24 April 2024, Wednesday

ജിഹാദ്; തീയും പുകയും

രമേശ് ബാബു
September 23, 2021 5:15 am

ജിഹാദ് എന്ന പദം കേരളത്തിൽ വീണ്ടും സജീവവും ആവർത്തിക്കപ്പെടുന്ന വിവാദവുമായി മാറുകയാണ്. പണ്ട് ഈ അറബ് വാക്ക് ഇസ്ലാം മതവിശ്വാസവുമായി മാത്രം ബന്ധപ്പെട്ടതായിരുന്നുവെങ്കിൽ വാക്കിനു മുന്നിൽ ‘ലൗവ്’ എന്നൊരു പ്രത്യയം ചേർക്കപ്പെട്ടതോടെ മറ്റ് വിഭാഗങ്ങളും അത് ഏറ്റുപിടിക്കാൻ തുടങ്ങി. തുടർന്ന് ചർച്ചകളും ആരോപണങ്ങളും വാദങ്ങളും എതിർവാദങ്ങളും ഉയരാൻ തുടങ്ങി. കേരളത്തിൽ നിന്ന് ഉത്ഭവിച്ച ഈ സംയുക്ത പദത്തെ പിന്നെ രാജ്യം മുഴുവൻ ഏറ്റെടുക്കുന്നതുകണ്ടു. ലൗജിഹാദ് എന്നൊരു സംഗതി നിലനിൽക്കുന്നുണ്ടോ എന്ന അന്വേഷണങ്ങളും തുടർന്നുനടന്നു. ഒടുവിൽ അങ്ങനെയൊരു ജിഹാദും ഈ രാജ്യത്ത് നടക്കുന്നതായി തെളിവില്ലെന്ന് കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ വ്യക്തമാക്കി.

ഇസ്ലാമിൽ ജിഹാദ് എന്ന പദത്തിന് ഒന്നിലേറെ അർത്ഥങ്ങൾ കാണുന്നു. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമർത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധയുദ്ധം എന്നിവയൊക്കെ ജിഹാദിന്റെ വിശാലാർത്ഥങ്ങളിൽ ഉൾപ്പെടുന്നു. ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ വലിയ ജിഹാദായും കണക്കാക്കുന്നു. എന്നാൽ ഇസ്ലാമിക വിശ്വാസികൾക്കെതിരായ യുദ്ധം എന്ന നിലയിലാണ് അമുസ്ലിം ലോകം ഈ പദത്തെ കണ്ടുവരുന്നത്. തീവ്രവാദികളായ വിശ്വാസികളും ഇങ്ങനെയൊരർത്ഥമാണ് ഈ പദത്തിന് കല്പിച്ചിരിക്കുന്നത്.

ജാഹദ എന്ന അറബി വാക്കിൽ നിന്ന് ഉത്ഭവിച്ച ജിഹാദ് എന്ന വാക്കിന് ഒരു വില്ലൻ പരിവേഷമാണ് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവത്തോടെ വീണ്ടും വന്നുചേർന്നിരിക്കുന്നത്. ‘കത്തോലിക്ക പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക്-ലൗജിഹാദികൾ ഇരയാക്കുന്നുണ്ടെന്നും ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും കുറുവിലങ്ങാട്ട് പള്ളിയുടെ യു ട്യൂബ് ചാനലിലൂടെ പുറത്തുവിട്ട പ്രസ്താവത്തിൽ സൂചിപ്പിക്കുന്നു. ആയുധം ഉപയോഗിച്ച് യുദ്ധം ചെയ്യാനാകാത്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റ് മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നും ബിഷപ്പ് പറയുന്നു. ’ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവത്തോട് വിയോജിച്ചും അനുകൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നുവന്നു.

‘പാല ബിഷപ്പ് നടത്തിയ നർക്കോട്ടിക് ജിഹാദ് പരാമർശം കേരളസമൂഹത്തിനും ക്രെെസ്തവ പാരമ്പര്യങ്ങൾക്കും ചേർന്നതല്ല. കേരളത്തിന്റെ മതേതര മനസ് ഇന്ത്യക്ക് തന്നെ മാതൃകയാണ്. എന്നാൽ ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യവുമായി രംഗത്തുവന്നിട്ടുള്ള ബിജെപിക്ക് ഊർജം പകരാൻ ഉതകുന്ന പ്രസ്താവനയാണ് നിർഭാഗ്യവശാൽ പാലാ ബിഷപ്പിൽ നിന്നുണ്ടായിരിക്കുന്നത്’ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.

