അഡ്വ. കെ പ്രകാശ്ബാബു

ജാലകം

February 21, 2021, 7:41 am

പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമം വേണം

Janayugom Online

ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയില്‍ ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മഞ്ഞുമലകളിടിഞ്ഞ് അളകനന്ദ, ധൗലി ഗംഗ നദികളിലുണ്ടായ അപ്രതീക്ഷിത പ്രളയം കവര്‍ന്നെടുത്തത് 200 ലധികം മനുഷ്യരുടെ ജീവനാണ്. ഇതുവരെയായി 62 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മറ്റുള്ളവരെ കാണാനില്ലായെന്ന റിപ്പോര്‍ട്ട് മാത്രമെയുള്ളു. അ­പ്രതീക്ഷിത വെള്ളപ്പൊക്കത്താല്‍ ഋഷി ഗംഗാ പവര്‍ പ്ലാന്റും തപോവനിലുള്ള എന്‍ടിപിസിയുടെ പവര്‍ പ്ലാന്റും തകര്‍ന്നുപോയി. വിഖ്യാതമായ കേദാര്‍നാഥ് ഇത്തവണത്തെ വെള്ളപ്പാച്ചിലില്‍ രക്ഷപ്പെട്ടു. തീര്‍ത്ഥാടന കാലമല്ലാത്തതിനാല്‍ മനുഷ്യ ജീവഹാനിയും കുറവുണ്ട്.

ഹിമാലയത്തിലെ മഞ്ഞുമലകളില്‍ നിന്നും പ്രതിവര്‍ഷം 0.25 മീറ്റര്‍ മഞ്ഞ് ഉരുകി പോകുന്നു എന്ന് ഒരു പഠന റിപ്പോര്‍ട്ട് കണ്ടു. ആര്‍ട്ടിക് പ്രദേശത്തെ മഞ്ഞ് ഉരുകി ഉത്തരധ്രുവ സമുദ്രത്തില്‍ ജലവിതാനം ഉയരുന്ന പ്രതിഭാസം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തുടരുകയാണ്.പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ ഉസ്ബക്കിസ്ഥാന് വടക്കുഭാഗത്തായി സ്ഥിതി ചെയ്തിരുന്നതുമായ ”ആറാള്‍ സമുദ്രം” ഇന്ന് ഇല്ല. ലോകത്തിലെ തന്നെ നാലാമത്തെ തടാകമായി കണക്കാക്കിയിരുന്ന ‘ആറാള്‍ സമുദ്രം’ 1960 കളില്‍ ചുരുങ്ങി തുടങ്ങി. തടാകം എന്ന് വിളിക്കപ്പെടുന്ന ആ കടല്‍ ഇപ്പോള്‍ പൂര്‍ണമായും അപ്രത്യക്ഷമായി. തീരങ്ങളില്‍ താമസിച്ചിരുന്ന പതിനായിരക്കണക്കിനുള്ള മത്സ്യതൊഴിലാളികളും അവരുടെ തലമുറകളും ഈ പ്രതിഭാസത്തില്‍ മരവിച്ചു നിന്നു പോയിട്ടുണ്ടാവും.
ഇന്ത്യയുടെ തലസ്ഥാന നഗരി വാഹനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡു കാരണം മലിനീകരണത്താല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു ദിവസം ഒറ്റയക്ക നമ്പര്‍ വാഹനങ്ങളും അടുത്ത ദിവസം ഇരട്ടയക്ക നമ്പര്‍ വാഹനങ്ങള്‍ക്കുമായി മാത്രം ഡല്‍ഹി നഗരവീഥികള്‍ തുറന്നിട്ടു. എന്നിട്ടും പൂര്‍ണമായി നഗര മലിനീകരണം നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. യമുനാ നദിയിലെ മാലിന്യങ്ങള്‍ താജ്മഹലിനെയും മലിനപ്പെടുത്തിയ റിപ്പോര്‍ട്ടുകളും നാം കണ്ടു. ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കങ്ങളുടെ രൂക്ഷ­ത നമുക്ക് ബോധ്യമാണ്.

ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ മലിനീകരണം മൂലമുണ്ടായ അസുഖങ്ങളാല്‍ 2020 ല്‍ 54000 പേര്‍ മരണപ്പെട്ടതായി ഒരു റിപ്പോര്‍ട്ട് വായിക്കാനിടയായി. ലോകത്ത് ഏറ്റവും കൂടുതല്‍ ജനനിബിഡമായ നഗരങ്ങളായ ഡല്‍ഹി, ടോക്യോ, ഷാങ്ഹായ്, സാവോ പോളോ, മെക്‌സിക്കോ സിറ്റി എന്നീ നഗരങ്ങളില്‍ മാത്രം ഏകദേശം 1,60,000 മരണം അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതായും ഗ്രീന്‍പീസ് സൗത്ത് ഈസ്റ്റ് ഏഷ്യ അനാലിസിസ് റിപ്പോര്‍ട്ടില്‍ പറയുന്നതായി ഫെബ്രുവരി 19 ലെ ‘ദി ഹിന്ദു’ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കേരളത്തില്‍ 2018 ലും 2019 ലും തുടര്‍ച്ചയായിട്ടുണ്ടായ വെള്ളപ്പൊക്കവും നിലമ്പൂരിലെ കവളപ്പാറ, വയനാട്ടിലെ പുത്തുമലകളിലുണ്ടായ ഉരുള്‍പൊട്ടലും 2020 ല്‍ മൂന്നാറിനടുത്ത് പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലും എത്ര ജീവനാണ് അപഹരിച്ചത്. എന്തുമാത്രം നാശനഷ്ടങ്ങളാണ് വരുത്തി വച്ചത്. 2018 ല്‍ പമ്പാ, അച്ചന്‍ കോവില്‍ ആറുകള്‍ ദിശ മാറി ഒഴുകിയപ്പോള്‍ കേരളം ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ പ്രളയത്തിന്റെ താണ്ഡവം നേരില്‍ കണ്ടു. എന്നിട്ടും നമ്മള്‍ എന്തു പഠിച്ചു.
കുന്നിടിക്കുന്നതും പാറ പൊട്ടിക്കുന്നതും നെല്‍വയലുകളും തണ്ണീര്‍തടങ്ങളും നികത്തുന്നതും നാം നിര്‍ത്തിയില്ല. ഇപ്പോഴും അഭംഗുരം തുടരുന്നു. എന്നാല്‍ ചില നിയന്ത്രണങ്ങള്‍ കേരളത്തില്‍ കൊണ്ടുവന്നു എന്നത് ഒരു ആശ്വാസകരമായ വസ്തുതയാണ്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കേണ്ടുന്ന ലോക സാഹചര്യങ്ങള്‍ ബോധ്യമായ രാഷ്ട്ര നേതാക്കള്‍ നിരവധി അന്താരാഷ്ട്ര ഉടമ്പടികള്‍ക്ക് രൂപം നല്‍കിയിട്ടും ഉദ്ദേശിച്ച ഫലപ്രാപ്തിയുണ്ടാകുന്നില്ല.
ഇന്ത്യയില്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ആക്ട് 2010 ല്‍ പാര്‍ലമെന്റ് പാസാക്കിയെങ്കിലും വന്‍കിട കമ്പനിക്കാരുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയ സര്‍ക്കാര്‍ ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞു. ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങളെ വരിഞ്ഞുകെട്ടിയെന്നു മാത്രമല്ല വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിപോലും പല പ്രോജക്ടുകള്‍ക്കും ആവശ്യമില്ലായെന്ന നിലയില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തു വരുന്നു.

