മുൻ രാഷ്ട്രപതിയായ ഡോ. എപിജെ അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ 500 വിദഗ്ധർ ഉൾപ്പെട്ട സംഘം കേന്ദ്ര സർക്കാരിന്റെ ശാസ്ത്രസാങ്കേതിക വകുപ്പിന് കീഴിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടാണ് ഇന്ത്യാവിഷൻ 2020. തുടർന്ന് ഡോ. കലാം ഡോ. വൈ എസ് രാജനുമായി സഹകരിച്ച് “ഇന്ത്യ വിഷൻ 2020: എ വിഷൻ ഫോർ ന്യൂ മില്ലേനിയം” എന്ന പുസ്തകത്തിൽ ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദമായി ചർച്ച ചെയ്യുന്നു. ഡോ. അബ്ദുൽ കലാമിന്റെ വാക്കുകളിൽ തന്നെ വിശദീകരിച്ചാൽ ഇന്ത്യ എന്ന രാജ്യത്തെ വികസിത രാജ്യമാക്കി മാറ്റുന്നതിനാണ് ഈ പദ്ധതി. ഇന്ത്യയുടെ പ്രധാന കഴിവുകൾ തിരിച്ചറിയുന്നതിലൂടെ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം ഉറപ്പാക്കി. ജിഡിപി വളർച്ചനിരക്ക് ഇരട്ടിയാക്കാന്‍ കഴിയുമെന്നായിരുന്നു നിഗമനം. ഇത് സാക്ഷാത്ക്കരിക്കുന്നതിനുള്ള സമഗ്രമായ പ്രവർത്തനത്തിന് മനുഷ്യശക്തിയെ അടിസ്ഥാനമാക്കി അഞ്ച് മേഖലകൾ കണ്ടെത്തുകയും ചെയ്തു. അതിലൂടെ ഇന്ത്യയ്ക്ക് സവിശേഷമായ ഒരു മാതൃക സൃഷ്ടിക്കുവാൻ സാധിക്കുമെന്ന് കലാം സൂചിപ്പിച്ചു. കാർഷിക‑വ്യാവസായിക‑സേവന മേഖലകളെ കോർത്തിണക്കിയ ഒരു വികസന സമീപനമാണിത്. തുടർന്ന് ആസൂത്രണ കമ്മിഷൻ ഡോ. എസ് പി ഗുപ്തയുടെ അധ്യക്ഷതയിൽ 2000 ജൂണിൽ വിഷൻ 2020 കമ്മിറ്റി രൂപീകരിച്ചു.
വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായ ശേഖരണത്തിലൂടെ “ഇന്ത്യാവിഷൻ 2020” ഡിസംബറിൽ പ്രസിദ്ധീകരിച്ചു. ആസൂത്രണ കമ്മിഷൻ തയ്യാറാക്കിയ ഈ റിപ്പോർട്ടും ഡോ.അബ്ദുൽ കലാമിന്റെ ദർശനം ഉൾക്കൊണ്ടു തന്നെയായിരുന്നു. എന്നാൽ ഇരുപത് വർഷമാകുമ്പോള്‍ ഇന്ത്യയുടെ വികസനരംഗത്ത് ഈ സ്വപ്ന പദ്ധതിയുടെ ഇന്നത്തെ അവസ്ഥ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ നാല് തവണയായി ഭരിച്ച കേന്ദ്ര സർക്കാരുകൾ ഈ സ്വപ്ന പദ്ധതി അവരുടെ വികസന പദ്ധതിയുമായി ഉൾച്ചേർത്ത് നടപ്പിൽ വരുത്തിയോയെന്ന പ്രസക്ത ചോദ്യമാണ് 2020ൽ ഉന്നയിക്കുന്നത്. ഇന്ത്യയിൽ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനു മുമ്പ് ഡോ. കലാം വിഭാവനം ചെയ്ത വിഷൻ 2020 എന്താണെന്ന് ആദ്യം ചർച്ച ചെയ്യാം. തുടർന്ന് ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ ഈ പദ്ധതി വിലയിരുത്താം. ഡോ. അബ്ദുൽ കലാമിന്റെ ദർശനം സാമ്പത്തിക ഉന്നതിയുളള വികസിത ഇന്ത്യ എങ്ങനെയായിരിക്കണമെന്ന് വിശദമാക്കുന്നു.
