അല്‍പന് കിട്ടിയ അര്‍ഥം

Web Desk
Posted on April 02, 2019, 10:36 pm
karyavicharam

രേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം തെരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പെടെ ഭരണഘടനാ സ്ഥാപനങ്ങളെ മുഴുവന്‍ നിയന്ത്രണത്തില്‍ നിര്‍ത്താനാണ് ശ്രമിച്ചത്. അതിന് ഏറ്റവുമധികം വഴങ്ങിക്കൊടുത്ത സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഗുജറാത്തിലെയും കര്‍ണാടകത്തിലെയും നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ ബിജെപി നേതാക്കള്‍ നേരത്തെ അറിഞ്ഞതായി ആക്ഷേപമുണ്ടായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ കമ്മിഷന്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് ചില ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് വിവരങ്ങള്‍ ബിജെപിയുടെ ഓഫീസിലേക്ക് ചോരുന്നുവെന്ന ആക്ഷേപം ഇതോടെ ശക്തമായിരുന്നു. കമ്മിഷന്റെ നിഷ്പക്ഷതയെക്കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ സംശയം ഉന്നയിച്ചു. ‘മഹാ ആയുധം’ പ്രയോഗിച്ചുവെന്ന വിവാദത്തിലൂടെ, രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞുവെന്ന പ്രതീതി ജനങ്ങളില്‍ സൃഷ്ടിക്കാനും അതുവഴി വോട്ടര്‍മാരെ സ്വാധീനിക്കാനും നരേന്ദ്രമോഡി ശ്രമിച്ചപ്പോള്‍ അതിലൊരു ചട്ടലംഘനവും കമ്മിഷന്‍ കാണാനിടയില്ല.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ടതല്ലെന്ന് കമ്മിഷന്‍ വിശദീകരിച്ചു. രാജ്യം സുരക്ഷിതമായി ഉണ്ടെങ്കിലല്ലേ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കൂ. തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലല്ലേ കമ്മിഷനും അവരുടെ പെരുമാറ്റച്ചട്ടവും ഉണ്ടാകൂ. അതിനാല്‍ രാജ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതും അത് ജനങ്ങളെ അറിയിക്കുന്നതും ജനഹിതത്തെ സ്വാധീനിക്കാനുള്ള ശ്രമമായി കാണാനാകില്ലെന്ന് അവര്‍ വിധിച്ചു. അഥവാ നരേന്ദ്രമോഡി ഏതെങ്കിലും വിധത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കണ്ടാലും ന്യായം തീര്‍ത്ത് സാധൂകരിക്കാനേ കമ്മിഷന്‍ ശ്രമിക്കൂ.
കൊട്ടിഘോഷിക്കുന്ന ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം, രാജ്യത്തെ സുരക്ഷിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നതിലുപരി ഏതു വിധേനയും തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഭൂ സ്ഥിരഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കാനുള്ള ശേഷി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന നേരത്തെതന്നെ ആര്‍ജിച്ചിട്ടുണ്ട്. ഭാരം കൂടുതലുള്ള ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കാനുള്ള ശേഷി ആര്‍ജിച്ചിട്ടും വര്‍ഷങ്ങളായി. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി പലകുറി വിജയകരമായി പരീക്ഷിച്ചിട്ടും വര്‍ഷങ്ങളായി. അതുകൊണ്ടുതന്നെ ഉപഗ്രഹവേധ മിസൈലിന്റെ നിര്‍മാണത്തിന് പ്രയാസമില്ല. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രത്തിന് നിര്‍മിച്ച ആയുധം പരീക്ഷിക്കണമോ വേണ്ടയോ എന്നതില്‍ മാത്രമേ തര്‍ക്കമുണ്ടായിരുന്നുള്ളൂ.
