ഡോ. കെ പി വിപിൻ ചന്ദ്രൻ

മാനവീയം

May 04, 2021, 4:45 am

ശ്വാസംമുട്ടി പിടയുന്ന ഇന്ത്യൻ ജനത: ഇതാണോ കൊട്ടിഘോഷിക്കുന്ന വികസന മാതൃക?

Janayugom Online

സ്വാതന്ത്ര്യാനന്തര ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ദിനംപ്രതി മൂന്നര ലക്ഷത്തോളം കോവിഡ് ബാധിതരും 2500 ഓളം മരണങ്ങളുമാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ ഇന്ന് റിപ്പോർട്ടു ചെയ്യുന്നത് ശുഭകരമായ വാർത്തകളല്ല. രാജ്യ തലസ്ഥാനം പോലും കടുത്ത ഓക്സിജൻ ക്ഷാമം നേരിടുകയും നൂറോളം പേർ പ്രാണവായുപോലും ലഭിക്കാതെ മരിക്കുകയും ചെയ്യുന്നു. രാജ്യവ്യാപകമായി പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാനുള്ള യാതൊരു മുൻകരുതലും എടുക്കാതെ ഇന്ത്യൻ ജനതയെ വിധിയ്ക്ക് വിട്ടുകൊടുക്കുന്ന ദയനീയ ചിത്രമാണ് ഇന്ന് ഇന്ത്യ എന്ന മഹാരാജ്യത്ത് കാണുന്നത്. കോവിഡ് വ്യാപനത്തിൽ വിനാശകാരിയായ വൈറസിനെ ഇന്ത്യ നിസാരവത്കരിച്ചതിന്റെ ദുരന്തഫലമാണ് അനുഭവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് ചൂണ്ടികാട്ടുന്നു.

ഇന്ത്യൻ ജനത ബ്രിട്ടീഷ് അധിനിവേശത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി 75-ാം വാർഷികം ആഘോഷിക്കുന്ന 2021ൽ ഈ രാജ്യം എന്ത് വികസനമാണ് നേടിയതെന്ന് സാമാന്യ ജനത്തിനുപോലും മനസിലാക്കാൻ പറ്റാത്ത അവസ്ഥയിലെത്തിച്ചേർന്നിരിക്കുന്നു. ഇന്ത്യയിലെ സാധാരണ ജനതയ്ക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾപോലും ഉറപ്പുവരുത്താൻ സാധിക്കാത്ത ഭരണകൂടങ്ങൾ തങ്ങളുടെ കടമപോലും മറക്കുകയാണ് കോവിഡ് 19ന്റെ അതിതീവ്ര വ്യാപന സമയത്തുപോലും ചെയ്യുന്നത്. ഇത് യഥാർത്ഥത്തിൽ ഇന്ത്യയിൽ നാം കെട്ടിപ്പൊക്കിയ കപടവികസന നിർമ്മിതിയുടെ പരാജയത്തിന്റെ നേർചിത്രം കൂടിയാണ്.
ഈയൊരു സാഹചര്യത്തിലാണ് 2014ലെ ലോകസഭ തെരഞ്ഞെടുപ്പു കാലത്ത് ഇന്ത്യയിൽ വ്യാപകമായ പുതിയ വികസന ചർച്ചകൾക്ക് തുടക്കമിട്ട പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ അമർത്യാ സെന്നിന്റെയും ജഗദീഷ് ഭഗവതിയുടെയും വികസന മാതൃകകളുടെ പുനർവായനയും ചർച്ചയും കോവിഡ് 19 മഹാമാരി കാലത്തും പ്രസക്തമാകുന്നത്. സെൻ- ഭഗവതി വികസന ചർച്ചകൾ രണ്ട് സാമ്പത്തിക വിദഗ്ധരുടെ അക്കാദമിക് ചർച്ചയായിരുന്നുവെങ്കിലും ജഗദീഷ് ഭഗവതി നരേന്ദ്രമോഡിയുടെ ഭാഗത്ത് നിന്നുകൊണ്ട് ഗുജറാത്ത് മാതൃകയെ വാനോളം പുകഴ്ത്തി. എന്നാൽ അമർത്യാ സെൻ അതിന്റെ എതിർ വശത്തെക്കുറിച്ചാണ് വാചാലനായത്. ഭഗവതി-മോഡി കാഴ്ചപ്പാട് പൂർണമായും സാമൂഹിക ചെലവുകളേക്കാൾ സാമ്പത്തിക വളർച്ചയ്ക്ക് മുൻഗണന നൽകുക എന്നതായിരുന്നു. സ്വകാര്യ ബിസിനസിനെ സഹായിക്കുകയെന്നതാണ് സർക്കാരിന്റെ ചുമതലയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ജഗദീഷ് ഭഗവതിയും വിശ്വസിച്ചു. ഈ വർഷത്തെ കേന്ദ്ര ബജറ്റും സാമ്പത്തിക സർവേയും വിരൽ ചൂണ്ടുന്നതും ഇതേ ദിശയിലാണ്.