പ്രധാനമായി 10 കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അവ പ്രധാനമായി ഗ്രാമീണ‑നഗര വിഭജനം നേർത്ത രേഖയായി ചുരുക്കിയ രാഷ്ട്രം, ഊർജ്ജ സംരക്ഷണം-ജലലഭ്യത എന്നിവ എല്ലാവര്‍ക്കും ഉറപ്പുവരുത്തുക, കൃഷിയും വ്യവസായവും സേവനമേഖലകളും പരസ്പരാശ്രിതമായി പ്രവർത്തിക്കുക, സാമൂഹ്യ‑സാമ്പത്തിക അനീതികാരണം ഗുണനിലവാരമുള്ളതും മൂല്യമുള്ളതുമായ വിദ്യാഭ്യാസം നിഷേധിക്കാത്ത ജനതയെ സൃഷ്ടിക്കുക ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ പണ്ഡിതന്മാർക്കും ശാസ്ത്രജ്ഞന്മാർക്കും നിക്ഷേപകർക്കും അനുയോജ്യമായ ലക്ഷ്യസ്ഥാനമായി ഇന്ത്യയെ മാറ്റുക, ലോകത്തിലെ മികച്ച ആരോഗ്യസംരക്ഷണം ലഭ്യമാക്കുക, സുതാര്യവും അഴിമതിരഹിതവുമായ രാജ്യമാക്കി മാറ്റുക, ദാരിദ്ര്യം, നിരക്ഷരത എന്നിവയും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും ഇല്ലാതാക്കുക, സമ്പന്നവും ആരോഗ്യവും സുരക്ഷിതത്വവും സമാധാനവും സന്തോഷപ്രദവുമായ വളർച്ചാപാത പിന്തുടരുന്ന ഒരു രാജ്യമായി ഇന്ത്യയെ മാറ്റി എടുക്കണമെന്നാണ് ‘വികസിത ഇന്ത്യ’ എന്ന സങ്കല്പത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞത്. ഇത് സാക്ഷാത്കരിക്കാൻ ഇന്ത്യയിൽ അഞ്ച് പ്രധാന മേഖലകളിൽ പ്രവർത്തിക്കണമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. അവ പ്രധാനമായി കൃഷി-ഭക്ഷ്യസംസ്കരണം, വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും, നഗരങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ, ഗ്രാമീണമേഖലയിൽ ലഭ്യമാക്കുന്ന പദ്ധതി (പുര പദ്ധതി), നിർണായക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സ്വാശ്രയത്വം എന്നിവയാണിത്.
ഇത്രത്തോളം ബൃഹത്തായ വികസന പദ്ധതി നടപ്പിലാക്കണമെങ്കില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ മുഖ്യ ലക്ഷ്യമായി പരിഗണിക്കണം. ഐക്യ രാഷ്ട്രസംഘടന 2000ൽ വിഭാവനം ചെയ്ത ‘സഹസ്രാബ്ദ വികസന അജണ്ട’ 2015 ല്‍ നേടിയെടുക്കാൻ സാധിക്കാതെ പാളം തെറ്റിയ വികസന പാതയിലാണ് ഇന്ത്യ. ഇതിനൊപ്പം 2015ൽ ഐക്യരാഷ്ട്രസംഘടന 17 സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി മുന്നോട്ടുപോവുകയാണ്. 2016 ല്‍ നടപ്പിലാക്കിയ നോട്ടുനിരോധനവും തുടർന്ന് 2017 ല്‍ നടപ്പിലാക്കിയ ചരക്കുസേവന നികുതി പരിഷ്ക്കാരവും മൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ യു-ടേൺ അടിച്ച് സാമ്പത്തിക വളർച്ച ഇന്ന് 4.5 ശതമാനത്തിൽ എത്തി. ഈയൊരു സാഹചര്യത്തിൽ ഈ സ്വപ്നപദ്ധതിക്ക് എന്താണ് പറ്റിയെന്ന് വിലയിരുത്തിയേ മതിയാകൂ.
