കുരീപ്പുഴ ശ്രീകുമാര്‍

വർത്തമാനം

April 01, 2021, 4:30 am

സ്ഥാനാർത്ഥി സാറാമ്മയുടെ പ്രകടനപത്രിക

Janayugom Online

അടുത്തകാലത്ത് ഓർമ്മയിലേക്ക് ഓടിക്കയറിയ രണ്ടു പഴയ സിനിമകളാണ് പഞ്ചവടിപ്പാലവും സ്ഥാനാർത്ഥി സാറാമ്മയും. പാലാരിവട്ടം പാലമാണ് പഞ്ചവടിപ്പാലത്തെ ഓർമ്മയിലെത്തിച്ചതെങ്കിൽ സ്ഥാനാർത്ഥി സാറാമ്മയെ പ്രകാശിപ്പിച്ചത് തെരഞ്ഞെടുപ്പാണ്.സാറാമ്മയും എതിർ സ്ഥാനാർത്ഥിയും വാഗ്ദാനപ്പെരുമഴ പെയ്യിക്കുന്നത് ഒരു കാഥികനിലൂടെയാണ്. ഇപ്പോൾ ഒരേ പ്രസിൽ വിവിധ മുന്നണികളുടെ പ്രകടനപത്രിക അച്ചടിച്ച് ഇറക്കുന്നതുപോലെ. അല്ലെങ്കിൽ ഒരേ ആർട്ടിസ്റ്റ് കീരിപ്പാർട്ടിയുടെയും പാമ്പുപാർട്ടിയുടെയും പോസ്റ്റർ തയ്യാറാക്കുന്നതുപോലെ. തികച്ചും യാന്ത്രികമായ ഒരു പ്രക്രിയയാണത്. ആർട്ടിസ്റ്റിന്റെ വോട്ടിനെ ഇത് ബാധിക്കുകയേയില്ല. 

അശരണർക്കുള്ള അറുനൂറു രൂപ പെൻഷൻ പോലും നല്കാതിരുന്ന മുന്നണി ലേലത്തുക ഉയർത്തുന്നതു പോലെ പ്രകടനപത്രികയിലെ പെൻഷൻ തുക വർധിപ്പിച്ചു കണ്ടപ്പോൾ അടൂർഭാസി അവതരിപ്പിച്ച ആ കാഥികനെയാണ് ഓർമ്മവന്നത്. അന്ന് ഇന്നത്തെപ്പോലെ വോട്ടിങ് യന്ത്രമില്ല. ഓരോ സ്ഥാനാർത്ഥിയുടെയും ചിഹ്നം പതിച്ച പെട്ടികൾ ബൂത്തിലുണ്ടാകും. ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തി അതാത് പെട്ടികളിൽ നിക്ഷേപിക്കണം. സാറാമ്മയുടെ പെട്ടി കുരുവിപ്പെട്ടി. എതിർ സ്ഥാനാർത്ഥിയുടെ പെട്ടി കടുവപ്പെട്ടി. കുരുവിയും കടുവയും തമ്മിലാണ് മത്സരം. വാഗ്ദാനങ്ങൾ അവതരിപ്പിക്കുന്ന കാഥികൻ ഇരുവേദികളിലും മാറിമാറി പ്രത്യക്ഷപ്പെടും. കൃഷിക്കാർക്ക് കൃഷിഭൂമിയും പണക്കാർക്ക് മരുഭൂമിയും പ്രകടനപത്രികയിലുണ്ടാകും. ആകർഷകമായി പാടിയാണ് വാഗ്ദാനങ്ങളുടെ അവതരണം. കഥാപാത്രത്തെ അവതരിപ്പിച്ച അടൂർഭാസിതന്നെയാണ് ചപ്ലാങ്കട്ട കൊട്ടി പാട്ടും പാടിയത്. 

