12 June 2024, Wednesday

മാറ്റത്തിന്റെ കാലത്തിലേക്ക്

പി എ വാസുദേവൻ
കാഴ്ച
September 4, 2021 4:40 am

രോ ദുരന്തവും ഓരോ പുതിയ പാഠമാണെന്നാണ് പറയുക. ചരിത്രത്തിലെ മഹാമാരികളില്‍ ഒന്നുകൂടി കടന്നുപോകുന്നതിന്റെ അനുഭവത്തിലാണ് നാം. രോഗങ്ങള്‍ ശാപങ്ങളാണെന്ന് പറയുന്നതിന്റെ മറ്റൊരു വ്യാഖ്യാനം, നമ്മുടെ മുടിയന്തിര പ്രവൃത്തികളുടെ അനുഭവങ്ങളാണെന്നതാണ്. അതൊക്കെ ഓര്‍മ്മപ്പെടുത്തലുകളാണ്. ഖസാക്കിന്റെ ഇതിഹാസത്തിലെ ‘അമ്മ വിളയാട്ടം’ എന്ന വസൂരിമാരിയെ വിജയന്‍ വിളഞ്ഞുകിടക്കുന്ന ജമന്തിപ്പാടങ്ങളോടാണ് ഉപമിക്കുന്നത്. പിന്നെ ഒരു മഴയില്‍ എല്ലാം ഒടുങ്ങുമ്പോള്‍ മറ്റൊരു ഖസാക്ക് പുനര്‍ജനിക്കുന്നു. അതൊരു പ്രതീകാത്മക സംഭവമായെടുത്താല്‍ ഇന്നത്തെ കൊറോണാനന്തര ലോകവും ഒന്നു കുടഞ്ഞെണീറ്റ് മറ്റൊരു രൂപാന്തരീകരണത്തിലേക്കു സംക്രമിക്കും.  പക്ഷെ, ആ ലോകം ഇതായിരിക്കില്ല. ആ കേരളം ഇതായിരിക്കില്ല. അന്ന് എല്ലാം ‘ന്യൂ നോര്‍മല്‍’ അഥവാ ‘നവയുഗ’മാവും.

ആരോഗ്യം, തൊഴില്‍, വരുമാനം, സാമൂഹിക ബന്ധങ്ങള്‍, കൃഷി, വ്യവസായം തുടങ്ങി എല്ലാം മറ്റൊരു രൂപത്തിലാവും നവീകരിക്കുപ്പെടുക, പഴയ പലതും കാലഹരണമാവും. അത് രോഗാനന്തരകാല ബാധ്യതയാണ്. ഇപ്പോള്‍തന്നെ നമുക്ക് ലഭിച്ചത് വലിയൊരു പാഠവും പരിശീലനവുമാണ്. ഇതുവരെ നമ്മുടെ വ്യവസ്ഥയും സ്ഥാപനങ്ങളും വേണ്ടത്ര പരീക്ഷിക്കപ്പെട്ടിരുന്നില്ല. ഇങ്ങനെയൊരവസ്ഥ വന്നപ്പോഴാണ് ആകെ ഒന്നുലച്ച്, ഇതിന്റെയൊക്കെ ‘ടെംപര്‍’ പരിശോധിക്കേണ്ടിവന്നത്. ഒപ്പംതന്നെ ഇതിന് മുമ്പുണ്ടായ രണ്ട് വെള്ളപ്പൊക്കവും ‘നിപ’യും നമ്മുടെ പ്രവര്‍ത്തനശേഷി പരീക്ഷിക്കുകയായിരുന്നു. അതൊക്കെ നല്ലതാണ്. ക്രമാനുസാരിയായി എല്ലാം നടന്നോളുമെന്ന ആലസ്യത്തില്‍ നിന്ന് പരീക്ഷണത്തിന്റെ ബാധ്യതകളിലെത്തിയതാണനുഭവം. ആകെ ഒരു ‘ഷോക്ക്’.
പക്ഷെ, ഇതിവിടെ അവസാനിക്കുന്നില്ല. ‘ക്രൈസിസ് മാനേജ്മെന്റ്’ എന്ന ഇന്നത്തെ സ്ഥിതി മാറും.