 


ഇതുകൂടി വായിക്കു: ചന്ദനമരം, കുങ്കുമമരം വെന്തെരിഞ്ഞ കരിമരം…


 

കേരളത്തിന്റ മതസൗഹാർദ്ദം തകർക്കുന്നവരെ നേരിടാൻ ശക്തമായ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. നർകോട്ടിക് ജിഹാദ് വിവാദത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. നർകോട്ടിക് ജിഹാദ് പരാമർശത്തിൽ ബിഷപ്പിനെ അനുകൂലിച്ച് ബിജെപി, ആർഎസ്എസ് നേതാക്കൾക്കൊപ്പം കേരള കത്തോലിക് ബിഷപ്സ് കൗൺസിലും രംഗത്തുവന്നിട്ടുണ്ട്. ഇതിനിടയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, ‍ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ‍ മന്ത്രി വാസവൻ തുടങ്ങിയവരൊക്കെ സമവായവുമായി ബിഷപ്പുമാരെ കാണുകയും ചെയ്തു. ബിഷപ്പിന്റെ ജിഹാദ് പരാമർശത്തിനെതിരെ മുസ്ലിം സംഘടനകളും ശക്തമായ പ്രതികരണങ്ങളുമായി രംഗത്തുണ്ട്. ബിഷപ്പ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ സംസ്ഥാനത്ത് മത‑രാഷ്ട്രീയ പോര് മുറുകുന്നതിനിടയിൽ എല്ലാവർക്കും ഉള്ള ഉത്തരം ഫ്രാൻസിസ് മാർപ്പാപ്പ തന്നെ നല്കിയിട്ടുണ്ട്. ‘മതനേതാക്കളുടെ നാവുകളിൽ നിന്ന് വിഭജന വാക്കുകൾ ഉണ്ടാകരുത്. ’

ലൗവ്ജിഹാദ്, നർക്കോട്ടിക് ജിഹാദ് എന്നീ വാക്കുകൾക്ക് പിന്നാലെ ലാൻഡ് ജിഹാദ്, സാമ്പത്തിക ജിഹാദ്, സെക്സ് ടെറസിസം തുടങ്ങിയ വാക്കുകളും ഉയർന്നുവരുന്നു. ഇത്തരം വാക്കുകളുടെ ഉല്പത്തിയും പുറപ്പാടും എല്ലാം മതനേതാക്കളിൽ നിന്നുതന്നെ എന്നുള്ളതാണ് വെെചിത്ര്യം. ലോകത്തുള്ള ബഹുഭൂരിപക്ഷം മതവിശ്വാസികൾക്കും അവരവരുടെ മതവിശ്വാസം പെെതൃകമായി കിട്ടിയതുമാത്രമാണ്. അതുകൊണ്ടാണ് മതാനുയായികളുടെ തുടർച്ച സംഭവിക്കുന്നത്. യഥാർത്ഥത്തിൽ മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹിക സാംസ്കാരിക വ്യവസ്ഥിതിയുടെ തുടർച്ച മാത്രമാണ് മതം. അതിന് ദെെവം എന്ന സാത്വിക സങ്കല്പവുമായി ഇക്കാലത്ത് ഒരു ബന്ധവും കല്പിച്ചുകൊടുക്കാൻ പഴുതു കാണുന്നില്ല. മതപരമായ ആചാരങ്ങളേറെയും വന്നുവന്ന് ചെകുത്താൻ സേവയോട് ആഭിമുഖ്യം കാട്ടുന്നതരത്തിലേക്കാണ് ഇന്ന് പരിണമിച്ചിരിക്കുന്നത്. ഒരു ജനാധിപത്യ മതേതര രാഷ്ട്രത്തിൽ ജനിച്ചുവളരുന്ന പൗരനെ സംബന്ധിച്ച് പ്രസക്തമായിരിക്കുന്നത് ആ രാഷ്ട്രത്തിന്റെ ഭരണഘടനയും അത് വാഗ്ദാനം ചെയ്യുന്ന മൗലിക അവകാശങ്ങളുമാണ്.

