ശാന്തിവനങ്ങള്‍ അതിജീവനത്തിന്റെ മരുന്ന്

Web Desk
Posted on May 16, 2019, 10:41 pm

 

Mattoliവിശുദ്ധ വനങ്ങളുടെ പാരിസ്ഥിതികവും സാംസ്‌കാരികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞലോകം അവയെ കമ്യൂണിറ്റി ഫോറസ്റ്റായും ഹെറിറ്റേജ് സൈറ്റായും സംരക്ഷിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. മനുഷ്യന്റെ പ്രതിരോധ ശക്തിയാണ് പ്രകൃതി. മനുഷ്യന് ജീവിക്കണമെങ്കില്‍ സംശുദ്ധമായ അന്തരീക്ഷവും ഓക്‌സിജനും വേണമെന്ന അവബോധത്തില്‍ നിന്നാണ് ഈ തിരിച്ചറിവ്. നാം അനുഭവിച്ച പ്രളയവും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വരള്‍ച്ചയും ഇത് കൂടുതല്‍ ബോധ്യമാക്കികൊണ്ടിരിക്കുന്നു.
ആഗോള താപനത്തിന്റെ പ്രാദേശിക പ്രതിഫലനങ്ങള്‍ രൂക്ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ വേളയില്‍ നാട്ടുപച്ചത്തുരുത്തുകള്‍ സംരക്ഷിക്കേണ്ടത് കടമയും ബാധ്യതയുമാണ്. ദേശീയ ജൈവ വൈവിധ്യ നിയമത്തിന്റെ ഭാഗമായി കേരളത്തില്‍ ജൈവ വൈവിധ്യ ബോര്‍ഡും പഞ്ചായത്തു തലത്തില്‍ ബയോഡൈവേഴ്‌സിറ്റി മോണിറ്ററിംഗിനായി സമിതിയും നിലവില്‍ വന്നതോടെ പ്രാദേശിക ജൈവവൈവിധ്യ കേന്ദ്രങ്ങളായ കാവുകളുടെ സംരക്ഷണത്തിന് പ്രാധാന്യം കൈവന്നു. 1990 മുതല്‍ ഗവേഷകര്‍ കേരളത്തിലെ കാവുകളെ പറ്റി പഠിക്കുകയും അവയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമായി വിശുദ്ധ വനങ്ങളുടെ പരിരക്ഷണം വനം വകുപ്പിന്റെ കര്‍മ്മ പരിപാടിയായിക്കഴിഞ്ഞിട്ടുണ്ട്. ജൈവ വൈവിധ്യത്തിന്റെ ചെറുമാതൃകയും സുപ്രധാനമായ ഒരു ആവാസ വ്യവസ്ഥയുമാണ് കാവുകള്‍. നിര്യഹരിത വനങ്ങളുടെ ഗണത്തില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന പ്രതിഭാസമായതിനാലാണ് കാവുകള്‍ വിശുദ്ധവനങ്ങളാകുന്നത്. പഴമക്കാര്‍ കാവുകളെ പുണ്യസ്ഥലമായും കരുതി പോന്നു.

