ദേവിക

വാതിൽപ്പഴുതിലൂടെ

May 17, 2021, 4:32 am

മുരിങ്ങത്തടിയില്‍ കതകു പണിയുന്നവര്‍

Janayugom Online

പണ്ടു മാടമ്പിവാഴ്ചക്കാലത്ത് നാട്ടുപ്രമാണിമാരുടെ സദസിലെ പ്രമാണിയായിരുന്നു ആശാരി. മേശിരിയാണെങ്കില്‍ മാടമ്പിക്കു മുന്നില്‍ ഓഛാനിച്ചു നില്‍ക്കണം. തിരുവായ്ക്ക് എതിര്‍വാ അരുത്. എല്ലാം തമ്പ്രാന്റെ ഇഷ്ടാനുസരണം. ഒരുദിവസം പ്രമാണി ആശാരിയോടു ചോദിച്ചു; മേശിരി, മുരിങ്ങത്തടി കതകിന്റെ കട്ടിളപ്പടിക്ക് നല്ലതല്ലേ? ഭവ്യതയോടെ ആശാരി മൊഴിഞ്ഞു. മുരിങ്ങത്തടി ബഹുകേമമല്ലേ തമ്പ്രാന്‍. പക്ഷേ മുരിങ്ങത്തടി ജീര്‍ണിച്ചുപോകില്ലേ മേശിരീ എന്ന് പ്രമാണി. ‘എപ്പോള്‍ ചിതലെടുത്തുവെന്നു നോക്കിയാല്‍ മാത്രം മതി തമ്പ്രാന്‍.’ മുരിങ്ങത്തടി ബഹുകേമമെന്നും ചിതലരിച്ചുപോകുമെന്നും പറയുന്നത് ഒരേയൊരാള്‍. ഇവ്വിധത്തിലാണ് കൊറോണയുടെ ദുരിതകാലത്തെ ചില അവതാരങ്ങള്‍. ഗ്രഹണത്തിന് ഞാഞ്ഞൂലും തലപൊക്കുമെന്ന മട്ടില്‍ ചാനലുകളില്‍ ഇവറ്റകള്‍ അവതരിക്കുന്നു. ലോകപ്രശസ്തരായ ആരോഗ്യവിദഗ്ധര്‍ക്കൊപ്പമാണ് ഇവര്‍ ചാനല്‍വേദികള്‍ പങ്കിടുന്നത്. ഇവരില്‍ ഒന്നുരണ്ടു പേരെ ദേവിക പ്രത്യേകം നിരീക്ഷിച്ചു. ഒരാള്‍ ബഹുമിടുക്കന്‍. കഥയിലെ നമ്മുടെ ആശാരിയെപ്പോലെ.

