Janayugom Online
cow-jana

മോഡിവക വന്ദേവിശുദ്ധ ഗോഹത്യ

Web Desk
Posted on February 17, 2019, 10:44 pm
devika

മോഡിസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് ഗോഹത്യ നടത്തിയെന്ന പേരില്‍ നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയത്. ആട്ടിറച്ചിയെ മാട്ടിറച്ചിയാക്കിയാണ് അഖ്‌ലാഖ് എന്ന മുസ്‌ലിം നിരപരാധിയെ തല്ലിക്കൊന്നത്. ചത്ത പശുക്കളുടെ തോല്‍ ശേഖരിക്കുന്നത് കുലത്തൊഴിലാക്കി അന്നം തേടുന്ന ദളിതുകളെയും ഗോഹത്യയുടെ പേരില്‍ തല്ലിയും കുത്തിയും വെട്ടിയും തലതല്ലിപ്പിളര്‍ന്നും കൊന്നും ഗോരക്ഷ തങ്ങളുടെ ദൗത്യമായി ഏറ്റെടുത്ത ബിജെപിയും സംഘപരിവാറും തന്നെ മോഡിയുടെ കാര്‍മ്മികത്വത്തില്‍ പുതിയ ഗോഹത്യായജ്ഞം തന്നെ തുടങ്ങിയിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്നുവരുന്ന വാര്‍ത്തകളില്‍ കാണുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നും വാരാണസിയിലേയ്ക്കുള്ള ഹൈസ്പീഡ് തീവണ്ടി വന്ദേഭാരത് മോഡി ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്നു തന്നെ വന്ദേഭാരത് എന്ന് ചൂളം വിളിച്ച തീവണ്ടി ഒരു ഗോമാതാവിനെ കൊന്നു കട്‌ലറ്റ് പരുവത്തിലാക്കിയെന്നാണ് വാര്‍ത്ത. ഈ ഗോഹത്യമൂലം തീവണ്ടി ഗതാഗതം തന്നെ താറുമാറായി. ഗോമാതാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ മാറ്റാന്‍ സംഘികളായ സ്വയം സേവകര്‍ തന്നെയെത്തി. അപ്പോള്‍ ഇത്ര നാളും മോഡി എതിര്‍ത്ത ഗോഹത്യകള്‍ നിന്ദ്യഗോഹത്യകളും തീവണ്ടി ഇടിച്ചുകൊന്ന ഗോഹത്യ വന്ദ്യഗോഹത്യയുമാകുമോ!, ഈ ഗോഹത്യയില്‍ മോഡിയാണോ മോഹന്‍ ഭാഗവതാണോ അതോ റയില്‍ മന്ത്രി പിയൂഷ് ഗോയലാണോ എന്നേ ഇനി തിരിച്ചറിയാനുള്ളൂ.

