യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത

ഉള്‍ക്കാഴ്ച

October 28, 2020, 5:15 am

സംഭവം ഒന്ന് കണ്ടെത്തലുകൾ രണ്ട്

Janayugom Online

യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത

വിശ്വവിഖ്യാതനായ ലിയനാർഡോ ദാവിഞ്ചിയുടെ പ്രസിദ്ധമായ പെയിന്റിംഗാണ് “ലാസ്റ്റ് സപ്പർ” അഥവാ അന്ത്യ അത്താഴം. 1493 ൽ ആരംഭിച്ച് 1498 ൽ പൂർത്തിയാക്കിയ, മിലാനിലെ സാന്റാ മരിയ ഡെല്ലാ ഗ്രാസിയൊ എന്ന ദയറായുടെ ഭക്ഷണശാലയെ അലങ്കരിക്കുന്ന, ഈ ചിത്രം അനേക പഠനങ്ങൾക്കും കലാസാഹിത്യ രചനകൾക്കും മാധ്യമമായിട്ടുണ്ട്. നസറത്തുകാരൻ യേശു തന്റെ ശിഷ്യസമൂഹത്തോടൊപ്പം ക്രൂശീകരണത്തിന്റെ തലേ സന്ധ്യക്ക് നടത്തിയ അത്താഴവിരുന്നാണ് ചിത്രത്തിന്റെ പ്രമേയം. ബൈബിളിലെ യോഹന്നാൻ എഴുതിയ സുവിശേഷത്തിലെ സംഭവവിവരണത്തെ പിൻപറ്റിയാണ് ഇതിന്റെ രചന.

എന്നാൽ സംഭവത്തിന്റെ കൃത്യമായ പ്രകാശനമാണിത് എന്നവകാശപ്പെടാൻ കഴിയില്ല. യേശു ജീവിച്ചിരുന്ന പശ്ചിമേഷ്യൻ സംസ്ക്കാരത്തിൽ ഭക്ഷണത്തിനിരിക്കുന്നത് മേശയും കസേരയും (അല്ലെങ്കിൽ ബെഞ്ച്) ഉപയോഗിച്ചല്ല. അവർ നിലത്ത് തടുക്കോ തുണിയൊ വിരിച്ചിട്ട് അതിനു ചുറ്റും ഇരുന്ന് നടുവിൽ വച്ചിട്ടുള്ള പാത്രത്തിൽ നിന്നും എല്ലാവരും ഒന്നിച്ച് ഭക്ഷിക്കുന്ന രീതിയാണ് അവിടെ ഉള്ളത്. ഇതിന് അനുസൃതമായ വാക്കാണ് ബൈബിളിൽ മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നതും. പൗരസ്ത്യനാടുകളിൽ പൊതുവെ ഇങ്ങനെ തന്നെയാണ്. എന്നാൽ പാശ്ചാത്യ ഭക്ഷണസംസ്കാര ശൈലിയാണ് ചിത്രത്തിൽ സ്വീകരിച്ചിട്ടുള്ളത്, അതും ഫോട്ടോ എടുക്കാൻ സൗകര്യത്തിന് എന്ന രൂപത്തിൽ. യഥാർത്ഥ സംഭവത്തെ ദാവിഞ്ചി കണ്ടതും പുനരാവിഷ്ക്കരിച്ചതും തന്റെ നാടിന്റെ ഭക്ഷണോപചാര ശൈലിയിലാണ്. എന്നാൽ ഡാൻ ബ്രൗൺ എന്ന പാശ്ചാത്യ സാഹിത്യകാരൻ ഈ സംഭവത്തിന്റെ ചിത്രത്തിന് തന്റെ സർഗ്ഗവാസന ഉപയോഗിച്ച് മറ്റൊരു ഭാഷ്യം നൽകി “ഡാവിഞ്ചി കോഡ്” എന്ന നോവലിൽ.