ഇനി ഭരണത്തിന്റെ ‘ചലഞ്ചു‘കളാണ്. ചില രംഗങ്ങളില്‍ നടത്തിപ്പ് ആകെ മാറേണ്ടിയിരിക്കുന്നു. സ്ഥിരമായൊരു ആരോഗ്യ എമര്‍ജന്‍സി സംവിധാനം നമുക്കു വേണം. പെട്ടെന്നു കിട്ടിയ പാഠമതാണ്. അതോടെ ആരോഗ്യരംഗം ഇതുവരെ അനുഭവിക്കാത്ത വെല്ലുവിളികളെ നേരിടേണ്ടിവന്നു. പൊതുജനാരോഗ്യം മുറപ്രകാരമങ്ങ് നടന്നോളുമെന്ന ആലസ്യത്തില്‍ നിന്ന് നാം പുതിയൊരു അനുഭവ തീക്ഷ്ണതയിലെത്തിയ അനുഭവം. ഈ നിബന്ധത്തില്‍ കോവിഡാനന്തര വെല്ലുവിളികളുടെ സമഗ്രമായ ഭാവിബാധ്യതകള്‍ ഒതുങ്ങില്ല. ഒന്നുരണ്ട് മേഖലകളിലെ അനുഭവങ്ങളും പുതിയ പ്ലാനിങ്ങും എന്താവണമെന്നതിനെക്കുറിച്ചൊരു വിവരണമാണിവിടെ ഉദ്ദേശിക്കുന്നത്. അതിനു പുറത്തുള്ള കാര്യങ്ങള്‍ അപ്രധാനമാണെന്നല്ല, അത് പിന്നീടൊരു വിചിന്തനത്തിലാവാം.

ഇത് ഉടന്‍ ശ്രദ്ധ പോകേണ്ടത് ഏറെ തകരാറിലായ വരുമാന, തൊഴില്‍, ആരോഗ്യരംഗങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ വികസന ഭാവി എങ്ങനെ രൂപപ്പെടുത്താമെന്നതാണ്. കോവിഡ് മനേജ്മെന്റിനു സമാന്തരമായ ഈ രംഗങ്ങള്‍ പരിഗണന അര്‍ഹിക്കണം. നിലവിലുള്ള ധനം ഏതാണ്ട് മുഴുവനായും മഹാമാരി തടയാനായി ചെലവഴിക്കപ്പെടുന്നതുകൊണ്ട് വികസനരംഗം ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ലോകമൊട്ടുക്കും തന്നെ ഇതാണ് പ്രശ്നം. രോഗപ്രതിരോധം ഒറ്റയടിക്ക് നമ്മുടെ നിയന്ത്രണത്തിന് വിധേയമാവണമെന്നില്ലെങ്കിലും സമാന്തര സാമ്പത്തിക, സാമൂഹിക സുരക്ഷാ പദ്ധതികള്‍ ശ്രദ്ധിക്കപ്പെടണം. എന്നാലേ കോവിഡാനന്തര കേരളത്തിന് നിലനില്ക്കാനാവൂ.

കോവിഡ് കാലത്ത് സംസ്ഥാനങ്ങളിലേക്കുള്ള വരുമാനപ്രവാഹം കാര്യമായി കുറഞ്ഞിരുന്നു. ജിഎസ്‌ടി കുടിശിക പല കാരണങ്ങളും പറഞ്ഞ് കുറച്ചു. ധനക്കമ്മിയുടെ പേരില്‍ സംസ്ഥാന വികസന വിഹിതം തടഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ധന-ഭരണ സംവിധാനം മുഴുവനും കേന്ദ്രീകൃതമാക്കാനാണ് കേന്ദ്രം ശ്രമിച്ചത്. വാക്സിന്റെ പുറത്തുപോലും മോഡിയുടെ ചിത്രം പതിക്കാനുള്ള ശ്രമം ഹീനമാണ്. പോരാത്തതിന് കേരളം അര്‍ഹിക്കുന്ന ക്വാട്ട വാക്സിൻ പോലും കൃത്യമായി എത്തുന്നില്ല. രണ്ടാംതരംഗത്തില്‍ കോവിഡ് മാനേജ്മെന്റ് കേരളത്തില്‍ ദുര്‍ബലമാണെന്ന് വരുത്താനുള്ള കേന്ദ്ര ശ്രമമാണിത്.

