Web Desk

നോട്ടം( കോവിഡ്)

October 28, 2020, 5:30 am

പറയുന്നതൊന്ന് പ്രവൃത്തി വേറൊന്ന്

Janayugom Online

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നുവെന്നാണ് കേന്ദ്രഭരണകൂടം പറയുന്നത്. അയൽരാജ്യങ്ങളുമായിപ്പോലും തുലനം ചെയ്താൽ ഇന്ത്യയുടെ രോഗവ്യാപന പ്രതിദിനതോതും മരണനിരക്കും മുന്നിൽ തന്നെയാണ്. ഒരു ദശലക്ഷത്തിൽ 83 മരണങ്ങളാണ് ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്.

കോവിഡിന്റെ ഉത്ഭവകേന്ദ്രമായ ചൈനയിൽ അതുപക്ഷെ മൂന്നിലേക്കു ചുരുങ്ങി. തുടക്കം മുതൽ ഇന്നുവരെ കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ നിന്ന് ഒരുപടിപോലും അവർ പിറകോട്ടുപോയില്ലെന്നതാണ് വസ്തുത. സിൻജിയാങ് പ്രവിശ്യയിലെ കഷ്ഗർ നഗരത്തിൽ 47 ലക്ഷം പേരിൽ കോവിഡ് പരിശോധന നടത്തുകയാണിപ്പോൾ. നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഒരു ഫാക്ടറിയിൽ തൊഴിലെടുക്കുന്ന ഒരു സ്ത്രീയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ഇതുവരെ പരിശോധന പൂർത്തിയാക്കിയ 28 ലക്ഷത്തിൽ 137 പേരിൽ രോഗം കണ്ടെത്തി ചികിത്സാനടപടികളിലേക്ക് കടന്നിരിക്കുന്നു.

ചൈനയുടെ ഈ ചടുലത ലോകത്തിന് മാതൃകതന്നെയാണ്. ചൈനയിൽ രോഗം സ്ഥിരീകരിച്ച് വൈകാതെ ലോകരാജ്യങ്ങൾക്കെല്ലാം അവരും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഇന്ത്യ അത് സ്വീകരിക്കുവാൻ വൈകിയെന്നത് നേരത്തേത്തന്നെ പറഞ്ഞുപഴകിയതാണ്. 2019 ഡിസംബറിലാണ് ചൈനയിൽ ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 2020 ജനുവരി 30ന് ഇന്ത്യയിലെ ആദ്യ കേസ് കണ്ടെത്തി. ഒരുവര്‍ഷത്തിലേക്കടുക്കുമ്പോഴും കോവിഡ് പ്രതിരോധത്തിന്റെ കേന്ദ്ര മാതൃക എന്നത് ഒരു സംസ്ഥാനത്തിനും ലഭിച്ചില്ലെന്നുമാത്രമല്ല സമീപ രാജ്യങ്ങളേക്കാൾ സ്ഥിതി മോശമാകുകയും ചെയ്തു. ഏഷ്യൻ രാജ്യങ്ങളിൽ നേരത്തെ സൂചിപ്പിച്ച കണക്കുകൾ പ്രകാരം തൊട്ടടുത്ത ബംഗ്ലാദേശിലെ മരണനിരക്ക് ഒരു ദശലക്ഷത്തിൽ 34 ആണ്. നേപ്പാളിൽ 25 മരണവും പാകിസ്ഥാനിൽ 30 ഉം ശ്രീലങ്കയിൽ 0.6 ഉം മലേഷ്യയിൽ ആറും ഇന്തോനേഷ്യയിൽ 46 ഉം തായ്‌ലന്‍ഡിൽ 0.8ഉം ആണ്. ഇന്നലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ് വ്യാപനം കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ കുറഞ്ഞ നിരക്കാണ് പ്രകടമായത്. 488 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത്.

രോഗബാധിതരുടെ എണ്ണം 36,370 ഉം. ഇതിനകം 79,46,429 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ രോഗമുക്തി നേടിയത് 72,01,070 പേരാണ്. ഇതുവരെ 1,19,502 പേര്‍ മരിച്ചു. കോവിഡ് കുറഞ്ഞെന്ന് പറയുമ്പോൾ തന്നെ നിയന്ത്രണത്തിൽ ഇളവുകൾ വരുത്തുന്ന അൺലോക്-അഞ്ച് നീട്ടാനാണ് ഇന്നലെ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ഉത്സവകാലത്ത് കോവിഡ് പ്രതിരോധത്തിൽ ഗണ്യമായ അയവ് വരുത്താനായിരുന്നു നേരത്തെയെടുത്ത തീരുമാനം. അതിൽ നിന്ന് പിന്മാറേണ്ടിവന്ന സർക്കാർ, നവംബർ 30 വരെയാണ് അൺലോക്-അഞ്ച് നീട്ടിയിരിക്കുന്നത്. സ്കൂളുകൾ തുറക്കാനുള്ള തീരുമാനമടക്കം സംസ്ഥാന സര്‍ക്കാരുകൾക്ക് കൈകൊള്ളാമെന്നാണ് ഇന്നലെ ആഭ്യന്തര മന്ത്രാലയം പറഞ്ഞിരിക്കുന്നത്.

