ദേവിക

വാതിൽപ്പഴുതിലൂടെ

January 25, 2021, 5:45 am

വരിക ഗന്ധര്‍വ ഗായകാ വീണ്ടും

Janayugom Online

ഞങ്ങളുടെ കണിയാപുരത്തെ പുത്തന്‍വീട് തറവാട്ടില്‍ ഒരു വന്ദ്യപിതാമഹനുണ്ട്. ആ മുത്തശ്ശന് ഇന്നലെ എഴുപത്തഞ്ചു തികഞ്ഞു. എറണാകുളത്തെ നമ്മുടെ കെ വി തോമസ് മാഷിന്റെ അതേ പ്രായം. കഴിഞ്ഞ അര നൂറ്റാണ്ടോളമായി മാധ്യമപ്രവര്‍ത്തകനാണ്. അനേകം അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇന്നും അതേ തൊഴിലില്‍ ഉറച്ചുനില്ക്കുന്നു. അറുപത് വയസായാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന് അപേക്ഷിക്കാം. അതും ചെയ്തില്ല. പണി ചെയ്യുമ്പോള്‍ വേതനം എത്ര ചെറുതായാലും വലുതായാലും പെന്‍ഷന്‍ വാങ്ങുന്നത് ധാര്‍മ്മികതയല്ലെന്ന് കരുതുന്ന പിതാമഹന്‍. ഇനി അപേക്ഷിക്കുകയുമില്ല. കാരണം എണ്‍പത്തിഒന്നാം വയസില്‍ പെന്‍ഷന് അപേക്ഷിച്ച് തിരസ്കൃതനായ ആധുനിക മലയാള മാധ്യമ മേഖലയിലെ കുലപതികളിലൊരാളായ എസ് ജയചന്ദ്രന്‍ നായര്‍ക്കുണ്ടായ ദുരനുഭവം തന്നെ. അംശാദായം അടച്ചില്ല, അറുപതാം വയസില്‍ തന്നെ അപേക്ഷിച്ചില്ല തുടങ്ങിയ തൊടുന്യായങ്ങളുടെ ‘ശ്യാമമേഘം‘കൊണ്ടുമൂടിവായിക്കാനാവാതെ ദയാശൂന്യമായി തള്ളിയ ആ അപേക്ഷ. ഈ കാരുണ്യരാഹിത്യത്തിനു ചുക്കാന്‍ പിടിച്ചത് പത്രപ്രവര്‍ത്തകനായിരുന്ന ശേഷം അടുത്തൂണ്‍ പറ്റി മാധ്യമപെന്‍ഷനും ഉപദേഷ്ടാവെന്ന പദവിയില്‍ പ്രതിമാസം ലക്ഷത്തിനപ്പുറം തുക ശമ്പളം പറ്റുന്ന ഒരു മഹാകവിയാണെന്നു വരുമ്പോഴാണ് ധാര്‍ഷ്ട്യവും ദയയും രണ്ട് ധ്രുവങ്ങളില്‍ മുഖാമുഖം നില്ക്കുന്ന കാഴ്ച കാണാനാവുക.

