മലയാളത്തില്‍ അരാജകത്വത്തിന്റെ സ്തോഭസൗന്ദര്യങ്ങളുടെ കവിയായിരുന്നു എ അയ്യപ്പന്. ഒരിക്കല്‍ അദ്ദേഹം എഴുതി; ‘വീടില്ലാത്തവനോട് വീടിന് ഒരു പേരിടാന്‍ പറഞ്ഞപ്പോള്‍, കുട്ടികളില്ലാത്തവനോട് കുട്ടിക്കൊരു പേരിടാന്‍ പറഞ്ഞപ്പോള്‍, സുഹൃത്തേ രണ്ടുമില്ലാത്തവന്റെ നെഞ്ചത്തെ തീ കണ്ടുവോ…’ കൊറോണ എന്ന മഹാമാരി രാജ്യത്ത് താണ്ഡവമാടുന്നതിനിടെ കഴിഞ്ഞ ദിവസവും ഇന്നലെയും പ്രധാനമന്ത്രി മോഡി നടത്തിയ ആഹ്വാനങ്ങള്‍ കേട്ടപ്പോഴാണ് കേരളത്തിന്റെ തെരുവോരങ്ങളുടെ അനശ്വര കവിയായിരുന്ന അയ്യപ്പന്റെ വരികള്‍ ഓര്‍ത്തുപോയത്. രാഷ്ട്രത്തോട് കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ രോഗത്തെ ചെറുക്കാന്‍ ഇരുപത്തി ഒന്നു ദിവസം ജനങ്ങള്‍ വീടുകളില്‍ അടച്ചിരിക്കണമെന്നാണ് ആഹ്വാനം ചെയ്തത്. ഇന്നലെ ‘മന്‍കി ബാത്ത്’ എന്ന പരിപാടിയിലും അദ്ദേഹം ഈ ആഹ്വാനം ആവര്‍ത്തിച്ചു.
വീടുകളുടെ കവാടമായിരിക്കണം നിങ്ങളുടെ അതിര്‍ത്തിയെന്നാണ് പ്രധാനമന്ത്രി ആദ്യ പ്രസംഗത്തില്‍ ഭാരതീയരോട് അഭ്യര്‍ത്ഥിച്ചത്. വീട് എന്ന ലക്ഷ്മണരേഖ കടക്കരുതേ എന്ന് അദ്ദേഹം ഇന്നലെ കെെകൂപ്പി നാട്ടാരോട് അഭ്യര്‍ത്ഥിച്ചു. രണ്ടും നല്ല കാര്യം. ഇതു കേട്ടപ്പോള്‍ അയ്യപ്പന് എഴുതിയതുപോലെ വീടില്ലാത്തവരുടെ നെഞ്ചില്‍ തീയാളി കത്തുന്നതു നാം കണ്ടു. ഇന്നലെ പ്രധാനമന്ത്രിയുടെ ആഹ്വാനമുണ്ടായ നേരത്ത് മോഡിയുടെ ഭരണതലസ്ഥാനമായ ഇന്ദ്രപ്രസ്ഥത്തിന്റെ അതിര്‍ത്തികളില്‍ പതിനായിരക്കണക്കിനു വീടില്ലാത്തവര്‍ മനുഷ്യസാഗരമായി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളിലായി തുടരുന്ന ദുരന്തദൃശ്യം. ഡല്‍ഹിയില്‍ പണിക്കെത്തിയ അതിഥി തൊഴിലാളികളായിരുന്നു അവര്‍. പട്ടിണി കൂട്ടിരിക്കുന്ന യുപി, ബിഹാര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അന്നംതേടി ഡല്‍ഹി എന്ന മഹാനഗരത്തിലെത്തിയവര്. വീടുകളില്‍ 21 ദിവസം അടച്ചിരിക്കാന്‍ തങ്ങളുടെ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോള്‍ പകച്ചുപോയ വീടില്ലാത്തവര്‍.