2000 ൽ അന്നത്തെ കേന്ദ്ര സർക്കാരിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി എ ബി വാജ്പേയി പാർലമെന്റിലും, സ്വാതന്ത്ര്യദിന പ്രസംഗത്തിലും 2020 ഓടുകൂടി ഇന്ത്യ സാമ്പത്തികമായി വികസിത രാജ്യം ആകുമെന്നും ഈ സ്വപ്നപദ്ധതി നടപ്പിലാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അവകാശപ്പെട്ടു. തുടർന്ന് 2004 മുതൽ 2014 വരെയുള്ള യുപിഎ സർക്കാരുകൾക്ക് നേതൃത്വം നൽകിയ ഡോ. മൻമോഹൻസിംഗ് ഇന്ത്യ സാമ്പത്തികമായി വികസിത രാജ്യമാക്കി മാറ്റാൻ കേന്ദ്രസർക്കാർ മുന്നോട്ടുപോകുമെന്ന് 2004 ല്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ ഒന്നാം യുപിഎ സർക്കാർ പൊതുമിനിമം പരിപാടിയുടെ ഭാഗമായി ഭക്ഷ്യഭദ്രതാനിയമം, കാർഷികകടം എഴുതിത്തള്ളൽ, ഗ്രാമീണജനതയുടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലായ്മ ചെയ്യാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, ഗ്രാമീണ ജനതയുടെ ആരോഗ്യ സംരക്ഷണ ദൗത്യം എന്നിവയിൽ ഊന്നൽ നൽകിയ വികസന പദ്ധതികൾ വിഭാവനം ചെയ്തു.
വിവരാവകാശ നിയമം നടപ്പിലാക്കിയതിലൂടെ സർക്കാർ പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരാൻ സാധിച്ചു. എന്നാല്‍ തുടർന്ന് വന്ന രണ്ടാം യുപിഎ സർക്കാർ ചരിത്രത്തിൽ ഇന്നോളം കേട്ടിട്ടില്ലാത്ത രീതിയിലുള്ള അഴിമതി കേസിൽ പെട്ട് വികസന മുരടിപ്പ് അനുഭവിക്കുകയാണ് ചെയ്തത്. 2014ൽ അധികാരമേറ്റ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തന്റെ മുൻ ഭരണകർത്താവായ എ ബി വാജ്പേയിയുടെ കാലഘട്ടത്തിൽ ആരംഭിച്ച വിഷൻ 2020 സ്വപ്ന പദ്ധതിയെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ നടപ്പിലാക്കിയ സ്വച്ച് ഭാരത്, ഡിജിറ്റൽ ഇന്ത്യ, മേക്കിങ് ഇന്ത്യ പോലുള്ള പദ്ധതികളുടെ ഇന്നത്തെ അവസ്ഥ അതിദയനീയമാണ്. 2016ൽ നടപ്പിലാക്കിയ നോട്ട് നിരോധനം ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുകയും അസംഘടിത തൊഴിലാളി മേഖലയെ പൂർണമായി തകർക്കുകയും ചെയ്തു. തുടർന്ന് ചരക്കു-സേവന നികുതി പരിഷ്കാരവും ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ദുരിതമായി മാറി.