ഇത് തരുന്നത് ഒരു വേറിട്ട പാഠഭേദമാണ്. ഇനിയുള്ള ശ്രമങ്ങള്‍ പ്രാദേശിക സമ്പദ്‌വ്യവസ്ഥയും ഭരണവും ശക്തിപ്പെടുത്തുന്നതിലാവണം. കേന്ദ്രീകൃത വികസന കാഴ്ചപ്പാട് വികലമായ രാഷ്ട്രീയ താല്പര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന അനുഭവം കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളില്‍ നാം കണ്ടതാണ്. അതുകൊണ്ട് ശക്തമാക്കേണ്ടത് പ്രാദേശിക സമ്പദ് വ്യവസ്ഥയെയാണ്. പ്രാദേശിക വിഭവങ്ങളുടെ വ്യക്തമായ കണക്കെടുപ്പും ഉപയോഗത്തിനുള്ള പദ്ധതികളും തദ്ദേശ സ്ഥാപനങ്ങളിലൂടെ നേടണം. ഇത് ഏറ്റവും കാര്യമായി ഉപയോഗിക്കേണ്ടത് മണ്ണ് വിനിയോഗം, കൃഷി, ജലവിഭവം, വിത്ത് തുടങ്ങിയവയുടെ കാര്യത്തിലാണ്. നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഈയിടെ വന്ന പത്രവാര്‍ത്തകളാണത് കാണിച്ചത്.

പച്ചക്കറി വിളവും നെല്ലുവിളവും പ്രാദേശികതലത്തില്‍ ഊര്‍ജിതമായതുകൊണ്ട് കോവിഡ് അവയുടെ ഉല്പാദനത്തെ വിപരീതമായി ബാധിച്ചില്ല. പ്രാദേശിക ഭരണവും സന്നദ്ധസംഘടനകളും ചേര്‍ന്ന് സാധിച്ച ഈ നേട്ടം വലിയൊരു പാഠമാണ് തരുന്നത്. ഒട്ടും തളരാതെ മുന്നോട്ടുപോയത് കൃഷിയാണ്. ഈ നേട്ടം തല്ക്കാലത്തേക്കുള്ളതായിക്കൂട. ഇപ്പോള്‍ സാധിക്കുമെങ്കില്‍ എപ്പോഴും സാധിക്കും. ഈ ഓണക്കാലത്തെ പച്ചക്കറി ആവശ്യം മിക്കവാറും നിറവേറ്റിയത് പ്രാദേശിക തലത്തില്‍ നടന്ന ഊര്‍ജിത സംരംഭങ്ങള്‍ കാരണമായിരുന്നു. കോവിഡാനന്തര കാര്‍ഷിക പദ്ധതികളുടെ അടിസ്ഥാന പാഠം ഇതാവട്ടെ. ഫലവൃക്ഷങ്ങള്‍ വന്‍തോതില്‍ വളര്‍ത്തുക , പ്രാദേശിക ജലവിനിയോഗം മോണിറ്റര്‍ ചെയ്യുക, വിഭവ ദുരുപയോഗം തടയുക, ചെറിയ പച്ചക്കറി തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുക, മണ്ണ്, വിത്ത്, ഉപയോഗം കാര്യക്ഷമമാക്കുക തുടങ്ങിയവയുടെയൊക്കെ അടിസ്ഥാന പ്ലാറ്റ്ഫോം പഞ്ചായത്തുകള്‍ ആവണം.