ചാനല്‍ ചര്‍ച്ചയ്ക്കിടെ കൊറോണയെക്കുറിച്ച് അജ്ഞാനിയായ ഒരവതാരകന്‍ ഈ ഭൂലോകവിദഗ്ധനോടു ചോദിച്ചു; ആദ്യ ഡോസ് വാക്സിനെടുത്താല്‍ രണ്ടാം ഡോസെടുക്കാന്‍ എത്രകാലം കാത്തിരിക്കണം ഡോക്ടര്‍. മാസ്കിനു മുകളിലൂടെ കാകദൃഷ്ടിപോലെ വാച്ചില്‍ നോക്കിയിട്ട് വിദഗ്ധ ഉപദേശം. നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസെടുത്താല്‍ മതി. നാലാഴ്ചയ്ക്കകം വാക്സിന്‍ ലഭ്യമല്ലാതെ വന്നാലോ. എട്ടാഴ്ച കഴിഞ്ഞ് മതിയെന്ന് ഉലകജ്ഞാനിയായ വിദഗ്ധന്‍. കേന്ദ്രത്തില്‍ നിന്നു കൃത്യമായി വാക്സിന്‍ കിട്ടാനില്ല. എട്ടാഴ്ചയ്ക്കുള്ളിലും രണ്ടാം ഡോസ് കിട്ടാതെ വന്നാലോ ഡോക്ടര്‍? ആദ്യ ഡോസ് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് രണ്ടാം ഡോസെടുക്കുന്നതാണ് അത്യുത്തമമെന്ന് പൊതുജനാരോഗ്യ വിദഗ്ധ മേശിരി. മേശിരിയുടെ ലക്ഷണമൊത്ത ഈ കൊറോണക്കാല പതിപ്പിനെക്കുറിച്ച് ദേവിക ഒരു സമഗ്രാന്വേഷണം തന്നെ നടത്തിയപ്പോഴല്ലേ അവതാരത്തിന്റെ കള്ളി വെളിച്ചത്താവുന്നത്. നെല്‍പാടങ്ങളില്‍ കിളിയാട്ടാനും വീട് നിര്‍മ്മിക്കുമ്പോള്‍ കണ്ണുകിട്ടാതിരിക്കാനും കെട്ടിവയ്ക്കുന്ന ഒരു കോലം പോലെയുള്ള വിദഗ്ധന്‍. ടിയാന്‍ ഭുവനപ്രശസ്ത ആരോഗ്യവിദഗ്ധര്‍ക്ക് കണ്ണുകിട്ടാതിരിക്കാന്‍ കെട്ടിവച്ച ആരോഗ്യകോലം. യോഗ്യതയാണെങ്കില്‍ വെറും എംബിബിഎസ്. ഡോക്ടര്‍മാരെ കിട്ടാനില്ലാതെ വന്നപ്പോള്‍ പിഎസ്‌സി കെണിവച്ചു പിടിച്ച് അസിസ്റ്റന്റ് സര്‍ജന്‍ പദവിയില്‍ കനിഞ്ഞു നിയമനദാനം നല്കിയയാള്‍. ചാനലില്‍ വന്നാല്‍ എന്താഭാവം. ലോകാരോഗ്യസംഘടനയിലെ കൊറോണ വിദഗ്ധനെപ്പോലെ. ഈ അപ്പാവിയെ എന്തിനു നാം കുറ്റം പറയണം. ഇത്തരം വേഷംകെട്ടുകാരായ ഞാഞ്ഞൂലുകളെ രാജവെമ്പാലകള്‍ക്കൊപ്പം ഇരുത്തി മേശിരി വര്‍ത്തമാനം വിളമ്പിക്കുന്ന ചാനല്‍ ഗുണാണ്ടര്‍മാരെയല്ലേ തല്ലേണ്ടത്.

ദുരിതകാലത്തെ കൊയ്ത്തുകാലമാക്കുന്നവരുടെ കാലമായി കൊറോണക്കാലം. ആരോഗ്യപരിപാലനരംഗത്തെ എന്നും ആതുരസേവനരംഗമായാണ് മലയാളി കണ്ടിരുന്നത്. രാജഭരണകാലത്തും വിദേശ മിഷനറിമാരും ആരംഭിച്ച ആശുപത്രികളെ നാം ധര്‍മ്മാശുപത്രികളെന്നു വിളിച്ചു. കാലം മാറി. ആശുപത്രിയും സ്കൂളുമൊക്കെ വ്യവസായ സ്ഥാപനങ്ങളായപ്പോഴുണ്ടായ ദീനം അനുഭവിക്കുന്നത് ജനവും. കൊറോണ പ്രാണനുകളെ വേട്ടയാടുമ്പോള്‍ രോഗികളെ പിഴിയാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് എന്തൊരു ആക്രാന്തം. ഏഴ് ദിവസത്തെ സാധാരണ പ്രസവത്തിനുശേഷം പുറത്തിറങ്ങുമ്പോള്‍ ആ അമ്മയ്ക്ക് കിട്ടിയ ബില്ലില്‍ പ്രസവം സിസേറിയന്‍. നടക്കാത്ത ശസ്ത്രക്രിയയ്ക്ക് 77,000 രൂപ. 273 രൂപയുടെ പിപിഇ കിറ്റിന് ബില്ലില്‍ 4000 രൂപ. മറ്റൊരു ആശുപത്രിയില്‍ ഒരു പാത്രം പൊടിയരിക്കഞ്ഞിക്ക് 1365 രൂപയുടെ ബില്‍. പടച്ചവനേ നമ്മുടേത് കഞ്ഞികളുടെ സ്വന്തം നാടാവുകയാണോ. സ്ഥിരമായി ചാനലുകളില്‍ തത്തിക്കളിക്കുന്ന ഒരു പരസ്യത്തില്‍ ഒരു വല്യമ്മ ഡോക്ടറോടു പറയുന്നു; ‘ഡോക്ടറും മെഡിട്രിനയുമുള്ളപ്പോള്‍ എനിക്കെന്തിനാ ഡോക്ടറേ പേടി.’ പക്ഷേ ഈ ആശുപത്രിയുടെ കൊള്ള ബില്ലുകളുടേയും ബില്ലുകളേയുംകുറിച്ചുള്ള വാര്‍ത്തയും ഈ ചാനലുകള്‍ തന്നെ പുറത്തുവിടുന്നു. തൊട്ടുപിന്നാലെ വല്യമ്മയുടെ വാചകമടിയുടെ പരസ്യവും; എനിക്കെന്തിനാ പേടി ഡോക്ടറേ. ഇപ്പോള്‍ ഈ ആശുപത്രി കൊള്ളസംഘം പുതിയൊരടവും കണ്ടുപിടിച്ചിരിക്കുന്നു. 