ഇതൊക്കെ അറിയാമെങ്കിലും വടക്കന്‍ പറവൂരിലെ വഴിക്കുളങ്ങരയിലെ രണ്ടേക്കര്‍ വിസ്തൃതിയുള്ള, നൂറ് വര്‍ഷത്തിലേറെയായി സംരക്ഷിച്ചു പോരുന്ന ശാന്തിവനമെന്ന കാവ് നമ്മള്‍ വെട്ടിനശിപ്പിക്കുകയാണ്. മീനാമേനോന്‍ എന്ന വനിതയുടെ ഉടമസ്ഥതയിലുള്ള ശാന്തിവനത്തില്‍ മൂന്ന് കുളവും മൂന്ന് കാവുമുണ്ട്. ഹരിതവനമായി നിലനിര്‍ത്തിയിരിക്കുന്ന ഈ സൂക്ഷ്മ ആവാസ സ്ഥാനത്തിന്റെ പ്രസക്തിയെന്താണ് ? പരിസ്ഥിതി ലോലമായ, കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത നേരിടുന്ന കേരളത്തിന്റെ അതിജീവനം എങ്ങനെയാവണമെന്ന പരിപ്രേക്ഷ്യത്തിന്റെ അളവുകോലാണ് ശാന്തിവനം. പരിസ്ഥിതി സ്‌നേഹിയായ രവീന്ദ്രനാഥ് എന്ന വ്യക്തി തന്റെ മകള്‍ക്ക് കൈമാറിയ ഈ പാരമ്പര്യ സ്വത്ത് കോടികള്‍ വിലമതിക്കുന്ന ഇടമായിട്ടു പോലും തനിമയോടെ അവര്‍ സംരക്ഷിക്കുകയാണ്. ചെറുവനത്തിനുള്ളിലെ ഓടിട്ട പഴയവീട്ടില്‍ മീനാമേനോനും മകളും താമസിച്ചുകൊണ്ട് അനുപമമായ ഒരു ലാക്ഷണിക മാതൃകയാണ് കാട്ടിത്തരുന്നത്.
ഹോര്‍ത്തൂസ് മലബാറിക്കൂസില്‍ പരാമര്‍ശിച്ചിരിക്കുന്ന നിരവധി ഔഷധച്ചെടികള്‍ ശാന്തിവനത്തിലുണ്ടെന്ന് സസ്യഗവേഷകര്‍ പറയുന്നു. സമാനതയില്ലാത്ത സസ്യവൈവിധ്യത്തിനൊപ്പം സ്ഥിരവാസികളും ദേശാടകരും കാടുകളില്‍ മാത്രം പ്രജനനം നടത്തുന്നവയുമായ എഴുപതിലേറെ പക്ഷികളെയും അപൂര്‍വ്വ ഇനം പൂമ്പാറ്റകളെയും നിരീക്ഷകര്‍ ഇവിടെ കണ്ടെത്തിയതായി രേഖപ്പെടുത്തുന്നു.വികസനത്തിന്റെ പേരിലാണ് ഈ പച്ചതുരുത്തില്‍ കൈവച്ചിരിക്കുന്നത്. കാടു നശിപ്പിക്കലും പാടം നികത്തുന്നതും വികസനത്തിന്റെ സ്വാഭാവിക പ്രക്രിയയാണെന്ന് നമ്മള്‍ ധരിച്ചുവശായിട്ട് കാലങ്ങള്‍ ഏറെയായി. യഥാര്‍ഥ വികസനത്തിന് കാടും പാടവും എത്രമേല്‍ അനിവാര്യമാണെന്ന് ദല്ലാള്‍ മനസുള്ള വികസന നായകന്‍മാര്‍ മറന്നു പോകുന്നു.

