Thursday
23 May 2019

വെറുപ്പ് മൂലധനമാക്കുന്നവര്‍

By: Web Desk | Thursday 14 March 2019 10:45 PM IST


ഭരണം പിടിച്ചെടുക്കാനും നിലനിര്‍ത്താനും വെറുപ്പ് എന്ന വികാരം മൂലധനമാക്കാമെന്ന് മത-സേ്വച്ഛാധിപത്യ രാഷ്ട്രങ്ങളിലെ അധിപന്‍മാരെ പോലെ ഇന്ത്യന്‍ ഭരണാധികാരികളും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വിദേ്വഷം വളര്‍ത്തുന്നതിനൊപ്പം അപരനെ നിര്‍മ്മിക്കുക കൂടി ചെയ്താല്‍ ആഭ്യന്തരമായുണ്ടാകുന്ന എല്ലാ വെല്ലുവിളികളെയും ചെലവില്ലാതെ പരിഹരിക്കാനാവുമെന്നും ഭരണാധികാരികള്‍ കണ്ടെത്തിക്കഴിഞ്ഞു. ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളില്‍ മിക്കതും അധികാരം നിലനിര്‍ത്തുന്നത് ഇങ്ങനെ ബോധപൂര്‍വം സൃഷ്ടിച്ചെടുക്കുന്ന വിദേ്വഷത്തിന്റെയും വെറുപ്പിന്റെയും പിന്‍ബലത്തിലാണ്. ലോകത്തെ പല വികസിത രാഷ്ട്രങ്ങള്‍ പോലും മതത്തിന്റെ കാര്യം വരുമ്പോള്‍ ഒഴിച്ചുനിര്‍ത്തല്‍ നിലപാടാണ് കൈക്കൊണ്ടിരുന്നത്, എന്നാല്‍ ഭാരതമാകട്ടെ ഉള്‍ക്കൊള്ളല്‍ മനോഭാവമാണ് പുലര്‍ത്തിയിരുന്നത്. ഈ സഹിഷ്ണുതാ പാരമ്പര്യമാണ് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത ഭാരതീയമായ സവിശേഷത. ലോകം പ്രശംസിച്ചിട്ടുള്ള ഇന്ത്യയുടെ സഹിഷ്ണുതാ പാരമ്പര്യം മതേതരത്വം മുഖമുദ്രയാക്കിയ ഭരണഘടനാ ശില്‍പികളും അനുവര്‍ത്തിച്ചു.

ബ്രിട്ടീഷ് ഭരണാധികാരികള്‍ ഭിന്നിപ്പിക്കലിന്റെ ഭാഗമായി ജനസമൂഹങ്ങള്‍ക്കിടയില്‍ വര്‍ഗീയത ഇളക്കിവിടുകയും സ്വാതന്ത്ര്യ-വിഭജന കാലത്ത് കൂട്ടക്കുരുതികളായി അവ പരിണമിക്കുകയും ചെയ്തു. ഭരണം കൈവിട്ടുപോകുന്നവന്റെ മാനസികനിലയാണ് വെള്ളക്കാരെക്കൊണ്ട് കുരുതി നടത്തിച്ചതെങ്കില്‍ ഇപ്പോഴത്തെ ഭരണാധികാരികള്‍ അധികാരം നിലനിര്‍ത്താനാണ് വിദേ്വഷത്തിന്റെ രാഷ്ട്രീയം പയറ്റുന്നത്.
ഫാസിസ്റ്റ് സംഘടനകള്‍ ഇപ്പോള്‍ ദേശസ്‌നേഹത്തിന്റെ മൂടുപടമണിഞ്ഞ് വ്യാജ രാജ്യസ്‌നേഹം വിളമ്പി രാഷ്ട്രത്തിന്റെ ബഹുസ്വര സംസ്‌കൃതിയെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ്.
ചരിത്രത്തെ പിന്നോട്ടടിക്കാനോ, തിരുത്താനോ ആര്‍ക്കും കഴിയില്ല. അതിജീവനത്തിനും ഉപജീവനത്തിനുമായി പക്ഷിമൃഗാദികളെപോലെ മനുഷ്യനും പുറപ്പാടുകള്‍ നടത്തുകയും പോരടിക്കുകയും പലായനം ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ടാകും. ജീവിതം കരുപ്പിടിപ്പിക്കാന്‍ പറ്റിയ ഇടങ്ങളില്‍ വേരുപിടിക്കുകയും പെരുകുകയും സ്വന്തം ഭാഷയും വിശ്വാസവും കണ്ടെത്തുകയും ചെയ്തിരിക്കും. ഓരോരോ ചരിത്രസന്ധികളിലൂടെ കടന്നുവന്ന മനുഷ്യസമൂഹത്തിന്റെ കഥയിങ്ങനെയാണ്. തലമുറകള്‍ താണ്ടിയ വഴികളില്‍ പിന്‍നടത്തം സാധ്യമല്ല.

