മതഭ്രാന്തന്മാര്‍ പിണങ്ങിയാല്‍

Web Desk
Posted on January 19, 2019, 10:47 pm

ഇസ്‌ലാമിക മതമൗലികവാദത്തിന്റെ സിരാകേന്ദ്രമായിരുന്ന ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു സൗദി അറേബ്യയും തുര്‍ക്കിയുമെന്നത് ചരിത്രവിദ്യാര്‍ഥികള്‍ക്ക് മാത്രം ഓര്‍മയുള്ള ഒരു വസ്തുതയായിരിക്കും. 1913ല്‍ സൗദ് രാജാവാണ് തുര്‍ക്കികളെ തുരത്തിയിട്ട് സൗദി അറേബ്യയെന്ന രാജ്യത്തിന് അടിത്തറ പാകിയത്. അത് ഇന്നത്തെ സൗദി അറേബ്യയായി മാറിയത് 1932 ല്‍ മാത്രമാണ്.

ഒന്നാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ ലോകഭൂപടം തന്നെ മാറ്റിവരയ്ക്കപ്പെടുന്ന അവസരത്തിലാണ് ഓട്ടോമന്‍ സാമ്രാജ്യവും ഇല്ലാതായത്. ഇസ്‌ലാം മതത്തിന്റെ പരമാധികാര കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന ഖലീഫാ സ്ഥാനവും ഇല്ലാതായത് അങ്ങനെയാണ്. ഏതാനും വര്‍ഷം മുമ്പ് ഇറാഖും സിറിയയും കേന്ദ്രീകരിച്ച് പുതിയൊരു ഖിലാഫത്ത് സ്ഥാപിക്കാനുള്ള ഭീകരപ്രസ്ഥാനമായിരുന്നു ഐ എസ് (ഇസ്‌ലാമിക് സ്റ്റേറ്റ്) എന്നത്. കുറച്ചു കാലത്തേക്കെങ്കിലും ലോകത്തെയാകെ കിടുകിടാ വിറപ്പിച്ച ഈ സംഘത്തെ ഇല്ലായ്മ ചെയ്യാന്‍ പാശ്ചാത്യരും പൗരസ്ത്യരും കൈകോര്‍ത്തു പിടിച്ച സംഗതിയും ഇവിടെ ഓര്‍മിക്കാവുന്നതാണ്; ആ ദൗത്യം ഇനിയും പൂര്‍ത്തിയായിട്ടില്ലെങ്കിലും.

സൗദി അറേബ്യ ജന്മം നല്‍കിയ ഒസാമ ബിന്‍ലാദന്റെ ‘അല്‍ക്വയ്ദ’ എന്ന സംഘടനയെ അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കാനായി അവിടെ കൊണ്ടുചെന്ന് ഊട്ടിവളര്‍ത്തിയത് അമേരിക്കയായിരുന്നെങ്കിലും ആ ഭീകരസംഘം ന്യൂയോര്‍ക്കിലെ 101 നിലയുള്ള ലോക വാണിജ്യകേന്ദ്രം ഇടിച്ചുതകര്‍ത്തതും ഇതേ ഭീകരതയുടെ ഭാഗമായിരുന്നുവെന്ന വസ്തുതയും മറക്കാറായിട്ടില്ല.

ലോകത്തിലെ ഏറ്റവും സമ്പന്ന മുസ്‌ലിം രാഷ്ട്രമായ സൗദി അറേബ്യ ഇതേ മതമൗലികവാദമാണ് ഇപ്പോഴും മാറോടു ചേര്‍ത്തുപിടിക്കുന്നത്. വനിതകള്‍ അവിടെ ഇപ്പോഴും പുരുഷന്റെ അടിമയാണ്. പുരുഷന്റെ കൂടെയല്ലാതെ ഒരു സ്ത്രീക്ക് പുറത്തിറങ്ങാന്‍ അവിടെ അനുവാദമുണ്ടായിരുന്നില്ല; അതും പര്‍ദ്ദ എന്ന മൂടുപടം ധരിച്ചുകൊണ്ടുമാത്രം. യൂറോപ്യരൊഴിച്ചുള്ള മറുനാടന്‍ സ്ത്രീകള്‍ക്കും പര്‍ദ്ദയെന്ന ഈ മൂടുപടം നിര്‍ബന്ധമാണ്. അടുത്തകാലത്ത് മുഹ്മദ് ബിന്‍ സല്‍മാന്‍ എന്ന യുവരാജാവിനെ വാഴിച്ചശേഷമാണ് ഇത്തരം ചട്ടങ്ങളില്‍ അല്‍പം അയവ് വരുത്തിയിട്ടുള്ളത്. രാജാവ് ജീവിച്ചിരിപ്പുള്ളപ്പോഴും ഭരണാധികാരം കൈയാളുന്നത് അവിടെ യുവരാജാവാണ്.

