28 March 2024, Thursday

പാർലമെന്റ് അംഗങ്ങളുടെ നാടകം

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
September 2, 2021 4:39 am

രാഷ്ട്രീയനേതാക്കൾ നാടകം കളിക്കുകയാണെന്നും ആരുടെയോ തിരക്കഥ അനുസരിച്ചു പോകുകയാണെന്നും സാധാരണ പറയാറുണ്ട്. എന്നാൽ നിയമനിർമ്മാണസഭയിലെ അംഗങ്ങൾ അപൂർവമായി നാടകം കളിക്കാറുമുണ്ട്. നിയമസഭാവാർഷികവും മറ്റും വരുമ്പോൾ ആദരണീയരായ അംഗങ്ങൾ ക്രിക്കറ്റ്, ഫുട്ബോൾ, വടംവലി തുടങ്ങിയ കായികപരിപാടികൾ നിയമസഭയ്ക്ക് പുറത്തുള്ള ഏതെങ്കിലും സ്റ്റേഡിയത്തിൽവച്ച് നടത്താറുണ്ട്. നാടകത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നിയമസഭാംഗമായിരിക്കെ പിരപ്പൻകോട് മുരളിയെഴുതിയ ഒരു നാടകം അന്നത്തെ നിയമസഭാംഗങ്ങൾ അവതരിപ്പിച്ചിരുന്നു.

ഈ പരിപാടികളെല്ലാം നിയമസഭാംഗങ്ങളുടെ മാനസിക സന്തോഷത്തിനും ചാനലുകളുടെ വാർത്താക്ഷാമം പരിഹരിക്കുന്നതിനും വേണ്ടിയാണെങ്കിൽ ചാനലുകളില്ലാത്ത ഒരുകാലത്ത്, സമരം ചെയ്യുന്ന തൊഴിലാളികളുടെ ജീവിതം രക്ഷിക്കാനുള്ള പണം സ്വരൂപിക്കുന്നതിനു വേണ്ടി പാർലമെന്റ് അംഗങ്ങൾ ഒരു നാടകം പഠിച്ച് അരങ്ങേറിയ അനുഭവവും നമുക്കുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യാഹ്നം. ആലപ്പുഴയിലെ കയർ മുതലാളിമാർ പണംകൊണ്ട് അമ്മാനമാടുന്ന കാലം. തൊഴിലാളികൾ ജീവിക്കാനായി പെടാപ്പാടുപെടുന്ന കാലം. നിരന്തര ചൂഷണത്തിൽ നിന്നും കരകയറാനായി തൊഴിലാളികൾ സമരത്തിലാണ്. ഫാക്റ്ററികൾ അടച്ചുപൂട്ടി തൊഴിലാളികളെ പാഠം പഠിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മുതലാളിമാർ. ടി വി തോമസിന്റെയും മറ്റും അജയ്യ നേതൃത്വം സമരക്കാരെ മുന്നോട്ടുനയിക്കുന്നു. സമരാഗ്നിയിൽ എണ്ണയൊഴിച്ച് കൊണ്ട് പി കെ മേദിനി പാടുന്നു.

സമരം നീളുംതോറും തൊഴിലാളികൾ അസ്വസ്ഥരാണ്. വീട്ടിലെ അടുപ്പിൽ തീ പുകയുന്നില്ല. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമുന്നത നേ­താവും പാർലമെന്റിലെ പ്രതിപക്ഷ നേതാവുമായ എ കെ ജിക്ക് ഒരു ആശയം തോന്നി. പാർലമെന്റിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന ഒരു നാടകം ഡൽഹിയിൽ അരങ്ങേറി പണം സമാഹരിച്ച് ആലപ്പുഴയിലെ തൊഴിലാളികൾക്ക് നല്കാം. ഡൽഹി ആകാശവാണിയിലെ മലയാള വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഓംചേരി എൻ എൻ പിള്ളയെ, പ്രതിപക്ഷനേതാവിന്റെ താമസസ്ഥലമായ വിൻഡ് സർ പ്ലേസിലേക്ക് വിളിക്കുന്നു. സമരക്കാരെ സഹായിക്കാൻ ഒരു നാടകം എഴുതണം. കവിതക്കമ്പവുമായി ഡല്‍ഹിയിലെത്തിയതാണ് ഓംചേരി. അദ്ദേഹം എഴുതി. ഇന്ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്കാരപ്രഭ ചൂടിനിൽക്കുന്ന അദ്ദേഹം ഡല്‍ഹിയിലെത്തിയശേഷം ആദ്യം എഴുതുന്ന നാടകം ‘ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു’. പി ടി പുന്നൂസ്, കെ സി ജോർജ്, ഇ കെ ഇമ്പിച്ചിബാവ, വി പി നായർ തുടങ്ങിയ പാർലമെന്റ് അംഗങ്ങളും റോസ്‌ക്കോട്ട് കൃഷ്ണപിള്ളയും മറ്റുമാണ് അരങ്ങത്ത്. നാടകം കാണാൻ കവി ഹരീന്ദ്രനാഥ ചതോപാധ്യായ അടക്കമുള്ള സമ്പന്നമായ സദസ്.