ക്രെെസ്തവ സമൂഹത്തിന്റെ വലിയ എതിർപ്പ് നേരിടേണ്ടിവന്ന വ്യാഖ്യാനമായിരുന്നു അത്. ഈ ചിത്രത്തിൽ യേശുവിന് വലതുവശത്തിരിക്കുന്നത് സുവിശേഷ വ്യാഖ്യാതാക്കൾ കരുതുന്നതുപോലെ യോഹന്നാനല്ല, മഗ്ദലനയിലെ മറിയമാണ് എന്നും ഇവർ രണ്ടുപേർക്കും ഇടയിൽ സ്ത്രീയുടെയും യവനായ ചിന്തയിലെ ഉർവ്വരതയുടെയും പ്രതീകമായ ഇംഗ്ലീഷ് ഭാഷയിലെ (ലാറ്റിനിലും) വി എന്ന അക്ഷരം കാണാൻ കഴിയും എന്നും അത് യേശുവും മറിയവും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണ് നൽകുന്നത് എന്നും നോവൽകാരൻ വ്യാഖ്യാനിക്കുന്നു. ഈ നോവലിനെ ആധാരമാക്കി 2006 ൽ ടോം ഹാങ്ങ്സിനെ നായകനാക്കി റോൺ ഹോവർഡ് എന്ന സിനിമാ സംവിധായകൻ ഒരു ഹോളിവുഡ് സിനിമയും നിർമ്മിച്ചിട്ടുണ്ട്. യേശു ചെയ്തത് ഒന്ന്, ഡാവിഞ്ചി എന്ന കലാകാരൻ തന്റെ പശ്ചാത്തലത്തിൽ കലാപരമായി പുനരാവിഷ്കരിച്ചപ്പോൾ അതിന് വേറൊരു ശൈലി; ആ ചിത്രം കണ്ട സാഹിത്യകാരൻ ഡാൻ ബ്രൗൺ മൂന്നാമതൊരർത്ഥം അതിന് നൽകി. ഈ വിഷയം ഞാൻ ഇവിടെ ആമുഖമായി പറഞ്ഞത് ഇക്കഴിഞ്ഞ സെപ്റ്റംബർ 30-ാം തീയതി സിബിഐ എന്നറിയപ്പെടുന്ന സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ലഖ്നൗ പ്രത്യേക കോടതി 2002 ൽ ബാബ്റി മസ്ജിദ് തകർത്ത കേസിൽ കുറ്റാരോപിതരായ 32 പേരെയും വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവിനെയും, അതിനുമുൻപ് 2009 ജൂൺ 30 ന് ഇക്കാര്യം അന്വേഷിക്കാൻ നിയമിക്കപ്പെട്ട ലിബറാൻ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെ­ത്തലുകളെയും ഒന്ന് താരതമ്യം ചെയ്യാൻ വേണ്ടിയാണ്. 1992 ഡിസംബർ ആറാം തീയതി അയോധ്യയിൽ നിർമ്മിക്കപ്പെട്ടിരുന്ന ബാബ്റി മസ്ജിദ് എന്ന മുസ്‌ലിം ആരാധനാലയം വലിയൊരു സംഘം തീവ്രവാദ ഹിന്ദു കർസേവകർ അക്രമാസക്തരായി തടിച്ചുകൂടി ഇടിച്ചുനിരത്തിയത് എല്ലാവർക്കും അറിയാവുന്ന സംഭവമാണ്.

