Thursday
23 May 2019

പരാജയഭീതികൊണ്ട് തിരശീലയ്ക്ക് പിന്നിലേക്ക് ഓടിമറയുന്നവര്‍

By: Web Desk | Thursday 14 March 2019 10:33 PM IST


കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരാര്‍ഥികളാകുവാന്‍ കോണ്‍ഗ്രസില്‍ കുത്തൊഴുക്കാണ്. ഒരു മണ്ഡലത്തില്‍ തന്നെ എണ്ണിതീര്‍ക്കുവാനാവാത്തത്ര സ്ഥാനാര്‍ഥികള്‍ രംഗത്തുവരും. അവര്‍ സ്വന്തം അനുയായികളെ കൊണ്ട് തങ്ങള്‍ക്ക് ജയ് വിളിപ്പിക്കും. ലോ-കമാന്‍ഡിനെയും ഹൈക്കമാന്‍ഡിനെയും സ്വാധീനിക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കും. അക്കാര്യത്തില്‍ ഗ്രൂപ്പ് ഭേദമൊന്നുമുണ്ടാവുകയില്ല. സീറ്റ് തന്നില്ലെങ്കില്‍ റിബലായി മത്സരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ജനങ്ങളാകെ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട് നേതൃത്വത്തെ ഭയപ്പെടുത്താന്‍ യത്‌നിക്കുകയും ചെയ്യും.
ഇപ്പോള്‍ ആയാറാം ഗയാറാം രാഷ്ട്രീയം വീണ്ടും ശക്തമായി അവതരിപ്പിക്കപ്പെടുന്ന ഘട്ടം കൂടിയാണ്. രാവേറും സമയം വരെയും കോണ്‍ഗ്രസായിരിക്കുന്നവര്‍ നേരം പുലരുമ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന് കാവിവസ്ത്രമണിഞ്ഞ് കൈകൂപ്പി നില്‍ക്കുന്നു. അതില്‍ പിസിസി അധ്യക്ഷന്‍മാരായിരുന്നവര്‍, എം പിമാരായിരുന്നവര്‍, കേന്ദ്രമന്ത്രിമാരായിരുന്നവര്‍ ഒക്കെയുണ്ട്. ഏറ്റവുമൊടുവില്‍ എഐസിസി വക്താവ് ടോം വടക്കനും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി. കര്‍ണാടകയില്‍ എംഎല്‍എമാര്‍ കോടിക്കണക്കിന് രൂപയ്ക്ക് മുന്നില്‍ വരിവരിയായി നിന്ന് തലകുമ്പിട്ട് കൈകൂപ്പുന്നു. റിസോര്‍ട്ടുകളാണ് രക്ഷാ കവചം ഒരുക്കുന്നത്. കോണ്‍ഗ്രസ് ബിജെപിയിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സിയായി അധഃപതിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുളള പലായനം പോലെ ശക്തമല്ലെങ്കിലും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കും മെല്ലെമെല്ലെയുള്ള ഒഴുക്ക് കാണാനാവും. എല്ലാം സീറ്റിനുവേണ്ടിയാണ്. പദവിക്കുവേണ്ടിയാണ്. മന്ത്രിസ്ഥാനത്തിനുവേണ്ടിയാണ്. കാറ്റ് എങ്ങോട്ടേക്ക് വീശുന്നുവോ അങ്ങോട്ടേക്ക് ചാഞ്ഞുമറിയുന്നവര്‍. സ്ഥാനാര്‍ഥിയാവാന്‍ ഞാന്‍ മുന്നേ മുന്നേ എന്ന് മന്ത്രിച്ച് കോണ്‍ഗ്രസുകാര്‍ തിക്കും തിരക്കും കൂട്ടിയപ്പോള്‍ കോണ്‍ഗ്രസ് തിക്കും തിരക്കും കുറയ്ക്കാന്‍ പുതിയ സംവിധാനം ആവിഷ്‌കരിച്ചു. സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുന്നവര്‍ 50,000 രൂപയും ഒരു ലക്ഷം രൂപയും നല്‍കി അപേക്ഷകള്‍ സമര്‍പ്പിക്കണം. പക്ഷേ തിരക്ക് കുറഞ്ഞതേയില്ല. എത്ര പണവും അടയ്ക്കാന്‍ കോണ്‍ഗ്രസുകാര്‍ സന്നദ്ധര്‍. കോണ്‍ഗ്രസുകാര്‍ക്കോ പണത്തിന് പഞ്ഞം.