സല്‍മാന്‍ യുവരാജാവായി ഭരണമേറ്റതിനുശേഷം രാജ്യം വ്യാവസായികരംഗത്തും സാമൂഹ്യ ജീവിതത്തിന്റെ രംഗത്തും ഒരു പുതിയ പാത വെട്ടിത്തുറന്നിരിക്കുന്നുവെന്ന ഒരു പ്രതീതിയാണുള്ളത്. മുന്‍ഗാമികളെ വെല്ലുന്ന നേട്ടം കൈവരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ചെറുപ്പക്കാര്‍ക്കിടയിലുള്ള അഭിപ്രായം. വിദേശത്ത് നിന്നുള്ള ജോലിക്കാരുടെ സംഖ്യ ഗണ്യമായി വെട്ടിച്ചുരുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നതാവണം ഈ അഭിപ്രായത്തിന് ഒരു കാരണം.

അതേസമയം തന്നെ വിദേശികളെ നിയമിക്കുന്നവര്‍ കൊടുക്കേണ്ടുന്ന നികുതി ഗണ്യമായി ഉയര്‍ത്തുകയും നാട്ടുകാരെ പുതുതായി ജോലിക്കെടുക്കുമ്പോള്‍ സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിദേശിയെ ജോലിക്കു നിയമിക്കുമ്പോള്‍ ഇപ്പോള്‍ ആളൊന്നിന് 100 റിയാല്‍ വ്യവസായികള്‍ കെട്ടിവയ്‌ക്കേണ്ടതുണ്ട്.

യുവരാജാവിന്റെ ഭരണം ഇപ്രകാരം മുന്നേറുന്നതിനിടയിലാണ് അദ്ദേഹം ഒരു വല്ലാത്ത കുടുക്കില്‍ ചാടിയത്. ജമാല്‍ ഖഷോഗി എന്നൊരു പത്രപ്രവര്‍ത്തകന്‍ യുവരാജാവിനെ ആക്ഷേപിച്ച് പലതും എഴുതിക്കൂട്ടിയിരുന്നു. ഈ പത്രപ്രവര്‍ത്തകന്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ ഇന്‍സ്താന്‍ബുള്‍ കോണ്‍സുലേറ്റില്‍ വച്ച് നീചമായി കൊല്ലപ്പെട്ടുവെന്നായിരുന്നു വിദേശ മാധ്യമങ്ങളെല്ലാം എഴുതിക്കൂട്ടിയത്. ഈ കൊലയ്ക്ക് പിന്നില്‍ യുവരാജാവാണെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.

സൗദി സര്‍ക്കാര്‍ ഇത് ശക്തമായി നിഷേധിച്ചുവെന്നു മാത്രമല്ല, ആ പത്രപ്രവര്‍ത്തകന്‍ മരിച്ചിട്ടുപോലുമില്ലെന്നാണ് സൗദി സര്‍ക്കാര്‍ വാദിച്ചത്. സൗദിയുടെ ഇസ്താന്‍ബുള്‍ കോണ്‍സുലേറ്റില്‍ നിന്ന് ജമാല്‍ ഖഷോഗി അവിടം സന്ദര്‍ശിച്ച അന്നുതന്നെ പുറത്തേക്കിറങ്ങിയെന്നുവരെ സൗദിയിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും തുര്‍ക്കിയുടെ പ്രസിഡന്റ് എന്‍ദോഗാന്‍ സൗദി കോണ്‍സുലേറ്റില്‍ നടന്ന കൊലപാതകത്തിന്റെ വിശദവിവരങ്ങള്‍ രേഖാസഹിതം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എത്തിച്ചുകൊടുത്തു.

ഖഷോഗി കൊല്ലപ്പെട്ടതിനുശേഷം ശവശരീരം തുണ്ടുതുണ്ടാക്കി വെട്ടിമുറിച്ചതിനു ശേഷമാണ് കോണ്‍സുലേറ്റില്‍ നിന്നു കടത്തിക്കൊണ്ടുപോയതെന്നും പ്രസിഡന്റ് എര്‍ദൊഗാന്‍ ലോകത്തെ അറിയിച്ചു.

ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് സൗദി സര്‍ക്കാര്‍ ഖഷോഗിയുടെ മരണം സ്ഥിരീകരിച്ചത്. കൊലക്കുറ്റത്തിന് ഉത്തരവാദികളായ ഒരു ഡസന്‍ പ്രതികള്‍ക്കെതിരായി ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പറയുമ്പോഴും ഇതില്‍ യുവരാജാവിനെന്തെങ്കിലും പങ്കുണ്ടെന്ന് സൗദി അധികൃതര്‍ അംഗീകരിക്കുന്നില്ല. തുര്‍ക്കിയുടെ പ്രസിഡന്റ് ഇലക്‌ട്രോണിക് തെളിവുകള്‍ സഹിതമാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയതെങ്കിലും യു എസ് പ്രസിഡന്റ് ട്രംപും യു എസ് സര്‍ക്കാര്‍ വൃത്തങ്ങളും സൗദിയുടെ യുവരാജാവിനെയും സര്‍ക്കാരിനെയും അതില്‍ കുറ്റപ്പെടുത്താതിരിക്കാനാണ് ആത്യന്തം ശ്രമിച്ചത്. ഒക്‌ടോബര്‍ 16ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി സൗദി തലസ്ഥാനമായ റിയാദില്‍ വച്ച് അവിടത്തെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഇപ്രകാരമൊരു ദുരന്തം നടന്നിട്ടുള്ളതായി പോലും ഇരുകൂട്ടരും ഭാവിച്ചില്ല. പ്രസിഡന്റ് ട്രംപും സൗദിയുടെ യുവരാജാവിനെ ഏതെങ്കിലും വിധത്തില്‍ ഇതുമായി ബന്ധിപ്പിക്കാന്‍ തയ്യാറായില്ല.

സൗദിയുമായുള്ള സുഹൃത് ബന്ധമാണ് ഇപ്രകാരമൊരു നിലപാടെടുക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. അമേരിക്കയുടെ ഏറ്റവും വലിയ ആയുധക്കമ്പോളമാണ് സൗദി. ആ കമ്പോളം കൈവിടാന്‍ അവര്‍ ഒരിക്കലും തയ്യാറാവില്ല. ലോക വിപണിയില്‍ എണ്ണവിലയുടെ ഏറ്റക്കുറച്ചില്‍ പിടിച്ചുനിര്‍ത്താനും സൗദിയുടെ സഹായം അവര്‍ക്ക് ആവശ്യമാണ്. അതുകൊണ്ടാണ് ഹീനമായ ഈ കൊലപാതകത്തില്‍ സൗദി സര്‍ക്കാരിനുള്ള പങ്ക് എത്രയും ലഘൂകരിച്ചു കാണിക്കാന്‍ അമേരിക്ക കിണഞ്ഞു ശ്രമിച്ചത്.
അമേരിക്കയ്ക്ക് പ്രിയമില്ലാത്ത ‘ശത്രു’ ലിസ്റ്റിലുള്ള വെനിസ്വേലയെയോ ക്യൂബയെയോ പോലുള്ള ഏതെങ്കിലും രാജ്യത്താണ് ഇപ്രകാരമൊരു സംഭവം നടന്നിരുന്നതെങ്കില്‍ അമേരിക്കയുടെ നിലപാട് എന്തായിരിക്കുമെന്നു ഊഹിക്കാവുന്നതേയുള്ളു.

എന്നിട്ടും തുര്‍ക്കി വാശിയോടെ ഒരു ‘സഹോദര രാഷ്ട്ര’ത്തെ കുരുക്കാന്‍ നോക്കിയതെന്തിനാണെന്ന് ആര്‍ക്കും സംശയം തോന്നാവുന്നതാണ്. സൗദിയെപ്പോലെ തുര്‍ക്കിയും ഓട്ടോമാന്‍ ഇസ്‌ലാമിക് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നുവെന്ന് ഓര്‍ക്കണം. രണ്ടു കൂട്ടരും സുന്നി വിഭാഗത്തില്‍പ്പെട്ട മുസ്‌ലിങ്ങളുമാണ്. ഷിയാ വിഭാഗം ഇസ്‌ലാമിന് ഭരണമുള്ള ഏകരാജ്യമായി ഇറാനെതിരായ ഉപരോധം ഉള്‍പ്പെടെ എന്തു നടപടിക്കും അവര്‍ കൈകോര്‍ക്കുന്നവരുമാണ്.

