Web Desk

January 01, 2021, 1:45 am

ഐതിഹാസിക പോരാട്ടത്തിനൊപ്പം

Janayugom Online

നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം

രാജ്യതലസ്ഥാനം കർഷകരുടെ ഐതിഹാസികമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. സമീപ കാലത്തെങ്ങും ദൃശ്യമാകാത്ത വലിയ ഇച്ഛാശക്തി ഈ പ്രതിഷേധത്തിന് പിന്നിലുണ്ട്. കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത കോർപ്പറേറ്റ് അനുകൂല, കർഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെയാണ് കർഷകരോഷം ഇരമ്പുന്നത്. അതിശൈത്യത്തെ നേരിട്ടാണ് കർഷകർ ഈ മഹാസമരത്തിൽ അണിചേരുന്നത്. 35 ദിവസത്തെ സമരത്തിനിടയിൽ 32 കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കോവിഡ് വ്യാപനത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം. ഈ സാഹചര്യത്തിൽ ജനരോഷം ക്ഷണിച്ചുവരുത്തുന്ന നിയമനിർമ്മാണ നടപടിയിലേക്ക് ഗവണ്മെന്റ് കടക്കേണ്ടതില്ലായിരുന്നു.

നിയമ നിർമ്മാണങ്ങൾ അത് ബാധിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്കിടയിൽ വലി­യ ആശങ്കയും സംശയവും ജനിപ്പിക്കുമ്പോൾ നിയമനിർമ്മാണ സഭകൾക്ക് അത് ഗൗരവമായി പരിഗണിക്കാൻ ബാധ്യതയുണ്ട്. ഒടുവിൽ ലഭ്യമായ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിൽ ശക്തിയുടെ 43.3 ശതമാനം കാർഷിക മേഖലയിലാണ് തങ്ങളുടെ അധ്വാനശേഷി വിനിയോഗിക്കുന്നത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഉല്പാദനമേഖല മാത്രമല്ല, നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായതിനാൽ കാർഷിക രംഗത്ത പരിഷ്കരണങ്ങൾ വളരെ ശ്രദ്ധാപൂർവ്വം വിഭാവനം ചെയ്ത നടപ്പാക്കേണ്ടവയാണ്. ഇക്കാര്യത്തിൽ കേരളത്തിന് വിപുലമായ അനുഭവ സമ്പത്തുണ്ട്. ഭൂപരിഷ്കരണ നിയമം വിജയകരമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. മാത്രമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ കാർഷികരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാനുള്ള മികച്ച ഇടപെടലുകളും കേരളം നടത്തിയിട്ടുണ്ട്.

1960 കളിൽ രാജ്യത്ത് നടപ്പായ ഹരിതവിപ്ലവത്തിനുശേഷം ഭക്ഷ്യധാന്യങ്ങൾ ഉല്പാദിപ്പിക്കുന്ന കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾക്ക് മിനിമം വില ലഭ്യമാക്കാൻ സംവിധാനം ഒരുക്കി. എന്നാൽ ചുരുക്കം ചില ഉല്പന്നങ്ങൾക്ക് മാത്രമേ താങ്ങുവില ലഭ്യമാകുന്നുള്ളൂ. രാജ്യത്തെ പല ഭാഗങ്ങളിലും കാർഷിക ഉല്പന്നങ്ങളുടെ വിലത്തകർച്ചയും കർഷക ആത്മഹത്യകളും വലിയ സാമൂഹിക പ്രശ്നങ്ങളായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ഉല്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിച്ച് കാർഷികവൃത്തി ലാഭകരമായി നടത്താൻ സഹായകമായ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടത്. കാർഷികമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് കാർഷിക രംഗത്ത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പുതിയ മൂന്ന് നിയമങ്ങൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയിട്ടുള്ളത്. ഇതിനെ തുടർന്ന് ഭക്ഷ്യധാന്യങ്ങൾക്ക് നിലവിലുള്ള താങ്ങുവില പോലും നഷ്ടപ്പെടുമോ എന്ന ഭയാശങ്കയാണ് കർഷകരെ അലട്ടുന്നത്. കർഷകരുടെ വിലപേശൽ ശേഷി മിക്കപ്പോഴും കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ശക്തിക്കുമുന്നിൽ വളരെ ദുർബലമാകും എന്നതാണ് ഇതിൽ ഉയരുന്ന ഗൗരവതരമായ പ്രശ്നം.

