August 10, 2022 Wednesday

സുകൃതമായ ഗന്ധര്‍വ്വസ്വരം

രമേശ് ബാബു
January 16, 2020 5:15 am

ആകാശത്തെയും വനദേവതമാരെയും സാക്ഷിയാക്കി 1888 മാര്‍ച്ച് 10ന് മഹാശിവരാത്രി നാളില്‍ ശ്രീനാരായണ ഗുരു ആധുനിക കേരളത്തിന്റെ തലവര മാറ്റിയെഴുതിയ അരുവിപ്പുറം പ്രതിഷ്ഠ നടത്തി. ലോകത്തെ ഏറ്റവും ശക്തമായ പ്രതിഷ്ഠാപനമായി കണക്കാക്കുന്ന ഈ കര്‍മ്മത്തിനു ശേഷം ലോകചരിത്രത്തിലെ അപൂര്‍വതയെന്നു വിശേഷിപ്പിക്കാവുന്ന വിപ്ലവ സന്ദേശം ഗുരു കോറിയിട്ടു. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ’ ഏതൊരു സമൂഹത്തിന്റെയും സംസ്ഥാപനം ഏതു വിധത്തിലാകണമെന്ന് ഉദ്ഘോഷിക്കുന്ന ഈ ഗുരുവാണിക്ക് സംഗീതരൂപം നല്‍കാന്‍ നിയോഗം യേശുദാസ് എന്ന യുവാവിനായിരുന്നു. ‘കാല്പാ‍ടുകള്‍’ എന്ന ചലച്ചിത്രത്തിനുവേണ്ടി എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തില്‍ യേശുദാസ് ഗുരുമൊഴികള്‍ ആലപിക്കുമ്പോള്‍ അത് സംഗീതരംഗത്തെ മറ്റൊരു വിപ്ലവത്തിനും സ്ഥിതിമാറ്റത്തിനും തുടക്കം കുറിക്കുകയായിരുന്നു.

സ്നേഹത്തിന്റെ ഭാഷയിലൂടെയും സമന്വയത്തിന്റെ പാതയിലൂടെയും സഞ്ചരിച്ച ഗുരുവിന്റെ കര്‍മ്മകാണ്ഡം വെളിപ്പെടുത്തുന്നത് ബ്രാഹ്മണ്യം ജന്മസിദ്ധമല്ലെന്നും കര്‍മ്മത്തിലൂടെ ബ്രഹ്മജ്ഞാനം നേടാമെന്നുമായിരുന്നു. സമര്‍പ്പണത്തിലൂടെയും സാധനയിലൂടെയും അച്ചടക്കമുള്ള ജീവിതത്തിലൂടെയും സംഗീതവഴിയിലും ബ്രാഹ്മണ്യം നേടാമെന്നാണ് യേശുദാസും കഴിഞ്ഞ ആറു പതിറ്റാണ്ടായി ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. യേശുദാസ് ഭാരതത്തിന്റെ മതേതര സംസ്കൃതിയുടെ മുഖമാണ്. ജന്മസിദ്ധിയും പ്രയത്നവും ഭാഗ്യവും അദ്ദേഹത്തെ കേരളത്തിലെ എന്നല്ല, ഭാരതത്തിലെ തന്നെ ഇക്കാലഘട്ടത്തിലെ ഏറ്റവും വലിയ പിന്നണിഗായകനാക്കി മാറ്റിയിരിക്കുന്നു. അനുഗ്രഹീത ശബ്ദസൗകുമാര്യം സംഗീത പ്രേമികളെ അതിശയിപ്പിച്ചുകൊണ്ടുമിരിക്കുന്നു.

തരളവും ആര്‍ദ്രവും കാല്പനികവും രാഗാദ്രവും സ്ഫുടവുമായ സുവര്‍ണശബ്ദം നമ്മുടെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗമാണ്. നാലു തലമുറ നീളുന്ന അദ്ദേഹത്തിന്റെ സംഗീത സപര്യയില്‍ നിന്ന് സംഗീത വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടേറെ പഠിക്കുവാനുണ്ട്. കഷ്ടപ്പാടിന്റെയും ദുരിതങ്ങളുടെയും ഇടയില്‍ നിന്നാണ് യേശുദാസ് ചിറകടിച്ചുയരുന്നത്. ‘കാല്പാടുക’ളുടെ ശബ്ദലേഖകന്‍ യേശുദാസിന്റെ സ്വരം കൊള്ളില്ലെന്ന് പറഞ്ഞു. സ്വരം പ്രക്ഷേപണയോഗ്യമല്ലെന്നാണ് ആകാശവാണിയും വിധി എഴുതിയത്. നസ്രാണിക്ക് സംഗീതം വഴങ്ങുമോ എന്ന് ചോദിച്ച സംഗീത അധ്യാപകന്‍ വരെയുണ്ട്. ജീവിത കാമനകള്‍ ഉണര്‍ത്തുന്ന ആ സുവര്‍ണ ശബ്ദത്തില്‍ മലയാളി അവന്റെ/അവളുടെ പ്രണയവും വിരഹവും സന്താപവും സന്തോഷവും എല്ലാം ഇറക്കിവച്ച് സാന്ത്വനം തേടുന്നു. അങ്ങനെ അദ്ദേഹം നമ്മുടെ ഗാനഗന്ധര്‍വനായി. യേശുദാസിനെ ആദ്യമായി ഗാനഗന്ധര്‍വന്‍ എന്ന് വിശേഷിപ്പിച്ചത് മഹാകവി ജി ശങ്കരക്കുറുപ്പാണ്.

