പി എ വാസുദേവൻ

February 29, 2020, 5:45 am

ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചത്

Janayugom Online

ഓരോ തെരഞ്ഞെടുപ്പും ഒരു പാലാഴിമഥനം പോലെയാണ്. അതിന്റെ അവസാനം ചിലതു പൊന്തിവരും. അമൃതും വിഷവും അതിന്റെ ബഹിര്‍ഗമനങ്ങളാണ്. തെര‍ഞ്ഞെടുപ്പുകള്‍‍, അധികാരമാറ്റത്തിന്റെ മാത്രം പ്രശ്നമാണെങ്കില്‍ ഒരു സമൂഹത്തിന് അതിലേറെ വികലന, വിചിന്തനങ്ങള്‍ക്കു കാര്യമില്ല. അതിനപ്പുറം ചില വ്യാപകമായ പ്രവണതകളും ഫലങ്ങളും സമൂഹത്തിനു ദീര്‍ഘകാലത്തേക്കു പ്രസക്തമായവ ഉണ്ടാവണം. ഒരുപക്ഷെ അതൊക്കെ ഉത്തര ഇലക്ഷന്‍ വിശകലനത്തില്‍ വ്യക്തമാവുന്ന രാഷ്ട്രീയ‑സാമ്പത്തിക പ്രശ്നങ്ങളാണ്. ഏതൊരു തെരഞ്ഞെടുപ്പും വിശകലനം ചെയ്യപ്പെടേണ്ടത് പരിമിതമായ രാഷ്ട്രീയ പാര്‍ട്ടി വിശകലനങ്ങളിലൂടെയല്ല. പാര്‍ട്ടി കേന്ദ്രീകൃതപഠനങ്ങള്‍ക്ക് സാധിക്കാത്ത തിരിച്ചറിവ് മേഖലകളുണ്ട്. ഞാനിവിടെ ഉദ്ദേശിക്കുന്നത് കഴിഞ്ഞ ഡല്‍ഹി തെരഞ്ഞെടുപ്പ് സാധ്യമാക്കുന്ന ചില വിശാല നിഗമനങ്ങളും പ്രായോഗിക അനുഭവങ്ങളുമാണ്.

അവയില്‍ മിക്കതും പലപല പഠനങ്ങളിലായി വന്നിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി ഒരു പരിപൂര്‍ണ പാര്‍ട്ടിയാണെന്നോ കെജ്‌‌രിവാള്‍ ഇന്നത്തെ ദുര്‍ബല നേതൃത്വസങ്കല്പത്തിന് പൂര്‍ണമായ സബ്സ്റ്റിറ്റ്യൂട്ട് ആണെന്നോ സ്ഥാപിക്കാനല്ല. അങ്ങനെ അല്ലെന്നും പറയാം. പക്ഷെ എവിടെയൊക്കെയോ കെജ്‌രിവാള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചതും നടപ്പിലാക്കിയതുമായ ചില കാര്യങ്ങള്‍ വ്യാപകമായ രാഷ്ട്രീയ ഫലങ്ങള്‍ ഉണ്ടാക്കിയെന്ന് മറ്റ് പാര്‍ട്ടികള്‍ അറിയണം. ആ അര്‍ത്ഥത്തില്‍ ആം ആദ്മി ഭരണം ദേശീയധാരാ രാഷ്ട്രീയത്തിന്റെ ഇടതുവശത്തുള്ള ധാരയാണെന്നും പറയാം. അതിന്റെ വ്യത്യസ്തതകൊണ്ടും ഭരണഫലങ്ങള്‍ കൊണ്ടും അതാവാം അവിടത്തെ ജനം ഇങ്ങനെ പ്രതികരിക്കാന്‍ കാരണം. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ വിശകലനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്.