 


ഇതുകൂടി വായിക്കു: കേരളത്തെ ഭ്രാന്താലയമാക്കരുത്, തിരുത്തേണ്ടത് പാലാ ബിഷപ്പ് തന്നെയെന്ന് കാനം രാജേന്ദ്രൻ


 

ദേശീയതയാണ് പൗരന്റെ മതം. ഭരണഘടനയാണ് മതഗ്രന്ഥം. ഈ പരിഷ്കൃത – ആധുനിക പരിതസ്ഥിതിയിൽ മതമേലാളരായി‍ വേഷം കെട്ടുന്നവർ മതം എന്ന കോർപറേറ്റ് വ്യവസായ സ്ഥാപനത്തിന്റെ ദല്ലാളുകൾ‍ മാത്രമാണ്. പൈതൃകമായി ഒരു മതത്തിൽ പിറന്നുപോയവരെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും തളച്ചിട്ട് അവർ മതവ്യവസായം നടത്തുന്നു. ഇതിന് ഈശ്വര വിശ്വാസവുമായി (ഗാന്ധി പറഞ്ഞ സത്യവിശ്വാസം) ഒരു ബന്ധവുമില്ല. ഏതെങ്കിലും മതമേലാളന്മാർ ഈശ്വരവിശ്വാസിയാണെന്ന് വിശ്വസിക്കാനും പ്രയാസമാണ്. മനുഷ്യന്റെ സഹജമായ സ്നേഹത്തിനും പ്രണയത്തിനുമെല്ലാം ഇവർ എതിരാണ്. അതുകൊണ്ടാണ് മതേതര പ്രണയിതാക്കളുടെ കണക്കുകൾ വരെ ഇവർ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ആറ് ക്രിസ്ത്യാനി പെൺകുട്ടികളെ ഹിന്ദുക്കളായ ഈഴവ യുവാക്കൾ പ്രേമിച്ചു കൊണ്ടുപോയി എന്ന് ഫാദർ റോയി കണ്ണൻചിറ എന്ന പുരോഹിതൻ പരിതപിക്കുന്നു. ഒട്ടും ചരിത്രബോധമില്ലാതെ, തന്റെ പൈതൃകങ്ങളെ മറന്നാണ് ആ പുരോഹിതൻ സംസാരിച്ചിരിക്കുന്നത്. ശതാബ്ദങ്ങൾക്കോ ദശാബ്ദങ്ങൾക്കോ മുമ്പ് ഈ രാജ്യത്ത് ശക്തമായി നിലനിന്നിരുന്ന ചാതുർവർണ്യത്തിലും തൊട്ടുകൂടായ്മയിലും തീണ്ടായ്മയിലും ദാരിദ്ര്യത്തിലും സഹികെട്ട് മതം മാറിയ ഒരു പുലയനോ, പറയനോ, ശുദ്രനോ ആയിരിക്കാം ആ പുരോഹിതന്റെയും പൂർവികർ. പിതാവിന് മുന്നിൽ എല്ലാവരും സമന്മാരാകിൽ അവശ ക്രിസ്ത്യാനി എന്ന പദം എന്തുകൊണ്ട് നിലനിൽക്കുന്നു? ജലം കയറാത്ത അറകൾ സൃഷ്ടിച്ച് തങ്ങളുടെ മതക്കച്ചവടം കൊഴുപ്പിക്കുന്ന ദൈവത്തെയും സ്നേഹത്തെയും പാരസ്പര്യത്തെയും വെറുക്കാൻ പഠിപ്പിക്കുന്ന മതമേലധ്യക്ഷന്മാർ ഇടയ്ക്കൊക്കെ പൈതൃകങ്ങളും പൂർവകാലവും ഓർക്കുന്നത് നല്ലതാണ്.

മതത്തെ വെറും വ്യക്തിപരമായ കാര്യമായി ചുരുക്കാൻ പുരോഗമന പ്രസ്ഥാനങ്ങൾ കൂടുതൽ ഊർജിതമായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിൽ നിന്നുള്ള നൂറ്റിയിരുപതിൽപ്പരം പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുകയോ കൂടുതൽ പേർ ചേരാൻ ശ്രമിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ പറയുന്നു. കേരളത്തിൽ മുസ്ലിം സംഘടനകളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം വർഗീയ തീവ്രവാദി രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കേരളത്തിലെ ക്രൈസ്തവരിലെ ചെറിയൊരു വിഭാഗത്തിലെ വർഗീയത ഗൗരവത്തിൽ കാണണമെന്നും സിപിഐ (എം) കുറിപ്പിൽ പറയുന്നു. മതേതര വിശ്വാസികൾ എന്തുകൊണ്ടും കൂടുതൽ ജാഗ്രത പുലർത്തേണ്ടുന്ന സമയമായിരിക്കുന്നു. അല്ലെങ്കിൽ ഈ വൈറസുകൾ കൊറോണയെക്കാൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.

മാറ്റൊലി
“പലമതസാരവുമേകമെന്നു പാരാ തുലകിലൊരാനയിലന്ധരെന്നപോലെ പലവിധ യുക്തി പറഞ്ഞു പാമരന്മാ- രലവതു കണ്ടലയാതമര്‍ന്നിടേണം” — ശ്രീനാരായണഗുരു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.