April 2, 2023 Sunday

കണ്ണും കണ്ണും തമ്മില്‍ കഥകള്‍ കൈമാറും കാലം

ദേവിക
വാതിൽപ്പഴുതിലൂടെ
March 16, 2020 5:45 am

ആചാരനിബദ്ധമാണ് സമൂഹം എന്ന് ആരാണ് പറഞ്ഞത്! തുമ്മിയാല്‍ തെറിക്കുന്നതേയുള്ളൂ നമ്മുടെ ആചാരസംഹിതകളെന്ന് നാം കണ്ടുകൊണ്ടേയിരിക്കുന്നു. കൊറോണ എന്ന ഭീകരന്‍ നമ്മുടെ ആചാരങ്ങളെ മാത്രമല്ല സമൂഹജീവിതത്തിലെ രീതിശാസ്ത്രങ്ങളെയും കവര്‍ന്നുതിന്നിരിക്കുന്നു. കഴിഞ്ഞ ദിവസം ഒരു ഭാര്യ ഭര്‍ത്താവിന്റെ മുഖത്തുനോക്കി പ്രണയലോലുപയായി പറഞ്ഞത്രേ; ‘നമ്മള്‍ തമ്മില്‍ മുഖാമുഖം കണ്ടിട്ട് എത്ര കാലമായി എന്റെ പൊന്നേ, കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറും കാലം എന്ന സിനിമാപാട്ടുപോലെ അല്‍ഗുത്തായില്ലേ നമ്മുടെ ജീവിതം’ ശരിയാണ്. ഇരുവരും കൊറോണ വിരുദ്ധകവചമായ മാസ്കുമാറ്റി പരസ്പരം കണ്ടിട്ട് ഒരുപാടു കാലമായി! ഇന്നലെ മാധ്യമങ്ങളില്‍ ഒരു ചിത്രം കണ്ടു. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരു ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് മേധാവി ബ്രൂസ് ഗ്രിന്‍സ്റ്റീനും തമ്മില്‍ വൈറ്റ്ഹൗസിലെ റോസ്ഗാര്‍ഡനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വലത്തേ കൈമുട്ടുകള്‍ പരസ്പരം ഇടിച്ച് പഞ്ചഗുസ്തിശൈലിയില്‍ അഭിവാദ്യം ചെയ്യുന്ന ചിത്രം. കോവിഡ് വന്നില്ലായിരുന്നെങ്കില്‍ ആചാരപരമായ അഭിവാദ്യം അടിപൊളിയാകുമായിരുന്നില്ലേ. ഹസ്തദാനത്തില്‍ തുടങ്ങി ആശ്ലേഷ‑ചുംബനങ്ങള്‍ വരെ നീളുന്ന അഭിവാദ്യമുറകള്‍. ഹസ്തദാനം വേണ്ട, ഭാരതീയമായ നമസ്തേ മതിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉപദേശിച്ചെങ്കിലും അതിനും അത്ര ക്ലച്ചുപിടിച്ചില്ല. കൈമുട്ടിടി അഭിവാദ്യമാകുമ്പോള്‍ അത്രയ്ക്കങ്ങ് സ്പര്‍ശനവും വേണ്ടിവരില്ല. ഇനി ട്രംപും മോഡിയും തമ്മില്‍ കാണുമ്പോള്‍ അഭിവാദ്യരീതി വീണ്ടും മാറുമായിരിക്കും. ഇരുവരും കാല്‍മടക്കി ചന്തിയില്‍ പരസ്പരം ആഞ്ഞുചവിട്ടി അഭിവാദ്യമര്‍പ്പിക്കുമായിരിക്കും.