പക്ഷേ പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസുകാര്‍ ഒളിച്ചോട്ടത്തിന്റെ കുതിച്ചുപായലിലാണ്. സ്ഥാനാര്‍ഥിക്ഷാമം കാരണം സ്ഥാനാര്‍ഥി പ്രഖ്യാപനം പറഞ്ഞ തീയതിയും കടന്ന് നീണ്ടുനീണ്ടു പോകുന്നു. ഈ അനന്തതയ്ക്ക് എന്ന് വിരാമമാവുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവിനും നിശ്ചയമില്ല. എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മലയാളിയായ കെ സി വേണുഗോപാല്‍ ആ സ്ഥാനം ഏറ്റെടുത്ത് മാസങ്ങള്‍ക്കുശേഷവും മാധ്യമങ്ങളോട് പറഞ്ഞു; ‘മത്സരിക്കുന്നെങ്കില്‍ ആലപ്പുഴയില്‍ തന്നെ’. പക്ഷേ ഇടതുമുന്നണി സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിനു പിന്നാലെ കെ സി വേണുഗോപാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ‘ഇല്ല, ഇത്തവണ മത്സരിക്കില്ല’ കട്ടായമായി അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തിന്റെ കാരണങ്ങളും അദ്ദേഹം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥാനാര്‍ഥികളെ നിശ്ചയിക്കണം. രാജ്യത്താകെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കണം. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് രൂപകല്‍പന നടത്തണം. വിശിഷ്യാ കര്‍ണാടക സംസ്ഥാനത്തിന്റെ സവിശേഷ ചുമതല നിര്‍വഹിക്കണം. അതുകൊണ്ട് താനില്ലേയില്ല. പിന്നെന്തിനാണ് മത്സരിക്കുന്നെങ്കില്‍ ആലപ്പുഴയില്‍ നിന്നുതന്നെ എന്ന് പുരപ്പുറത്തു കയറി നിന്ന് കൂവിയാര്‍ത്തത്? മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറയുന്നൂ. കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന്. മത്സരിക്കാനില്ലെന്ന് പറയുന്ന വേണുഗോപാല്‍ വയനാട് സീറ്റിനു വേണ്ടിയുള്ള മല്ലയുദ്ധത്തിലാണ് എന്നതാണ് യാഥാര്‍ഥ്യം.
മുല്ലപ്പള്ളി രാമചന്ദ്രന്‍തന്നെ വടകരയില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസുകാരാകെ കേണപേക്ഷിക്കുന്നുവത്രേ! പക്ഷേ മുല്ലപ്പള്ളി പറയുന്നൂ, രാഹുല്‍ഗാന്ധിയല്ല ദൈവം തമ്പുരാന്‍ പറഞ്ഞാലും താന്‍ മത്സരിക്കില്ലെന്ന്. അദ്ദേഹത്തിനുമുണ്ട് ന്യായവാദം. ഇരൂപത് പാര്‍ലമെന്റ് മത്സരത്തിലും അദ്ദേഹം ഓടിയെത്തിയാലേ യുഡിഎഫിന് വിജയിക്കുവാനാവൂ. വടകര മണ്ഡലത്തില്‍ മാത്രം ഒതുങ്ങിപ്പോയാല്‍ പത്തൊമ്പത് മണ്ഡലങ്ങളും തോറ്റുപോവും. താന്‍ മാത്രം ജയിക്കുകയും പത്തൊമ്പത് മണ്ഡലങ്ങള്‍ തോല്‍ക്കുകയും ചെയ്താല്‍ തന്റെ കരള് കരിഞ്ഞുപോകുമെന്നാണ് മുല്ലപ്പള്ളിയുടെ നീതിസാരം.
കണ്ണൂരില്‍ വീണ്ടും മത്സരിക്കുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്ന കെ സുധാകരനും വീണ്ടുവിചാരമുണ്ടായി. ഇത്തവണ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സുധാകരന്‍ കാരണമായി പറഞ്ഞത് വ്യക്തിപരമായി ഒട്ടേറെ അസൗകര്യങ്ങളുണ്ടെന്നാണ്. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ എന്തു ത്യാഗത്തിനും നാണക്കേടേറ്റുവാങ്ങലിനും സന്നദ്ധന്‍ എന്ന് അദ്ദേഹം പിന്നീട് തിരുത്തി. പക്ഷേ മത്സരിക്കുന്നതിലുള്ള ഉള്‍ഭയം ബാക്കിയുണ്ട് താനും.