അതിനു മുമ്പത്തെ അഞ്ചുവര്‍ഷങ്ങള്‍ കെജ്‌രിവാള്‍ നടപ്പിലാക്കിയ ചില കാര്യങ്ങളോട് ജനങ്ങള്‍ പ്രതികരിച്ചതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. അതിന്റെ പ്രധാന അര്‍ത്ഥം പാര്‍ട്ടി പരിഗണനകള്‍ക്കപ്പുറത്തെ ഒരു ജനാധിപത്യത്തിന്റെ സാധ്യതയായിരുന്നു. ഒരര്‍ത്ഥത്തില്‍ അത് പൗരത്വ ജനാധിപത്യത്തിന്റെ വിധിയെഴുത്തായിരുന്നു. നിയമനിര്‍മ്മാണ സഭയിലെ ഭൂരിപക്ഷമാണ് ഭരണത്തെ നിയന്ത്രിക്കുന്നതെന്നതിനപ്പുറം ഭരണഭൂരിപക്ഷത്തെ ഭാവിയില്‍ അപ്രസക്തമാക്കാനും സ്വേച്ഛാധിപത്യത്തിലേക്ക് വഴുതി വീഴുന്ന ജനാധിപത്യ ഭൂരിപക്ഷത്തെ ശിക്ഷിക്കാനും ഉത്ഥാനമാവുന്ന പൊതുബോധത്തിനാവുമെന്ന പാഠമതിലുണ്ട്. ഇത് പ്രതിപക്ഷത്തിനെന്നപോലെ കെജ്‌രിവാളിനും ഇനിയുമങ്ങോട്ടുള്ള പാഠമാണ്.

ഇവിടെ ഒരു ചെറിയ വഴിത്തിരിവാകാം. ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു കടുത്ത സെക്യുലറിസമോ പൗരത്വ ബില്ലോ ഒന്നുമല്ല കാര്യമായി ഉയര്‍ത്തിക്കാണിച്ചത്. ജനങ്ങള്‍ വേണ്ട നിത്യനിദാന കാര്യങ്ങളിലായിരുന്നു ഭരണം ശ്രദ്ധിച്ചത്. കുറഞ്ഞ ചെലവില്‍ ഭക്ഷ്യോപയോഗ സാധനങ്ങള്‍, കുടിവെള്ളം, യാത്രാസൗകര്യം, പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതി, സര്‍വോപരി അവരുടെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയായിരുന്ന ഡല്‍ഹി മോഡല്‍ ഓഫ് എഡ്യുക്കേഷന്‍. ജനങ്ങള്‍ക്ക് മുദ്രാവാക്യങ്ങളോ വാഗ്ദാനങ്ങളോ അല്ല വേണ്ടതെന്നും കഴിഞ്ഞുകൂടാനുള്ളവകയും പഠിക്കാനുള്ള സൗകര്യങ്ങളും വേലയും കൂലിയുമൊക്കെയാണ് വേണ്ടതെന്നും ഒരു സര്‍ക്കാര്‍ തിരിച്ചറിഞ്ഞപ്പോള്‍ ജനം അവരെ വീണ്ടും അധികാരത്തിലിരുത്തി വാഴിച്ചു. അതൊരു ലളിത പ്രക്രിയ തന്നെയായിരുന്നു.

പറഞ്ഞ കാര്യങ്ങള്‍ അവര്‍ നടപ്പിലാക്കിയതായിരുന്നു പ്രധാന വിജയരഹസ്യം. ഡല്‍ഹിയിലെ വലിയൊരു വിഭാഗം താഴ്ത്തല പൗരന്മാര്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസത്തിനു സാധ്യതയില്ലായിരുന്നു. മുഖ്യധാരാ വിദ്യാഭ്യാസം തീരെ തകര്‍ന്ന മട്ടിലുമായിരുന്നു. ആം ആദ്മി പാര്‍ട്ടി പ്രത്യേകം ശ്രദ്ധിച്ചത് ഒരു വ്യക്തമായ വിദ്യാഭ്യാസ നയമുണ്ടാക്കി നടപ്പിലാക്കാനായിരുന്നു. ഈ നേട്ടത്തെക്കുറിച്ചൊന്നും മുഖ്യധാരാ പത്രങ്ങളില്‍ ഏറെ വാര്‍ത്തകളൊന്നുമുണ്ടായിരുന്നില്ല. മറ്റ് പല വമ്പന്‍ പ്രസ്താവനകളിലും കോലാഹലങ്ങളിലും മുങ്ങിപ്പോയ വാര്‍ത്തകള്‍, ഇതുവേണ്ടത്ര പ്രചരിപ്പിച്ചില്ലെങ്കിലും അച്ചടികള്‍ക്കപ്പുറത്ത് ജനം ഈ സത്യം മനസിലാക്കിയിരുന്നു. അതെക്കുറിച്ച് പല പ്രശസ്ത പ്രസിദ്ധീകരണങ്ങളിലും വാര്‍ത്തകള്‍ വന്നപ്പോഴാണ് കെജ്‌രിവാളിന്റെ വിജയത്തിന്റെ പ്രധാന രഹസ്യം പുറത്തുവന്നത്.