ഈ ആരാധനാലയം 16-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ബാബറുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ജനറൽ മിർ ബാഖിയുടെ ചുമതലയിൽ നിർമ്മിക്കപ്പെട്ടതാണ്. ഹൈന്ദവ ദേവനായ ശ്രീരാമൻ ജനിച്ച സ്ഥലത്ത് മുഗൾ ഭരണത്തിന്റെ ബലത്തിൽ മുസ്‌ലിം ആരാധനാലയം സ്ഥാപിക്കുകയായിരുന്നു ബാബർ, അതിനാൽ ആ സ്ഥലം ഹൈന്ദവാരാധനക്കും അമ്പലം നിർമ്മിക്കാനും തിരിച്ചുനൽകണം എന്ന ആവശ്യം 1941 മുതലേ ഉണ്ടായിരുന്നു. ഒൻപത് ദിവസം നീണ്ടുനിന്ന അഖില ഭാരത രാമായണാചരണത്തിനൊടുവിൽ 1949 ഡിസംബർ 22–23 ന്റെ രാത്രിയിൽ അവിടെ രണ്ട് രാമ വിഗ്രഹങ്ങൾ “അത്ഭുതകരമായി” പ്രത്യക്ഷപ്പെട്ടു. ഇത് അൻപത് അറുപത് പേർ ചേർന്ന് ഒളിച്ചുകടത്തി സ്ഥാപിച്ചതാണ് എന്ന് മതാ പ്രസാദ് എന്ന പൊലീസുകാരൻ സാക്ഷ്യപ്പെടുത്തി. ഈ സംഭവത്തെക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, “ഞാൻ ഇതിൽ അസ്വസ്ഥനാണ്, അപകടകരമായ മാതൃകയാണിത്” എന്ന് പ്രസ്താവിക്കുകയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയോട് അത് നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ നിർദ്ദേശം നടപ്പാക്കാൻ ചുമതലപ്പെട്ട മലയാളിയായ ഡെപ്യൂട്ടി കമ്മിഷണർ ‘അത് വലിയ കോളിളക്കത്തിന് കാരണമാകും’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. അദ്ദേഹം നാലാം ലോകസഭയിൽ ഭാരതീയ ജനസംഘത്തിന്റെ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് ചരിത്രസാക്ഷ്യം. എന്നാൽ ആ നെഹ്രുവിന്റെ കൊച്ചുമകൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1986 ൽ മസ്ജിദിന്റെ അടച്ചിട്ടിരുന്ന ഗെയിറ്റ് തുറന്ന് ശിലാന്യാസത്തിനുള്ള അനുവാദം നൽകി എന്നത് തുടർചരിത്രം. അതുകൊണ്ടും അവസാനിക്കാത്ത ചരിത്രം തുടർന്നത്, ഭാരതത്തിന്റെ മതേതര സ്വഭാവത്തിനും, സഹിഷ്ണുതാപാരമ്പര്യത്തിനും ഏറ്റ ശക്തമായ പ്രഹരമായിത്തീർന്ന 1992 ഡിസംബർ ആറാം തീയതിയിലെ ബാബ്റി മസ്ജിദിന്റെ ഇടിച്ചുനിരത്തലിലൂടെയാണ്.