പരിണാമത്തിന്റെ വഴികളിലൂടെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും രഥമോടിക്കുന്നവര്‍ ഉപബോധ മനസുകളില്‍ ഉറങ്ങിക്കിടക്കുന്ന വര്‍ഗീതയുടെയും ജാതീയതയുടെയും അധമചിന്തകളെ ഉണര്‍ത്തി സമചിത്തത നശിപ്പിക്കാനായിരിക്കും ശ്രമിക്കുക. അതിന് അവര്‍ സഹചരരെ പോലും ബലികൊടുത്ത് അണികള്‍ക്ക് മുന്നില്‍ അപരനെ സൃഷ്ടിച്ചെടുക്കും. ഗുജറാത്ത് കലാപത്തിന് വഴിമരുന്നിട്ട ഗോദ്ര ട്രെയിന്‍ തീവയ്പ് സംഭവത്തെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഈ വിധ സൂചനയാണ് നല്‍കുന്നത്. ഗുജറാത്തില്‍ 2002നും 2006നും ഇടയിലുണ്ടായ വ്യാജ ഏറ്റുമുട്ടലുകളും മറ്റൊന്നല്ല പറയുന്നത്. 2016 സെപ്റ്റംബറില്‍ ഉറിയില്‍ നിന്ന ഭീകരാക്രമണം മറ്റൊരു ഉദാഹരണം. ഇന്ത്യന്‍ സൈന്യത്തിന്റെ മൂക്കിനുതാഴെ അവരുടെ ആസ്ഥാനത്തിനു നേരെ ഭീകരാക്രമണം നടത്തിയ നാലുപേരെ കൊന്നെങ്കിലും ഇത്രയും സുരക്ഷയുള്ള പ്രദേശത്ത് എങ്ങനെ നുഴഞ്ഞുകയറി എന്ന് ആഭ്യന്തരവകുപ്പ് ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. ഒരു സംഘടനയും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. 17 ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. തിരിച്ചടിയെന്ന പേരില്‍ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ നടത്തുകയും പിന്നീട് അത് ആഘോഷമാക്കുകയുമായിരുന്നു.
മുംബൈ താജ് ഹോട്ടലില്‍ 26/11ല്‍ നടന്ന ഭീകരാക്രമണത്തിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ജമ്മു പുല്‍വാമയില്‍ നടന്നത്. ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫിലെ 78 കവചിത വാഹനങ്ങളില്‍ ഒന്നിനുനേര്‍ക്കുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ ഇന്ത്യയുടെ 44 ധീരജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തു. ചാവേറായി പ്രവര്‍ത്തിച്ച ഭീകരന്‍ ആദില്‍ അഹമ്മദ് ദാര്‍ പുല്‍വാമ സ്വദേശിയാണ്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇയാള്‍ പിടിയിലായത് ആറ് തവണയാണ്. എന്നാല്‍ ഒരിക്കല്‍ പോലും ആദിലിനെതിരെ കേസെടുക്കുകയോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല- എന്‍ഡി ടിവിയും ഐഎഎന്‍എസും പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭീകരാക്രമണം ഉണ്ടാകുമെന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോ സ്‌ഫോടനത്തിന് രണ്ട് ദിവസം മുമ്പേ ജയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടിരുന്നുവെന്നും ഇത് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടും അവര്‍ യാതൊരു നടപടിയുമെടുത്തില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാനുമായി ഹൈവേയിലൂടെ ആരുടെയും ശ്രദ്ധ പതിയാതെയാണ് ആദില്‍ ഓടിച്ചുപോയി ആക്രമണം നടത്തിയതെന്ന് ഇന്റലിജന്‍സ് ഉദേ്യാഗസ്ഥര്‍ തന്നെ പറയുന്നത്. സുരക്ഷാസേനകള്‍ ശ്രദ്ധക്കുറവ് വരുത്തിയെന്ന് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും കുറ്റപ്പെടുത്തുന്നു.