എന്നാൽ സെന്നിന്റെ വാദം സാമൂഹിക ചെലവില്ലാതെ സാമ്പത്തിക വളർച്ച സാധ്യമല്ലെന്നായിരുന്നു. സെന്നിന്റെ അഭിപ്രായത്തിൽ ഭരണകൂടത്തിന്റെ ലക്ഷ്യം മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പുവരുത്തുകയെന്നതായിരിക്കണം. ഇരുവിഭാഗങ്ങളും ചില യുക്തിസഹമായ വാദങ്ങൾ നിരത്തിയിരുന്നു. ആരോഗ്യമുള്ളതും നല്ല വിദ്യാഭ്യാസമുള്ളതുമായ ജനസംഖ്യയില്ലാതെ ഒരു രാജ്യം എങ്ങനെ വികസിക്കുമെന്ന അമർത്യാസെന്നിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ കേന്ദ്ര ഭരണാധികാരികൾക്ക് ഇന്നും സാധിച്ചിട്ടില്ല. ജനതയുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമുള്ള നിക്ഷേപം അവഗണിച്ച് വികസിച്ച ഒരു രാജ്യവുമില്ല. സാമൂഹിക ചെലവുകളാണ് സാമ്പത്തിക വളർച്ചയിലേക്ക് നയിക്കുന്നത്. ഇന്ത്യൻ ജനതയുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലുമുള്ള നിക്ഷേപം പടിപടിയായി കുറച്ചു കൊണ്ടുവരികയാണ് മോഡി സർക്കാർ ചെയ്തത്. തങ്ങളുടെ ജനതയ്ക്ക് മെച്ചപ്പെട്ട ആരോഗ്യവും പ്രാഥമിക വിദ്യാഭ്യാസവും ഉറപ്പു വരുത്തേണ്ട ഭരണഘടനാപരമായ ചുമതല ഭരണകൂടങ്ങൾ നിർവഹിക്കേണ്ടതായിട്ടുണ്ട്. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധിയെ പോലും നേരിടാൻ സാധിക്കാത്തത് അതിനാലാണ്.

1930 കാലഘട്ടത്തിൽ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ടൈംസ് ഓഫ് ലണ്ടനിലേക്കുള്ള രണ്ട് പ്രമുഖ സാമ്പത്തിക വിദഗ്ധരുടെ കത്തുകൾ വലിയ സാമ്പത്തിക ചർച്ചകൾക്ക് തുടക്കം കുറിച്ചു. രണ്ട് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരായ ജെ എം കെയിൻസ്, ഫെഡറിക് വോൺ ഹയാക് എന്നിവർ തമ്മിലുള്ള ബൗദ്ധിക ദ്വന്ദ്വത്തെ ഇരുപതാം നൂറ്റാണ്ടിലെ അല്ലെങ്കിൽ ആധുനികകാലത്തെ മികച്ച ബൗദ്ധിക മത്സരങ്ങളിലൊന്നായി വ്യാഖ്യാനിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇപ്പോഴും തുടരുന്ന സാമ്പത്തിക മാന്ദ്യത്തെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള മത്സരപരമായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിൽ ഇവരുടെ ചർച്ചകളുടെ പ്രതിധ്വനികൾ ഇന്നും അമേരിക്കയിലും യൂറോപ്പിലും അലയടിക്കുന്നു. 2013 ൽ ഇന്ത്യയിൽ സമാന രീതിയിലുള്ള വികസന ചർച്ചകൾക്ക് തുടക്കം കുറിച്ചു.