ഈ വിഷയം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഡിസംബർ 16 ന് റിട്ടയേർഡ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജഡ്ജി എം എസ് ലീബറാനെ ഏകാംഗ കമ്മിഷനായി നിയമിച്ചു. ഒന്നിലേറെ തവണ കാലാവധി നീട്ടി നൽകിയതിന്റെ അന്ത്യത്തിൽ കമ്മിഷൻ 2009 ജൂൺ 30ാം തീയതി തന്റെ റിപ്പോർട്ട് മൻമോഹൻ സിങ്ങ് സർക്കാരിന് സമർപ്പിച്ചു. അത് പാർലമെന്റിൽ വരുന്നതിന് മുന്‍പുതന്നെ പുറത്തായി എന്ന വിവാദവും ഉണ്ടായി. സംഘപരിവാറിന്റെ മുൻകൂട്ടിയുള്ള തകർക്കൽ പദ്ധതിക്ക് എല്ലാ സഹായവും ചെയ്ത അക്കാലത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കല്യാൺ സിങ്ങിനെ റിപ്പോർട്ട് ശരിക്കും കുറ്റപ്പെടുത്തുന്നുണ്ട്. അതോടൊപ്പം ബിജെപിയുടെ മുൻനിര നേതാക്കളെ പേരെടുത്ത് പറഞ്ഞ് ഒരു വ്യക്തമായ ഗൂഢാലോചന ഇക്കാര്യത്തിൽ ഉണ്ടായിരുന്നു എന്ന് കമ്മിഷൻ കണ്ടെത്തുകയും ചെയ്തു. “കപട മിതവാദികൾ” എന്ന് കമ്മീഷൻ വ്യാഖ്യാനിച്ച, അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവർ ബൗദ്ധികവും താത്വികവുമായ പിൻബലം കർസേവകർക്ക് നൽകി എന്നാണ് കമ്മിഷൻ വിലയിരുത്തിയത്. മസ്ജിദ് പൊളിച്ച ദിനത്തെ തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനം എന്ന് വിശേഷിപ്പിച്ച അഡ്വാനി പക്ഷെ 2020 ലെ സിബിഐ കോടതിവിധിയെ നീതിയുടെ നിർവഹണം എന്നാണ് വിശേഷിപ്പിച്ചത്. ഇത് തന്നെ അദ്ദേഹത്തിന്റെ ഇക്കാര്യത്തിലെ ബന്ധം വ്യക്തമാക്കുന്നു. ഇതറിഞ്ഞില്ല എന്ന് വാജ്പേയിക്കുപോലും വാദിക്കാൻ കഴിയില്ല എന്ന് റിപ്പോർട്ട് അസന്ദിഗ്ധമായി പ്രസ്താവിക്കുന്നു. അതേസമയം അന്വേഷകൻ പ്രധാനമന്ത്രി നരസിംഹ റാവുവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇവിടെയാണ് ഞാൻ പ്രാരംഭത്തിൽ പറഞ്ഞ ചിത്രത്തിന്റെ കഥയിലെ ഒരു വിഷയം പ്രകടമാകുന്നത്: അതായത്, തന്നെ നിയമിച്ച സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പശ്ചാത്തലത്തിൽ നിന്നുകൊണ്ട് സംഭവത്തെ കമ്മിഷൻ നോക്കി കണ്ടു. ഭാരതത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ മുൻകൂട്ടി വിവരം അറിയിച്ചിട്ടുണ്ട്. ജോയിന്റ് ഡയറക്ടറായിരുന്ന മലോയ് കൃഷ്ണ ധർ തന്റെ “ഓപ്പൺ സീക്രട്ട്: ഇൻഡ്യാസ് ഇന്റെലിജൻസ് അൺവെയ്ൽഡ്” എന്ന ഗ്രന്ഥത്തിൽ മസ്ജിദ് തകർക്കലിന് മുൻപായി ബന്ധപ്പെട്ടവരുടെ കൂടിയാലോചനയും പദ്ധതി തയ്യാറാക്കലും ഉണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നു. ഇതു തന്നെ മുൻ ഡയറക്ടർമാരായ ജോഗീന്ദർ സിങ്ങും വിജയ് ശങ്കറും സാക്ഷ്യപ്പെടുത്തുന്നു.