സൗദി അറേബ്യയിലെ ഒരു ചെറുചെക്കന്‍ മരിച്ചു കിടക്കുന്ന ഉപ്പാപ്പയോടൊപ്പം ആഹ്ലാദത്തിമിര്‍പ്പോടെ സെല്‍ഫിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ഉമ്മയും ബാപ്പയുമടക്കം അകത്തായ വാര്‍ത്ത ഈയടുത്ത് ‘ജനയുഗ ത്തില്‍ കാണാനിടയായി, നമ്മുടെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്ന സെല്‍ഫി ചക്രവര്‍ത്തിയും അറബിപയ്യനെ കടത്തി വെട്ടിയിരിക്കുന്നു. പ്രളയദുരിതാശ്വാസകേന്ദ്രത്തില്‍ അന്തിയുറങ്ങിയിട്ട് സെല്‍ഫിയെടുത്തു പോസ്റ്റു ചെയ്ത കണ്ണന്താനം ഇപ്പോള്‍ പുറത്തിട്ട സെല്‍ഫി ഒരു കടുംകയ്യായി പോയി. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീര മൃത്യുവടഞ്ഞ വയനാട് ലക്കിടിയിലെ വി വി വസന്തകുമാറിന്റെ മൃതദേഹത്തിന് ആദരാജ്ഞലി അര്‍പ്പിക്കവേയാണ് കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ സൗദി ബാലനെ തോല്‍പ്പിക്കുന്ന ഈ സെല്‍ഫി ചെയ്ത്ത്! സംഗതി അളിപിളിയായപ്പോള്‍ കണ്ണന്താനം വിശദീകരിക്കുന്നു; ‘ആ പടമൊന്നു നോക്കിയേ, അതു സെല്‍ഫിയാണെന്നു തോന്നുവോ!’ ഇതുപോലെ സെല്‍ഫിയും ഫോട്ടോയുമെടുത്ത ഒരാള്‍ തന്റെ മുകളിലുള്ളപ്പോള്‍ താനെന്തിനു കുറയ്ക്കണം എന്ന കണ്ണന്താനം സ്റ്റെല്‍മന്നന്‍, കശ്മീരിലെ ലോകപ്രശസ്തമായ ദാല്‍തടാകത്തില്‍ ബോട്ടുയാത്ര ചെയ്യുന്നതിനിടെ മനുഷ്യവാസം ഒട്ടുമില്ലാത്ത ഹരിതവനങ്ങളെ നോക്കി അഭിവാദ്യം ചെയ്യുന്ന മോഡിയുടെ ചിത്രം ഈയിടെ മാധ്യമങ്ങളില്‍ വന്നിരുന്നു. ഇതുകണ്ട മാലോകരെല്ലാം പറഞ്ഞുപോയി ആളില്ലാത്ത സ്ഥലങ്ങളില്‍ നോക്കി കൈവീശി അഭിവാദനം സ്വീകരിക്കുന്ന മോഡിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. എന്തോ സംഭവിച്ചത് തലച്ചോറിലാണെന്നും മോഡി സഞ്ചരിച്ച ബോട്ട് എത്രയും വേഗം ഊളമ്പാറയ്ക്ക് കരയ്ക്കടുപ്പിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടവരും ഉണ്ടായിരുന്നു. എമ്പ്രാനല്‍പം ഭ്രാന്തായാല്‍ അമ്പലവാസികളൊക്കെ ഭ്രാന്തന്മാരാകും എന്ന പ്രമാണമനുസരിച്ച് കണ്ണന്താനം അമ്പലവാസിക്കും മാപ്പു നല്‍കാം

