27 March 2024, Wednesday

കപ്പിത്താനില്ലാതെ ആടിയുലയുന്ന കപ്പൽ

അഡ്വ. കെ പ്രകാശ്ബാബു
ജാലകം
October 4, 2021 5:43 am

ടുത്ത വർഷം നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടെങ്കിൽ അത് പഞ്ചാബിൽ നിന്നായിരിക്കുമെന്നായിരുന്നു ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുൻപുവരെ നാം ധരിച്ചിരുന്നത്. ഉത്തർപ്രദേശ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. ഇന്ത്യൻ ആർമിയിൽ ക്യാപ്റ്റനായിരുന്ന പാട്യാല രാജകുടുംബാംഗമായ ക്യാപ്റ്റൻ അമരിന്ദർ സിങ് 2002 ലും 2017 ലും പഞ്ചാബിൽ മുഖ്യമന്ത്രിയായി. 2014 ൽ മോഡി തരംഗത്തിനിടയിലും ബിജെപി നേതാവായിരുന്ന (അന്തരിച്ച) അരുൺ ജെറ്റ്ലിയെ ഒരു ലക്ഷം വോട്ടിന് തോല്പിച്ച് ലോക്‌സഭാംഗവുമായി. ക്യാപ്റ്റനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റി, മുൻ ക്രിക്കറ്റ് താരം കൂടിയായ ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറിയ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവജ്യോത്‌സിങ് സിദ്ദുവിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസിന്റെ അണിയറയിൽ എന്നേ ശ്രമങ്ങൾ തുടങ്ങിയതാണ്. പക്ഷെ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കേ പട്ടികജാതിക്കാരൻ കൂടിയായ സംസ്ഥാന മന്ത്രിസഭാംഗം ചരൺസിങ് ചന്നിയെ കോൺഗ്രസ് പുതിയ മുഖ്യമന്ത്രിയാക്കി.

 


ഇതുകൂടി വായിക്കു;മേഘാലയിലും കോണ്‍ഗ്രസ് പ്രതിസന്ധിയിലേക്ക്; മുന്‍ മുഖ്യമന്ത്രി മുകുൾ സാങ്മയും13 എംഎല്‍എമാരും പാര്‍ട്ടി വിടുന്നു


 

അതോടുകൂടി പിസിസി പ്രസിഡന്റ് സ്ഥാനം സിദ്ദു രാജിവച്ചു. ക്യാപ്റ്റൻ അമരിന്ദർ ആകട്ടെ കോൺഗ്രസ് വിട്ട് ബിജെപി നേതാക്കളുമായി ചർച്ച തുടങ്ങി. കോൺഗ്രസിൽ നിന്നും പുറത്തു പോകുന്നെങ്കിലും ബിജെപിയിൽ ചേരുകയില്ലായെന്നാണ് ക്യാപ്റ്റൻ പിന്നീട് പത്ര പ്രതിനിധികളോട് പറഞ്ഞത്, ”അഭിപ്രായം ഇരുമ്പുലക്കയല്ലാത്തതുകൊണ്ട് എന്തും സംഭവിക്കാം.” പുതിയ മുഖ്യമന്ത്രി ചന്നിയാകട്ടെ ”മീടു” വിവാദത്തിൽ ഉൾപ്പെട്ടിരുന്നതിന്റെ പേരിൽ സാമൂഹ്യ വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്യുന്നു. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കപിൽ സിബിൽ ”ഞങ്ങളുടെ പാർട്ടിക്ക് ഇപ്പോൾ ഒരു പ്രസിഡന്റില്ല. പിന്നെ ആരാണ് ഈ തീരുമാനങ്ങളെല്ലാം എടുക്കുന്നത് എന്ന് ആർക്കുമറിയില്ല” എന്നാണ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഇത്രയും പറഞ്ഞ കപിൽ സിബലിന്റെ വസതിക്കു നേരെ ആക്രമണം നടന്നു. പക്ഷെ അതും ആരെന്നറിയില്ല. കോൺഗ്രസിന്റെ നിയന്ത്രണം കാണാമറയത്തിരുന്നാണെന്ന് ജി-23 ഗ്രൂപ്പിൽപ്പെട്ട എല്ലാ വിമത നേതാക്കളും പരിഭവം പറയുന്നു. സിംലയിൽ ചികിത്സയിൽ കഴിയുന്ന സോണിയ ഗാന്ധിക്ക് വ്യാധിയാൽ ചികിത്സ ഫലിക്കാതെ വരുമോയെന്ന ആശങ്കയും ചില കോൺഗ്രസ് നേതാക്കൾക്കുണ്ട്.

