മറ്റൊരു കൊലയാളിയെ വേണ്ടെന്ന് ഇന്തോനേഷ്യ
ചെറുതും വലുതുമായി 13,500 ദ്വീപുകളുടെ ഒരു ശൃംഖലയാണ് ഇന്തോനേഷ്യ. എങ്കിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളെപ്പോലെ കൊളോണിയലിസത്തിന്റെ ഇരയായിരുന്നു അവിടവും. ബ്രിട്ടനെയും സ്പെയിനിനെയും പോര്‍ച്ചുഗലിനെയും മറ്റും പോലെ വന്‍കിട കൊളോണിയലിസ്റ്റുകളായിരുന്നില്ല ആ ദ്വീപസമൂഹം കൈയടക്കിയത്. ഡച്ചുകാരെന്ന് പരക്കെ അറിയപ്പെടുന്ന നെതര്ലാന്സിനായിരുന്നു അവിടെ ആധിപത്യം. 1922 മുതല്‍ക്ക് അത് ഹോളണ്ട് എന്ന മൂന്നാമതൊരു പേരുകൂടിയുള്ള നെതര്‍ലാന്‍സിന്റെ ഒരു ഭാഗമാക്കപ്പെട്ടിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് അവിടം ജപ്പാന്റെയും അധീനതയിലായിരുന്നു. ഇന്ത്യയെപ്പോലെ 20-ാം നൂറ്റാണ്ടില്‍തന്നെ അവിടെയും സ്വാതന്ത്ര്യസമരം ആരംഭിച്ചിരുന്നെങ്കിലും രണ്ടാം ലോകയുദ്ധത്തില്‍ കൊളോണിയലിസം അതിന്റെ ശരശയ്യയിലെത്തിയതോടെയാണ് ഇന്തോനേഷ്യയുടെയും പോരാട്ടം വിജയം കണ്ടത്.
ഇന്ത്യയെക്കാള്‍ അല്പം മുമ്പ് 1945 ല്‍ തന്നെ ദേശീയ നായകനായിരുന്ന സുക്കാര്‍ണൊ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയെങ്കിലും 1949 ഡിസംബര്‍ 27ന് മാത്രമാണ് അധികാര കൈമാറ്റം നടന്നത്. 1950 ഓഗസ്റ്റ് 17ന് സുക്കാര്‍ണൊ പ്രസിഡന്റായുള്ള റിപ്പബ്ലിക്കും പ്രഖ്യാപിക്കപ്പെട്ടു.
ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്റുവിനെപ്പോലെ സുക്കാര്ണൊയും പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുടെ ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഒരു ഉറച്ച നിലപാടാണ് സ്വീകരിച്ചത്. ആഫ്രോ – ഏഷ്യന്‍ രാജ്യങ്ങളുടെ ആദ്യ സമ്മേളനം 1955 ല്‍ ഇന്തോനേഷ്യയിലെ ബാന്ദുങ്ങില്‍ നടക്കാനിടയായത് അങ്ങനെയാണ്. മുന്‍ കൊളോണിയല്‍ ശക്തികള്‍ക്ക് ഒട്ടും സഹിക്കാനാവാത്തതായിരുന്നു പുതുതായി സ്വാതന്ത്ര്യം നേടിയ രാജ്യങ്ങളുടെ ഈ ശക്തിപ്രകടനമെന്ന് പറയേണ്ടതില്ലല്ലോ. അതിനു തുരങ്കംവയ്ക്കാന്‍ വേണ്ടി അമേരിക്ക, ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ലായിയെ കൊണ്ടുവരാന്‍ അയച്ചിരുന്ന എയര്‍ ഇന്ത്യാ വിമാനം ബോംബു വച്ച് തകര്‍ത്തെങ്കിലും അദ്ദേഹം സഞ്ചരിച്ചത് മറ്റൊരു വിമാനത്തിലായതുകൊണ്ട് അവരുടെ ശ്രമം ഫലിച്ചില്ലെന്നേയുള്ളു.