ക്രിസ്തുമത വിശ്വാസികളായ തോമായുടെയും ത്രേസ്യയുടെയും വീടാണ് ആദ്യരംഗം. അവരും മകൻ പുരോഗമനവാദിയായ ചാക്കോയും തമ്മിലുള്ള സംഭാഷണം മുറുകുമ്പോൾ ആ ഇടവകയിലെ വികാരി കടന്നുവരുന്നു. സമരത്തിന്റെ ചൂളയിൽ അഗ്നിശോഭയോടെ നിൽക്കുന്ന ചാക്കോയെ ഉപദേശിച്ചു മാറ്റിയെടുക്കാൻ വികാരി ശ്രമിക്കുന്നു. വികാരിയുടെ ശ്രമം പരാജയപ്പെടുകയും ചാക്കോ വിളിച്ച ഒരു സ്ഥലത്തേക്ക് വികാരി പോവുകയും ചെയ്യുന്നു. പപ്പുപിള്ളയുടെ ഓലപ്പുര. കയർ ഫാക്ടറിയിലെ ജോലിക്കിടയിൽ പപ്പുപിള്ളയുടെ കയ്യൊടിഞ്ഞു. ഭാര്യ കിടപ്പിലാണ്. പട്ടിണിയിലായ മക്കൾ. ഫാക്ടറി ഉടമസ്ഥനായ ലോനപ്പൻ മുതലാളി ആ പാവം തൊഴിലാളി കുടുംബത്തെ കുടിയിറക്കാൻ തീരുമാനിച്ചിരിക്കയാണ്. പള്ളി വികാരി ലോനപ്പൻ മുതലാളിയോട് ആ കുടുംബത്തെ ഇറക്കിവിടരുതെന്ന് അഭ്യർത്ഥിക്കുന്നു. ആ ഓലപ്പുര നിൽക്കുന്നിടമാണ് കപ്പേള പണിയാൻ കണ്ടുവച്ചിരിക്കുന്നതെന്ന് പറഞ്ഞ് മുതലാളി ആ അഭ്യർത്ഥന നിരസിക്കുന്നു. പപ്പുപിള്ളയെയും കുടുംബത്തെയും നിഷ്ക്കരുണം ഇറക്കിവിടുകതന്നെ ചെയ്യുന്നു. പള്ളിമേടയിൽവച്ച് നടക്കുന്ന ഒരു അസാധാരണ രംഗത്തോടെയാണ് ആറു രംഗങ്ങളുള്ള ഈനാടകം അവസാനിക്കുന്നത്.

അന്നത്തെ തൊഴിലാളി ജീവിതത്തിന്റെ ദയനീയരംഗങ്ങളാൽ കരളലിയിക്കുന്ന ഈ നാടകം ബൈബിൾ വചനങ്ങളുടെ പൂമരങ്ങളും നിറഞ്ഞതാണ്. നാടകം കണ്ട കവി ഹരീന്ദ്രനാഥ ചതോപാധ്യായ, ഈ നാടകം മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റണമെന്ന് അഭ്യർത്ഥിച്ചു. ഇംഗ്ലീഷ് പരിഭാഷയ്ക്ക് അദ്ദേഹം അവതാരികയും എഴുതി. ഓംചേരി പിന്നീട് നിരവധി നാടകങ്ങളെഴുതി. സഖാവ് വെളിയം ദാമോദരൻ അടക്കമുള്ളവർ കേരളത്തിൽ അഭിനയിച്ചു പൊലിപ്പിച്ച ‘തേവരുടെ ആനയും’ നാട്ടിലും മറുനാട്ടിലുമൊക്കെ ശ്രദ്ധിക്കപ്പെട്ട ‘ഉലകുടപെരുമാളും’ ഒക്കെ മലയാളത്തിനു ലഭിച്ചു. എല്ലാ നാടകങ്ങളും മലയാള നാടകവേദിയെ മുന്നോട്ട് കൊണ്ടുപോകുന്നതായിരുന്നു. പാർലമെന്റ് അംഗങ്ങൾ അവതരിപ്പിച്ച ‘ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു’ എന്ന ആദ്യനാടകം തന്നെ നാടകത്തിന്റെയും സമരത്തിന്റെയും ചരിത്രത്തിൽ വേറിട്ട വ്യക്തിത്വത്തോടെ നില്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.