ദേവിക

വാതിൽപ്പഴുതിലൂടെ

January 11, 2021, 5:42 am

ഇമാം ബക്സും സുകുമാരനും താരിഖ് അന്‍വറും

Janayugom Online

ദേവിക

ആദ്യം പറഞ്ഞ രണ്ടുപേര്‍ പേരെടുത്ത ഗാട്ടാ ഗുസ്തിക്കാര്‍. മൂന്നാമന്‍ എഐസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകളെ മലര്‍ത്തിയടിക്കാനെത്തിയ മല്ലയുദ്ധവീരന്‍. ഇമാം ബക്സും സുകുമാരനും കാലയവനികയ്ക്കുള്ളിലായി. ഈ മൂവരുടെ കാര്യം ഇപ്പോള്‍ പറയാനെന്തേ കാരണം എന്ന് ചോദിച്ചുപോവുക സ്വാഭാവികം. ഏകദേശം അരനൂറ്റാണ്ടിനു മുമ്പ് ഇമാം ബക്സ് കൊല്ലത്ത് കടപ്പാക്കടയിലെത്തി പൊറുതിയായി. കേരളത്തിലെ ഗുസ്തിക്കാരെയെല്ലാം പോരിനു വിളിച്ചു നടക്കുന്ന കാലം. പഞ്ചാബില്‍ നിന്നുവന്ന ഒരു മുസ്‌ലിം ഗുസ്തിക്കാരനെ അങ്ങനെയങ്ങു വിട്ടുകൊടുത്താലോ എന്നായി നാട്ടുകാര്‍. ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ ഈ വെല്ലുവിളി ഏറ്റെടുത്തു.

കെഎസ്ആര്‍ടിസിയിലെ ഡ്രെെവറായ പരവൂര്‍ സ്വദേശി സുകുമാരനെ ഇമാം ബക്സുമായി മല്‍പ്പിടിത്തത്തിനു പരിശീലനം നല്കി. ദിവസവും ഒരു കുല ഏത്തപ്പഴം, അന്‍പതുമുട്ട, നാലഞ്ചുകിലോ ആട്ടിറച്ചി, പറക്കണക്കിന് അരിയുടെ ചോറ് എന്നിങ്ങനെ ട്രാന്‍സ്പോര്‍ട്ട് ജീവനക്കാര്‍ സുകുമാരനെ ഊട്ടി. മത്സരദിനമായി. ഇമാം ബക്സിനെ പ്രോത്സാഹിപ്പിക്കാന്‍ കിളികൊല്ലൂരിലെ മുസ്‌ലിം സഹോദരങ്ങള്‍ ആബാലവൃദ്ധം ഒഴുകിയെത്തി. ട്രാന്‍സ്പോര്‍ട്ടിലെ എംപ്ലോയീസ് യൂണിയന്‍ നേതാക്കളായ ശിവാനന്ദന്‍, എന്‍ കെ രാമകൃഷ്ണന്‍ നായര്‍, ശശികുമാര്‍ തുടങ്ങി ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളും ഒന്നടങ്കം ഗോദയ്ക്ക് ചുറ്റും. ആകെ ആര്‍പ്പുവിളി. ഒരു ഗജകേസരിയെപ്പോലെ സുകുമാരന്‍ മപ്പടിച്ചു ഗോദയിലിറങ്ങിയപ്പോള്‍ ആകാശംമുട്ടെ ആരവം. പിന്നാലെ കുറിയവനായ ഇമാം ബക്സ് ഗോദയെ വലംവച്ചപ്പോള്‍ ബോലോ തക്ബീര്‍ വിളി. ആകെ പൊടിപൂരം. റഫറി വിസിലടിച്ചു. ഇമാം ബക്സും സുകുമാരനും പരസ്പരം കെെകൊടുത്തു. സുകുമാരന്‍ ഫയല്‍വാന്റെ മുറംപോലുള്ള കയ്യില്‍ ഇമാംബക്സിന്റെ കെെ ഞെരിഞ്ഞപ്പോള്‍ ട്രാന്‍സ്പോര്‍ട്ട് അനുകൂലിശതങ്ങളുടെ ആഹ്ലാദം അണപൊട്ടിയൊഴുകി. വീണ്ടും കെെകാടുത്തു ഇമാം ബക്സിന്റെ കെെ സുകുമാരന്‍ ഒന്നുപിടിച്ചു ഒന്നുവലംവച്ചു. പിന്നെയും ട്രാന്‍സ്പോര്‍ട്ട് വീരന്മാരുടെ ആര്‍പ്പുവിളി. കൊല്ലെടാ, വലിച്ചുവാരി നിലത്തടിക്കെടാ സുകുമാര എന്ന് ആക്രോശം. മൂന്നാം തവണ ഇരുവരും കെെകൊടുത്തു. സുകുമാരനെ ഇമാം ബക്സ് വിരലില്‍ തൂക്കി ദോശമറിച്ചിടുന്നതുപോലെ നിലത്തു മലര്‍ത്തിയടിച്ചു. ട്രാന്‍സ്പോര്‍ട്ടുകാരുണ്ടോ വിടുന്നു. അടിയല്ലാ അടിയല്ലാ എന്ന് വാദകോലാഹലം. റഫറി ഇമാം ബക്സിന് മറ്റൊരവസരംകൂടി നല്കി. പിന്നെയും ഇമാം ബക്സിന്റെ പുതിയ പ്രയോഗം. സുകുമാരന്‍ മലര്‍ന്നുകിടന്ന് അല്പം മൂത്രമൊഴിച്ചുപോയി. പിന്നെയും ട്രാന്‍സ്പോര്‍ട്ടുകാര്‍ ആര്‍ത്തുവിളിച്ചു, അടിയല്ല അടിയല്ല. ഒരു തവണകൂടി റഫറി അനുമതി നല്കി. അപ്പോഴും സുകുമാരനെ ഇമാം ബക്സ് തൂക്കിയടിച്ചു മലര്‍ത്തി. എന്നിട്ടും ട്രാന്‍സ്പോര്‍ട്ടുകാരുടെ അടിയല്ലാ വിളി! നിലത്തുകിടന്ന് സുകുമാരന്‍ ട്രാന്‍സ്പോര്‍ട്ടുകാരോട് ദയനീയമായി പറഞ്ഞു; ‘നീയെല്ലാംകൂടി എന്നെ കൊല്ലിച്ചേ അടങ്ങൂ!’