അതുകൊണ്ട് പക്ഷേ, അമേരിക്കയും കൂട്ടരും നവസ്വതന്ത്ര രാജ്യങ്ങളുടെ കൂട്ടായ്മ പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചില്ല. നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ പ്രസ്ഥാനം അന്ന് എത്രയും ശക്തമായിരുന്നതുകൊണ്ട് ഇന്ത്യയെ കുരുക്കാന്‍ അവര്‍ക്ക് അന്ന് കഴിഞ്ഞില്ല. എന്നാല്‍ ഇന്തോനേഷ്യയിലെ മുസ്ലിങ്ങളുടെ സാമുദായിക വികാരത്തിന് തീകൊളുത്തിക്കൊണ്ട് സൈന്യാധിപനായ ജനറല്‍ സുഹാര്ത്തൊയെ കരുവാക്കാനും സുക്കാര്ണൊയില് നിന്ന് ഭരണം പിടിച്ചെടുക്കാനും സാമ്രാജ്യവാദികള്‍ക്ക് കഴിഞ്ഞു.
അടുത്ത മൂന്നു പതിറ്റാണ്ടുകള്‍ ഇന്തോനേഷ്യയില്‍ പട്ടാളത്തിന്റെ അഴിഞ്ഞാട്ടമാണ് നടന്നത്. കമ്മ്യൂണിസ്റ്റുകാരായിരുന്നു സുഹാര്ത്തൊയുടെ ആദ്യത്തെ നോട്ടപ്പുള്ളി. ഏഷ്യയിലെ ഏറ്റവും കരുത്തേറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു അവിടുത്തേത്. പാര്‍ട്ടിയുടെ നേതാക്കളോടൊപ്പം ഇരുപത്തഞ്ച് ലക്ഷം കമ്മ്യൂണിസ്റ്റുകാരെ സുഹാര്ത്തൊയുടെ പട്ടാളം കൊന്നു കുഴിച്ചുമൂടുകയോ കടലില്‍ തള്ളുകയോ ചെയ്തുവെന്നാണ് അമേരിക്കയുടെ ടൈം വാരികപോലും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചിലിയില്‍ ഇതുപോലെ പിനോച്ചെയാണ് അവിടത്തെ പ്രസിഡന്റ് അല്ലെന്‍ഡെയെ കൊലപ്പെടുത്തിയശേഷം ആയിരക്കണക്കിന് ജനാധിപത്യവാദികളെ ഇല്ലായ്മ ചെയ്ത് സമാന്തരമായൊരു നരവേട്ട നടത്തിയത്. ഇരുവരും 1989ല്‍ ഏതാണ്ടൊരേ സമയത്താണ് അധികാരത്തില്‍ നിന്ന് പിടിച്ചു താഴെയിറക്കപ്പെട്ടത്.
അതിനുശേഷം ആദ്യ പ്രസിഡന്റ് സുക്കാര്‍ണൊയുടെ മകള്‍ സുകര്ണപുത്രി ഉള്‍പ്പെടെ പലരും ഭരണനേതൃത്വത്തിലെത്തിയെങ്കിലും 2006 ല്‍ മാത്രമാണ് ചിട്ടയായ ഒരു തെരഞ്ഞെടുപ്പ് ഇന്തോനേഷ്യയില്‍ നടക്കുന്നത്. അതിന്റെ തുടര്‍ച്ചയായുള്ള നാലാമത്തെ തെരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 17ന് അവിടെ നടന്നത്. 2014 ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോക്കൊ വിദോദൊയും വൈസ് പ്രസിഡന്റ് മാറുഫ് അമീനുമാണ് ഇപ്രാവശ്യം പിഡിഐ-പി എന്ന പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നത്. ഇസ്ലാം മതത്തിന്റെ കൂട്ടുപിടിക്കാതെ ഇന്തോനേഷ്യയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ സ്ഥാനാര്‍ഥിയായിരുന്നു ജോക്കൊവി എന്ന വിളിപ്പേരുള്ള ജോക്കൊ വിദോദൊ. 