ഉപഗ്രഹം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ട് ബഹിരാകാശത്തെ കലുഷിതമാക്കണമോ എന്ന് ചിന്തിച്ച മുന്‍കാല ഭരണനേതൃത്വം പരീക്ഷണം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ബഹിരാകാശത്തെ കലുഷിതമാക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളോ ഇത്തരത്തിലുള്ള പരീക്ഷണം ഇതരരാഷ്ട്രങ്ങളുമായുള്ള ബന്ധത്തെ ബാധിക്കാന്‍ ഇടയുണ്ടോ എന്ന ചിന്തയോ ഒന്നും പ്രശ്‌നമല്ലാത്ത ഭരണാധികാരിക്ക് മുന്‍പിന്‍ നോക്കേണ്ട ആവശ്യമില്ല. എന്ത് ചെപ്പടിവിദ്യ കാണിച്ചും അധികാരത്തില്‍ തിരിച്ചെത്തുക എന്ന മിനിമം പരിപാടിയേ മോഡിയുടെ അജണ്ടയിലുള്ളൂ. തീവ്രവര്‍ഗീയതയെ രാജ്യസ്‌നേഹത്തില്‍ ചാലിച്ച് നല്‍കി, ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന സംഘ് പരിവാരത്തിന് ഏകാധിപതിയുടെ തീരുമാനം മറ്റൊരു ആയുധം മാത്രമാകുന്നു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ വീരവാദം തെരഞ്ഞെടുപ്പ് ലാക്കാക്കിയാണെന്ന് മനസിലാക്കാന്‍ വലിയ പ്രയാസമില്ല. ഈ പ്രഖ്യാപനത്തിന് ശേഷമാണ് നരേന്ദ്രമോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിന് ഔദ്യോഗിക തുടക്കമായത്. അതായത്, ഉപഗ്രഹവേധ മിസൈലിന്റെ പരീക്ഷണ വിജയം കൂടി പ്രഖ്യാപിക്കാന്‍ പാകത്തിലാണ് പ്രചാരണ റാലികളുടെ സമയക്രമം നിശ്ചയിച്ചത് എന്ന് ചുരുക്കം. ഭരണകൂടവും അതിനെ നിയന്ത്രിക്കുന്ന സംഘ്പരിവാരവും ആവിഷ്‌കരിച്ച പദ്ധതിക്ക് രാജ്യത്തെ പ്രതിരോധ ഗവേഷണ വികസന സംഘടന പോലും വഴങ്ങിക്കൊടുക്കുന്ന അതി ഗുരുതരമായ സാഹചര്യമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നടത്തിയ ആദ്യത്തെ തെരഞ്ഞെടുപ്പ് റാലിയില്‍ തന്നെ ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തെ പ്രചാരണ വിഷയമാക്കാന്‍ നരേന്ദ്രമോഡി മടിച്ചില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനിലെ ബലാക്കോട്ടില്‍ നടത്തിയ വ്യോമാക്രമണം, അതേക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായി വരുംമുമ്പ് ബിജെപി റാലിയില്‍ പരാമര്‍ശിച്ച് അതിന്റെ പേരില്‍ തന്നെ വീണ്ടും പിന്തുണക്കണമെന്ന് അഭ്യര്‍ഥിച്ച അതേ രീതി ഇവിടെയും ആവര്‍ത്തിക്കുന്നു.
അല്‍പന് കിട്ടിയ അര്‍ഥം പോലെയാണ് നരേന്ദ്രമോഡിക്ക് ബലാക്കോട്ടും ഉപഗ്രഹ വേധ മിസൈലുമൊക്കെ. പരീക്ഷണം നടത്തി മണിക്കൂറുകള്‍ക്കകം അത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് കണ്‍തുറന്ന് കാണാനും ഭരണഘടനാ സ്ഥാപനമെന്ന നിലയ്ക്കുള്ള ഉത്തരവാദിത്തം നിറവേറ്റാനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായാല്‍ കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നയാളുടെ ശുംഭത്തം അവര്‍ക്ക് തുറന്നു പറയേണ്ടിവരും. അല്ലാത്തപക്ഷം ശുനകനൊപ്പം ഓരിയിടുന്നത് അവര്‍ക്ക് തുടരാം.