കർഷകർക്ക് നിയമപരിരക്ഷ ലഭിക്കാനുള്ള വ്യവസ്ഥകൾ നിയമത്തിലില്ല എന്ന് മാത്രവുമല്ല, കോർപ്പറേറ്റുകളുമായി ഇതിനുവേണ്ടി നിയമയുദ്ധം നടത്താനുള്ള ശേഷിയും കർഷകർക്കില്ല. കാർഷിക ഉല്പന്നങ്ങൾ കേന്ദ്ര സർക്കാർ തന്നെ മുൻകയ്യെടുത്ത് സംഭരിച്ച് ന്യായവിലയ്ക്ക് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംവിധാനമാണ് നിലനിൽക്കേണ്ടത്. അതിനു പകരം കാർഷികോല്പന്നങ്ങളുടെ വ്യാപാരമാകെ കോർപ്പറേറ്റുകൾക്ക് കൈവശപ്പെടുത്താൻ അവസരം നൽകുകയാണ് കേന്ദ്ര സർക്കാർ ചെയ്തിട്ടുള്ളത്. കർഷകർക്ക് ന്യായവില ലഭ്യമാക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിഞ്ഞുപോകുകയും ചെയ്യുന്നു. ഈ സമരത്തിന്റെ പ്രധാന കാരണം കാർഷിക ഉല്പന്നങ്ങൾക്ക് ഉണ്ടാകാനിടയുള്ള വിലത്തകർച്ചയാണ് എന്നത് വ്യക്തമാണ്.

കോവിഡ് 19 മഹാമാരി ഉണ്ടായിട്ടുകൂടി 2020- 21 സാമ്പത്തിക വർഷത്തിലെ നെല്ലിന്റെയും ഗോതമ്പിന്റെയും ഉല്പാദനം കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2.9 ഉം 2.6 ഉം ശതമാനമാണ് വർദ്ധിച്ചത്. ഇത് പണപ്പെരുപ്പ നിരക്കിനെക്കാൾ കുറഞ്ഞതായിരിക്കെ കാർഷിക ഉല്പന്നങ്ങളുടെ ന്യായവിലയെപ്പറ്റി കർഷകർക്കിടയില്‍ ഉണ്ടായിരിക്കുന്ന വിശ്വാസത്തകർച്ചയ്ക്ക് അടിസ്ഥാനമുണ്ടെന്ന് കാണാൻ കഴിയും. ഇതോടൊപ്പം തന്നെ വളരെ പ്രാധാന്യം അർഹിക്കുന്ന പ്രശ്നമാണ് ഭക്ഷ്യ സുരക്ഷ. സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സർക്കാർ പിൻമാറുന്ന അവസ്ഥയുണ്ടാകുമ്പോൾ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും വർധിക്കുകയും ഭക്ഷ്യവിതരണവും അതുവഴി ഭക്ഷ്യസുരക്ഷയും അപകടത്തിലാവുകയും ചെയ്യും. അവശ്യസാധന നിയമത്തിലെ വ്യവസ്ഥയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയടക്കമുള്ള അവശ്യവസ്തുക്കൾ ഒഴിവാക്കിയത് സ്ഥിതി കൂടുതൽ വഷളാക്കും.