രോഗിയെ തങ്ങളുടെ ആശുപത്രിയിലേ പ്രവേശിപ്പിച്ചിട്ടില്ലെന്ന് വ്യാജരേഖ, കൊള്ള ബില്‍ കടലാസു തുണ്ടിലെഴുതി നല്കുക തുടങ്ങിയ കലാപരിപാടികള്‍. ഇതെല്ലാം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിനും പരിമിതികളുള്ളപ്പോള്‍ ജനത്തിന് ഒരു മാര്‍ഗമേയുള്ളു. കയറിയങ്ങ് കെെകാര്യം ചെയ്യുക. ആത്മരക്ഷാര്‍ത്ഥം കൊല നടത്താമെന്നാണല്ലോ പ്രമാണം. ഭരണകൂടം ദുരന്തമുഖത്തുനിന്നു വീണ വായിക്കുമ്പോള്‍ ജനം ഭരണാധികാരികള്‍ എവിടെയെന്നു ചോദിക്കാറുണ്ട്. ‘കണ്ടവരുണ്ടോ കണ്ടവരുണ്ടോ’ എന്നു മുദ്രാവാക്യം മുഴക്കാറുണ്ട്. കൊറോണ രാജ്യമെങ്ങും താണ്ഡവനൃത്തം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി മോഡിയെ കണ്ടവരുണ്ടോ എന്ന് പത്രപ്പരസ്യം പോലെ ചോദ്യങ്ങള്‍ ഉയരുന്നു. മോഡിയെ വരദാനവും പുണ്യ ശ്ലോകനുമായി വാഴ്ത്തിപ്പാടിയ ബോളിവുഡ് പ്രതിഭ അനുപം ഖേറും ചോദിക്കുന്നു, എവിടെ ഈ മോഡി മഹാന്‍. കൊറോണ മരണതാണ്ഡവം നടത്തിയപ്പോള്‍ വാക്സിന്‍ വിദേശത്തേക്ക് കയറ്റി അയച്ച് കമ്മിഷന്‍ കൊയ്തതിനെതിരെ രാജ്യവ്യാപകമായി ക്രോധമുയര്‍ന്നിരുന്നു. അപ്പോള്‍ മൗനം വിദ്വാനു ഭൂഷണമെന്ന മട്ടില്‍ മോഡി മൗനിബാബയായി. ഇപ്പോഴിതാ ഡല്‍ഹിയിലെ ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ വരെ പടയ്ക്കിറങ്ങിയിരിക്കുന്നു; ഞങ്ങളും കുഞ്ഞുങ്ങളും വാക്സിന്‍ കിട്ടാതെ മരിക്കുന്നു’ എന്ന ദീനരോദനക്കുറിപ്പെഴുതിയ ചെറുപോസ്റ്ററുകള്‍ അവര്‍ ഡല്‍ഹി നഗരത്തിലാകെ പതിച്ചുതുടങ്ങി. പോസ്റ്റര്‍ ഒട്ടിച്ചവരേയും അത് അച്ചടിച്ചവരേയുമെല്ലാം മോഡിയുടെ ഡല്‍ഹി പൊലീസ് ഇരുമ്പഴികള്‍ക്കുള്ളിലാക്കുന്നു. ഇതെല്ലാം കാണുമ്പോള്‍ അറിയാതെ ചോദിച്ചുപോകുന്നു; താനാരു കൂവേ, ഉഗാണ്ടയിലെ ഇദി അമീനോ അതോ ജഗതല പ്രതാപനോ.