പല ദിശകളിലായി ഡല്‍ഹിയിലെ വിദ്യാഭ്യാസസംവിധാനത്തെ അവര്‍ മുന്നോട്ടുകൊണ്ടുപോയി. അതിനായി സ്റ്റേറ്റ് ബജറ്റിന്റെ 25 ശതമാനം നീക്കിവയ്ക്കുകയും വരേണ്യര്‍ക്കും സാധാരണക്കാര്‍ക്കുമായി വിദ്യാഭ്യാസക്രമത്തെ കൂട്ടി ബന്ധിപ്പിച്ചു. പല ഘടകങ്ങളുള്ള ഇതില്‍ ഏറ്റവും പ്രധാനം സ്കൂള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മാറ്റി രൂപകല്പന ചെയ്യലായിരുന്നു. ഭൗതിക ഘടന ഏറെ മോശമായിരുന്ന മിക്ക സ്കൂളുകളിലും പഠനവും പഠിപ്പിക്കലും ദുഷ്ക്കരമായിരുന്നു. നല്ല ക്ലാസുമുറികള്‍, ലബോറട്ടറികള്‍, ഓഡിറ്റോറിയം, സ്മാര്‍ട്ട് ക്ലാസ് മുറികള്‍ തുടങ്ങി എല്ലാം അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് സജ്ജമാക്കിയത് വന്‍ നേട്ടമായിരുന്നു. മറ്റൊന്ന് അധ്യാപകര്‍ക്ക് നല്കിയ വിശദമായ പരിശീലനമായിരുന്നു. ഒരേതരം അധ്യാപനത്തിന്റെ മുരടിപ്പ് ഇല്ലാതാക്കുക എന്നതായിരുന്നു ലക്ഷ്യം.

അധ്യാപകരെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രഗത്ഭ യൂണിവേഴ്സിറ്റികളിലേക്ക് അവരുടെ ആത്മവിശ്വാസവും അറിവിന്റെ അതിരുകളും വ്യാപകമാക്കി. ഏകതാനമായ ഇന്ത്യന്‍ പരിശീലനങ്ങളില്‍ നിന്നൊരു വിമുക്തിയായിരുന്നു അത്. സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കുകയും ഓരോ കമ്മിറ്റിക്കും ഏതാണ്ട് ഏഴു ലക്ഷം രൂപവരെ നല്കുകയും ചെയ്തു. അവര്‍ക്ക് താലല്കാലിക വ്യവസ്ഥയില്‍ പുറമെ നിന്ന് ഹ്രസ്വകാലത്തേക്ക് വിദഗ്ധരെ കൊണ്ടുവരാന്‍ കൂടി അധികാരം നല്കി. കുട്ടികളു‍ടെ വൈകാരിക സൗഖ്യത്തിനായി ‘ഹാപ്പിനസ് കരിക്കുലം’ എന്നൊരു നൂതന പദ്ധതിയും നടപ്പിലാക്കി. ഇന്ത്യയിലൊരിടത്തുമില്ലാത്ത ഇത് എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ ഉദ്ദേശിച്ചായിരുന്നു. ഒമ്പതു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ക്കായി സംരംഭക ‘മൈന്റ്കാര്‍സെറ്റ് കരിക്കുലം’ നടപ്പിലാക്കി അവരുടെ ‘ക്രിട്ടിക്കല്‍’ അറിവിനെ ഉണര്‍ത്തുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. പത്ത്, പന്ത്രണ്ട് ക്ലാസുകാര്‍ക്ക് പരീക്ഷയെ നേരിടാനുള്ള ഒരുക്കങ്ങളും ഉണ്ടാക്കി. ഇത്തരമൊരു ശ്രദ്ധാപൂര്‍വമായ വിദ്യാഭ്യാസ പദ്ധതിയും നടപ്പിലാക്കലും സര്‍ക്കാരിനു നല്കിയ പിന്തുണ മുമ്പില്ലാത്തതായിരുന്നു.