അടുത്ത ഇരുപത് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ വാർഷിക ജിഡിപി വളർച്ചനിരക്ക് 8.5 ശതമാനത്തിനും ഒമ്പത് ശതമാനത്തിനും ഇടയിൽ ആയിരിക്കുമെന്നാണ് ഭരണാധികാരികൾ 2000ൽ അവകാശപ്പെട്ടത്. എന്നാൽ 2020ൽ ഇന്ത്യയിലെ വളർച്ചനിരക്ക് പുതിയ മാനദണ്ഡപ്രകാരംപോലും ഏകദേശം 4.5 ശതമാനം മാത്രമേയുള്ളൂവെന്നാണ് ലോകബാങ്ക് വിലയിരുത്തുന്നത്. അതിനൊപ്പം ഇന്ത്യയിലെ ദാരിദ്ര്യം പൂർണമായി ഇല്ലാതാക്കുമെന്ന പ്രഖ്യാപനവും സഹസ്രാബ്ദത്തിൽ ഉണ്ടായി. 2019ലെ ബഹുമുഖ ദാരിദ്ര്യ സൂചിക പ്രകാരം ഇന്ത്യയിലെ 30 ശതമാനത്തോളം ജനങ്ങൾ ഇന്നും ബഹുമുഖ ദാരിദ്ര്യം അനുഭവിക്കുന്നു. അതിനൊപ്പം ലോകത്തിലെ അസമത്വത്തിന്റെ തോത് വർധിച്ചുവരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദേശീയ കുടുംബാരോഗ്യ സർവേ 1998–99 റിപ്പോർട്ട് പ്രകാരം അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കിടയിലെ പോഷകാഹാരക്കുറവ് 47 ശതമാനമായിരുന്നെങ്കിൽ 2015 ‑16 റിപ്പോർട്ട് സൂചിപ്പിക്കുന്നത് ഇത് 38 ശതമാനത്തിൽ എത്തിയെന്നാണ്. ഇത് ഒരു മെച്ചപ്പെട്ട പോഷകാഹാര വളർച്ച സൂചകമായി പരിഗണിക്കാൻ സാധ്യമല്ല.
2019 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 119 രാജ്യങ്ങൾക്കിടയിൽ 102 -ാം സ്ഥാനത്താണ്. വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ വിവിധ പദ്ധതികളായ ഉച്ചഭക്ഷണ പദ്ധതി, സർവ്വശിക്ഷാ അഭിയാൻ, സ്കൂൾകെട്ടിടങ്ങൾ നിർമ്മിക്കൽ എന്നിവയ്ക്ക് വൻതോതിൽ പണം ചെലവഴിച്ചു. 2018–19 ലെ അഖിലേന്ത്യ ഉന്നത വിദ്യാഭ്യാസ സർവ്വേപ്രകാരം ഇന്ത്യയിൽ ഇന്ന് 993 സർവ്വകലാശാലകളാണ് ഉള്ളത്. 1998ൽ 229 സർവ്വകലാശാലകളും 2011–12ൽ 642 സർവ്വകലാശാലകളുമാണ് ഉണ്ടായിരുന്നത്. എന്നാൽ ദേശീയ വിദ്യാഭ്യാസ കമ്മിഷൻ കണക്കാക്കിയിരിക്കുന്നത് 2020 ഓടുകൂടി ഇന്ത്യയിൽ 1500 സർവ്വകലാശാലകളുടെയെങ്കിലും ആവശ്യമുണ്ടാകുമെന്നാണ്. 18–24 പ്രായത്തിലുള്ള യുവാക്കളിൽ നാലിൽ ഒരാൾ മാത്രമാണ് കോളജുകളിലും സർവ്വകലാശാലകളിലും വിദ്യാഭ്യാസത്തിനായി പോകുന്നത്.