ഉമ്മന്‍ചാണ്ടിയെ കോട്ടയത്തോ ഇടുക്കിയിലോ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നൂ. അണ്ണാനെ കുടുക്കുവാന്‍ വച്ച കെണി മാറ്റിവച്ചാല്‍ മതിയെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. വീണ്ടും മുഖ്യമന്ത്രിയാകേണ്ട ഉമ്മന്‍ചാണ്ടിയെ നാടുകടത്താനുള്ള രമേശ് ചെന്നിത്തലയുടെ ആസൂത്രിത ഗൂഢനീക്കമാണിതെന്ന് എ ഗ്രൂപ്പിലെ സൈദ്ധാന്തിക വിശാരദന്‍മാര്‍ ഉമ്മന്‍ചാണ്ടിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചിറയിന്‍കീഴ് വേണ്ട, ആലപ്പുഴയില്‍ പോയാല്‍ മതി എന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശത്തോട് പണി തന്നോട് വേണ്ടെന്നാണ് അടൂര്‍ പ്രകാശിന്റെ മറുപടി.
തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിയില്‍ കാമുകന്‍മാര്‍ ധാരാളമായിരുന്നു. കഥയൊന്നുമില്ലെങ്കിലും അവര്‍ പരസ്പരം പോരടിച്ചു. ശബരിമല വിഷയത്തില്‍ അനുനിമിഷം മാറിമാറിയുള്ള പ്രസ്താവനകള്‍ നടത്തി വര്‍ത്തമാനകാല രാഷ്ട്രീയ കോമാളിയായി മാറി തീര്‍ന്ന ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയ്ക്ക് മോഹം. സന്നിധാനത്ത് വൃദ്ധയുടെ മാറിടത്തിലേക്ക് നെയ്‌ത്തേങ്ങ വലിച്ചെറിയുകയും റാന്നി പൊലീസ് സ്റ്റേഷനില്‍ ഇരുമുടിക്കെട്ട് തറയിലേക്ക് വലിച്ചെറിയുകയും ചെയ്ത കെ സുരേന്ദ്രന് മോഹം. പക്ഷേ ഇരുവരുടെയും മോഹം കുമ്മനം രാജശേഖരന്‍ തകര്‍ത്തുകളഞ്ഞു. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച്, പരാജയത്തിന്റെ പാതാളക്കുഴി തേടാന്‍ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തെത്തി. ശ്രീധരന്‍പിള്ളയ്ക്കും സുരേന്ദ്രനും ഗോപിയടിച്ചു. ഇനി പത്തനംതിട്ടയാണ് ഇരുവരുടെയും ലക്ഷ്യം.
കേരള കോണ്‍ഗ്രസ് മാണിയില്‍ ചെന്നുപെട്ടുപോയ പാതകത്തിന്റെ പിഴ ഏറ്റെടുക്കുകയാണ് പി ജെ ജോസഫ്. ലോക്‌സഭാ സീറ്റും രാജ്യസഭാ സീറ്റും മാണിയും ജോസ് കെ മാണിയും അടിച്ചുകൊണ്ടുപോയി. എനിക്ക് സീറ്റുവേണം, എനിക്ക് സീറ്റുവേണം എന്ന് പി ജെ ജോസഫ് പരസ്യമായി യാചിച്ചിട്ടും കെ എം മാണിയുടെ ചെവിയില്‍ മന്ത്രിച്ച് ജോസ് കെ മാണി ജോസഫിനെ വെട്ടിനിരത്തി. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളുടെ കലാശാലകളില്‍ വ്യസനവും വേദനയും പങ്കുവയ്ക്കുകയാണ് പി ജെ ജോസഫും കൂട്ടരും. ഹാ! കഷ്ടം എന്നല്ലാതെ എന്തു പറയാന്‍? സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുവാന്‍ കഴിയാതെ പ്രതിസന്ധിയിലായ കോണ്‍ഗ്രസിനോടും സഹതപിക്കുകയല്ലാതെ നിര്‍വാഹമില്ല.