കുട്ടികളെ പ്രാഥമികഗണിതം പഠിപ്പിക്കാത്തതുകൊണ്ടായിരുന്നു ഒമ്പതാം ക്ലാസില്‍ 50 ശതമാനം പരാജയത്തിന്റെയും കാരണമെന്ന് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ പഠനങ്ങള്‍ വ്യക്തമാക്കിയതുകൊണ്ട് കരിക്കുലം വന്‍ പരിഷ്കരണത്തിനു വിധേയമാക്കി. അടിസ്ഥാന നൈപുണി കുട്ടികള്‍ക്കു നല്‍കുന്നതിലായിരുന്നു ഊന്നല്‍. ദിനസരി പഠനത്തോടൊപ്പം വായന, പഠനം, പ്രത്യേക പ്രശ്നപരിഹാരനൈപുണി എന്നിവയില്‍ ഊന്നല്‍ നല്കി. സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ധന പാടില്ലെന്നുറപ്പാക്കി. സ്വകാര്യ സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധന കൊണ്ട് ബുദ്ധിമുട്ടിയ രക്ഷിതാക്കള്‍ക്ക് സര്‍ക്കാര്‍ തിരിച്ചടവിനായി 32 കോടി രൂപ നീക്കിവച്ചു. ശ്രദ്ധാപൂര്‍വമായ വിദ്യാഭ്യാസ നടപടികളായിരുന്നു ഇവയൊക്കെ. ഒരുപക്ഷെ ഇന്ത്യയിലെ ഒരു സംസ്ഥാനവും ഈ വഴിക്ക് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടില്ല. കേരളത്തിനും അനുകരണീയമായ മാതൃകയാണ് ഒരു ചെറിയ കേന്ദ്രഭരണ പ്രദേശം നടപ്പിലാക്കിയത്. ആഘോഷങ്ങളില്ല, പരസ്യങ്ങളില്ല. ഒരു ചെറുപ്രദേശം, അതീവശ്രദ്ധേയമായ വിദ്യാഭ്യാസ വിപ്ലവമാണ് നടപ്പിലാക്കിയത്.

ഈ പരിഷ്കരണങ്ങളുടെ മുഖ്യ കാര്‍മ്മികനായ സിസോദിയയുടെ ഭാഷയില്‍ ഇനി രണ്ടാം ഘട്ടം ഡല്‍ഹി തുടങ്ങും. വിദ്യാഭ്യാസത്തിന്റെ ഫൗണ്ടേഷന്‍ ശരിയാക്കിയതോടെ ഇനി അവര്‍ ‘ഫൗണ്ടേഷനുവേണ്ടിയുള്ള വിദ്യാഭ്യാസത്തിലേക്കുള്ള അജണ്ടയാണ് തയാറാക്കുന്നത്. സാമ്പ്രദായിക പഠനങ്ങളോടൊപ്പം മൗലിക മൂല്യസഞ്ചയം കുട്ടികളിലെത്തിക്കാനും അവരുടെ മനസുകളെ പരിമിതമായ പ്രതികരണങ്ങള്‍ക്കപ്പുറത്തെത്തിക്കാനും വിദ്യാഭ്യാസത്തെ സജ്ജമാക്കാനുമാണ് പരിപാടി. വിശകലനങ്ങളില്‍ ശ്രദ്ധേയമായ ഒരു കാര്യം പുറത്തുവരുന്നു. വന്‍ഘോഷങ്ങളും ആഘോഷങ്ങളും വമ്പന്മാരുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കും എത്താവുന്നതിലധികം മാറ്റം വരുത്താന്‍ അടിസ്ഥാന പദ്ധതികള്‍ക്കാവും. ഇന്ദ്രപ്രസ്ഥം തരുന്ന പാഠം ഇതുകൂടിയാണ്.

Eng­lish Sum­ma­ry: Janayu­gom col­umn about del­hi election