത്തോടും പാശ്ചാത്യര്‍ സ്വീകരിച്ച നിലപാടും പരിശോധിക്കേണ്ടതാണ്. കള്ളക്കേസുകളില്‍ കുടുക്കിയശേഷം ലൂല ഡിസില്‍വയെ ജയിലിലടച്ച് തെരഞ്ഞെടുപ്പില്‍ നിന്ന് ഒഴിവാക്കിയശേഷം ഇപ്പോള്‍ പട്ടാളഭരണത്തിന് കളമൊരുക്കുന്ന ബൊള്‍സനാരൊയോടും അവര്‍ക്ക് വലിയ എതിര്‍പ്പൊന്നും കാണാത്തതെന്തെന്നുകൂടി ചോദിക്കാവുന്നതാണ്.
ബൊളീവിയയില്‍ ഒന്നര പതിറ്റാണ്ട് മുമ്പ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇവൊ മൊറാള്‍ഡ് നാലാം പ്രാവശ്യവും പ്രസിഡന്റാകുമ്പോഴും അവര്‍ അദ്ദേഹത്തെപ്പറ്റി വലിയ ഒച്ചപ്പാടുണ്ടാക്കാതിരുന്നതിന്റെ കാരണവും ആര്‍ക്കും നിശ്ചയമില്ല. തുടക്കത്തില്‍ ബൊളീവിയയെയും ഇക്കൂട്ടര്‍ ശത്രുലിസ്റ്റില്‍പ്പെടുത്തിയിരുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ബൊളീവിയയെപ്പറ്റി വലിയ ഒച്ചപ്പാടൊന്നും ഉണ്ടാക്കുന്നില്ല. ബൊളീവിയ അമേരിക്കന്‍ പക്ഷത്തേക്ക് ചായുമെന്ന പ്രതീക്ഷയാണോ അവരുടെ നിശബ്ദതയ്ക്ക് കാരണമെന്ന് വ്യക്തമല്ല.
പ്രത്യക്ഷവും പരോക്ഷവുമായ കൊളോണിയലിസം മണ്ണടിഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്തും അമേരിക്കയുടെ ദേശീയ സുരക്ഷാ സെക്രട്ടറി ഇത്തരമൊരു പുത്തന്‍ കൊളോണിയലിസത്തിന്റെ ഭീഷണി മുഴക്കുന്നത് ആരെ പേടിപ്പിക്കാനാണെന്ന് ആര്‍ക്കും അത്ര തീര്‍ച്ചയില്ല. സോവിയറ്റ് യൂണിയന്‍ ക്യൂബയില്‍ ഇടപെട്ട് അന്നത്തെ പ്രസിഡന്റ് കെന്നഡിയില്‍ നിന്ന് ആ കൊച്ചുരാജ്യത്തെ ആക്രമിക്കില്ലെന്ന് ഒരു ഉറപ്പ് പിടിച്ചുവാങ്ങിയതുപോലെ ഇപ്പോഴുള്ള റഷ്യന്‍ പ്രസിഡന്റ് പുടിനും അങ്ങനെയൊരു നീക്കത്തിന് തയ്യാറാകുമോ എന്ന ഭയമാണോ, പഴയ ‘പുറമ്പോക്ക് സിദ്ധാന്തം’ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ അമേരിക്കയെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് സംശയിക്കാവുന്നതാണ്.

ഇത് പക്ഷെ, പണ്ട് കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പല ഭാഗങ്ങളിലും നിലനിന്നിരുന്ന ജന്മി-കുടിയാന്‍ വ്യവസ്ഥയെയാണ് ഓര്‍മ്മിപ്പിക്കുന്നത്. പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കുന്ന കര്‍ഷകത്തൊഴിലാളികളെയും ചെറുകിട കര്‍ഷകരെയും ജന്മിക്ക് തോന്നുമ്പോള്‍ ഇറക്കിവിടാന്‍ കഴിയുമായിരുന്ന ഈ സ്ഥിതി 1957ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണമാണ് അവസാനിപ്പിച്ചത്. അത്തരം പുറമ്പോക്ക് വാദം 21-ാം നൂറ്റാണ്ടില്‍ അമേരിക്ക ചില രാജ്യങ്ങള്‍ക്കെതിരായും പൊക്കിപ്പിടിക്കുന്നത് അറിവുകേടുമൂലമായിരിക്കും. അത്തരം വാദം കൈയോടെ ഉപേക്ഷിക്കാനും പ്രസിഡന്റ് ട്രംപ് തയ്യാറാകുമെന്ന് വടക്കന്‍ കൊറിയയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്.