അതുപോലെയാണിപ്പോള്‍ രമേശ് ചെന്നിത്തലയുടേയും കാര്യം. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ തോറ്റ് തുന്നംപാടിയിട്ടും അദ്ദേഹം ആര്‍പ്പുവിളിക്കുന്നു അടിയല്ല, അടിയല്ല. തെരഞ്ഞെടുപ്പിലെ കണക്കുകളെന്നു പറഞ്ഞ് ചെന്നിത്തല പുതിയൊരു കണക്കു പുസ്തകം പുറത്തെടുക്കുന്നു. പഞ്ചായത്ത്, നഗരസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് എല്‍ഡിഎഫിനേക്കാള്‍ കൃത്യം 17 വോട്ട് കൂടുതലുണ്ടെന്നു പറഞ്ഞാണ് ട്രാന്‍സ്പോര്‍ട്ടുകാരെപ്പോലെ അടിയല്ല, അടിയല്ല എന്ന ആര്‍പ്പുവിളി. ഇതുകേട്ട് ഹെെക്കമാന്‍ഡിന്റെ നിരീക്ഷകനായി എത്തിയ താരിഖ് അന്‍വര്‍ തലയില്‍ കെെവച്ചു പറയുന്നു; ‘നിങ്ങളെല്ലാം കൂടി കോണ്‍ഗ്രസിനെ കൊല്ലിച്ചേ അടങ്ങൂ!’ ഞങ്ങളുടെ കണിയാപുരത്ത് ഭാര്‍ഗവി എന്നൊരു ദളിത് വൃദ്ധയുണ്ടായിരുന്നു. ഞങ്ങളുടെ തറവാട്ടില്‍ വീട്ടുജോലിക്കു സഹായിക്കാന്‍ വരും. ഒരു കുടുംബാംഗത്തെപ്പോലെ കഴിയുന്നതിനിടെ തൃശൂര്‍ പട്ടിക്കാട്ടുള്ള ഒരു വീട്ടുകാര്‍ ഭാര്‍ഗവിയെ അടിച്ചുമാറ്റാന്‍ നോക്കി. ഞാനങ്ങു ദൂരെ വന്നാല്‍ എന്റെ മകള്‍ ചാവുമ്പോള്‍ ഞാനടുത്തുണ്ടാവില്ലല്ലോ. അതിനാല്‍ പട്ടിക്കാട്ടേയ്ക്കില്ല എന്നാണ് ഭാര്‍ഗവി അറുത്തുമുറിച്ചു പറഞ്ഞത്. അതുപോലെയായി താരിഖ് അന്‍വറുടെ കാര്യം. തെരഞ്ഞെടുപ്പു കഴിയുന്നതുവരെ ഇനി രാഹുല്‍ സ്ഥിരമായി കേരളത്തിലുണ്ടാവും. ഭാര്‍ഗവി മുത്തശ്ശിയെപ്പോലെ.