ഇരുപത്തൊന്നു വര്‍ഷം പെന്‍ഷന്‍ വാങ്ങാതെ ഖജനാവിനു മുതല്‍ക്കൂട്ടിയ ജയചന്ദ്രന്‍ നായര്‍ ചെയ്ത മഹാപാതകം ഇത്രയും കാലം അപേക്ഷ നല്കാത്തതെന്ന് വിശദീകരണം. പഴുത്തില കൊഴിയുമ്പോള്‍ പഴുത്തിട്ടും കൊഴിയാതെ നില്ക്കുന്ന ‘കവിയില’യുടെ ക്രൂരമായ ചിരി കാണുക. അഭിവന്ദ്യ പിതാമഹനും ജയചന്ദ്രന്‍ സാറും ശ്രമിച്ചിരുന്നുവെങ്കില്‍ പണ്ടെന്നോ തന്നെ ഭരണത്തിന്റെ ഉന്നതശ്രേണികളില്‍ കയറിപ്പറ്റാമായിരുന്നു. അതും അവരുടെ കുറ്റം. വാര്‍ധക്യത്തിലും മോഹങ്ങളില്ലാതെ അവര്‍ കഴിയുന്നു. ഇവര്‍ക്കിടയിലാണ് മറ്റൊരു വൃദ്ധനായ മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ് ഞെളിഞ്ഞു നില്ക്കുന്നത്. പലതവണ എംപിയായി. സോണിയാഗാന്ധിക്ക് കുമ്പളങ്ങിക്കായലിലെ തിരുതവറുത്തതും ചെമ്മീന്‍ പൊള്ളിച്ചതും കാഴ്ചവച്ച് കേന്ദ്രമന്ത്രിയായി. കേരളത്തില്‍ എംഎല്‍എയും മന്ത്രിയുമൊക്കെയായി. പക്ഷേ വാര്‍ധക്യത്തില്‍ മാത്രമല്ല കുഴിയില്‍ കൊണ്ടുവച്ചാല്‍ പോലും ഒരഞ്ചു മിനിറ്റുകൂടി അധികാരമോഹം ഹൃദയത്തില്‍ സൂക്ഷിക്കുന്നവരുടെ ഗണത്തില്‍പ്പെടുന്നയാളാണ് തോമസ് മാഷ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ താനിപ്പോള്‍ ബിജെപിയായിക്കളയും എന്നു ഭീഷണിപ്പെടുത്തി. ബിജെപി പോലും ഗൗനിക്കാതായപ്പോള്‍ മാളത്തിലൊളിച്ചു. ഇപ്പോള്‍ നിയമസഭയിലേക്ക് മത്സരിക്കണം, മന്ത്രിയാകണം എന്നൊക്കെയായി ഡിമാന്‍ഡ്. അപ്പോള്‍ ദേ വരുന്നു മാഷിന്റെ അന്ത്യശാസനം; താന്‍ പത്രസമ്മേളനം വിളിച്ചു കമ്മ്യൂണിസ്റ്റാകാന്‍ പോകുന്നു. ഇതെന്തു സര്‍ക്കാരെടാ മെെതീനേ എന്നു പറഞ്ഞപോലെ പത്രസമ്മേളനം വിളിച്ചാല്‍ ആരെങ്കിലും കമ്മ്യൂണിസ്റ്റാവുമോ! ഇതുകേട്ട സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു; ഇതെല്ലാം മാഷിന്റെ ഒരു ഡക്കു വേലയല്ലേ! ഇടതുമുന്നണി ഏകോപനസമിതി കണ്‍വീനറായിരുന്ന എം എം ലോറന്‍സും പറഞ്ഞു; ഈ സത്വത്തെ ഇടതുമുന്നണിയുടെ ഏരിയയില്‍ അടുപ്പിക്കരുത്. മുന്‍ എറണാകുളം എംപിയും എംഎല്‍എയുമായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുന്നറിയിപ്പ് നല്കി. പദവിക്കുവേണ്ടി വരുന്ന ആര്‍ത്തിപ്പണ്ടാരമാണ് ഈ മാഷ്.

കോഴി കൂവി വെളുക്കും മുമ്പ് മാഷ് പ്രഖ്യാപിക്കുന്നു, പത്രസമ്മേളനം റദ്ദാക്കിയിരിക്കുന്നതായി തെര്യപ്പെടുത്തിക്കൊള്ളുന്നു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭാവഭംഗി. കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പദവി വച്ചുനീട്ടിയപ്പോള്‍ മാഷ് ഫ്ലാറ്റ്. വര്‍ക്കിംഗ് പ്രസിഡന്റ് പദമെന്നാല്‍ ഭൂലോക ചക്രവര്‍ത്തി പദമല്ല. കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റുമാരും വെെസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രം വോട്ട് ചെയ്താല്‍ ഇടതുമുന്നണി തറപറ്റിപ്പോവുന്ന കാക്കത്തൊള്ളായിരം വരുന്ന അംഗസംഖ്യ എന്തായാലും ഇടതുമുന്നണിയെ ഒരാപത്തില്‍ നിന്നു രക്ഷിക്കാന്‍ തോമസ് മാഷെ തിരിച്ചുവിളിച്ച സോണിയാമാഡത്തിന് സഹസ്രകോടി റെഡ് സല്യൂട്ട്. ഇക്കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടു; മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാന്‍ കോടികള്‍ ചെലവഴിച്ചെന്ന്. വിവരാവകാശ പ്രകാരമുള്ള ഈ രേഖ സത്യമായിരുന്നുതാന്‍. മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിന്റെ പിന്നാമ്പുറ കഥകള്‍ മന്ത്രിമാര്‍ക്ക് അറിയില്ല.