2012 ല്‍ ജക്കാര്‍ത്താ ഗവര്‍ണറായി ഭരണമേറ്റതിന്റെ കൈമുതലുമായാണ് ജോക്കൊവി മത്സരത്തിനിറങ്ങിയത്. അതുവരെ പ്രസിഡന്റായവരെല്ലാം ഇസ്ലാം മതമെന്ന ഊന്നുവടിയുടെ സഹായത്തോടെയാണ് മത്സരിച്ച് ജയിച്ചത്. ഒരു നല്ല ഇസ്ലാം വിശ്വാസി അല്ലെന്നതായിരുന്നു എതിരാളികള്‍ അന്ന് ജോക്കൊവിക്കെതിരായി തുറുപ്പ് ചീട്ടായി ഉപയോഗിച്ചത്. രാജ്യത്തെ ആധുനികതയിലേക്ക് കൈപിടിച്ച് നടത്തിക്കുവാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതല്‍. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പിഡിഐ-പിയുടെ നിലപാട് ഇതില്‍ അദ്ദേഹത്തിന് വലിയൊരു കൈത്താങ്ങുമാണ്. പാര്‍ട്ടിയുടെ നേതാവ് ആദ്യ പ്രസിഡന്റ് സുക്കാര്‍ണൊയുടെ പുത്രിയാണെന്നതും പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. സുകര്ണപുത്രി അദ്ദേഹത്തിന് ഒരു ഹിന്ദു സ്ത്രീയില്‍ ജനിച്ച മകളാണെന്നതും എടുത്തുപറയേണ്ടതാണ്. ഹിന്ദുക്കള്‍ ഇന്തോനേഷ്യയിലെ ഒരു ന്യൂനപക്ഷമാണ്; പ്രത്യേകിച്ചും ജാവയില്‍. രാമായണം ഉള്‍പ്പെടെയുള്ള ഹിന്ദു പുരാണങ്ങള്‍ ഇന്നും അവിടെ പ്രചാരത്തിലുണ്ടുതാനും. ഒരു മതേതര സംസ്കാരത്തെയാണ് ഈ പാര്‍ട്ടി പ്രതിനിധീകരിക്കുന്നതും. ജനസംഖ്യയില്‍ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയില്‍ മതേതരവാദിയായ (സെക്യുലര്‍) അദ്ദേഹം 2014 ല്‍ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു മഹാ സംഭവമായിതന്നെ കണക്കാക്കപ്പെടേണ്ടതുണ്ട്.
ജോക്കൊവി ഒരു സമ്പന്ന കുടുംബത്തിലല്ല പിറന്നത്. സ്വപ്രയത്നത്തിലൂടെ രാഷ്ട്രീയത്തിലും ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തിയ ഒരു വിനീത വിധേയനാണ് അദ്ദേഹം.
ഏപ്രില്‍ 17ലെ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വോട്ടെണ്ണലിലും ജയിച്ചിരിക്കുന്നത് ജോക്കോവി തന്നെയാണെങ്കിലും എതിര്‍സ്ഥാനാര്‍ഥിയായ പ്രബോവൊ സുബിയാന്തൊ അത് വകവച്ചുകൊടുക്കാന്‍ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് വോട്ടെണ്ണല്‍ അനന്തമായി നീണ്ടുപോകുന്നത്. 2014 ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. വോട്ടെണ്ണലിന്റെ ഫലപ്രഖ്യാപനം അംഗീകരിക്കാതെ പ്രബോവൊ ഭരണഘടനാ കോടതിയില്‍ അപ്പീലിന് പോയിരുന്നു. പക്ഷെ, കോടതി ആ അപ്പീല്‍ നിഷ്കരുണം തള്ളിക്കളയുകയാണുണ്ടായത്. ഇപ്രാവശ്യം വോട്ടെണ്ണല്‍ കഴിഞ്ഞു ഒരു മണിക്കൂറാകും മുമ്പുതന്നെ തന്റെ പാര്‍ട്ടി ഓഫീസില്‍ തടിച്ചുകൂടിയ ആരാധകരോട് താനാണ് പുതിയ പ്രസിഡന്റെന്ന് പ്രഖ്യാപിക്കാനുള്ള അവിവേകത്തിന് പ്രബോവൊ മുതിര്‍ന്നിരുന്നു.