നിലവിലുള്ള പ്രശ്നങ്ങളുടെ അടിയന്തര സ്വഭാവം വ്യക്തമാക്കുന്നത് ഈ പ്രക്ഷോഭം തുടർന്നാൽ അത് കേരളത്തെ സാരമായി ബാധിക്കും എന്നുതന്നെയാണ്. ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യ വസ്തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലേക്ക് വഴുതി വീഴുമെന്ന കാര്യത്തിൽ സംശയമില്ല. പ്രത്യേകിച്ച് ഈ കോവിഡ് വ്യാപന ഘട്ടത്തിൽ അത്തരം ഒരു സ്ഥിതി സൃഷ്ടിക്കാവുന്ന പ്രത്യാഘാതം ഒരു തരത്തിലും കേരളത്തിന് താങ്ങാനാവില്ല. ഇതിനെല്ലാമുപരി, കൃഷി ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിൽ (ലിസ്റ്റ് — 11) ഇനം 14 ആയും Mar­ket and fairs ഇനം 28 — ആയും ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളാണ്. സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമെന്ന നിലയിൽ ഇക്കാര്യത്തിൽ അന്ത­ർ സംസ്ഥാന കൗൺസിൽ യോഗം വിളിച്ചുകൂട്ടി വിശദമായ കൂടിയാലോചനകൾക്ക് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു പോലും അയയ്ക്കാതെ തിരക്കിട്ടാണ് ഈ സുപ്രധാന നിയമങ്ങൾ പാസാക്കിയത് എന്നത് ഗൗരവമായ പ്രശ്നമാണ്. മേൽ പ്രതിപാദിച്ച വസ്തുതകൾ കണക്കിലെടുത്ത്, രാജ്യത്തിന്റെ നട്ടെല്ലായ കർഷകർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ഈ മൂന്ന് വിവാദ നിയമങ്ങളും റദ്ദാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേരള നിയമസഭ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

ചര്‍ച്ചയില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞത്

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ കർഷകർക്കൊപ്പം ഈ രാജ്യത്തെ കൂടി തകർക്കുന്നതാണ്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുളള 78 ഉന്നത ഉദ്യോഗസ്ഥർ ഒരു സംയുക്ത പ്രസ്താവനയിൽ കേന്ദ്രസർക്കാർ ഭരണഘടനയുടെ ഫെഡറൽ തത്വങ്ങളെ നശിപ്പിക്കുകയാണെന്ന് പറഞ്ഞത് തികച്ചും പ്രസക്തമാണ്. 2003 ൽ വാജ്പേയ് സർക്കാർ കൊണ്ടുവന്ന മാതൃകാ എപി­എംസി ആക്ട് ആണ് കാർഷിക രംഗത്തെ കുത്തകവത്ക്കരണം ലക്ഷ്യമിട്ടുള്ള ബിജെപിയുടെ ആദ്യ ശ്രമം. 16 സംസ്ഥാനങ്ങൾ ഈ മാതൃകാ ആക്ടിനനുസരിച്ച് തങ്ങളുടെ നിയമങ്ങൾ പരിഷ്കരിച്ചു. കേരളം ഉൾപ്പെടെ പൂർണമായും മാറിനിന്ന സംസ്ഥാനങ്ങളെയും ഭാഗികമായി മാത്രം കാർഷിക വിപണി കുത്തകകൾക്ക് തുറന്നിട്ട സംസ്ഥാനങ്ങളെയും സമ്പൂർണ്ണമായി കോർപ്പറേറ്റ് ആർത്തിക്ക് ഇരയാക്കാനാണ് പുതിയ കാർഷിക നിയമത്തിലൂടെ ബിജെപി സർക്കാർ ശ്രമിക്കുന്നത്.

ഭരണഘടന രൂപീകരണ സമയത്ത് കൃഷി ഒരു സംസ്ഥാന വിഷയം ആക്കാൻ ഭരണഘടനാ ശില്പികൾ തീരുമാനിച്ചത് വ്യക്തമായ കാരണങ്ങൾ കൊണ്ടാണ്. നവലിബറൽ സാമ്പത്തിക നയങ്ങളുടെ ഭാഗമായി വാജ്പേയ് സർക്കാരിന്റെ കാലത്തുതന്നെ കൃഷിയെ കൺകറന്റ് ലിസ്റ്റിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. 2006 ഡിസംബറിൽ ദേശീയ കർഷക നയ രൂപീകരണ വേദിയിൽ കേരളത്തിലെ എൽ­ഡി­എഫ് സർക്കാരിന്റെ ഇക്കാര്യത്തിലുളള വിയോജിപ്പ്, അന്നത്തെ കൃഷി മന്ത്രി മുല്ലക്കര രത്നാകരൻ ശക്തമായി ഉന്നയിക്കുകയും രേഖാമൂലം സമർപ്പിക്കുകയും ചെയ്ത­താണ്. ഇപ്പോൾ കൺകറന്റ് ലിസ്റ്റിലുളള കൊമേഴ്സ് മന്ത്രാലയത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് പുതിയ കാർഷിക നിയമം കേന്ദ്ര സർക്കാർ കോലാഹലങ്ങൾക്കിടയിൽ ചർച്ചയില്ലാതെ ശബ്ദ­വോട്ടോടെ പാർലമെന്റിൽ പാസാക്കിയെടുത്തത്. സംസ്ഥാന വിഷയമായ കൃഷിയുടെ അടിസ്ഥാന ഘടകങ്ങളായ കാർഷിക ഉല്പാദനം, വിളകളുടെ സംഭരണം എന്നിവയെ കരാർ കൃഷിയുടെ ചട്ടക്കൂട്ടിൽപ്പെടുത്തി പൂർണ്ണമായും കേന്ദ്ര നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമം ഇതിനു പിന്നിലുണ്ട്.