2013ൽ ജീൻഡ്രീസും അമർത്യാസെന്നും ചേർന്ന് എഴുതിയ “ആൻ അൺസേർട്ടൻ ഗ്ലോറി: ഇന്ത്യാ ആന്റ് ഇറ്റ്സ് കോൺട്രഡീക്ഷൻസ്” എന്ന പുസ്തകവും അരവിന്ദ് പനഗാരിയയും ജഗദീഷ് ഭഗവതിയും ചേർന്ന് എഴുതിയ “വൈ ഗ്രോത്ത് മാറ്റേഴ്സ്” എന്ന പുസ്തകവുമാണ് സെൻ ഭഗവതി ചർച്ചകൾക്ക് തുടക്കം കുറിച്ചത്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഈ ആശയഗതികൾക്ക് പ്രാധാന്യം കൈവന്നത് ബിജെപി നയിക്കുന്ന എൻഡിഎ ഭഗവതിയുടെ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകി. എന്നാൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയ്ക്ക് സെന്നിന്റെ വികസന ആശയത്തോട് താല്പര്യമുണ്ടായിരുന്നത് ചുരുക്കത്തിൽ ഇന്ത്യയിൽ സെൻ ഭഗവതി വികസന ചർച്ച പൂർണമായി നരേന്ദ്രമോഡിയുടെ ഗുജറാത്ത് വികസന മാതൃകയും യുപിഎ സർക്കാർ നടപ്പിലാക്കിയ വികസന മാതൃകയും തമ്മിലുള്ള രാഷ്ട്രീയ വിഷയമായി മാറി.

1991ൽ ആരംഭിച്ച സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ ജഗദീഷ് ഭഗവതിയുടെ ദീർഘകാല വാദവുമായി കടപ്പെട്ടിരിക്കുന്നു. 1991ലെ നരസിംഹറാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്. മൻമോഹൻ സിങിന്റെ കേംബ്രിഡ്ജിലെ സഹപാഠിയായിരുന്നു ഭഗവതി. തുടർന്ന് 2004ൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ 1991ലെ സർക്കാർ സ്വീകരിച്ച നവലിബറൽ സാമ്പത്തിക നയത്തിൽ നിന്നും പിന്നോക്കം പോവുകയും അമർത്യാ സെന്നിന്റെ ക്ഷേമ സാമ്പത്തിക ശാസ്ത്രത്തിലധിഷ്ഠിതമായ സമീപനമാണ് സ്വീകരിച്ചത്. അതിനുദാഹരണങ്ങൾ നിരവധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജി പ്രോഗ്രാം 2005), ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍ആര്‍എച്ച്എം, 2005 ), വിവരാവകാശനിയമം-2005, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം-2013, വിദ്യാഭ്യാസ അവകാശ നിയമം-2009.
ശക്തമായ സാമ്പത്തിക വളർച്ച ദരിദ്രരായ ഇന്ത്യക്കാരുടെ ജീവിതത്തെ നേരിട്ട് മെച്ചപ്പെടുത്തിയെന്ന് ഭഗവതി വിശ്വസിക്കുന്നു. അതേസമയം, ഇന്ത്യയുടെ വിജയകരമായ വളർച്ചാ റെക്കോർഡ് മാനവിക വികസനത്തിലെ മോശം നിലവാരത്താൽ കളങ്കപ്പെട്ടുവെന്ന് സെൻ വാദിക്കുന്നു. എന്നാൽ രണ്ടുപേരും മുന്നോട്ടു വയ്ക്കുന്ന പരിഹാരങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു.