 


ഇതുകൂടി വായിക്കു; കോണ്‍ഗ്രസ് നേതൃത്വം ഇരുട്ടില്‍ തപ്പുന്നു; 23ജിനേതാക്കള്‍ പരസ്യമായി രംഗത്ത് സംസ്ഥാന കോണ്‍ഗ്രസ് ഗ്രൂപ്പുപോരില്‍ ഉലയുന്നു


 

ദേശീയ രാഷ്ട്രീയത്തിന്റെ നായകത്വം വഹിച്ചിരുന്ന കോൺഗ്രസ് പാർട്ടി ഇന്നനുഭവിക്കുന്ന ദുരവസ്ഥ വിവരണാതീതമാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നേരിടുന്നത് പുത്തരിയല്ല. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977 ൽ നടന്ന തെരഞ്ഞെടുപ്പിൽ കേരളം ഒഴികെ മിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസിനേറ്റ ആഘാതം എത്രയോ വലുതായിരുന്നു. ആദ്യമായി ഭരണത്തിൽ നിന്നു തെറിച്ചതിനേക്കാളും വലുതായിരുന്നു ഇന്ദിരാഗാന്ധിയുടെ തോൽവി. പക്ഷെ രണ്ടുവർഷം കഴിഞ്ഞപ്പോൾ കോൺഗ്രസ്സും തിരിച്ചു വന്നു, ഇന്ദിരയും തിരിച്ചു വന്നു. കോടികൾ മുടക്കുന്ന ഒരു പി ആർ വർക്കുമില്ലാതെ ഇന്ദിരയെ വിളിക്കാൻ കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞെടുപ്പ് സമയത്ത് ആഹ്വാനം ചെയ്തു. ദിശ തെറ്റിയ കപ്പലിനെ അവർ കരയ്ക്കടുപ്പിച്ചു.

എന്നാൽ ഇന്ന് കോൺഗ്രസ് എന്ന കപ്പലിന് കപ്പിത്താനില്ലാതായിട്ട് വർഷങ്ങൾ ഏറെയായി. ആലിൻപഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് വന്നപോലെ ഓരോ തെരഞ്ഞെടുപ്പിലും ആഭ്യന്തരകലാപം കൊണ്ട് കോൺഗ്രസ് നട്ടം തിരിയുന്നു. ഇന്ത്യയുടെ ചരിത്രവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രവും അറിയാവുന്ന ഏതാനും ചില കോൺഗ്രസ് നേതാക്കൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നു. പണ്ഡിറ്റ് നെഹ്റുവിന്റെ സമ്മിശ്ര സമ്പദ്ഘടനയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും രാജ്യ പുരോഗതിക്ക് തടസമായിരുന്നു എന്ന് കണ്ടെത്തിയ ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും സ്തുതിപാഠകരായ കോൺഗ്രസ് ഭരണകർത്താക്കൾ പൊതുമേഖലയെ തകർത്ത് സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തി തുടങ്ങി. ആഗോളവൽക്കരണത്തിന്റെ വാതിൽപ്പഴുതിലൂടെ ഇന്ത്യയെ ഉദാരവൽക്കരണത്തിനും സ്വകാര്യ മൂലധന നിക്ഷേപത്തിനുമായി എറിഞ്ഞു കൊടുത്തു. ഫലമോ രാജ്യം പാപ്പരീകരിക്കപ്പെടുകയും ജനങ്ങളുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും ശതഗുണീഭവിക്കുകയും ചെയ്തു. കാലമേറെ കഴിഞ്ഞിട്ടാണെങ്കിലും ഉദാരവൽക്കരണനയം ഇന്ത്യയ്ക്ക് ദോഷം ചെയ്തു എന്നു തിരിച്ചറിഞ്ഞ കുറച്ചു നേതാക്കൾ ഇപ്പോഴും കോൺഗ്രസിലുണ്ട്.