കോവിഡ് വ്യാപനം തുടരുമ്പോഴും ഭരണകൂട നടപടികളിലെ അവ്യക്തകളും പോരായ്മകളും നിഴലിക്കുന്നത് സംസ്ഥാനങ്ങളെയും ആരോഗ്യസംവിധാനങ്ങളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പും ആരോഗ്യമന്ത്രാലയവും പരസ്പരബന്ധമില്ലാത്തവിധം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് പ്രശ്നം. അടുത്ത മൂന്ന് മാസം രാജ്യത്തെ സ്ഥിതിഗതികൾ നിർണായകമാകുമെന്നാണ് ആരോഗ്യമന്ത്രി ഹർഷവർധൻ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 95,000ൽ നിന്ന് 55,000ത്തിലേക്ക് പ്രതിദിന രോഗനിരക്ക് എത്തിക്കാനായത് നേട്ടമാണെന്നും അവകാശപ്പെടുന്നുണ്ട്. രാജ്യം ശരിയായ ദിശയിലാണെന്നും പ്രതിരോധത്തിൽ മികച്ച പുരോഗതിയുണ്ടെന്നും പറയുന്നു.

അതേസമയം രാജ്യത്തെ 30 ശതമാനം പേരിലും കൊറോണ വൈറസ് ബാധിച്ചിരിക്കുകയാണെന്നാണ് വിദഗ്ധർ വിവരിക്കുന്നത്. അടുത്ത ഫെബ്രുവരിയോടെ ഇത് 50 ശതമാനത്തിലേക്ക് ഉയരുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു. ശൈത്യകാലവും വരാനിരിക്കുന്ന ആഘോഷങ്ങളുമെല്ലാം വ്യാപനം കുത്തനെ കൂട്ടുമെന്നാണ് കാൺപൂർ ഐഐടിയിലെ പ്രൊഫസറും കേന്ദ്ര സര്‍ക്കാർ നിയോഗിച്ച സമിതിയിലെ അംഗവുമായ ഡോ. മനീന്ദ്ര അഗർവാൾ പറയുന്നത്. കോവിഡ് വ്യാപനത്തിന്റെ തീവ്രഘട്ടം പിന്നിട്ടുവെന്നും പ്രതിരോധം കർശനമാക്കിയാൽ ഫെബ്രുവരിയോടെ നിയന്ത്രിക്കാനാവുമെന്നാണ് ഇതേ സമിതിയിലുള്ള ഹൈദരാബാദ് ഐഐടിയിലെ പ്രൊഫസറായ ഡോ. എം വിദ്യാസാഗറിന്റെ നിരീക്ഷണം.

രാജ്യത്തെ മാനംകെടുത്തി വാക്സിൻ വോട്ടാക്കൽ

വസ്തുതകൾ ഇങ്ങനെ പലവിധത്തിൽ പോകുമ്പോഴും കോവിഡിനെ തീര്‍ത്തും രാഷ്ട്രീയമായി ഉപയോഗിക്കാനാണ് നരേന്ദ്രമോഡി സർക്കാരും രാഷ്ട്രീയ പിന്തുണ നൽകുന്ന ബിജെപിയും ശ്രമിക്കുന്നത്. ബിഹാറിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ പുറത്തിറക്കിയ പ്രകടനപത്രികയിൽ കോവിഡ് വാക്സിനെ വോട്ടിനായി രേഖപ്പെടുത്തിയെന്നത് രാജ്യത്തിനുതന്നെ അപമാനമായി. കൊറോണ വൈറസ് വാക്സിൻ വലിയതോതിൽ ലഭ്യമാകുമ്പോൾ ബിഹാറിലെ വോട്ടർമാർക്ക് സൗജന്യമായി നൽകാമെന്നാണ് വാഗ്ദാനം. പ്രകടനപത്രിക പുറത്തിറക്കിയതാകട്ടെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനും.

ലോകമെങ്ങുമുള്ളവർ വാക്സിനിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. അതിനിടെ ബാബാ രാംദേവിന്റെ ആയൂർവേദ കമ്പനിയായ പതഞ്ജലി കോവിഡ് രോഗമുക്തി അവകാശപ്പെട്ട് കൊറോണിൽ കിറ്റും മരുന്നുകളും നരേന്ദ്രമോഡിയുടെ സർവപിന്തുണയോടെ തുടരുന്നുണ്ട്. യാതൊരു ശാസ്ത്ര പിന്തുണയും ഇതിനില്ലെന്നിരിക്കെ, കഴിഞ്ഞ നാല് മാസത്തെ വിറ്റുവരവ് 241 കോടിയുടേതാണ്. ഒരിടത്തുപോലും ഈ കമ്പനിയുടെ മരുന്നുകൊണ്ട് കോവിഡ് രോഗികളിൽ ഫലം കണ്ടില്ലെന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.

കോവിഡിനുള്ള മരുന്നെന്ന രീതിയിൽ ഈ ഉല്പന്നങ്ങൾ വില്ക്കരുതെന്ന് ആയുഷ് മന്ത്രാലയം ഇടക്കാലത്ത് നോട്ടീസ് നല്‍കിയതാണ്. കോവിഡിനുള്ള വ്യാജ മരുന്നിന്റെ പേരില്‍ നേരത്തെ പതഞ്ജലിക്ക് മദ്രാസ് ഹൈക്കോടതി 10 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. എന്നിട്ടും നാലുമാസത്തിനിടെ 85 ലക്ഷം യൂണിറ്റ് മരുന്നുകൾ വില്പന നടത്തിയെന്നാണ് റിപ്പോർട്ട്. മൗനാനുമതി നൽകുകയല്ലാതെ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ കർശന ഇടപെടൽ നടത്തിയതുമില്ല.