സ്വതന്ത്ര കമ്പോളമാണ് വളർച്ചയ്ക്ക് നിദാനമെന്നും സാമ്പത്തിക വളർച്ച വർധിപ്പിക്കാൻ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമാണെന്ന് ഭഗവതി വാദിക്കുന്നു. എന്നാൽ മനുഷ്യരുടെ നൈപുണികളും ശേഷിയും വർധിപ്പിക്കാൻ സർക്കാർ ഉയർന്ന തോതിലുള്ള നിക്ഷേപം വർധിപ്പിക്കാതെ വളർച്ച എന്നത് അർത്ഥശൂന്യമാണെന്ന് സെൻ വിശ്വസിക്കുന്നു. സെൻ കേരള മാതൃകയെ ഒരു വിജയകരമായ വികസന മാതൃകയായി ഉയർത്തിപ്പിടിക്കുന്നു. എന്നാൽ ദ്രുതഗതിയിലുള്ള സാമ്പത്തികവളർച്ചയെ അടിസ്ഥാനമാക്കിയുള്ള ഗുജറാത്ത് മാതൃകയിൽ അതേസമയം മാനവവികസന സൂചകങ്ങളിൽ ഗുജറാത്ത് വളരെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടുന്നു. 2014 ലെ തെരഞ്ഞെടുപ്പിലും അതിനു ശേഷവും നരേന്ദ്രമോദി അതിവേഗ വളർച്ചയ്ക്ക് വേണ്ടി നിലകൊള്ളുന്നുവെന്നും യുപിഎ സർക്കാർ സാമൂഹ്യക്ഷേമത്തിന് വേണ്ടി നിന്നുവെന്നും വിദഗ്ധർ വിലയിരുത്തി.

2014ൽ വന്ന മോഡി സർക്കാർ പൊതുമേഖലയെ പോലും സ്വകാര്യവത്ക്കരണത്തിലേക്കും കമ്പോള നിയന്ത്രണങ്ങൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഗുജറാത്ത് മോഡൽ വികസന മാതൃകയെ പ്രകീർത്തിച്ചുകൊണ്ടുള്ള വികസനരീതിയിൽ മുന്നോട്ടുപോവുകയും നോട്ട് നിരോധനവും കാര്യമായ മുന്നൊരുക്കമില്ലാതെ നടപ്പിലാക്കിയ ചരക്കു സേവന നികുതി പരിഷ്കാരങ്ങളും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ റിവേഴ്സ് ഗിയറിലാക്കി. ഇത്തരത്തിലുള്ള തെറ്റായ സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ അസംഘടിത മേഖലയുടെ തകർച്ച, ബാങ്കിങ് മേഖലയിലെ പ്രതിസന്ധി, ഉയർന്ന നിരക്കിലുള്ള തൊഴിലില്ലായ്മ, ഉയർന്ന ദാരിദ്ര്യനിരക്കും കുട്ടികളുടെ പോഷകാഹാരക്കുറവും ഇന്ത്യയിൽ വികസന പ്രതിസന്ധി സൃഷ്ടിച്ച സമയത്താണ് ഇന്ത്യയിൽ കോവിഡ് 19ന്റെ വ്യാപനംമൂലം ലോക്ഡൗൺ നടപ്പിലാക്കിയത്. പൊതുജനാരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇന്ത്യയിൽ കർശനമായ ലോക്ഡൗണിന് ഇന്ത്യയെ പ്രേരിപ്പിച്ചത്.
ലോക്ഡൗൺ നടപ്പിലാക്കിയതിന്റെ ആഘാതം സാമൂഹിക‑സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. എന്നിട്ടും ആരോഗ്യരംഗത്തും സാമൂഹികക്ഷേമ രംഗത്തും കേന്ദ്ര സർക്കാർ വിഹിതം വർധിപ്പിച്ചില്ലെന്ന് മാത്രമല്ല കഴിഞ്ഞ ഒരു വർഷമായി പൊതുജനാരോഗ്യ രംഗത്ത് കാര്യമായ ഇടപെടലുകൾപോലും കേന്ദ്ര സർക്കാർ നടത്തിയില്ല. കോവിഡിന്റെ ഒന്നാം വ്യാപനത്തെ നേരിടാൻ കേന്ദ്രസർക്കാർ അവതരിപ്പിച്ച കോവിഡ് ഉത്തേജക പാക്കേജായ “ആത്മ നിർഭർ ഭാരത്” പോലും ഇന്ത്യൻ ജനതയെ ചങ്ങാത്ത മുതലാളിത്തത്തിലൂടെ കോർപ്പറേറ്റുകൾക്ക് അടിയറവ് വയ്ക്കുന്ന നയങ്ങളാണ് അവയിൽ മിക്കതും.