നൈപുണിയുടെ ഉല്പാദനം, ഉപയോഗം എന്നിവയും പ്രാദേശിക തലത്തില്‍ ശക്തമാവണം. വീട്ടാവശ്യങ്ങള്‍ക്ക് ‘സ്കില്‍’ ആവശ്യമായ കാലമാണ്. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, മേസണ്‍, ആശാരി എന്നിവയ്ക്കൊക്കെ ഇന്ന് നല്ല പ്രാദേശിക ആവശ്യമുണ്ട്. എല്ലാ പഞ്ചായത്തിലും ഇതിനായുള്ള ഒരു ‘നൈപുണി ബാങ്ക്’ ഉണ്ടായാല്‍ എളുപ്പം സേവനവും ഒട്ടേറെപേര്‍ക്ക് തൊഴിലും കിട്ടും. തൊഴിലിന് മേലോട്ടുനോക്കി ശമ്പളം പ്രതീക്ഷിക്കേണ്ടതില്ല. വികേന്ദ്രീകൃതമായ തലത്തില്‍ വന്‍ തൊഴില്‍ സാധ്യത ഇന്നുണ്ട്. അതിനാവശ്യമായ ഒരു ‘പൂള്‍’ സൃഷ്ടിക്കലാണ് പ്രധാനം. അവര്‍ക്കുവേണ്ട പരിശീലന കേന്ദ്രങ്ങളുണ്ടാവണം. പരിശീലനം കഴിഞ്ഞവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങള്‍ക്കാവശ്യമായ മൂലധനം ബാങ്കുകള്‍ മുഖേന ലഭിക്കാന്‍ പഞ്ചായത്തുകള്‍ക്കും കൂട്ടുനില്ക്കാവുന്നതാണ്. പ്രാദേശിക സ്വാശ്രയത്വമാണ് മുതലാളിത്ത കടന്നുകയറ്റത്തെ നേരിടാനുള്ള ഏറ്റവും നല്ല എളുപ്പവഴി.

ഒരുപാട് എന്‍ജിനീയറിങ് പരീക്ഷ പാസായവര്‍ ഇവിടെയുണ്ട്. അവരൊക്കെ കഷ്ടികഴിയാനുള്ള വരുമാനത്തിന് വന്‍ നഗരങ്ങളില്‍ കിടന്നു നരകിക്കുന്നതിലും നല്ലത് അവരുടെ ശേഷി ഇവിടെ ഉപയോഗിക്കാവുന്ന സംരംഭങ്ങള്‍ നടപ്പിലാക്കലാണ്. കോവിഡാനന്തര കാലം ഇങ്ങനെ ഒരുപാട് ചലഞ്ചുകള്‍ നമ്മുടെ മുന്നിലെത്തിക്കുന്നു. കാര്യങ്ങളൊക്കെ പഴയപടിയാവണമെന്ന് ശഠിക്കരുത്. പുതിയ കാലത്തിന്റെ ആവശ്യത്തിനനുസരിച്ച് മാറേണ്ടിവരും. പദ്ധതി പ്രയോറിറ്റികളും നടപ്പിലാക്കലുമൊക്കെ പുതിയ തരത്തിലാവണം. ആ അര്‍ത്ഥത്തില്‍ കോവിഡ് ഒരു കാലമാറ്റത്തിന്റെ സൂചനയാണ് തരുന്നത്. ഒപ്പംതന്നെ പൊതു ജീവിതത്തിന്റെ അനുശീലനങ്ങളും സാമൂഹിക ജീവിത ക്രമങ്ങളുമൊക്കെ മാനസികമായൊരു ചുവടുമാറ്റത്തിനും തയ്യാറാവണം. നമ്മുടെ ശേഷിയുടെയും ആസൂത്രണത്തിന്റെയുമൊക്കെ ഒരു സമഗ്ര പുനരവലോകനത്തിനും ഉള്ള കാലമാണിത്. എന്തായാലും കോവിഡാനന്തര കേരളം ഒരിക്കലും പഴയപോലെയാവില്ല, ആവരുത്. പാമ്പ് ഉറയൂരുന്നതുപോലെ ഒരു നവജീവിത പ്രാവേശമായി അതിനെ കാണാനാവണം. ഒരുപക്ഷെ, കാലം കാത്തുവച്ച ബാധ്യതയാവാമിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.