കേരളത്തിലെ കോണ്‍ഗ്രസിന്റെ ചാക്കാലയ്ക്കും പതിനാറടിയന്തിരത്തിനും രാഹുല്‍ഗാന്ധി സ്ഥിരമായി ഇവിടെയുണ്ടാകുമെന്നാണ് താരിഖ് സാഹിബ് പറഞ്ഞുവച്ചത്. കോടതികള്‍ പാവപ്പെട്ടവന്റെ അവസാന അഭയകേന്ദ്രമെന്നാണല്ലോ പ്രമാണം. കോവിഡിനും ചോണനുറുമ്പിനും വരെ കോടതി കയറാം. കഴിഞ്ഞ ദിവസം ഒഡിഷാ ഹെെക്കോടതിയില്‍ സംസ്ഥാനത്തെ ആയുഷ് മന്ത്രി ഒരു ഹര്‍ജിയുമായെത്തി. ചോണനുറുമ്പുകളെ അരച്ചുണ്ടാക്കുന്ന ചമ്മന്തി കൊറോണയ്ക്കു കെെക്കൊണ്ട ഔഷധമാണെന്നായിരുന്നു മന്ത്രി പുംഗവന്റെ വാദം. ചില ഗോത്ര വര്‍ഗക്കാര്‍ക്കിടയില്‍ കൊറോണ വരാത്തത് ഈ വിശേഷപ്പെട്ട ചട്ണി കഴിച്ചതുകൊണ്ടാണത്രേ. ഗത്യന്തരമില്ലാതെ കോടതി കേന്ദ്ര ആയുഷ് മന്ത്രാലയത്തിനും കേന്ദ്ര ശാസ്ത്ര ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിനും നിര്‍ദ്ദേശം നല്കി; അടിയന്തരമായി ചോണനുറുമ്പ് ചട്ണിയുണ്ടാക്കി പരീക്ഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, മന്ത്രിക്ക് വട്ടുവരാം. ബഹുമാന്യ കോടതിക്കും വട്ടുവന്നുപോയാല്‍ എന്തുചെയ്യും. നമുക്ക് ദേശീയഗാനമായി ജനഗണമനയുണ്ട്. അയലത്തെ ബംഗ്ലാദേശിന് ‘അമര്‍ സോനാര്‍ ബംഗ്ലാ, അമി തുമി ബോലോബോര്‍ഷിയുണ്ട്. ബെെഡന്റെ അമേരിക്കയ്ക്ക് ‘സ്റ്റാര്‍ സ്പ്രാംഗ്ള്‍ഡ് ബാനറു‘ണ്ട്, അങ്ങിനയങ്ങിനെ. പക്ഷേ നമ്മുടെ പഴഞ്ചന്‍ ദേശീയഗാനം മറ്റാറായെന്ന് മോഡി പറയുന്നു. നൊബേല്‍ ജേതാവായ ടാഗോര്‍ എഴുതിയ ദേശീയഗാനത്തിന് അത്ര ചന്തം പോര, ഈണമൊട്ടുമേ പോര. അതുകൊണ്ട് മോഡി തന്നെ ഒരു കവിതയെഴുതി, ‘ഇപ്പോഴാണ് സൂര്യന്‍ ഉദിച്ചത്’ എന്ന കവിത.