പണ്ട് ശ്രീനാരായണഗുരുദേവന്‍ അരുളിചെയ്തത് വിവാഹച്ചടങ്ങുകള്‍ പരമാവധി ലളിതമാക്കണമെന്നായിരുന്നു. പെണ്ണിന്റെയും ചെറുക്കന്റെയും വീട്ടില്‍ നിന്ന് മുള്ളെണ്ണം അഞ്ചുപേര്‍ വീതം മതി. മോന്‍ തുഷാറിന്റെ കാര്യത്തില്‍ വെള്ളാപ്പള്ളിപോലും നടപ്പാക്കാത്ത ഗുരുവിന്റെ ഉദ്ബോധനം നടപ്പാകാന്‍ കൊറോണ തന്നെ കച്ചമുറുക്കി രംഗത്തിറങ്ങേണ്ടിവന്നു. പെണ്ണും ചെറുക്കനും മാത്രമായി സ്വയംവരകാലവും ഗാന്ധര്‍വവിവാഹക്കാലവും, കൊറോണ ചതിച്ചത് ‘കല്യാണം ഉണ്ണി‘കളെയാണ്. സദ്യാലയങ്ങള്‍ എല്ലാം അടച്ചുപൂട്ടിയതോടെ പെണ്‍കൂട്ടുകാരായും ചെറുക്കന്‍ കൂട്ടുകാരായും ചമഞ്ഞ് മൃഷ്ടാന്നസദ്യയുണ്ണുന്നവരെ കൊറോണ പട്ടിണിക്കിട്ടു! ദൈവങ്ങള്‍ക്കും ആള്‍ ദൈവങ്ങള്‍ക്കുംപോലും കൊറോണ പേടി. അമ്പലങ്ങളിലും പള്ളികളിലും ആരും ആരാധനയ്ക്കു വരരുതെന്ന് ദൈവങ്ങള്‍ തന്നെ ദേവസ്വം ഇടനിലക്കാരും ഇമാമുമാരും വികാരിമാരും വഴി വിശ്വാസികളെ പത്രക്കുറിപ്പ് ഇറക്കി അറിയിക്കുന്ന കലികാലം. മാര്‍പാപ്പ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ തനിയെ ഇരുന്ന് കുര്‍ബാന അര്‍പ്പിക്കുന്നു. ഭക്തരെ അനുഗ്രഹിക്കാന്‍ മടിയിലിരുത്തി ആശ്ലേഷിക്കുകയും കവിളില്‍ ചുംബിക്കുകയും ചെയ്യുന്ന ആചാരസൂത്രവിദ്യ കണ്ടുപിടിച്ച മാതാഅമൃതാനന്ദമയി ‘ചുംബന പ്രസാദം’ അവസാനിപ്പിച്ചിരിക്കുന്നു. ഇവിടെ ഉമ്മയില്ലെങ്കില്‍ സൗദിയില്‍ ഉംറയുമില്ല! കൊറോണയ്ക്കുണ്ടോ ജാതിയും മതവും വര്‍ണവും വര്‍ഗവും. വിശ്വാസവും മതവും വൈറസ് പോലെയാണെന്നു പറയാറുണ്ട്. ഇതെല്ലാം കാണുമ്പോള്‍ ദൈവം മനുഷ്യരാശിയിലേക്ക് അയച്ച് മതാതീത ദൈവമാണോ കൊറോണ വൈറസ് എന്ന് തോന്നിപ്പോകുന്നു!

കൊറോണയല്ല സാക്ഷാല്‍ മറ‍ഡോണവന്നാലും കേരളത്തിലെ കുടിയന്മാര്‍ എന്തു ഭാഗ്യവാന്മാര്‍. ലോകത്ത് എല്ലായിടത്തും കൊറോണ ഭീതിയില്‍ ബാറുകളും നിശാക്ലബ്ബുകളും അടച്ചുപൂട്ടുന്നതിനിടെ നമ്മുടെ മദ്യപന്മാര്‍ക്ക് ബാറുകളില്‍ തൊട്ടുരുമ്മിയിരുന്ന് കുടിച്ചുകൂത്താടാം. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ തോളോടുതോള്‍ ക്യൂ നിന്നു കുപ്പിവാങ്ങി തൊട്ടടുത്ത ഇടവഴിയിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മോന്താം. ആദ്യസിപ്പ് മോന്തല്‍ കഴിഞ്ഞാല്‍ പിന്നെ അടുത്ത സിപ്പ് ജംഗ്ഷനുകളില്‍ വച്ചാകാം. നിരത്തുമധ്യത്തില്‍തന്നെ സുഖസുഷുപ്തിയിലാകാം, വാഹനം കയറി പരലോകം പൂകാം, എന്തു സൗകര്യം. ലോകത്തു മറ്റെവിടെയും ഈ സൗകര്യമില്ലാത്തതിനാല്‍ പ്രവാസികളും വിദേശികളുമായ സഞ്ചാരികള്‍ കേരളത്തിലെത്തിയാല്‍ നേരേ ലാന്‍ഡുചെയ്യുന്നത് ബാറുകളില്‍. കൊറോണ രോഗിയെന്നറിഞ്ഞ് ആശുപത്രിയില്‍ പൂട്ടിയിടപ്പെട്ട ചിലര്‍ പൂട്ടുപൊളിച്ചു മുങ്ങിയെന്നും പിന്നീട് പൊങ്ങിയത് ബാര്‍ അറ്റാച്ച്ഡ് ഹോട്ടലിലെന്നും വാര്‍ത്ത. മദ്യശാലകള്‍ വഴി രോഗം പരത്തുന്നവരുടെ പ്രയാണപഥങ്ങളുണ്ടാക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. ഇതെല്ലാം കണ്ട് ‘സ്വര്‍ഗത്തിലെ കട്ടുറുമ്പു‘കളായ ചില മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയോടു ചോദിച്ചു; ബാറുകളും അടച്ചുപൂട്ടേണ്ടതല്ലേ? അതിനു നിങ്ങള്‍ സമ്മതിക്കുന്നില്ലല്ലോ എന്ന് മുഖ്യമന്ത്രി. പിന്നീട് മാധ്യമ ശിങ്കിടിമുങ്കന്മാര്‍ക്കു മിണ്ടാട്ടമില്ല. പൊന്നു മുഖ്യമന്ത്രി ‍ഞങ്ങളുടെ കള്ളുകുടി മുട്ടിക്കല്ലേ എന്ന മട്ടില്‍!

ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കൊറോണ മരണങ്ങള്‍ ഉണ്ടായത് ഇറ്റലിയിലാണ്. ഇതറിഞ്ഞ മോഡി ഉപദേശിച്ചു, ഇറ്റലിയില്‍ നിന്നു വരുന്നവരുമായി ഒരു ബന്ധവും പാടില്ലെന്ന്. മോഡി പറഞ്ഞത് ഉടന്‍ മനസിലായ ഒരാളേയുണ്ടായിരുന്നുള്ളു. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും ഗ്വാളിയര്‍ മഹാരാജാവുമായ ജ്യോതി രാദിത്യസിന്ധ്യ. ഇറ്റലിയില്‍ നിന്നുവന്ന സോണിയയുടെ പാര്‍ട്ടിയുമായി ബന്ധപ്പെടുന്നത് ആപത്തെന്നു ബോധ്യമായ രാജാവു പയ്യന്‍ നേരെ ചാടിയത് ബിജെപിയിലേക്ക്. കൊറോണ ഉപയോഗിച്ച് കാലുമാറ്റാം, കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാം എന്നിങ്ങനെയുളള നമ്പരുകള്‍ പുറത്തെടുത്ത മോഡിക്ക് നമോവാകം! കൊറോണക്കാലത്ത് സംഘികളുടെ മറ്റു കലാപരിപാടികള്‍ വേറെ. ഹിന്ദു മഹാസഭാ മേധാവി ചക്രപാണി മഹാരാജ് നാടാകെ ഗോമൂത്രപാന മഹോത്സവങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നുവെന്നാണ് വാര്‍ത്ത. മേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് മണ്‍ചട്ടികളില്‍ വയറുനിറയെ കുടിക്കാന്‍ മൂത്രം നല്കും. ഈ പ്രസാദപാനത്തിന്റെ ഭാഗമായി നെറ്റിയില്‍ ചാര്‍ത്താന്‍ ഇത്തിരി ചാണകവും! കൊറോണ പ്രതിരോധത്തിനാണത്രേ ഈ ഗോമൂത്രപാനം. ഇതിനു കനത്ത ദക്ഷിണയും ഈടാക്കും. കൊറോണയും പിരിവുകാലമാക്കുന്ന ചാണകഷാമാരുടെ കാലം. ഇവനെയൊക്കെ കടലാവണക്കിന്‍ പത്തല്‍ കൊണ്ടു പൂശാന്‍ നിയമം വേണ്ടേ. അതെങ്ങനെ നടക്കും ‘ചാണകം ഉണ്ണി‘യായ അമിത്ഷാ ആഭ്യന്തര വകുപ്പിന്റെ അമരത്തിരിക്കുമ്പോള്‍!