എന്നാല്‍ ഒന്നര പതിറ്റാണ്ട് മുമ്പുവരെ തുര്‍ക്കിയില്‍ തികച്ചും വ്യത്യസ്തമായൊരു സാമൂഹ്യവ്യവസ്ഥയാണുണ്ടായിരുന്നത്. ഓട്ടോമന്‍ സാമ്രാജ്യത്തെ അവസാനമായി തുടച്ചുനീക്കാനുള്ള പോരാട്ടത്തില്‍ കാതലായ പങ്കുവഹിച്ച മുസ്തഫ കമാല്‍പാഷ എന്ന പട്ടാള ഓഫീസറാണ് തുര്‍ക്കിയില്‍ മതേതരത്വത്തിന്റെ വിത്തു വിതച്ചത്. ഭരണമേറ്റ് മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ തന്നെ 1923ല്‍ തുര്‍ക്കിയെ ഒരു റിപ്പബ്ലിക്കാക്കിയതും അഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ 1928 ല്‍ ‘ഇസ്‌ലാം ഔദ്യോഗിക മതം എന്ന വകുപ്പ്’ ഭരണഘടനയില്‍ നിന്ന് എടുത്തുകളഞ്ഞതും കമാല്‍പാഷ തന്നെയാണ്.

തുര്‍ക്കിയെ ഒരു പരിഷ്‌കൃത മതേതര രാഷ്ട്രമാക്കാന്‍ വേണ്ടതെല്ലാം കമാല്‍പാഷ ചെയ്തു. സ്ത്രീകളുടെ അടിമത്തം തുടച്ചുമാറ്റുന്നതില്‍ അദ്ദേഹം പ്രത്യേക താല്‍പര്യം കാണിച്ചു. പര്‍ദ്ദയ്ക്കുള്ളില്‍ സ്ത്രീകളെ തളച്ചിടുന്ന സമ്പ്രദായം തുടച്ചുമാറ്റാന്‍ പാഷ നിയമനടപടികള്‍ തന്നെ സ്വീകരിച്ചു. യൂറോപ്പിലെപ്പോലെ ജാക്കറ്റും പാവാടയും സ്ത്രീകള്‍ക്ക് നിര്‍ബന്ധിതമാക്കി. തലയില്‍ തട്ടമിടാന്‍ പാടില്ലെന്നും പുതിയ ഭരണാധികാരികള്‍ അനുശാസിച്ചു. ഭാഷയ്ക്ക് റോമന്‍ ലിപി സ്വീകരിച്ച് വിദ്യാഭ്യാസ സാര്‍വത്രികമാക്കുകയും ചെയ്തു കമാല്‍ പാഷയുടെ സര്‍ക്കാര്‍.
1996 ജൂലൈ മാസത്തില്‍ ടര്‍ക്കി കമാല്‍പാഷ 73 വര്‍ഷം മുമ്പ് സ്ഥാപിച്ച മതേതരത്വത്തോട് സലാം പറയുകയും ഒരു ഇസ്‌ലാമിക പാര്‍ട്ടിക്ക് ഭരണത്തില്‍ പങ്കാളിയാകാന്‍ അവസരം നല്‍കുകയും ചെയ്തു. 2003 ല്‍ എ കെ പാര്‍ട്ടിയുടെ എര്‍ദൊഗാന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും അബ്ദുള്ളാഗുല്‍ പ്രസിഡന്റും ആയതു മുതല്‍ക്കാണ് തുര്‍ക്കി ഇസ്‌ലാമിക മൗലികവാദത്തിന്റെ വക്താവും പ്രണേതാവും എല്ലാമായി മാറിയത്. 2014 മുതല്‍ക്ക് എര്‍ദൊഗാന്‍ തന്നെ പ്രസിഡന്റുമായതോടെ സര്‍വാധികാരങ്ങളും ഇസ്‌ലാമിന്റെ കൈകളില്‍ എത്തിയിരിക്കുകയാണ്.

