അഡ്വ. കെ പ്രകാശ്ബാബു

ജാലകം

April 18, 2021, 4:30 am

കോവിഡിന്റെ രണ്ടാംവരവ് ഉയർത്തുന്ന പ്രശ്നങ്ങൾ

Janayugom Online

രൂപഭേദംവന്ന കോവിഡ്-19 വൈറസിന്റെ രണ്ടാം വ്യാപനം ലോകമാകെ തിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാണെങ്കിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം ഒന്നരക്കോടിയിലധികമാണ്. പ്രതിദിനം രണ്ട് ലക്ഷത്തിലധികം രോഗികളാണ് പുതുതായി അസുഖബാധിതരായി ഇപ്പോൾ റിപ്പോർട്ടു ചെയ്യപ്പെടുന്നത്. താരതമ്യേന മെച്ചപ്പെട്ട ആരോഗ്യ സംവിധാനമുള്ള കേരളത്തിലാണെങ്കിൽ ഏപ്രിൽ പതിനാറുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 4856 കോവിഡ് മരണങ്ങളാണ്. രാജ്യത്ത് ഇതുവരെയുള്ള കോവിഡ് മരണം ഏകദേശം 1.75 ലക്ഷമാണ്. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി കോവിഡ് വ്യാപനത്തെ ചിലർ കൂട്ടിക്കെട്ടുന്നുണ്ട്.

എന്നാൽ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പും ഇല്ലാതിരുന്ന മഹാരാഷ്ട്രയാണ് കോവിഡ് വ്യാപനത്തിൽ രാജ്യത്ത് ഏറ്റവും മുൻപിൽ നിൽക്കുന്നത് എന്നതും നമ്മൾ കാണണം. അഞ്ചു വർഷത്തിലൊരിക്കൽ മാത്രം ജനങ്ങൾ വിനിയോഗിക്കുന്ന അവരുടെ ഏറ്റവും വലിയ അവകാശം കോവിഡിന്റെ മറവിൽ ഇല്ലാതാക്കാൻ ആർക്കും കഴിയില്ലല്ലോ. ബൂത്തുകളുടെ എണ്ണം ഇത്തവണ വർധിപ്പിച്ചതുകൊണ്ട് താരതമ്യേന വലിയ കൂട്ടവും തിരക്കും കേരളത്തിൽ പലസ്ഥലങ്ങളിലും ഒഴിവാക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞു. എല്ലാ പാർട്ടികളിലെയും മുന്നണികളിലെയും സ്റ്റാർ ക്യാമ്പയിനേഴ്സ് പങ്കെടുക്കുന്ന യോഗങ്ങളിലുൾപ്പെടെ പങ്കാളിത്തം നിയന്ത്രിക്കാൻ വിവേചന രഹിതമായി തീരുമാനിച്ചാൽ കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യം കൈവരിക്കാൻ കഴിയുമായിരുന്നു.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഡൽഹി, കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് കോവിഡ് വ്യാപനത്തിൽ ഇപ്പോള്‍ മുൻപന്തിയിൽ നിൽക്കുന്നത്.

ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബ്രസീലിനെ കടത്തിവെട്ടിയാണ് ഇന്ത്യ ഇന്ന് ഒന്നാമത് എത്തി നിൽക്കുന്നത്. ഇന്ത്യയിൽ പ്രതിദിനം രണ്ടുലക്ഷത്തിലധികമായി കോവിഡ് രോഗികളുടെ എണ്ണം ഉയർന്നത് കേവലം 10 ദിവസം കൊണ്ടാണ് എന്നത് വ്യാപനത്തിന്റെ ഗൗരവം വർധിപ്പിക്കുകയും ചെയ്യുന്നു. ഉത്തർപ്രദേശിലെ ചില ശ്മശാനങ്ങളിൽ നൂറുകണക്കിനു മൃതദേഹങ്ങൾ ഒരുമിച്ച് എത്തിച്ചപ്പോൾ അവ കൂട്ടിയിട്ടു ദഹിപ്പിച്ചത് നാം കണ്ടു. ഇനി മറ്റാരും ശ്മശാനത്തിലെ അത്തരം കാഴ്ചകൾ കാണാതിരിക്കാൻ ശ്മശാനത്തിനു ചുറ്റും ഷീറ്റുകൊണ്ട് മറയുണ്ടാക്കി പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും കണ്ണിൽ പൊടിയിടുന്ന ദയനീയ ചിത്രവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