മോഡി തന്നെ അത് ആലപിച്ച് പോസ്റ്റിടുകയും ചെയ്തു. ഗാനരചന, സംഗീതസംവിധാനം, ആലാപനം സന്തോഷ് പണ്ഡിറ്റ് എന്നപോലെ. അധികാരം തലയ്ക്കുപിടിച്ചാല്‍ വര്‍ധക്യവുമായി കൂടിക്കുഴയുമ്പോള്‍ ചിലര്‍ക്കു വട്ടാവും എന്ന് ആരാണ് പറഞ്ഞത്. ഈ പുതുവത്സരത്തോടൊപ്പം പിറന്നുവീണത് 3.71 ലക്ഷം നവജാത ശിശുക്കളാണെന്നാണ് കണക്ക്. 59,985 കിടാങ്ങളും കിടാത്തികളുമായി ഇന്ത്യ മുന്നില്‍. രണ്ടാം സ്ഥാനത്ത് 31,663 പെെതങ്ങളുമായി ചെെന, യുഎസില്‍ 10313 കുഞ്ഞുങ്ങള്‍. കൊറോണക്കാലത്തെ മാനദണ്ഡങ്ങള്‍ക്കിടെ ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ എങ്ങനെ പിറന്നുവീണുവെന്ന് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല പടച്ചതമ്പുരാനേ. സംസ്ഥാനത്ത് വാടകവീടുകള്‍ക്ക് പ്രിയമേറുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വന്തം നാട്ടില്‍ നില്ക്കക്കള്ളിയില്ലാതെ അന്യദേശങ്ങളിലേയ്ക്ക് ദേശാടനക്കിളികളെപ്പോലെ പറന്നിറങ്ങുന്ന ബിജെപി നേതാക്കള്‍ വാടകയ്ക്ക് വീട് നല്കുന്നവര്‍ക്ക് പൂക്കാലമൊരുക്കുന്നു. ഉള്ളി (യേരി) സുര എന്ന് സമൂഹമാധ്യമ ട്രോളന്മാർ വാത്സല്യപൂര്‍വം വിളിക്കുന്ന കോഴിക്കോട് ഉള്ളിയേരി കുന്നുമ്മല്‍ സുരേന്ദ്രന്‍ എന്ന സംസ്ഥാന പ്രസിഡന്റ് കാസര്‍കോട് മുതല്‍ കോന്നി വരെ വീടുകള്‍ തിരക്കുന്നു. മിസോറാം രാജ്ഭവനില്‍ നിന്നു പറന്നിറങ്ങിയ കുമ്മനം നേമത്തും തലശ്ശേരിക്കാരന്‍ പി കെ കൃഷ്ണദാസ് വട്ടിയൂര്‍ക്കാവിലും തലശ്ശേരിക്കാരന്‍ തന്നെയായ വി മുരളീധരന്‍ കഴക്കൂട്ടം മണ്ഡലത്തിലെ കൊച്ചുള്ളൂരും വാടകവീടുകളില്‍ പൊറുതിയായി. വടക്കാഞ്ചേരി സ്വദേശിനി ശോഭാസുരേന്ദ്രന് വീട് നല്കരുതെന്ന് കെ സുരേന്ദ്രന്‍ വെെകാതെ പത്രക്കുറിപ്പിറക്കും. എന്തായാലും ഇവര്‍ക്കു വീടു വാടകയ്ക്ക് നല്കുന്നവരോടും നല്കിയവരോടും ഒരപേക്ഷയുണ്ട്, ദേവികയ്ക്ക്. കൃത്യമായ വാടകച്ചീട്ട് വാങ്ങണം. ഒരു വര്‍ഷത്തെ വാടക ഒന്നിച്ചു വാങ്ങണം. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് തോറ്റ് കഴിയുമ്പോള്‍ വാടകപോലും നല്കാതെ കെട്ടും ഭാണ്ഡവുമായി രായ്ക്കുരാമാനം ഇവര്‍ മുങ്ങിക്കളയും.