എങ്കിലും ഒരു ഇന്ത്യാക്കാരനടക്കമുള്ള വിവിധ രാജ്യങ്ങളിലെ ഡോക്ടര്‍മാര്‍ ഈയിടെ നടത്തിയ വെടിവട്ടങ്ങളില്‍ ഉയര്‍ന്നുവന്ന അഭിപ്രായ പ്രകടനങ്ങളില്‍ ഉപ്പും കൊണ്ടുകയറിയത് ഇന്ത്യാക്കാരനായിരുന്നു. ബ്രിട്ടീഷ് ഡോക്ടര്‍ പറഞ്ഞത് തന്റെ നാട്ടുകാരനായ ഒരാള്‍ തന്റെ പകുതി കരള്‍ മാറ്റിവച്ചശേഷം രോഗവിമുക്തനായി ആറാഴ്ച കഴിഞ്ഞപ്പോള്‍ ജോലി അന്വേഷിച്ചു തുടങ്ങിയെന്നായിരുന്നു. ഇതു കേട്ട റഷ്യന്‍ ഡോക്ടര്‍ പറഞ്ഞത് പകുതി ഹൃദയം മാറ്റിവച്ച തന്റെ ഒരു നാട്ടുകാരന്‍ വെറും രണ്ടാഴ്ച കൊണ്ടു ജോലി അന്വേഷിച്ചു തുടങ്ങിയെന്ന്. ഇതോടെ ജര്‍മ്മന്‍ ഡോക്ടര്‍ അറിയിച്ചത് തന്റെ നാട്ടുകാരിലൊരാള്‍ പകുതി തലച്ചോര്‍ മാറ്റി വച്ച ശേഷം രോഗവിമുക്തനായി നാലാഴ്ച കഴിഞ്ഞ് ജോലി അന്വേഷിച്ചു തുടങ്ങിയെന്നായി, അടുത്തത് ഇന്ത്യന്‍ ഡോക്ടറുടെ ഊഴമായി. നിങ്ങളൊക്കെ ഇന്ത്യയെക്കാള്‍ എത്രയോ പിന്നിലാണ്. ഇന്ത്യക്കാര്‍ തലച്ചോറില്ലാത്ത ഒരാളെ പ്രധാനമന്ത്രിയാക്കി, പിറ്റേന്നു മുതല്‍ ആകമാന ഭാരതീയര്‍ ജോലി അന്വേഷിച്ച് അലച്ചിലാണ്! ദാല്‍ തടാകത്തിലെ പ്രധാനമന്ത്രിയുടെ ഗ്രാന്‍ഡ് പെര്‍ഫോമന്‍സ് കണ്ടിട്ടാവും ഇന്ത്യന്‍ ഡോക്ടറുടെ ആ വെളിപ്പെടുത്തല്‍.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേരളം സമര്‍പ്പിച്ച രേഖാമൂലമുള്ള സത്യവാങ്മൂലം സമഗ്രമായില്ല എന്നു തെല്ലൊരു സന്ദേഹം ദേവികയ്ക്കുണ്ട്. പത്തുവയസ്സുകാരി അയ്യപ്പനെ ദര്‍ശിച്ചാല്‍ ശബരിഗിരീശന്റെ നൈഷ്ഠിക ബ്രഹ്മചര്യം ഇല്ലാതാകുന്നില്ലെന്നും ആ നിലപാട് സ്ത്രീകളെ അപമാനിക്കലാണെന്നുമായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. അതുശരിയല്ല. സ്ത്രീകളെ അപമാനിക്കലല്ല അയ്യനെയാണ് സോ-കോള്‍ഡ് വിശ്വാസികള്‍ അപമാനിക്കുന്നതെന്നല്ലേ വേണ്ടിയിരുന്നത്. അയ്യപ്പന്‍ മത്സ്യബന്ധിയെ പ്രാപിച്ച പരാശരമുനിയേയും ശകുന്തളയെ നാനാവിധമാക്കിയ ദുഷ്യന്തനേയും പോലെയല്ല. ആശാറാം ബാപ്പുവിനേയും സന്തോഷ് മാധവനേയും റോബിന്‍ വടക്കും ചേരി അച്ചനേയും തൊളിക്കോട് ഇമാം ഷെഫിഖ് ഖാസ്മിയേയും പോലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടാല്‍ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അഷ്ടബന്ധമിട്ടുറപ്പിച്ച പീഠം സഹിതം തെറിച്ചു പോകുമെന്നു പറയുന്ന വെണ്‍മണി ശ്രീധരന്‍ പിള്ളയല്ലേ അയ്യപ്പനിന്ദ നടത്തുന്നതെന്ന് ദേവിക ചോദിച്ചു പോകുന്നു. അതിനാല്‍ സ്ത്രീ നിന്ദയെക്കാള്‍ അയ്യപ്പനിന്ദയ്ക്ക് പരമപ്രാധാന്യം നല്‍കി സര്‍ക്കാര്‍ ഒരു തിരുത്തല്‍ ഹര്‍ജി നടത്തണമെന്ന് അപേക്ഷയുണ്ട്.

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും പ്രസവിച്ച കുഞ്ഞിനെ ഒളിപ്പിക്കുകയും ചെയ്ത കേസില്‍ റോബിന്‍ വടക്കും ചേരി അച്ചന് കോടതി 60 വര്‍ഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചിരിക്കുന്നു. പുരോഹിതന്‍ അങ്ങനെ ‘വികാരിയും വികാരിയച്ഛനുമായി, ശിക്ഷാവിധിക്കുമുമ്പ് അച്ഛന്‍ കോടതിയെ ഒരു സങ്കടം അറിയിച്ചു. പെണ്‍കുട്ടിയേയും തന്റെ കുഞ്ഞിനേയും , സംരക്ഷിക്കാന്‍ തടവു ശിക്ഷ ഒഴിവാക്കണമെന്ന്.! വൈദിക കുപ്പായമണിയാന്‍ ദൈവവിളി കേള്‍ക്കുന്നതിനുമുമ്പ് ഇക്കാര്യമങ്ങ് അപ്പനമ്മമാരോടു പറഞ്ഞിരുന്നുവെങ്കില്‍ ഒരു ഷഷ്ടിപൂര്‍ത്തികാലം ഗോതമ്പുണ്ടതിന്നാനുള്ള വിധിയുണ്ടാകുമായിരുന്നോ!