ഈ പ്രബോവൊ ആരാണെന്നറിഞ്ഞാലെ അദ്ദേഹത്തിന്റെ അഹന്തയുടെ അടിസ്ഥാനം മനസിലാകൂ. 1968 മുതല്‍ 1998 വരെയുള്ള മുപ്പതു വര്‍ഷക്കാലത്ത് രാജ്യത്തെ ഒരു കൊലക്കളമാക്കി മാറ്റുകയും കമ്മ്യൂണിസ്റ്റുകാരാണെന്ന ഒറ്റക്കാരണത്താല്‍ ലക്ഷക്കണക്കിന് നിരപരാധികളെ വെടിവച്ചും അല്ലാതെയും കൊലപ്പെടുത്തുകയും നാടിന്റെ സമ്പത്ത് സ്വന്തമെന്നപോലെ ധൂര്‍ത്തടിക്കുകയും ഇഷ്ടക്കാരുടെയും ബന്ധുക്കളുടെയും കീശ നിറയ്ക്കുകയും ചെയ്ത ജനറല്‍ സുഹാര്ത്തൊയുടെ മകളുടെ ഭര്‍ത്താവാണ് ഈ കഥാപുരുഷന്. പട്ടാളത്തിലെ ഒരു സീനിയര്‍ ഓഫീസറായിരിക്കെ ഭാര്യാപിതാവിന്റെ പിന്‍ബലത്തില്‍ പൊതുസ്വത്ത് ധൂര്‍ത്തടിക്കുകയും സാധാരണ ജനങ്ങളോട് വിവരിക്കാനാവാത്ത ക്രൂരകൃത്യങ്ങള്‍ നടത്തുകയും ചെയ്ത ‘വീര’നുമാണ്. കണ്ണില്‍ ചോരയില്ലാതെ ജനങ്ങളെ ദ്രോഹിക്കുന്ന ഒരു പരാക്രമിയെന്നാണ് അനുയായികള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. പട്ടാളച്ചിട്ടയോടെ ഏതു കാര്യവും നടത്താന്‍ അദ്ദേഹത്തിനുള്ള ദൃഢനിശ്ചയമാണ് അവര്‍ തങ്ങളുടെ സ്ഥാനാര്‍ഥിയുടെ കരുത്തായി ചൂണ്ടിക്കാട്ടിയത്.
സുഹാര്ത്തൊയുടെ മൂന്നു പതിറ്റാണ്ടുകള്‍ നീണ്ട തോന്ന്യാസങ്ങള് നേരില്‍ അനുഭവിച്ചറിഞ്ഞ ഒരു ജനതയ്ക്ക് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മറ്റൊരു കൊലയാളിയെ ആവശ്യമില്ലെന്നാണ് ഇന്തോനേഷ്യക്കാര്‍ വിധിയെഴുതിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് കൊല്ലമായി സമാധാനത്തോടെ ജീവിക്കാന്‍ കഴിഞ്ഞത് ഒരു അഞ്ചു കൊല്ലം കൂടിയെങ്കിലും തുടരാമെന്നാണ് അവര്‍ ആശ്വസിക്കുന്നത്. രണ്ടു പ്രാവശ്യത്തില്‍ കൂടുതല്‍ ആരും പ്രസിഡന്റായിരിക്കാന്‍ പാടില്ലെന്നാണ് ഇന്തോനേഷ്യയിലും ഇപ്പോഴത്തെ ചട്ടം.
ഒരു ഭരണാധികാരി എത്ര നല്ലവനാണെങ്കിലും വീരാരാധന മൂത്ത് ദശാബ്ദങ്ങളായി അയാളെ അധികാരത്തില്‍ നിലനിര്‍ത്തുന്നതില്‍ നിന്നാണ് ഏകാധിപതികള്‍ ജന്മംകൊള്ളുന്നതെന്ന ചരിത്രപാഠം എല്ലാവരും പഠിച്ചിരിക്കേണ്ടതാണ്. കംബോഡിയയിലെ ഹൂണ്സെന് എന്ന പ്രധാനമന്ത്രിയും ആഫ്രിക്കന്‍ റ്വാണ്ടയിലെ പ്രസിഡന്റ് കഗാമെയും അതാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. കസൂച്ചിയ എന്ന കംബോഡിയയെ മൊവേര് റൂഷ് എന്ന ഭീകരസംഘടനയുടെ പിടിയില്‍ നിന്ന് വീണ്ടെടുത്ത് ഒരു നിയമവിധേയ ഭരണം സ്ഥാപിച്ച ഹൂണ്സെന് ഇപ്പോള്‍ ആര്‍ക്കും മാറ്റാനാവാത്ത ഭരണാധികാരിയാണ്. കഗാമെ രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷവും അന്നാട്ടിലെ ജനങ്ങളുടെ ആരാധ്യനാണ്, ഇപ്പോഴും. എന്നാല്‍ അദ്ദേഹത്തെയും തല്‍സ്ഥാനത്തു നിന്ന് മാറ്റുക അത്ര എളുപ്പമായിരിക്കില്ലെന്ന് എല്ലാവര്ക്കും ഓര്‍മയുണ്ടാകണം.