പണിയില്ലാതായപ്പോള്‍ പട്ടിണിക്കോലങ്ങളായ അവരുടെ ഒക്കത്തിരുന്ന പട്ടിണിക്കുരുന്നുകളുടെ കണ്ണുകളില്‍ നിന്ന് വായിച്ചെടുക്കാവുന്ന ദെെന്യതയുടെ ചോദ്യം; അടച്ചിരിക്കാന്‍ ഞങ്ങള്‍ക്കു വീടുകളെവിടേ മോഡിജീ, ഒരു വറ്റിനു വകയെവിടേ പ്രധാനമന്ത്രിജീ. എല്ലാ ആശയുമറ്റപ്പോള് തങ്ങളുടെ ജന്മനാടുകളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുന്നവര്‍. നാനൂറും അഞ്ഞൂറും കിലോമീറ്ററുകള്‍ ലക്ഷ്യമാക്കിയുള്ള ആ മഹാ പലായനം ഇന്ത്യാ വിഭജനകാലത്തെ ഓര്‍മ്മിപ്പിച്ചു. ഈ പലായനത്തിനിടെ വിശപ്പും ദാഹവുംകൊണ്ട് തളര്‍ന്നു മരിച്ചുവീണവരുണ്ടായിരുന്നു. പലയാനക്കൂട്ടത്തിലേയ്ക്ക് വാഹനം ഇടിച്ചുകയറി ചതഞ്ഞരഞ്ഞു ജീവനില്ലാതായവരും ഏറെ. മാളങ്ങളില്ലാത്ത പാമ്പുകളോടും ആകാശമില്ലാത്ത പറവകളോടുമായാണ് പറയുന്നത് സ്വയം വീടുകളില്‍ അടച്ചിരിക്കുക എന്ന്.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക‑സാമൂഹ്യ കൗണ്‍സിലിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഭവനരഹിതരായ 2.87 കോടി കുടുംബങ്ങളാണുള്ളത്. ഈ കുടുംബങ്ങളിലെ അംഗസംഖ്യ 25 കോടിയെങ്കിലും വരും. ഇവര്‍ക്കാര്‍ക്കും അണുകുടുംബം എന്ന സംജ്ഞ പോലും അജ്ഞാതം. രാജ്യത്ത് കുടുംബവുമായി വേരറ്റ നിലയിലുള്ള 1.8 കോടി യാചക കുട്ടികളുണ്ട്. ‘തെരുവിലുറങ്ങുന്ന നിഴലുകളായി, കടവില്‍ കിടക്കുന്ന മോഹങ്ങളായി’ കടത്തിണ്ണകളില്‍ ഉറങ്ങുന്ന ഇവരില്‍ 43.5 ലക്ഷവും അഞ്ചിനും പതിനാലിനും മധ്യേയുള്ള ശെെശവ ദുരന്തങ്ങള്‍. അവരോടാണ് മോഡി പറയുന്നത് വീട്ടില്‍ അടച്ചുപൂട്ടിയിരുന്നുകൊള്ളാന്. 9.67 കോടിയിലേറെ ജനങ്ങള്‍ യാചകസമാനമായ നരകജീവിതം നയിക്കുമ്പോള്‍ ലോകത്തെ ചേരിനിവാസികളില്‍ 17 ശതമാനം വരുന്ന 7.8 കോടിയും ഇന്ത്യയില്‍. അവര്‍ക്ക് അടച്ചിരിക്കാന്‍ വീടില്ല, ഒറ്റമുറി കൂരയ്ക്ക് വാതിലുമില്ല. ഇവരോട് നിങ്ങളുടെ ലക്ഷ്മണരേഖ വീടായിരിക്കണമെന്നു പറയുന്നതിലെ വ്യര്‍ത്ഥതയും കാപട്യവും അളക്കാന്‍ അളവുകോലുകളില്ല. അതെല്ലാം നമുക്ക് മനക്കണക്കുകളിലൂടെ നോക്കുകയേ ഗത്യന്തരമുള്ളു. പ്രബുദ്ധ കേരളം എന്ന് മലയാളക്കരയ്ക്ക് പേരുവിളിച്ചയാളിനെ കണ്ടെങ്കില്‍ കരണക്കുറ്റിക്ക് രണ്ട് ചാര്ത്താമെന്ന നിലയിലാണ് കൊറോണക്കാലത്ത് അക്ഷരകേരളത്തിലെ സംഭവങ്ങള്‍. ഇവിടെ ഭവനരഹിതര്‍ ഇല്ലാതില്ല.