കെപിസിസി പ്രസിഡന്റ് പദം ഇത്ര വലിയൊരു മുള്‍ക്കിരീടമാകുമെന്ന് മുല്ലപ്പള്ളി സ്വപ്‌നേ പി നിരൂപിച്ചു കാണില്ല. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ആവശ്യപ്പെട്ട കോണ്‍ഗ്രസിന്റെ ബൂത്തുപ്രസിഡന്റ് കീടം അപ്പുകുട്ടന്‍ വരെ വാളുമിളക്കി രംഗത്തിറങ്ങി. യൂത്ത് കോണ്‍ഗ്രസിനുവേണം അഞ്ചുസീറ്റ്, മഹിളാ കോണ്‍ഗ്രസിന് ഒരു പത്തു സീറ്റെങ്കിലും കിട്ടിയാല്‍ കൊള്ളാമായിരുന്നുവെന്ന് ലതികാസുഭാഷ്. കെഎസ് യുടെ കുട്ടിപട്ടാളത്തിനും വേണം മൂന്നുസീറ്റ്, എങ്കില്‍ പിന്നെ ഐഎന്‍ടിയുസിയ്ക്ക് അഞ്ചുസീറ്റു നല്‍കിയാല്‍ കഴയ്ക്കുമോ എന്ന് ചന്ദ്രശേഖരന്‍. കര്‍ഷക കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് തുടങ്ങി കായല്‍ കര്‍ഷക കോണ്‍ഗ്രസുവരെയുള്ളവര്‍ ആവശ്യപ്പെടുന്ന സീറ്റുകള്‍ നല്‍കണമെങ്കില്‍ കേരളത്തില്‍ നൂറു ലോക്‌സഭാസീറ്റെങ്കിലും വേണം. ആകെയുള്ളത് മൂള്ളെണ്ണം. 20 പെണ്ണുങ്ങള്‍ യോഗ്യത തെളിയിച്ചിട്ടു വരട്ടെ എന്ന് മുല്ലപ്പള്ളി സഹികെട്ടു പറഞ്ഞുപോയി. നിങ്ങളിങ്ങനെയായാല്‍ കോണ്‍ഗ്രസിനു മത്സരിക്കാന്‍ സിറ്റെവിടെയെന്നു മുല്ലപ്പള്ളി ചോദിക്കുമ്പോള്‍ ഒരു സംശയം, കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയിലുള്ളവരാരും കോണ്‍ഗ്രസുകാരല്ലേ! എന്തായാലും മഹായാത്ര കഴിയുമ്പോള്‍ മുല്ലപ്പള്ളി തന്റെ പ്രസിഡന്റ് കുപ്പായമൂരി രാഹുലിന്റെ മുന്നിലേക്ക് എറിയുന്ന പരുവത്തിലേക്കു കാര്യങ്ങള്‍ നീങ്ങുന്നു.

രജനീകാന്തും കമലഹാസനും മന്റവും മയ്യവുമായി രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ തമിഴ്‌നാട് ഇപ്പോള്‍ അങ്ങ് ഉലത്തിക്കളയുമെന്നു തോന്നി. അണ്ടിയോടടുത്തപ്പോഴല്ലേ മാങ്ങയുടെ പുളി, തമിഴ്‌നാട് പണ്ടത്തെ അണ്ണാദുരയുടേയും എം ജി ആറിന്റെയും കരുണാനിധിയുടെയും പുരട്ചിതലൈവി ജയലളിതയുടേയും തമിഴകമല്ല. ജനം ദ്രാവിഡ രാഷ്ട്രീയം വെടിഞ്ഞു നാനാദിക്കുകളിലേയ്ക്കു പായുന്നതുകണ്ട് നാടുഭരിക്കാന്‍ വന്ന രജനി പറയുന്നു താന്‍ ലോക്‌സഭയിലേയ്ക്ക് മത്സരിക്കാനില്ലെന്ന്, പണ്ടു ജയലളിതയെ വീഴ്ത്താന്‍ സ്റ്റൈല്‍ മന്നനു കൂട്ടായി ഒരു ജി കെ മൂപ്പനാരുണ്ടായിരുന്നു. രാഷ്ട്രീയത്തിലിറങ്ങി വെള്ളം കുടിക്കുന്ന രജനി ഇപ്പോള്‍ പറയുന്നത് കുടിവെള്ളം തരുന്നവര്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുമെന്ന്. കമലഹാസനാണെങ്കില്‍ മിണ്ടാട്ടമില്ല. ഇരുവരും പുതു സിനിമകളുമായി അണിയറയില്‍, രാഷ്ട്രീയം മേലനങ്ങുന്ന ജോലിയായി തമിഴകത്തിലുമെന്ന മാറ്റത്തിന് ഞാണൊലിമുഴക്കുന്ന തമിഴ് ആസിരിയ പെരുമക്കളേ നന്റി വണക്കം!