ഇന്ത്യയിൽ ഇന്ന് ലഭ്യമാകുന്ന ഒട്ടുമിക്ക ബിരുദ കോഴ്സുകളും വിദ്യാർത്ഥികളുടെ അറിവ്, ജീവിതനൈപുണ്യം, തൊഴിൽ വൈദഗ്ധ്യം എന്നിവ വളർത്താനുതകുന്നതല്ല. മറിച്ച് കേവലം സര്‍ട്ടിഫിക്കറ്റുകള്‍ നേടാൻ മാത്രമായി ഇന്ത്യയിലെ ബിരുദ‑ബിരുദാനന്തരങ്ങൾ ഒതുങ്ങിപ്പോകുന്നു. കൂടാതെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിന് ഗുണനിലവാരവും വളരെ മോശമാണ്. അതിനൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള സർക്കാർ വിഹിതം കുറവ് വരുത്തുകയാണ് ചെയ്യുന്നത്. 2018ൽ ഇന്ത്യയിലെ സർവകലാശാലകൾ 40,813 വിദ്യാർത്ഥികൾക്ക് പിഎച്ച്ഡി ബിരുദം നൽകി. എങ്കിലും ഇന്ത്യയിലെ സർവ്വകലാശാലകളിലെ അധ്യാപക നിലവാരവും പുറത്തുവരുന്ന ഗവേഷണ നിലവാരവും വളരെ താഴ്ന്ന നിലയിലുള്ളതാണ്. ജനതയുടെ ശരാശരി പ്രായംപോലും 27 വയസാണ്. ജനസംഖ്യയില്‍ യുവതലമുറയ്ക്ക് ഇത്രത്തോളം പ്രാധാന്യമുള്ള ഇന്ത്യയിൽ യുവാക്കളുടെ യഥാർത്ഥ അവസ്ഥ എന്താണ്?.
തൊഴിലില്ലായ്മ, നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത, തൊഴിൽ നൈപുണ്യ ശേഷിയില്ലായ്മ എന്നിവമൂലം മാനവിക മൂലധനത്തിന് തന്നെ ദോഷം സംഭവിക്കുകയാണ് ചെയ്യുന്നത്. തൊഴിലില്ലായ്മ കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. നോട്ടുനിരോധനവും ചരക്കു-സേവന നികുതി പരിഷ്കാരവും മൂലം ഏകദേശം 11 ലക്ഷം യുവാക്കൾക്കാണ് 2018ൽ തൊഴിൽ നഷ്ടപ്പെട്ടത്. വിഷൻ 2020 ഒരു രാഷ്ട്രീയ പാർട്ടിയുടേയും സർക്കാറിന്റെയും വ്യക്തിയുടെയുമല്ല മറിച്ച് അത് ഒരു ദേശീയ ദർശനമായി ഉൾക്കൊള്ളാതെ പോയതാണ് കഴിഞ്ഞ 20 വർഷത്തെ അനുഭവം നമ്മെ ഓർമ്മിപ്പിക്കുന്നത്.
ഈയൊരു പശ്ചാത്തലത്തിൽ വിഷൻ 2020ൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തി. 2030ൽ ഇന്ത്യ നേടിയെടുക്കേണ്ട സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി കോർത്തിണക്കി പുതിയ പദ്ധതികൾ വിഭാവനം ചെയ്തത് നടപ്പിലാക്കാൻ വേണ്ട ഇച്ഛാശക്തിയാണ് ഇന്ത്യയിലെ ഭരണാധികാരികൾക്ക് വേണ്ടത്. ജാതി-മത ചിന്തകൾ ജനങ്ങൾക്കിടയിൽ സൃഷ്ടിച്ച് ജനതയെ ഭിന്നിപ്പിക്കാതെ വികസനോന്മുഖ നയങ്ങളിലൂടെ സുസ്ഥിരമായ സാമ്പത്തിക വളർച്ച എങ്ങനെ നേടിയെടുക്കാം എന്ന് ചിന്തിക്കുകയാണ് വേണ്ടത്. ഗാന്ധിജിയും നെഹ്റുവും അംബേദ്ക്കറും ഡോ. അബ്ദുൽ കലാമും വിഭാവനം ചെയ്ത ‘വികസന ഇന്ത്യ’ എന്ന ലക്ഷ്യനേട്ടത്തിൽ എത്തിചേർന്നാൽ മാത്രമേ സമ്പന്നവും ആരോഗ്യകരവും സുസ്ഥിരവും സമാധാനപരവുമായ ഇന്ത്യയായി മാറാൻ സാധിക്കുകയുള്ളു. ഈ തിരിച്ചറിവാണ് ഇന്ത്യയിലെ ഭരണാധികാരികൾക്ക് ഉണ്ടാകേണ്ടത്.
(ലേഖകൻ കണ്ണൂർ കൃഷ്ണമേനോൻ ഗവൺമെന്റ് വനിത കോളജിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.