യുപി, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങി പല സംസ്ഥാനങ്ങളിലും ശ്മശാനങ്ങൾ മൃതദേഹങ്ങൾ കൊണ്ടു നിറയുന്ന കാഴ്ച അത്യന്തം ഹൃദയഭേദകമാണ്. ആർടിപിസിആർ ടെസ്റ്റ് വ്യാപകമാക്കുകയും വർധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം കോവിഷീൽഡ്, കോവാക്സിൻ, റഷ്യൻ നിർമ്മിത സ്പുട്നിക് — വി വാക്സിനുകളുടെ ലഭ്യതയും കുത്തിവയ്പ്പും കൂടുതലായി വ്യാപിപ്പിക്കേണ്ടതായിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭ്യത ഉറപ്പുവരുത്തേണ്ടത് കേന്ദ്ര ഗവൺമെന്റാണ്. 130 കോടിയിലധികം വരുന്ന രാജ്യത്ത് ആദ്യഘട്ടത്തിൽ 60 വയസ് കഴിഞ്ഞവർക്കും രണ്ടാംഘട്ടമായി 45 വയസിനുമേൽ പ്രായമുള്ളവർക്കും വാക്സിനേഷൻ നടത്താൻ എത്ര അളവ് മരുന്നു വേണമെന്ന് കണക്കാക്കി അതിനുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടുന്നത് കേന്ദ്ര ഗവൺമെന്റിലെ ആരോഗ്യ വകുപ്പാണ്.

അതനുസരിച്ച് സംസ്ഥാനങ്ങൾക്ക് വാക്സിൻ എത്തിക്കാനും കേന്ദ്ര സർക്കാരിനു കഴിയണം. ഇതുവരെയായി 111 ദശലക്ഷം ഡോസ് വാക്സിൻ നൽകാൻ കഴിഞ്ഞു എന്നവകാശപ്പെടുമ്പോഴും അതിൻപ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം ഏഴ് ശതമാനം മാത്രമെ വാക്സിനേറ്റ് ചെയ്തിട്ടുള്ളു എന്ന വസ്തുത ഗവൺമെന്റിന്റെ മുൻപിലുണ്ട്. ”സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ”യും ”ഭാരത് ബയോടെക്” ഉം ആണ് വാക്സിൻ ഉല്പാദിപ്പിച്ചു വിതരണം ചെയ്യുന്നത്. റഷ്യയുടെ ”സ്ഫുട്നിക് — വി” കൂടി ലഭ്യമാകുമ്പോൾ വാക്സിൻ വിതരണം കുറച്ചുകൂടി മെച്ചപ്പെടുത്താൻ കഴിയും. എന്നാൽ കേന്ദ്ര സർക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. രാജ്യത്തിന്റെ ആവശ്യം മനസിലാക്കി അതനുസരിച്ചുള്ള സംവിധാനമൊരുക്കാൻ സർക്കാരിനു കഴിയുന്നില്ല. ജനസംഖ്യക്കനുസരിച്ച് കോവിഡ് വാക്സിനുകൾ സംസ്ഥാനത്തിന് അനുവദിച്ച് നൽകാൻ കേന്ദ്രം തയ്യാറാകണം.