പത്തു വർഷത്തെ ഗൂഢാലോചനയുടെ പിൻബലം ഇതിന് ഉണ്ടായിരുന്നു എന്നാണ് ഇവരുടെ പൊതുവെയുള്ള കണ്ടെത്തൽ. ഇതൊന്നും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെട്ടില്ല എന്ന് കമ്മിഷൻ പറഞ്ഞാലും സാമാന്യ ബുദ്ധിയിൽ അതുൾക്കൊള്ളുക പ്രയാസമാണ്. 1991 സെപ്റ്റംബറിൽ പാസാക്കിയ “ആരാധനാലയങ്ങൾ: പ്രത്യേക വ്യവസ്ഥ” നിയമത്തിന്റെ പരിധിയിൽ നിന്നും അയോധ്യയെ ഒഴിവാക്കിയത് നരസിംഹ റാവു സർക്കാരായിരുന്നു എന്നതും കൂട്ടിവായിക്കാം. ഇതിന് സമാന്തരമായി 1993 ൽ സിബിഐ ഫയൽ ചെയ്ത മസ്ജിദ് തകർക്കൽ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നവരിൽ 32 പ്രതികളെയും വെറുതെവിടുന്നതായി ലഖ്നൗ പ്രത്യേക കോടതി 2020 സെപ്റ്റംബർ 30-ാം തീയതി ഉത്തരവായി. 2001 ൽ വിചാരണ കോടതി തള്ളുകയും, ഹൈക്കോടതി ആ ഉത്തരവ് ശരിവയ്ക്കുകയും പിന്നീട് അപ്പീലിൽ സുപ്രീം കോടതി കേസ് പുനഃപരിശോധനക്കായി ഉത്തരവിടുകയായിരുന്നു. അതിന്മേലാണ് ഇപ്പോഴത്തെ ഉത്തരവ്. കുറ്റാരോപിതരെ ശിക്ഷിക്കാൻ തക്കവണ്ണം വിശ്വസനീയമായ തെളിവുകൾ ഹാജരാക്കാൻ സിബിഐക്ക് കഴിഞ്ഞില്ല എന്നായിരുന്നു 2300 പേജുള്ള വിധിന്യായത്തിലെ കണ്ടെത്തൽ. അതോടൊപ്പം, കെട്ടിടത്തിനകത്ത് ശ്രീരാമ വിഗ്രഹം ഉണ്ടായിരുന്നു എന്നതിനാൽ, കെട്ടിടം തകർക്കുന്നതിൽ നിന്നും ആർഎസ്എസ്, വിഎച്ച്പി നേതാക്കൾ, കർസേവകരെ പിൻതിരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും കോടതി കണ്ടെത്തി. കോടതി പറഞ്ഞത് ശരിയാണ്, അംഗീകാരയോഗ്യമായ തെളിവ് നൽകാൻ സിബിഐക്ക് കഴിഞ്ഞില്ല; അഥവാ ശ്രമിച്ചില്ല. 2019 നവംബർ ഒമ്പതിലെ വിധിയിൽ സുപ്രീം കോടതി “നിയമ രഹിതമായ പ്രവൃത്തിയായിരുന്നു മസ്ജിദ് തകർക്കൽ” എന്ന് കണ്ടെത്തിയിട്ടുണ്ട്.

സിബിഐയുടെ അഭിപ്രായത്തിൽ കുറ്റമുണ്ട് പക്ഷെ കുറ്റക്കാരില്ല! ഉണ്ടായിരുന്ന തെളിവുകൾപോലും കോടതി വേണ്ടുംവണ്ണം വിലയിരുത്തിയുമില്ല. ഏതൊരു ജഡ്ജിയാണ് ഭരണവർഗത്തിന്റെ ക്രോധത്തിന് ഇരയായിട്ട് മൃഗീയമായി കൊല്ലപ്പെടാനോ, അന്യനാട്ടിലേക്ക് നട്ടപാതിരായ്ക്ക് സ്ഥലംമാറ്റപ്പെടാനോ താല്പര്യപ്പെടുക? കോടതി വിധിയെ വിമർശിച്ച് പ്രശാന്ത് ഭൂഷനെപ്പോലെ പുലിവാൽ പിടിക്കാനൊന്നും ഞാനില്ല എങ്കിലും പറയട്ടെ, വലിയ പ്രയോജനം ഇല്ലെങ്കിൽ പോലും നീതിന്യായ വ്യവസ്ഥയുടെ സൽപ്പേര് നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, അപര്യാപ്തമായ തെളിവ് നൽകിയ സിബിഐയോട് ഒന്നുകൂടെ അന്വേഷിച്ച് ഫോട്ടോകളുടെ നെഗറ്റീവും വീഡിയോകളുടെ ഒറിജിനലും ഹാജരാക്കണം എന്നെങ്കിലും പറയാൻ ബഹുമാനപ്പെട്ട കോടതിക്കാകുമായിരുന്നില്ലേ എന്ന ആത്മഗതം എന്നിൽനിന്നുയരാതിരിക്കുന്നുമില്ല. സിബിഐ എന്നാൽ, മമ്മൂട്ടി അഭിനയിച്ച സിനിമയിൽ കാണുന്നതുപോലെ, അത്ര വലിയ സംഭവമൊന്നുമല്ല എന്നതാണ് സത്യം. എല്ലാവർക്കും അറിയാവുന്നതുപോലെ 1946 ലെ ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം കേന്ദ്രസർക്കാരിന്റെ പേഴ്സണൽ ആന്റ് ട്രയിനിംഗ് വകുപ്പിന്റെ (ആഭ്യന്തര വകുപ്പിന്റെ അല്ല) കീഴിൽ വളരെ പരിമിതമായ ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട ഈ അന്വേഷണ സംഘത്തിന് സംസ്ഥാനങ്ങളുടെ അനുവാദത്തോടെ മാത്രമേ കേസുകളിൽ ഇടപെടാനാകൂ. അല്ലെങ്കിൽ കോടതികളുടെ നിർദ്ദേശം വേണം.