അങ്ങനെ സൗദി അറേബ്യയെപ്പോലെ തുര്‍ക്കിയും മതഭ്രാന്തിന്റെ ഒരു പ്രധാന താവളമായിട്ടുണ്ട്. ഇപ്രകാരം ഇരു രാജ്യങ്ങളും ഒരേ തൂവല്‍പക്ഷികളായെങ്കിലും അവര്‍ തമ്മിലുള്ള മത്സരമായിരിക്കണം സൗദിയുടെ യുവരാജാവിനെയും ആ രാജ്യത്തെയും ഒരു മൂലയില്‍ ഒതുക്കാനുള്ള അവസരമായി തുര്‍ക്കി നേതാവ് എര്‍ദൊഗാന്‍ ഉപയോഗപ്പെടുത്തുന്നത്. ഒരേ മതഭ്രാന്തിന്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചിട്ടുള്ള രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പിണങ്ങിയാല്‍ എന്തു സംഭവിക്കുമെന്നതിന്റെ ഏറ്റവും മികച്ച ദൃഷ്ടാന്തമാണ് ജമാല്‍ ഖഷോഗി എന്ന പത്രപ്രവര്‍ത്തകന്റെ കൊലപാതകം. സൗദി അറേബ്യയെ ഒരു മൂലയ്ക്കിരുത്താനുള്ള കരുവാക്കി മാറ്റാന്‍ തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ദൊഗാനെ പ്രേരിപ്പിക്കുന്നത്. സൗദി അറേബ്യയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ എര്‍ദൊഗാന്‍ പ്രദര്‍ശിപ്പിക്കുന്ന അത്യുത്സാഹത്തിന് മറ്റൊരു കാരണവും എടുത്തുകാണിക്കാനാവുന്നില്ല. പക്ഷെ, സൗദി അറേബ്യയെ വെള്ളപൂശിക്കാണിക്കാന്‍ അമേരിക്ക വഴിവിട്ടുള്ള ന്യായീകരണം കണ്ടെത്താന്‍ നോക്കിയിട്ടും ലോകസാമ്രാജ്യത്വശക്തിയുടെ മുന്‍പില്‍ മുട്ടുകുത്താതെയാണ് സൗദിക്കെതിരായ തെളിവുകള്‍ പ്രസിഡന്റ് എര്‍ദൊഗാന്‍ ഹാജരാക്കിക്കൊണ്ടിരിക്കുന്നത്.

തുടക്കത്തില്‍ പ്രസിഡന്റ് ട്രംപ് തന്നെയാണ് ഖഷോഗിയുടെ കൊലപാതക കുറ്റാരോപണത്തെ ഖണ്ഡിക്കാന്‍ ന്യായങ്ങള്‍ മുന്നോട്ടുവച്ചത്. പൈശാചികമായ ഈ കുറ്റകൃത്യം നടത്തിയവരെ ഉടനടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് മാത്രമാണ് പ്രസിഡന്റ് ട്രംപ് തുടക്കത്തില്‍ ആവശ്യപ്പെട്ടത്. പക്ഷെ, ഇപ്പോള്‍ സൗദി ഭരണകൂടം തന്നെ കുറ്റകൃത്യം ശരിവച്ചുകൊണ്ട് അറസ്റ്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്കും ഇതില്‍ നിന്ന് തലയൂരാന്‍ പ്രയാസമുണ്ട്. അതുകൊണ്ടാണ് ജനുവരി 13ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ എത്തിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പ്യൊ കൊലയാളികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്ന് സൗദിയുടെ യുവരാജാവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ യുവരാജാവ് സല്‍മാന് ഏറ്റവും അടുപ്പമുള്ള ഉദ്യോഗസ്ഥനും ഉണ്ടെന്നറിഞ്ഞിട്ടും അവരാരും യുവരാജാവിന്റെ പേര് സ്പര്‍ശിക്കുന്നുപോലുമില്ല.
ചുരുക്കിപ്പറഞ്ഞാല്‍ യുവരാജാവിനെ കുറ്റവാളികളുടെ ലിസ്റ്റില്‍ നിന്ന് വെട്ടിമാറ്റാനുള്ള വാശി അമേരിക്കയും കൂട്ടരും പ്രദര്‍ശിപ്പിച്ചപ്പോള്‍ അത് ഉള്‍പ്പെടുത്തണമെന്ന് ശഠിക്കുന്നത് തുര്‍ക്കി പ്രസിഡന്റാണ്. മതഭ്രാന്തുള്ള രണ്ടുപേര്‍ പിണങ്ങിപ്പിരിഞ്ഞാലത്തെ ദുരവസ്ഥയാണ് സൗദി ഭരണാധികാരികളെ അഭിമുഖീകരിക്കുന്നതെന്ന് സ്പഷ്ടമാക്കാന്‍ മറ്റൊരു തെളിവും ഹാജരാക്കേണ്ടതില്ലല്ലൊ.