ഒറ്റമുറി വീടെങ്കിലുമുള്ളവരുള്ള നമ്മുടെ നാട്ടില്‍ 21 ദിവസം മുറിയടച്ചിരിക്കേണ്ടതിന്റെ ആവശ്യകത നമ്മുടെ പ്രബുദ്ധതയാണ് നമുക്ക് പറഞ്ഞുതരുന്നത്. ഒരു മനുഷ്യനും ഒറ്റപ്പെട്ട ദ്വീപല്ല എന്ന ജോണ്‍ ഡണിന്റെ ഓര്മ്മപ്പെടുത്തലിനെയും സമൂഹജീവിയാണ് മനുഷ്യന് എന്ന യുഗങ്ങളായുള്ള ആപ്തവാക്യത്തെയും കാലഹരണപ്പെടുത്തിയിരിക്കുന്നു കൊറോണക്കാലം. എങ്കിലും നമ്മളില്‍ പലര്‍ക്കും പുറത്തിറങ്ങി അര്മാദിച്ചില്ലെങ്കില് എന്തോ ഒരു ഇത്. ഒരു വിദ്യാര്‍ത്ഥി നേതാവ് മാസ്കും ഹെല്‍മറ്റുമില്ലാതെ മൊബെെലില്‍ സംസാരിച്ച് ബെെക്കഭ്യാസം നടത്തിയതിനു പിടിയിലായി. മറ്റൊരു ഏരിയാ നേതാവ് മാസ്ക് പോലും ധരിക്കാതെ കളമശേരിയിലെ വിജനമായ തെരുവുകളില്‍ വിലസി കൊറോണയെ വെല്ലുവിളിക്കുന്നു. വെെദ്യശാസ്ത്രം പുരോഗമിച്ച് മാനത്തോളമെത്തിയ യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ പോലും കൊറോണ ബാധിതരാവുമ്പോഴാണ് കൊറോണ ഒരു ചീളു കേസ് എന്ന വിധത്തില്‍ പൊതുപ്രവര്‍ത്തകര്‍ തന്നെ വിരാജിക്കുമ്പോള്‍ ഇവരെ ഏത്തമിടീക്കുകയും തവളച്ചാട്ടം നടത്തിക്കുകയുമൊന്നും വേണ്ട. മുണ്ടുപൊക്കി ചന്തിയിലും ഷർട്ടൂരി മുതുകത്തും നാല് പെട നല്കിയാല് തീരാവുന്നതേയുള്ളൂ കേസ്.
അടികൊണ്ട പാടു കാട്ടി സമൂഹ മാധ്യമങ്ങളിലൂടെ സഹതാപം തേടിയാല്‍ ബലേഭേഷ് എന്ന് ജനം കയ്യടിക്കുകയേയുള്ളൂ. അതേസമയം കൊറോണക്കാലം തമാശകളുടെ പൂക്കാലമാക്കി മലയാളി അവരുടെ നര്‍മ്മബോധത്തിന്റെ പൂത്തിരി കത്തിച്ചിരിക്കുന്നു. ഹസ്തരേഖാ വിദഗ്ധന്മാരെ കൊറോണ പട്ടിണിക്കിട്ടുവെന്നാണ് ഒരു പയ്യന് ദേവികയോട് പറഞ്ഞത്. കെെവെള്ളയിലെ രേഖകള്‍ നോക്കി ഭാവിഫലം പറയാന്‍ വയ്യാണ്ടായതായ കാലം. കെെരേഖാ ശാസ്ത്രജ്ഞനു മുന്നില്‍ കെെപ്പത്തി നീട്ടുമ്പോള്‍ സൂക്ഷ്മദര്‍ശിനി വച്ച് അയാള്‍ പരിശോധിക്കുന്നു. ഹസ്തരേഖയുടെ പൊടിപോലും കാണാനില്ല. കെെനോട്ടം നടപ്പില്ലെന്ന് ജ്യോത്സ്യന്. രാവിലെ ഉണരുന്നതുമുതല്‍ ഉറങ്ങുന്നതുവരെ കെെകഴുകലല്ലേ പണി. പിന്നെയെങ്ങനെ കയ്യില്‍ രേഖ കാണുമെന്ന് പയ്യന് സമാശ്വസിക്കുന്നു. കാട്ടാക്കടയില്‍ ഒരു ചെറുതരക്കാരന് ഹെല്‍മറ്റും വെല്‍വെറ്റു മാസ്കുമൊന്നുമില്ലാതെ തെരുവില്‍ കറങ്ങാനിറങ്ങി. പൊലീസ് കയ്യോടെ പൊക്കിയപ്പോള്‍ പയ്യന് പറഞ്ഞു. സാറന്മാരേ ആകെ സമയദോഷമാ. ഒരു കല്യാണവും നടക്കുന്നില്ല. ജ്യോത്സ്യനെ കാണാനിറങ്ങിയതാ. ഈ കൊറോണക്കാലത്ത് ഒരു സംബന്ധം ഒത്തുകിട്ടിയാലോ. പൊലീസ് പയ്യനെ പൊക്കി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി.
ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴചുമത്തി വിട്ടയച്ചു. ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമയില്‍ നിവിന്‍പോളിയോട് അരിസ്റ്റോ സുരേഷ് പറയുന്നത് ‘സാറേ ഞാനിനി ഷഡ്ഡിയിടാതെ പുറത്തിറങ്ങില്ല. ഒന്നല്ല രണ്ടു ഷഡ്ഡിയിട്ടുകൊള്ളാം’ എന്നാണ്. അതുപോലെ പയ്യന് പൊലീസിനോട് പറഞ്ഞത് സാറേ എനിക്കിനി കല്യാണമേ വേണ്ട എന്നായിരുന്നുവത്രേ. മഹാമാരിക്കാലത്തെ മദ്യനിരോധനം നമുക്ക് നാനാമുഖമായ അനന്തസാധ്യതകള്‍ തുറന്നിടുന്നു. മദ്യപര്‍ക്ക് ഇനി സ്വാശ്രയകാലം. പഴയ മുച്ചട്ടിവിദ്യയ്ക്ക് പകരം കുക്കറുകളില്‍ മദ്യം വാറ്റുന്ന ഹെെടെക് ചാരായ നിര്‍മ്മാണം നാടെങ്ങും മെല്ലെ ആരംഭിച്ചിട്ടുണ്ട്. ഉമ്മിണി കണ്ടാക്കിന്റെ ഭാഷയില്‍ സ്വയമ്പന്‍ സാധനം. ലോക് ഡൗണ്‍ ആയതിനാല്‍ എക്സെെസുകാരുടെ ശല്യവുമില്ല. ചില കേന്ദ്രങ്ങളില്‍ എക്സെെസുകാര് തന്നെ മദ്യ കുടില്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുവത്രേ. വാറ്റുമ്പോള്‍ ആദ്യം ഇറ്റുവീഴുന്ന ‘തലവാറ്റ്’ ഏമാന്മാര്ക്കുവേണ്ടി എക്സെെസ് സ്പെഷല്‍ ആയി മാറ്റിവച്ചാല്‍ കൊറോണക്കാലം പൂത്തുല്ലസിക്കുന്ന പുതിയൊരു കുടില്‍ വ്യവസായത്തിനാണ് വഴിമരുന്നിടുക. ബാര്‍, ബിവറേജസ് ബിസിനിസിന് അങ്ങനെ അന്ത്യകൂദാശയുമാകും. പക്ഷേ കുഴിമടിയന്മാരായ അമിത മദ്യാസക്തര്‍ നാടെങ്ങും ആത്മഹത്യ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ നമ്മെ വേദനിപ്പിക്കുന്നു. മദ്യം യഥേഷ്ടം ലഭിച്ചതോടെ മുഴുക്കുടിയന്മാര് ഒരു സാമൂഹ്യ‑സാമ്പത്തിക വിപത്തായി വളര്‍ന്നുവരുന്ന കാലം നാം കണ്ടില്ല. ആത്മഹത്യ പരമ്പരയോടെ നാം കണ്ണു തുറക്കേണ്ട കാലം. മദ്യാസക്തരെ രോഗവിമുക്തിക്കായി പ്രാദേശിക ഭരണകൂടങ്ങള്‍ വിമുക്തി കേന്ദ്രങ്ങളിലെത്തിച്ചാല്‍ ഈ വിപത്തിന് ഒരു ചികിത്സയുമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.