പൊതുവെ കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ആജ്ഞാനുവർത്തിയായി കേസുകൾ തിരഞ്ഞെടുത്ത് അന്വേഷിക്കാനും, തദനുസൃതമായി കണ്ടെത്തലുകൾ ഉണ്ടാക്കാനും അല്ലെങ്കിൽ നിരുപദ്രവകരമായ കേസുകൾ അന്വേഷിക്കാനും നിയോഗിക്കപ്പെടുന്ന പൊതുവെ കാര്യമായ വിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഏജൻസിയാണിത്. കേന്ദ്രം പരിശീലിപ്പിച്ചുവിടുന്ന, എതിരാളികളെ കുടുക്കാനുള്ള യന്ത്രം എന്ന് ഇവരെക്കുറിച്ച് വേണമെങ്കിൽ പറയാം. അത് അറിഞ്ഞിട്ടാണ് സുപ്രീം കോടതിയിലെ ബ. ജസ്റ്റിസ് ലോധ പഴയ എച്ച്എംവിയുടെ ലോഗോ ഉപയോഗിച്ച് “യജമാനന്റെ ശബ്ദം” എന്നും പിന്നെ “കൂട്ടിലിട്ട തത്ത” എന്നും ഇവരെ വിശേഷിപ്പിച്ചത്. അവർക്ക് ബാബ്റി മസ്ജിദ് തകർത്ത കേസിൽ കേന്ദ്ര ഭരണകക്ഷിയിലെ ആർക്കെതിരെയും തെളിവ് ശേഖരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് കേന്ദ്രത്തിന്റെ പ്രതിപക്ഷത്തുള്ള കേരള സർക്കാർ നിർദ്ദേശിച്ച, 256 കോടിയുടെ ടെന്ററിൽ 66 കോടി അടിച്ചുമാറ്റിയ, കേസ് അന്വേഷിക്കാൻ നേരമില്ലാത്ത സിബിഐ പക്ഷെ കേരളാ സർക്കാരിനെതിരാകുമെന്ന പ്രതീക്ഷയിൽ ഒരു എംഎൽഎയുടെ കത്തിനെ തുടർന്ന് പാവപ്പെട്ട ഭവനരഹിതർക്ക് സഹായമാകുന്ന ലൈഫ് മിഷനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ തയ്യാറായത്. ഇപ്പോൾ ദാ കോടതിയുടെ തുടർച്ചയായ ശാസന കേട്ട് മെല്ലെപ്പോയാൽ മതി എന്ന് യജമാനന്റെ നിർദ്ദേശം! അതെ, അന്ത്യ അത്താഴ ചിത്രത്തിന്റെ കാര്യത്തിൽ എന്നപോലെ തങ്ങളുടെ സർഗപരമായ താല്പര്യത്തിനനുസരിച്ച് ചിത്രത്തെ, സംഭവത്തെ, വായിക്കുന്ന പുതിയൊരു കലാകാരൻതന്നെ സിബിഐ. സംഭവം ഒന്ന് കണ്ടെത്തലുകൾ രണ്ട്, രണ്ടിലും താല്പര്യം സ്വന്തം താല്പര്യസംരക്ഷണം!