2021ലെ മാർച്ച് മാസത്തിന്റെ അവസാനം മുതൽ കോവിഡ് 19ന്റെ രണ്ടാം വ്യാപനം ഇന്ത്യയിൽ പ്രകടമാകുമ്പോഴും രാജ്യത്തിലെ ജനങ്ങൾക്ക് സൗജന്യമായി സമ്പൂർണ വാക്സിനേഷൻ നൽകുന്നതിൽപോലും ബിസിനസ് താല്പര്യം സൃഷ്ടിച്ച് ശ്വാസംമുട്ടി പിടയുകയാണ് ഇന്ത്യൻ ജനത. 2024 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്ല്യൺ സമ്പദ് വ്യവസ്ഥയാകുമെന്ന കപട പ്രഖ്യാപനത്തിന് വെറും മൂന്ന് വർഷങ്ങൾക്കിപ്പുറം രാജ്യത്തെ ജനത ജീവൻ നിലനിർത്താൻ ഓക്സിജനുവേണ്ടി പരക്കംപായുന്നു ഒരു ഭാഗത്ത്, മറുഭാഗത്ത് തങ്ങളുടെ ജീവൻ നിലനിർത്താനുള്ള ശ്രമം, പട്ടിണി, തൊഴിലില്ലാത്ത അവസ്ഥ ഇങ്ങനെ നിരവധി.
ഇന്ത്യയിലെ ഈ ദുരവസ്ഥയ്ക്ക് കാരണം കമ്പോളം നിയന്ത്രിക്കുന്ന വികസനമാതൃകയ്ക്ക് പിറകെ പോകുന്നതിനു പകരം കേന്ദ്രസർക്കാർ തങ്ങളുടെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പുവരുത്തുകയും അതിനൊപ്പം 130 കോടി ജനങ്ങൾക്കും സൗജന്യമായി സമ്പൂർണ വാക്സിനേഷൻ നൽകി സംരക്ഷിക്കുക എന്ന പ്രാഥമിക കടമയാണ് കേന്ദ്രസർക്കാർ ഈയൊരു സാഹചര്യത്തിൽ ചെയ്യേണ്ടത്. അതിനൊപ്പം നിലവിൽ പിന്തുടരുന്ന സാമ്പത്തികവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന വികസന മാതൃകകളെ ഒഴിവാക്കി സാമൂഹ്യനീതി ഉറപ്പുവരുത്തുകയും മാനവവികസനത്തിന് ഊന്നൽ നല്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിയണം. ഭഗവതി സെൻ എന്നിവർ തുടങ്ങിവച്ച വികസന ചർച്ചകൾ കോവിഡ് മഹാമാരി കാലത്തും ചർച്ച ചെയ്യുകയും ദീർഘകാലാടിസ്ഥാനത്തിൽ നാം എന്തു ചെയ്യണമെന്നതിനെകുറിച്ച് ഭരണകർത്താക്കളും, രാഷ്ട്രീയപാർട്ടികളും, പൊതുസമൂഹവും സത്യസന്ധമായ ചർച്ചകൾക്ക് വഴിതുറന്ന് സുസ്ഥിര ഭാവിയ്ക്ക് വേണ്ടി പ്രവർത്തിക്കണം.