പാലങ്ങളും വിളക്കുമരങ്ങളും പാടങ്ങൾക്ക് കലുങ്കുകളും റോഡുകളും നിർമ്മിച്ചു പഞ്ചായത്ത് പറുദീസയാക്കും. നാടാകെ അരിയുടെ കുന്നുകൾ സൃഷ്ടിക്കും. നികുതിവകുപ്പുതന്നെ പിരിച്ചുവിടും. ആർക്കുവേണമെകിലും വനം പതിച്ചു കൊടുക്കും.
എൻജിഓമാർക്കെല്ലാം ശമ്പളം നാലിരട്ടിയായി വർധിപ്പിക്കും. സ്ഥാനാർത്ഥിയുടെ സൗന്ദര്യംപോലും വർണിക്കും. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ്ഗോപിക്കു വേണ്ടി നടത്തിയ അനൗൺസ്‍മെന്റിൽ സ്ഥാനാർത്ഥിയുടെ പേരിനുപകരം കൊമ്പൻ, മസ്തകം, കാടിറങ്ങി നാടിറങ്ങി മുടിചൂടാമന്നൻ തുടങ്ങിയ വിശേഷണങ്ങൾ കേട്ടപ്പോഴും കണ്ടാലഴകുള്ള സാറാമ്മ എന്ന പാട്ടാണ് ഓർമ്മവന്നത്.ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങളാണ് സ്ഥാനാർത്ഥി സാറാമ്മയിലുള്ളത്. അന്നത്തെ പഞ്ചായത്തിന് സഫലീകരിക്കാൻ കഴിയാത്തത്. എന്നാൽ ഇതിൽ ഒരു വാഗ്ദാനം ചക്ക വീണു മുയൽ ചത്തതുപോലെ കാലം കടന്നു പോയപ്പോൾ നടപ്പിലായി. എറണാകുളം ജില്ലയിലെ അത്താണിക്ക് കിഴക്ക് തോട്ടുങ്കര എന്നൊരു പ്രദേശമുണ്ടായിരുന്നു. അവിടെ ഈ പാട്ട് പാടി ചില്ലിക്കാശുകൾ ശേഖരിച്ചു ജീവിച്ച ഒരു നാടൻ കലാകാരനുമുണ്ടായിരുന്നു. തോട്ടുങ്കരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും എന്ന വാഗ്ദാനം ആളുകളെ വല്ലാതെ രസിപ്പിച്ചിരുന്നു. അവിടെയാണിപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളമുള്ളത്! 

അടിയുറച്ച കമ്മ്യൂണിസ്റ്റ് ആയിരുന്ന വയലാർ രാമവർമ്മയാണ് മലയാളം കണ്ട ഏറ്റവും ഗംഭീരമായ ഈ സറ്റയർ രൂപപ്പെടുത്തിയത്. പക്ഷേ ഈ സറ്റയറിനെ വെല്ലുന്ന പ്രലോഭനങ്ങളുമായിട്ടാണ് തമിഴ്‍നാട്ടിലെ മധുര സൗത്തിൽ മത്സരിക്കുന്ന പ്രാദേശിക പത്രപ്രവർത്തകനായ തുലാം ശരവണൻ സ്ഥാനാർത്ഥി ആയിട്ടുള്ളത്.
തമിഴ്‍നാട്ടിൽ സാരിയും ടിവിയും എല്ലാം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ആയിരുന്നല്ലോ. പാവപ്പെട്ട തമിഴ്ജനതയ്ക്ക് ഇതൊക്കെ വലിയ കാര്യവുമാണല്ലോ. തമിഴ്‍നാട്ടിൽ സൗജന്യമായി കൊടുത്ത മുണ്ടുകൾ ശേഖരിച്ചു കേരളത്തിൽ വിറ്റ കൗശലക്കാർ പോലുമുണ്ട്. ശരവണന്റെ വാഗ്ദാനങ്ങളിങ്ങനെ.… എല്ലാ വോട്ടർമാർക്കും നീന്തൽക്കുളം സഹിതം മൂന്നുനില വീട്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പഴയ വാഗ്ദാനത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ ഓരോ കോടി രൂപ. എല്ലാർക്കും കാറും ഹെലികോപ്റ്ററും. വീടുകളിലേക്ക് കനാൽ സൗകര്യമടക്കം ബോട്ട്. വീട്ടമ്മമാരെ സഹായിക്കാൻ റോബോട്ട്. വധുക്കൾക്ക് നൂറു പവൻ സ്വർണം. ഭിന്നശേഷിക്കാർക്ക് ചന്ദ്രയാത്ര.
നിയോജകമണ്ഡലത്തിലെ കൊടുംചൂടിനെ നേരിടാൻ മുന്നൂറടി ഉയരമുള്ള മഞ്ഞുമല. കുപ്പത്തൊട്ടിയാണ് ശരവണന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ പൊള്ളത്തരങ്ങൾ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.