ആഭ്യന്തര വകുപ്പിന്റെ അമരത്തിരിക്കുമ്പോള്‍! ലോകത്തെ ഏറ്റവും വലിയ ഭീകരസംഘടനയായ ഐഎസിനും കൊറോണയെ കടുത്ത ഭയമാണ്. ദൈവം തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമേ രോഗബാധയുണ്ടാവൂ എന്നു തുടങ്ങി പത്തു കല്പനകളാണ് ഐഎസ് പുറപ്പെടുവിച്ചിരിക്കുന്നത്. രോഗബാധിത പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. ആയുധപരിശീലനത്തിനുശേഷം കൈകഴുകണം. പത്താം കല്പനയാണ് പരമപ്രധാനം. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്, തുമ്മരുത്. പത്താം കല്പന കേരളത്തിലെ മാനഭംഗവീരന്മാരും തെരുവു റോമിയോമാരും അക്ഷരംപ്രതി പാലിക്കുന്നുവെന്നാണ് സൂചനകള്‍. കാരണം കൊറോണാ വ്യാപനത്തിനുശേഷം കേരളത്തില്‍ മാനഭംഗങ്ങളും ലൈംഗിക പീഡനങ്ങളും സ്വിച്ചിട്ട മട്ടില്‍ നിലച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ കണ്ടു. വിജനമായ തെരുവിലൂടെ നടന്നു വരുന്ന ഒരു സുന്ദരിക്കുട്ടിയെ പീഡിപ്പിക്കാന്‍ രണ്ടു തെരുവു റോമിയോമാര്‍ അടുത്തുകൂടുന്നു. പെണ്ണ് രണ്ടു തുമ്മലും ഒരൊറ്റ ചുമയും. വേട്ടക്കാരായ പയ്യന്മാര്‍ പമ്പകടന്ന് മരകൂട്ടം വരെയെത്തി. ശനിദശ ചിലര്‍ക്ക് ഗുണകാരനെന്ന് ജ്യോത്സ്യന്മാര്‍ പറയുമ്പോലെ കൊറോണ മഹാമാരിയും പെണ്ണുങ്ങള്‍ക്കു ഗുണകാരനാവുന്ന കലികാലം!

‘കുറുന്തോട്ടിക്കു വാതം’ വന്നാലോ. ചങ്ങലയ്ക്കു ഭ്രാന്തുപിടിച്ചാലോ. സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ സകുടുംബം നിയമം ലംഘിച്ചാലോ! സംസ്ഥാനം കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ഗവര്‍ണര്‍ ഇന്നലെ കുടുംബസമേതം പൊന്മുടിയിലേക്ക് വിനോദസഞ്ചാരം നടത്തി നിയമത്തെ വെല്ലുവിളിച്ചത് പൊതുസമൂഹം അതീവ ഗൗരവമായാണ് കാണുന്നത്. രാജ്ഭവന്‍ ഡോക്ടറും പൊലീസുകാരുമടക്കമുള്ള ഗവര്‍ണറുടെ നാല്പതംഗ പരിവാരങ്ങളുമായാണ് അദ്ദേഹം സന്ദര്‍ശിച്ചത്. കൊറോണയെത്തുടര്‍ന്ന് സര്‍ക്കാര്‍ അടച്ചിട്ട വിനോദസ‍ഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. സഹ്യന്റെ തെക്കേ ചരുവിലെ അടച്ചിട്ട ഈ കേന്ദ്രം കുത്തിത്തുറപ്പിച്ച് മൂന്ന് ദിവസമാണ് ഗവര്‍ണറും കുടുംബവും ഇവിടെ തങ്ങുക. പൊന്മുടി ഗസ്റ്റ്ഹൗസിലും കെടിഡിസിയുടെ റിസോര്‍ട്ടുകളിലുമായി ഗവര്‍ണറും പരിവാരങ്ങളും ഇവിടെ കഴിയുന്നതിന് ശോഷിച്ച ഖജനാവില്‍ നിന്നു ചെലവാക്കേണ്ടത് ലക്ഷങ്ങള്‍. ‘കാട്ടിലെതടി തേവരുടെ ആന, വലിയെടാ വലി‘എന്ന മട്ടില്‍ ഈ കൊറോണാധൂര്‍ത്തിനെ ന്യായീകരിക്കാം. പക്ഷേ സംസ്ഥാന ഭരണത്തലവനായ ഗവര്‍ണര്‍ തന്നെ നിയമലംഘകനാവുമ്പോള്‍ ജനത്തോട് എന്തുന്യായീകരണം പറയാനാവും. സംസ്ഥാന സര്‍ക്കാര്‍ കൊറോണയ്ക്കെതിരേ ഐതിഹാസികമായ പോരാട്ടം നടത്തുന്നതിനിടെ ഗവര്‍ണര്‍ നടത്തിയ ഈ നിയമംലംഘനത്തെ അല്പത്തരമെന്നോ ശുംഭത്തരമെന്നോ ജനം പറഞ്ഞുപോയാല്‍ ആ വിമര്‍ശനം തീരെ ‘മൈല്‍ഡ്’ ആയിപ്പോയി എന്നേ പറയാനുള്ളു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.