അതിന് വാക്സിന്റെ ഉല്പാദനം വർധിപ്പിക്കുകയും രാജ്യത്തെ ജനസംഖ്യ കൂടി കണക്കിലെടുത്ത് വാക്സിൻ ഇറക്കുമതി ചെയ്യുകയും വാക്സിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കയറ്റുമതി നിയന്ത്രിക്കുകയും ചെയ്യണം. സർക്കാർ നിയന്ത്രണത്തിലുള്ള പൊതുജനാരോഗ്യ മേഖലയിൽക്കൂടി സാർവത്രിക സൗജന്യ വാക്സിനേഷൻ സമയബന്ധിതമായി നടത്തുന്നതോടൊപ്പം സാമ്പത്തിക ശേഷിയുള്ളവർക്ക് സ്വകാര്യ ആരോഗ്യ മേഖലയിലും കോവിഡ്-19 ന്റെ വാക്സിനേഷനുള്ള മതിയായ സൗകര്യമൊരുക്കാൻ ശ്രമിക്കാവുന്നതാണ്.
മറ്റൊന്ന് വ്യാപനം തടയുന്നതിൽ കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ കൈക്കൊള്ളേണ്ടുന്ന നടപടികളാണ്. അതിൽ രാഷ്ട്രീയ വിവേചനങ്ങൾ ഒന്നും പാടില്ല. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന തബ്‌ലീഗ് സാർവദേശീയ സമ്മേളനം ഏറെ ചർച്ചാ വിഷയമായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേർന്ന ഇസ്‌ലാം മത വിശ്വാസികൾ കോവിഡ് വ്യാപനത്തിന്റെ പഴി കേൾക്കേണ്ടി വന്നു. ഈ മഹാമാരിയുടെ അതിരൂക്ഷമായ രണ്ടാംവരവിൽ സാമൂഹ്യ അകലം പാലിക്കാത്ത കൂടിച്ചേരലുകൾ ഇനി അനുവദിക്കാൻ പാടില്ല.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മഹാ കുംഭമേള ആരംഭിച്ചിരിക്കുകയാണ്. ഏപ്രിൽ ഒന്നു മുതൽ 30 വരെയാണ് 2021 ലെ ഹരിദ്വാർ കുംഭമേള. ഗംഗാ നദിയിലെ സ്നാനം ആറു ഘട്ടമായിട്ടാണ് നടത്തുന്നത്. 39 ലക്ഷം ജനങ്ങൾ എത്തിച്ചേരുമെന്നാണ് ഉത്തരാഖണ്ഡ് സർക്കാർ കണക്കാക്കിയിട്ടുള്ളത്. സാമൂഹ്യ അകലമോ മാസ്കോ ധരിക്കാതെയുള്ള സന്യാസ സമൂഹം ഉൾപ്പെടെയുള്ളവരുടെ കൂട്ടം വലിയ സാമൂഹ്യ വിപത്താണ് ക്ഷണിച്ചു വരുത്തുന്നത്. ഉത്തരാഖണ്ഡിൽ ഈ ഏപ്രിൽ 15 ന് മാത്രം റിപ്പോർട്ടു ചെയ്യപ്പെട്ടത് 2,220 പോസിറ്റീവ് കേസുകളാണ്. അവിടെയെത്തിയ 30 സന്യാസിമാർ കോവിഡ് ബാധിച്ച് മരണപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ മഹാകുംഭമേളയുടെ തുടർപരിപാടികൾ വെട്ടിക്കുറയ്ക്കാനോ വേണ്ടി വന്നാൽ ഏപ്രിൽ 17 കൊണ്ട് അവസാനിപ്പിച്ച് ബാക്കിയുള്ളവ ഉപേക്ഷിക്കാനോ പ്രധാന സന്യാസ സമൂഹങ്ങളില്‍ ഒന്നായ നിരജ്ഞനി അഘാഡ എടുത്ത തീരുമാനം ഉചിതമായ ഒന്നാണ്.

ഈ മഹാമാരിയുടെ വ്യാപനം തടയുന്നതിൽ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു നിൽക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ കേരളം ആരംഭിച്ച കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ രാജ്യത്തിനൊരു മാതൃകയായിരുന്നു. വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തിൽ 15 ശതമാനത്തോളമായി ഉയരുകയും പ്രതിദിനം ശരാശരി 20 കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എഫ്എൽടിസികളെയെല്ലാം പുനരുജ്ജീവിപ്പിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഈ ബാധ്യതകൾ നിർവഹിക്കാനായി ഉപാധിരഹിതമായി ഫണ്ട് അനുവദിക്കുകയും ചെയ്യണം.

കോവിഡിനോടുള്ള ജനങ്ങളുടെ ഭയം മാറിയെന്നത് സ്വാഗതാർഹമാണെങ്കിലും ഇക്കാര്യത്തിലുള്ള കരുതലും ജാഗ്രതയും കൈവിട്ടാൽ മാനവരാശിയുടെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടും. രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകാൻ ഇടയുള്ള ലോക്ഡൗണിന് ഇന്ന് ആരും തയ്യാറല്ലായെന്ന് വ്യക്തമായി കഴിഞ്ഞു. ആ സാഹചര്യത്തിൽ സൗജന്യ ഭക്ഷ്യധാന്യ വിതരണം, സാമാന്യ ജനങ്ങളുടെ ക്രയശേഷി വർധിപ്പിക്കൽ, ഓൺലൈൻ വിദ്യാഭ്യാസ സൗകര്യം സാർവത്രികമാക്കുക തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ ഗവൺമെന്റുകളുടെ ശ്രദ്ധ വീണ്ടും പതിയേണ്ടതായിട്ടുണ്ട്. പൊതുജനാരോഗ്യമേഖലയെ ശക്തിപ്പെടുത്താനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സജീവമാക്കാനും സംസ്ഥാന ഗവൺമെന്റുകൾക്ക് കഴിയണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ വാചാടോപം കൊണ്ടു കഴിയില്ല. പാക്കേജുകളുടെ പ്രഖ്യാപനമല്ല സമ്പത്തിന്റെയും വാക്സിന്റെയും നീതിപൂർവമായ വിതരണമാണ് ഇത്തരുണത്തിൽ കേന്ദ്ര സർക്കാർ ശ്രദ്ധിക്കേണ്ടുന്നത്.