2003 ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഈ ആക്റ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ വലിയ സമ്മർദ്ദം ഉണ്ടായിട്ടും കേരളം ഇതുവരെ തയ്യാറായിട്ടില്ല. അന്താരാഷ്ട്ര കരാറുകളുടെ കാര്യത്തിൽ മാത്രമാണ് കേന്ദ്രസർക്കാരിന് കൃഷിയെന്ന സംസ്ഥാന വിഷയവുമായി ബന്ധപ്പെട്ട് നിയമ നിർമ്മാണം നടത്താൻ അധികാരമുള്ളത്. കരാർ കൃഷിയുടെ മറവിൽ ബഹുരാഷ്ട്ര കുത്തകകൾ ഭക്ഷ്യ ഉല്പാദന, സംഭരണ, വിപണന രംഗങ്ങൾ കൈയ്യടക്കാൻ ഈ നിയമം വഴിയൊരുക്കും. പ്രധാനമന്ത്രി പറയുന്നത് പോലെ കർഷകർ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കാർഷിക ഉല്പന്നങ്ങളുടെ വില്പനയ്ക്ക് സമ്മതം നൽകുമ്പോൾ ഉല്പന്നങ്ങളുടെ മാത്രമല്ല, ഉല്പാദനത്തിന് മേലുള്ള കർഷകന്റെ സ്വാതന്ത്ര്യം കൂടി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഫുഡ്കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖല സ്ഥാപ നങ്ങൾ കാർഷികോല്പന്ന സംഭരണത്തിൽ നിന്നും ക്രമേണ പിൻവാങ്ങുകയും ചെയ്യുന്നതോടെ ധാന്യകമ്മി നേരിടുന്ന കേരളം പോലെയുള്ള സംസ്ഥാനങ്ങൾ ആദ്യംതന്നെ പ്രതിസന്ധിയിലാകും. വൻകിട ഉല്പന്ന സംഭരണ കമ്പനികൾ നിശ്ചയിക്കുന്ന വില ന്യായവിലയായി അംഗീകരിക്കപ്പെടുമ്പോൾ സർക്കാരുകൾ നിശ്ചയിച്ചുവരുന്ന താങ്ങുവില സമ്പ്രദായം അപ്രസക്തമാവുകയും ചെയ്യും. ഇത് ഗുരുതരമായ കാർഷിക പ്രതിസന്ധിയിലേക്ക് നയിക്കും. കരാർ കൃഷിയുടെ വ്യവസ്ഥകളിൽ ഉല്പന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങളും കൃഷിയിടത്തിൽ ഉപയോഗിക്കേണ്ട കീടനാശിനികളും വരെ നിഷ്കർഷിക്കാൻ സംഭരണ കുത്തക കൾക്ക് കഴിയും. കരാർ കൃഷി സമ്പ്രദായം നിലവിലുള്ള പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പെപ്‌സികോ ഉൾപ്പെടെയുള്ള കമ്പനികളുടെ നിബന്ധനകൾ പാലിക്കാൻ നിർബന്ധിതരായ കർഷകർ കടുംകൃഷി നടത്തുന്നതിലൂടെ മണ്ണ് മരിക്കാനുളള സാഹചര്യം ഉണ്ടായതും നാം കണ്ടതാണ്.