ഹാസ്യത്തിന്റെ നിറകുടമായ ജോസഫ് പുത്തന്‍പുരയ്ക്കല്‍ അച്ചന്‍ ഈയടുത്തു പറഞ്ഞ ഒരു തമാശയുണ്ട്. കാലത്തിനൊപ്പിച്ച് കുഞ്ഞുമക്കള്‍ പോലും മാറുമ്പോള്‍ ഇന്നും പണ്ടത്തെ ഏതോ യുഗത്തില്‍ത്തന്നെ കൂടും കെട്ടി കഴിയുന്നതു പറയാനാണ് അദ്ദേഹം ഒരു കഥ പറഞ്ഞത്. പണ്ടൊക്കെയാണങ്കില്‍ വികൃതിപ്പയ്യന്മാരോട് ടീച്ചര്‍ പറയും; ‘കൂടുതല്‍ വിളച്ചില്‍ കാട്ടിയാല്‍ പെണ്‍പിള്ളെരുടെ ബഞ്ചില്‍ കൊണ്ടിരുത്തുമെന്ന്’. പെണ്‍കുട്ടികളായ സഹപാഠികള്‍ക്കൊപ്പമിരിക്കുന്നതിന്റെ നാണക്കേടൊര്‍ത്തു ആ കുസൃതിക്കുട്ടന്‍ അന്നുമുതല്‍ മര്യാദരാമനാകും. ഇപ്പോഴാണെങ്കിലോ. എട്ടുവയസുള്ള വികൃതിക്കുട്ടിയോട് വിളച്ചില്‍ കാട്ടിയാല്‍ പെണ്‍പിള്ളാരുടെ ബഞ്ചില്‍ കൊണ്ടിരുത്തുമെന്ന് ഒന്നു ഭീഷണിപ്പെടുത്തി നോക്കിയേ. ഉടന്‍ അവന്‍ പറയും, എന്നെ ഭീഷണിപ്പെടുത്തി കൊതിപ്പിക്കാതെ ടീച്ചറേ. കാലം മാറിയതനുസരിച്ച് കുട്ടികള്‍ പോലും മാറുമ്പോള്‍ നമ്മുടെ ബിജെപിക്കാരും സംഘപരിവാറും ഇതിഹാസങ്ങളുടെയും പുരാണങ്ങളുടെയും വരമ്പത്തു കുടില്‍കെട്ടി താമസിക്കുന്നു. ആകാശത്തു പറക്കുന്ന വിമാനങ്ങളെല്ലാം ഭഗവന്‍ ശ്രീരാമന്‍ നിര്‍മ്മിച്ച പുഷ്പകവിമാനത്തിന്റെ ലോഹപ്പതിപ്പുകളാണത്രേ. ഗോമൂത്രവും ചാണകവും കുഴച്ച് ദേഹമാസകലം പൂശിയാല്‍ കൊറോണ പമ്പയും കാശിയും ഗംഗയും യമുനയും കടന്ന് ഓടിയൊളിക്കുമെന്ന് സംഘികള്‍ പറയുന്നു. കൊറോണയ്ക്ക് രാജ്യമെങ്ങും ഒറ്റമൂലിയായി ചാണക ഗോമൂത്രസ്നാനം അവര്‍ ദിനചര്യയാക്കിയിരിക്കുന്നു. ഈ പ്രദേശത്ത് അടുത്തകാലത്തു നടത്തിയ പഠനങ്ങളില്‍ ചാണകക്കുളി നടത്തിയവരുടെയെല്ലാം ദേഹമാസകലം കറുത്ത പൂപ്പല്‍ രോഗം കണ്ടെത്തി, ഈ രോഗത്തിന് ഇനി വേറെ മരുന്നു കണ്ടുപിടിക്കണം. ചാണകസ്നാനികള്‍ക്കിടയില്‍ കൊറോണ മരണങ്ങള്‍ പിടിമുറുക്കുന്നുവെന്ന് മറ്റൊരു പഠനം. അമ്മുക്കുട്ടി പണ്ടു പറഞ്ഞപോലെ ആകെ കശാകൊളം.