മാധ്യമശിങ്കിടിമുങ്കന്മാര്‍ക്കുമറിയില്ലെന്നതാണ് നേര്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന എണ്‍പതുകള്‍. അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയും ഇന്നത്തെ മുഖ്യമന്ത്രിയുടെ ക്ലിഫ്ഹൗസ് തന്നെയായിരുന്നു. ഒരു ദിവസം കുറേ എന്‍ജിനീയര്‍മാരെത്തി ക്ലിഫ്ഹൗസിലെ വാതിലുകളെല്ലാം വിരല്‍മുട്ടുകള്‍കൊണ്ട് കൊട്ടിനോക്കി. ഡോക്ടര്‍മാര്‍ ശരീരഭാഗങ്ങളില്‍ മുട്ടി നോക്കുന്നതുപോലെ. മുന്‍വശത്തെ വാസ്തുശില്പഭംഗിയെഴുന്ന വെനീഷ്യന്‍ വാതിലില്‍ മുട്ടിയപ്പോള്‍ സപ്തസ്വരങ്ങള്‍. എന്‍ജിനീയര്‍മാര്‍ വിധിയെഴുതി, കതകു കരയുന്നുണ്ട്. ഉടന്‍ മാറ്റണം. അവര്‍ കരുണാകരനോട് ഭവ്യതയോടെ പറഞ്ഞു; ഈ വാതില്‍ അപകടത്തിലാണ്. ഉടന്‍ മാറ്റിയില്ലെങ്കില്‍ ആപത്താണ്. ഡോര്‍ മറിഞ്ഞാല്‍ അഞ്ചാറുപേരെങ്കിലും ചതഞ്ഞുമരിക്കും. ഇതുകേട്ട കരുണാകരന് അന്ധാളിപ്പായി. ആ അഞ്ചാറുപേരില്‍ താനും പെട്ടുപോയാലോ. അന്നുതന്നെ വെനീഷ്യന്‍ വാതില്‍ മാറ്റി മറ്റൊന്നു ഘടിപ്പിക്കാന്‍ കരുണാകര കല്പന. പിന്നെ കാര്യങ്ങള്‍ വെെകിയില്ല. മൂന്ന് ദിവസത്തിനകം ശില്പചാരുതയുള്ള ആ വാതില്‍ അപ്രത്യക്ഷമായി. പകരം തേക്കിന്‍തടിയില്‍ മറ്റൊന്ന് ഫിറ്റ് ചെയ്തു. ഇളക്കി മാറ്റിയ വെനീഷ്യന്‍ വാതില്‍ ഒരു എന്‍ജിനീയര്‍ പണിയുന്ന പുതിയ മന്ദിരത്തിന്റെ പൂമുഖത്ത് രാജകീയമായി നില്ക്കുന്നു. ഒരു മാധ്യമപ്രവര്‍ത്തകന്‍ അന്നു നടത്തിയ അന്വേഷണത്തിലാണ് മന്ത്രി മന്ദിരങ്ങള്‍ നവീകരിക്കുന്നതിന്റെ പേരില്‍ എന്‍ജിനീയര്‍മാര്‍ നടത്തുന്ന കോടികളുടെ കൊള്ളയുടെ ചുരുളഴിയുന്നത്.

ഏതാനും മാസം മുമ്പാണ്, ഒഡിഷയില്‍ നൂറ് വയസുള്ള ഒരു പടുവൃദ്ധ രോഗശയ്യയിലാണ്. അവര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്കായി അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഉദ്യോഗഗര്‍വം ഉടന്‍ സടകുടഞ്ഞെണീറ്റു. വൃദ്ധയെ തന്റെ മുന്നില്‍ ഹാജരാക്കാന്‍ ഉദ്യോഗസ്ഥയായ യുവതിയുടെ കല്പന. വൃദ്ധയുടെ മകള്‍ അമ്മയെ കട്ടിലില്‍ കിടത്തി വൃദ്ധ തന്നെയായ മകള്‍ പുണ്ടിമാതാ ദേവി ചുട്ടുപൊള്ളുന്ന നിരത്തിലൂടെ വലിച്ചിഴച്ചു നീങ്ങുന്ന കരളലിയിപ്പിക്കുന്ന ദൃശ്യം ലോകമാധ്യമങ്ങളിലാകെ പ്രത്യക്ഷപ്പെട്ടിരുന്നു. ആനുകൂല്യം വേണമെങ്കില്‍ നേരിട്ടു ഹാജരാകണമെന്ന ഉദ്യോഗസ്ഥ ധാര്‍ഷ്ട്യത്തിന്റെ കിരാതവിളംബരമായ സംഭവം. യുപിയിലും ഒഡിഷയിലും ഇതൊക്കെ നടക്കും. രാഷ്ട്രീയ പ്രബുദ്ധമായ സാംസ്കാരിക കേരളത്തില്‍ ഇത് അരുത്.