1999ലെ കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തോടനുബന്ധിച്ച് ഇന്ത്യ വിട്ടുനല്‍കിയ ഭീകരന്‍ മസൂദ് അസറിന്റെ പേരാണ് പിന്നീട് ഇങ്ങോട്ട് ഇന്ത്യയില്‍ നടന്നിട്ടുള്ള ഭീകരാക്രമണങ്ങളിലെല്ലാം ഉയര്‍ന്നുവന്നിട്ടുള്ളത്. മസൂദ് അസറിന്റെ വിടുതല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഉദേ്യാഗസ്ഥന്‍മാരില്‍ ഒരാളായ അജിത് ഡോവല്‍ (സുരക്ഷാ ഉപദേഷ്ടാവ്) സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘മസൂദിന് ബോംബ് ഉണ്ടാക്കാനോ, തോക്ക് ഉപയോഗിക്കാനോ പോലും അറിയില്ലെന്ന്.’ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അപരനെ നിര്‍മ്മിക്കല്‍ പ്രക്രിയകള്‍ക്കിടയില്‍ അജിത് ഡോവലിന്റെ വാക്കുകളും ചേര്‍ത്തുവായിക്കേണ്ടതാണ്.
നോട്ടുനിരോധനം, തൊഴിലില്ലായ്മ, കാര്‍ഷികപ്രതിസന്ധി, ജിഎസ്ടി, റഫാല്‍ അഴിമതി, കോര്‍പ്പറേറ്റുകളുടെ വായ്പാതട്ടിപ്പ് വര്‍ധിച്ചുവരുന്ന വംശീയ വിദേ്വഷ കൊലപാതകങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്നിവയെ തെരഞ്ഞെടുപ്പ് അടുത്തവേളയില്‍ മുക്കാനാണ് അയല്‍ രാജ്യങ്ങളുമായുള്ള കൊമ്പുകോര്‍ക്കല്‍ എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഭരണകൂട വിദേ്വഷവും വെറുപ്പും ആളിക്കത്തിച്ച് അപരനെ നിര്‍മ്മിക്കുമ്പോള്‍ അപരനാകട്ടെ മൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും പൗരോഹിത്യ ബുര്‍ഖകളില്‍ സ്വയം ഒളിക്കാനും വിധേയപ്പെടാനും ശ്രമിക്കുന്നു. പുരോഗതിയുടെയും സ്വതന്ത്ര ചിന്തകളുടെയും എതിരാളികളായ പൗരോഹിത്യം കാലഹരണപ്പെട്ട മതഗ്രന്ഥങ്ങള്‍കൊണ്ട് പ്രജ്ഞയേയും ബുദ്ധിയേയും അന്ധകാരത്തിലേക്ക് നയിക്കുന്നു.
മാറ്റൊലി: ലോകമെമ്പാടുമുള്ള പൗരോഹിത്യത്തിന്റെ ഇന്നത്തെ പണിയെന്താണ്? വിശ്വാസിയുടെ അസ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതാണ്.