പുതിയ നിയമത്തിൽ കർഷകർക്ക് നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് തടസങ്ങളുണ്ട്. കരാറുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ ഉയർത്താൻ സാധിച്ചാൽ തന്നെയും വൻകിട കമ്പനികളുമായി കേസ് നടത്തി പിടിച്ചുനിൽക്കാൻ കർഷകർക്ക് ബുദ്ധിമുട്ടാകും. ബഹുരാഷ്ട്ര കമ്പനികൾ കാർഷിക രംഗത്തേയ്ക്ക് കടന്നുവരുമ്പോൾ ഇത്തരം ആഗോള നീക്കങ്ങളെക്കുറിച്ചും നാം ജാഗ്രത പുലർത്തണം. 103 വർഷങ്ങൾക്ക് മുൻപ് ഇത്തരമൊരു നീക്കത്തിനെതിരെ കർഷകരുടെ സമരം നയിച്ചത് മഹാത്മാഗാന്ധി ആയിരുന്നു. അന്ന് കൃഷിഭൂമിയുടെ 20ൽ മൂന്ന് ഭാഗം നിർബന്ധിതമായി നീലം കൃഷി ചെയ്യണമെന്ന നിയമം ബ്രിട്ടീഷ് സർക്കാർ നിഷ്കർഷിച്ചിരുന്നു. ഇത് കാരണം ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനം കുറയുകയും ചമ്പാരൻ പ്രദേശത്ത് ക്ഷാമകാലത്ത് എന്നപോലെ ദാരിദ്ര്യവും പട്ടിണിയും പെരുകാനിടയാക്കുകയും ചെയ്തു. പട്ടിണി കിടന്നും കൃഷിയിടത്തിൽ മരിച്ചു വീണും ബ്രിട്ടീഷുകാർക്ക് ആവശ്യമായ നീലം പാവപ്പെട്ട കർഷകർ ഉല്പാദിപ്പിച്ചുകൊണ്ടേയി രുന്നു. ഈ അനീതിക്കെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ കർഷക സമരമായിരുന്നു ദേശീയ പ്രസ്ഥാനത്തിലെ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആദ്യത്തെ നിയമ ലംഘന സമരം. ബ്രിട്ടീഷ് രാജിന്റെ അന്ത്യത്തിന്റെ തുടക്കമായിരുന്നു ആ കർഷക സമരം. 1917 ൽ ചമ്പാരൻ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട ഗാന്ധിജിയെ ബ്രിട്ടീഷ് കോടതിക്ക് നിരുപാധികം മോചിപ്പി ക്കേണ്ടിവന്നു. തുടർന്ന് നടന്ന കർഷക പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഭരണകൂടം മുട്ടുകുത്തുകയും 1919 മാർച്ച് നാലിന് ബിഹാർ ലജിസ്ലേറ്റീവ് കൗൺസിലിൽ ചമ്പാരൻ അഗ്രേറിയൻ ബിൽ പാസാവുകയും നിർബന്ധിത നീലം കൃഷി നിയമപരമായി അസാധുവാകുകയും ചെയ്തു.

മോഡി രാജിനും ഇതേ ഗതിയാണ് വരാൻ പോകുന്നത്. കർഷക സമരത്തെ ഇന്ന് ഗൗരവമായി പരിഗണിക്കാത്തവരും നാളെ ഭക്ഷ്യക്ഷാമം നേരിടുമ്പോൾ ദുരിതത്തിലാകും. അന്ന് അവരും തെരുവിലിറങ്ങും. പ്രധാന മന്ത്രി അടിക്കടി ഉരുവിടുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ധാന്യം വിളയില്ല. അന്നമുണ്ടാകണമെങ്കിൽ കൃഷിയും കൃഷി ഉണ്ടാകണമെ ങ്കിൽ കർഷകനും ഉണ്ടാകണം. 60 ശതമാനത്തിലധികം മനുഷ്യരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന ഇന്ത്യയിൽ കർഷകരുടെ ശബ്ദം രാജ്യത്തിന്റെ ശബ്ദമാണ്. രാജ്യം ഭരിക്കുന്നവർ അത് കേൾക്കാതെ പോകരുത്. അത് ഓർമ്മപ്പെടുത്തുന്നതാണ് ഈ പ്രമേയം.