കാവി പുതപ്പിനുള്ളിൽ ഒളിച്ചിരുന്ന തീവ്ര ഹിന്ദുത്വ ശക്തികൾ ജനങ്ങളുടെ മത-വര്‍ണ വിശ്വാസത്തെ രാഷ്ട്രീയ ലാഭത്തിനായി ചൂഷണം ചെയ്തുകൊണ്ട് മുതലക്കണ്ണീരുമായി സർക്കാരിനെതിരെ രംഗത്തുവന്നു. ആഗോള കോർപറേറ്റ് കമ്പനികളുടെ പിൻബലത്തിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രചാരണങ്ങൾ സംഘടിപ്പിച്ച ബിജെപി അമ്പിളി അമ്മാവനെ പിടിച്ചു കൊടുക്കാമെന്നുവരെ ജനങ്ങൾക്ക് വാക്കുനൽകി. പ്രചരണ കോലാഹലങ്ങളിൽ കണ്ണു് മഞ്ഞളിച്ചുപോയ സാധാരണക്കാർ ബിജെപിയുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ ഉള്ളം കണ്ടില്ല. തീവ്ര ഹിന്ദുവിശ്വാസികളായ കുറെ ഏറെ ആളുകൾ മറ്റു ചില ജനവിഭാഗങ്ങളിൽ തങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കുള്ള കാരണവും കണ്ടെത്തി. മുൻപ് 1998 ലും 1999 ലും നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്ന ബിജെപി 2014 ൽ ‘’വൈബ്രന്റ് ഗുജറാത്ത് ‑2013’’ ൽ പങ്കെടുത്ത കോർപറേറ്റ് കമ്പനികളുടെ സഹായത്തോടെ ഇന്ത്യയുടെ ”സിഇഒ” ആയി നരേന്ദ്ര മോഡിയെ ഉയർത്തിക്കാട്ടുകയായിരുന്നു. ന്യൂനപക്ഷ വിരുദ്ധതയ്ക്ക് പേരുകേട്ട ഗുജറാത്ത് ഭരണം നൽകിയ ഊർജ്ജവുമായി പൊതു തെരഞ്ഞെടുപ്പ് നേരിട്ട മോഡിക്ക് മുൻപിൽ കോൺഗ്രസ് വമ്പന്മാർ കടപുഴകി വീണു. സംസ്ഥാനങ്ങളിലെ നിരവധി കോൺഗ്രസ് മന്ത്രിമാരും എംപിമാരും നോട്ടു കെട്ടിന്റെ കൂടി ബലത്തിൽ ബിജെപിയിൽ സ്ഥാനം പിടിച്ചു. കോൺഗ്രസ് തുടങ്ങിവച്ച ഉദാരവൽക്കരണ നയങ്ങളോടൊപ്പം സമസ്ത മേഖലകളും വിദേശ കമ്പനികൾക്കായി തുറന്നുകൊടുത്ത ബിജെപി ഭരണം അയോദ്ധ്യയും രാമക്ഷേത്ര നിർമാണവും തീവ്ര ഹിന്ദുത്വ‑മതേതര വിരുദ്ധ നിലപാടുകളും തെരഞ്ഞെടുപ്പിലെ തുറുപ്പു ചീട്ടുകളാക്കി. കോൺഗ്രസ് പാടെ തകർന്നു.

കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനായിരുന്ന രാഹുൽഗാന്ധി തന്നെ അവരുടെ തട്ടകമായ അമേഠിയിൽ പരാജയപ്പെട്ടു. 2017 ൽ മണിപ്പൂരിലും ഗോവയിലും കൂടുതൽ എം എൽ എ മാരുള്ള ഒറ്റകക്ഷിയായിട്ടും കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയാതെ കണ്ണുമിഴിച്ചു നിൽക്കേണ്ടി വന്നു. ഏറെ നാളുകൾക്കുശേഷം തിരിച്ചുകിട്ടിയ മധ്യപ്രദേശിൽ സ്വന്തം സർക്കാരിന്റെ ശവക്കുഴി തോണ്ടി എന്നു മാത്രമല്ല യുവചൈതന്യമെന്നു വാഴ്ത്തിയ ജ്യോതിരാദിത്യ കൂടുവിട്ട് എതിർ ചേരിയിൽ പോയി. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ കാര്യത്തിൽ സൗഹാർദ്ദം എത്രനാൾ നിൽക്കുമെന്ന് പറയാൻ കഴിയുന്നില്ല. ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള വഴിതേടുന്ന ജനാധിപത്യ മതേതര ശക്തികളുടെ മുൻപിൽ കപ്പിത്താനില്ലാതെ ആടിയുലയുന്ന ഒരു കപ്പലായി കോൺഗ്രസ് പാർട്ടി നില്ക്കുന്നു. സ്വയരക്ഷക്കായി പരാക്രമം കാണിക്കുന്നവർ ആരെയെങ്കിലും പിടിച്ച് കരകയറാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. ആ സന്ദർഭത്തിലും മുങ്ങിത്താഴുന്ന കപ്പലിൽ കയറാൻ ശ്രമിക്കുന്നവരോട് പരിതപിക്കുവാൻ മാത്രമെ ഇപ്പോൾ കഴിയുന്നുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.