1986 ലെ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആക്ടും 2005 ലെ ഹസാര്‍ഡസ് വേസ്റ്റ് റഗുലേഷന്‍സും ഫോറസ്റ്റ് ആക്ടും എന്നിങ്ങനെ എല്ലാ നിയമവും ചട്ടങ്ങളും ഉണ്ടെങ്കിലും വന നശീകരണവും പരിസ്ഥിതി മലിനീകരണവും പൂര്‍ണമായും തടയുവാന്‍ നമുക്ക് കഴിയുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക കടമകളില്‍ പരിസ്ഥിതി, തടാകം, വനം ഇവയെല്ലാം സംരക്ഷിക്കുന്നതിനെക്കുറിച്ച് പറയുന്നെങ്കിലും അവകാശങ്ങളോളം കടമകളെ അംഗീകരിക്കാത്ത നമ്മള്‍ അതെല്ലാം അവഗണിച്ചു കളയുന്നു.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ 2008 ല്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് പന്ത്രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ബാലാരിഷ്ടതകള്‍ പൂര്‍ണമായിട്ടും മാറിയിട്ടില്ല. നിലം നികത്തുന്നതിന്റെ നടപടിക്രമങ്ങളും മുന്‍പ് നികത്തപ്പെട്ട നിലത്തിന്റെ തരംമാറ്റല്‍ പ്രക്രിയയുമാണ് ഇന്ന് സക്രിയമായിട്ടുള്ളത്. നിലം സംരക്ഷിക്കുന്നതിനേക്കാളുപരി ഭൂമിയുടെ തരംമാറ്റം ക്രമവല്‍ക്കരിക്കപ്പെടുത്തുന്നതിനുള്ള ഒരു നിയമമായി കേരള തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം — 2008 മാറിയിട്ടുണ്ട്. ആധുനിക യന്ത്രസാമഗ്രികള്‍ വന്നതോടുകൂടി ടിപ്പറും പൊക്ലിയിനും ഗ്രാമീണ മേഖലകളിലെ നിത്യ കാഴ്ചകളായി.

ഒരു കുന്നിടിച്ച് സമതലമാക്കാന്‍ ഒരു ദിവസമോ ഏറിയാല്‍ ഒരാഴ്ചയോ ധാരാളം മതിയാകും. ഇതിനൊരറുതി ഇനിയെങ്കിലും വേണ്ടെ? നിലം നികത്തുന്നതും കുന്നിടിക്കുന്നതും ഒരു ക്രിമിനല്‍ കുറ്റമല്ല. എന്നാല്‍ നിയമ വിരുദ്ധമായി നിലം നികത്തുന്നതും കുന്നിടിക്കുന്നതും കായലും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതും ക്രിമിനല്‍ കുറ്റമാകണം. പ്ലാസ്റ്റിക്, ബയോ മെഡിക്കല്‍, ഇറച്ചി മാലിന്യങ്ങള്‍ എന്നിവ പൊതു ഇടങ്ങളിലോ പുഴയിലോ അരുവിയിലോ മറ്റു ജലാശയങ്ങളിലോ റോഡുവക്കിലോ നിക്ഷേപിക്കുന്നത് ക്രിമിനല്‍ കുറ്റമാകണം. കുറ്റവാളികള്‍ക്ക് പിഴയോടൊപ്പം തടവും നല്‍കാന്‍ കഴിയണം.

കേരളത്തില്‍ എന്‍വയോണ്‍മെന്റല്‍ ക്രൈംസ് തടയുന്നതിനുള്ള നിയമ നിര്‍മ്മാണം അനിവാര്യമാണ്. എന്‍വയോണ്‍മെന്റല്‍ ക്രൈംസ് അഥവാ പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ ഏതെല്ലാമെന്ന് നിര്‍വചിക്കുകയും അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും തടവും പിഴയും ശിക്ഷകള്‍ ഉറപ്പാക്കുകയും ചെയ്യുന്ന ഒരു നിയമ നിര്‍മ്മാണം ഇനിയെങ്കിലും ഉണ്ടാകണം. വന്‍കിടക്കാരുടെ പ്രോജക്ടുകളാണെങ്കില്‍ പാരിസ്ഥിതിക ആഘാത പഠനം പോലും ആവശ്യമില്ലായെന്ന് പറയുന്ന, ഭാവിതലമുറയെ മറക്കുകയും താല്‍ക്കാലിക നേട്ടങ്ങളുടെ പുറകെ പോവുകയും ചെയ്യുന്ന ഭരണകൂടങ്ങളാണ് ഇപ്പോള്‍ നമുക്കുള്ളത്.