എറണാകുളത്തെ വൈപ്പിന്‍ പറവൂര്‍ മേഖലയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി 110 കെ വി ടവര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനാണ് ശാന്തിവനം വെട്ടിവെളുപ്പിക്കുന്നത്. 1998 ല്‍ എട്ട് കോടി ചെലവ് പ്രതീക്ഷിച്ച് തുടങ്ങിയ പദ്ധതിക്ക് 30 കോടിയിലേറെ രൂപ ചെലവിട്ടുകഴിഞ്ഞുവെന്ന് പറയുന്നു. മന്നം മുതല്‍ ചെറായി വരെയുള്ള നാല്‍പതിനായിരത്തില്‍പരം കുടുംബങ്ങള്‍ നേരിടുന്ന വൈദ്യുതി പ്രശ്‌നം പരിഹരിക്കലാണ് ലക്ഷ്യമെന്ന് വിദ്യുച്ഛക്തി വകുപ്പ് പറയുന്നു. ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈനിന്റെ അലൈന്‍മെന്റ് മാറ്റില്ലെന്നും വകുപ്പ് പറയുന്നു. ഇരുപതുവര്‍ഷം മുന്‍പ് ഭരണാനുമതി ലഭിച്ച ഈ 110 കെ വി പദ്ധതി ശാന്തിവനം വഴിവരേണ്ടതല്ലെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ രേഖകള്‍ കാട്ടി വാദിക്കുന്നുണ്ട്. നേര്‍രേഖയിലാണ് സാധാരണയായി ലൈനുകള്‍ സ്ഥാപിക്കാറ്. അങ്ങനെ സ്ഥാപിച്ചാല്‍ ലൈനുകള്‍ ശാന്തിവനം വഴി പോകില്ല. നേരേ പോകേണ്ട ലൈനുകള്‍ എന്തിന് ശാന്തിവനം വഴിയാക്കി എന്ന ചോദ്യത്തിന് കെഎസ്ഇബിയുടെ ഉത്തരം മൗനമാണെന്ന് പരിസ്ഥിതി സ്‌നേഹികള്‍ പറയുന്നു. വൈദ്യുതി ബോര്‍ഡിന്റെ ഉന്നതസ്ഥാനത്തുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്റെ പുരയിടത്തെ ഒഴിവാക്കാനാണ് ശാന്തിവനത്തെ നെടുകെപിളര്‍ന്ന് ലൈന്‍ കൊണ്ടുപോകാന്‍ റൂട്ട് മാറ്റി വരച്ചതെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്നാണ് വിവാദങ്ങളും തലപൊക്കിയത്.
നിര്‍ബന്ധബുദ്ധിയോടെ വൈദ്യുതി വകുപ്പ് ശാന്തിവനത്തിനുള്ളില്‍ കൂടി തന്നെ ലൈന്‍വലിച്ചാല്‍ ഏതാണ്ട് പൂര്‍ണ്ണമായി ഇവിടം അപ്രത്യക്ഷമാകും. കാരണം ലൈന്‍ കടന്നുപോകുന്ന വഴിയില്‍ 22 മീറ്റര്‍ ക്ലിയറന്‍സ് ഏരിയയാണ്. അതായത് കാവിലേതുള്‍പ്പെടെ എല്ലാ മരങ്ങളും വെട്ടി നശിപ്പിക്കുമെന്നര്‍ഥം. ശാന്തിവനത്തിന്റെ അരികിലൂടെ ലൈന്‍ വലിക്കുന്നതിന് തടസമില്ലെന്ന് പറഞ്ഞിട്ടും നശിപ്പിച്ചേയടങ്ങൂ എന്ന പിടിവാശിയിലാണ് ചിന്താശൂന്യരായ അധികൃതര്‍. ആസുരമായ ഈ കാലഘട്ടത്തില്‍ ആക്രാന്തമില്ലാതെ കോടികളുടെ സ്വത്ത് ലാഭേച്ഛ തെല്ലുമില്ലാതെ സസ്യജന്തുജാലങ്ങള്‍ക്കും പ്രകൃതിക്കും അതിലൂടെ മനുഷ്യ സഹജീവികളുടെ പ്രാണവായുവിനും വരും തലമുറയ്ക്കും വേണ്ടി കരുതി വയ്ക്കുന്ന ഒരു കുടുംബത്തിന്റെ സമര്‍പ്പണത്തെ തിരിച്ചറിയാനോ, ആദരിക്കാനോ, ഉള്‍ക്കൊള്ളാനോ കഴിയാത്ത അധികാരികളെക്കുറിച്ച് പരിതപിക്കാനും സഹതപിക്കാനുമേ കഴിയുകയുള്ളൂ. പക്ഷേ ഇവരുടെ സന്താനങ്ങള്‍ക്ക് കൂടിയുള്ള തിരുശേഷിപ്പുകളാണ് ഈ ഹരിതാഭയെന്ന് മറക്കരുത്. കമ്മിഷന്‍ തുക ഒരിക്കലും പ്രാണവായുവിന് തുല്യമാകില്ല. സൈലന്റ്‌വാലി, അതിരപ്പിള്ളി, ഇപ്പോഴിതാ ഒരു കുഞ്ഞുശാന്തിവനത്തിലും കഴുകന്‍ കണ്ണുകള്‍ പതിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ ജൈവ വൈവിധ്യവും നല്ല മണ്ണും ശുദ്ധവായുവും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രം പറയുന്നു. പരിസ്ഥിതി സൗഹാര്‍ദപരമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധവളപത്രം വ്യക്തമാക്കുന്നു.

മാറ്റൊലി: ഏട്ടിലെ പശു പുല്ലു തിന്നില്ല.ഉച്ചിക്ക് വയ്‌ക്കേണ്ട കൈ കൊണ്ട്
ഉദകക്രിയ ചെയ്യരുത്…