മലയാള സാഹിത്യത്തിലെ കാവ്യഗന്ധര്‍വന്‍ ചങ്ങമ്പുഴയുടെ സ്ഥാനമാണ് ഗാനശാഖയില്‍ യേശുദാസിനും കല്പിച്ചുകൊടുത്തിരിക്കുന്നത്. യേശുദാസിന്റെ അനന്യസുന്ദരമായ സ്വരമാണ് ശ്രോതാവിനെ മാസ്മരികവലയത്തില്‍ തളച്ചിടുന്നത്. ഇന്ത്യന്‍ പിന്നണി ഗാനരംഗത്തെ ഇതിഹാസ ഗായകന്‍ മുഹമ്മദ് റാഫിയുടെ പ്രത്യേകത അദ്ദേഹത്തിന്റെ സ്വരവൈവിധ്യങ്ങളായിരുന്നു.പ്രേമഭാവത്തില്‍ നിന്ന് ആധ്യാത്മികതലത്തിലേയ്ക്ക് ശ്രോതാവിനെ ഉയര്‍ത്തുവാനുള്ള ആ ശബ്ദത്തിന്റെ ഭാവശുദ്ധി അനിതര സാധാരണമായിരുന്നു. എന്നാല്‍ യേശുദാസിന്റെ സ്വരത്തിന് നിത്യയൗവ്വനമാണ്. അത് മോഹങ്ങളുടെ തീക്ഷ്ണതയിലേയ്ക്കാണ് നമ്മെ കൊണ്ടുപോകുന്നത്. സംഗീത സംവിധായകന്‍ ബാബുരാജ് ഭാര്‍ഗവിനിലയത്തിലെ ‘താമസമെന്തേ വരുവാന്‍’, ‘അറബിക്കടലൊരു മണവാളന്‍’ എന്നീ ഗാനങ്ങൾ യേശുദാസിനെക്കൊണ്ട് പാടിപ്പിച്ച് അനശ്വരമാക്കിയപ്പോള്‍ ‘ഏകാന്തതയുടെ അപാരതീരം’ എന്ന ആധ്യാത്മികതലമുള്ള എക്കാലത്തെയും മികച്ച ഭാവഗാനം വിശ്രമജീവിതം നയിച്ചിരുന്ന കമുകറ പുരുഷോത്തമനെ കൊണ്ടുവന്നായിരുന്നു പാടിപ്പിച്ചത്.

ചില ഗാനങ്ങള്‍ക്ക് യേശുദാസിന്റെ സ്വരസൗകുമാര്യം അങ്ങനെ അനുചിതവുമായിട്ടുണ്ട്. മലയാളികള്‍ സ്വരഭംഗിക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണെന്ന് പറയാറുണ്ട്. ഇതിഹാസ ഗായകരായ സൈഗാൾ, റാഫി, മഹേന്ദ്ര കപൂർ, മന്നാഡേ, ടി എം സൗന്ദർ‍രാജന്‍ എന്നിവര്‍ക്കും മുകേഷ്, കിഷോര്‍കുമാര്‍,തലത്ത് മുഹമ്മദ്, ശൈലേന്ദ്ര സിംഗ്, എസ്‌പി ബാലസുബ്രഹ്മണ്യം, പി ജയചന്ദ്രന്‍ എന്നിവരും ആലാപനത്തിലെ വൈകാരികതയിലും ഭാവാത്മകതയിലും അതിശയിപ്പിക്കുന്നവരാണെങ്കിലും നമ്മള്‍ അവരെയും ഗന്ധര്‍വ ശബ്ദംകൊണ്ട് താരതമ്യം ചെയ്യാറുണ്ട്. ധ്വനി എന്ന മലയാള ചിത്രത്തിന്റെ സംഗീത സംവിധായകനായി വിഖ്യാതനായ നൗഷാദ് എത്തിയപ്പോള്‍ കേരളത്തിലെ കുയില്‍വാണികളായ ഗായികമാരെയൊക്കെ ഒഴിവാക്കി അദ്ദേഹം തെരഞ്ഞെടുത്തത് പി സുശീലയെയായിരുന്നു. ഉത്തരേന്ത്യയില്‍ ഗായകര്‍ക്കും മുകളിലാണ് സംഗീത സംവിധായകരുടെ സ്ഥാനം. ഈണങ്ങള്‍ ചിട്ടപ്പെടുത്തുകയും അതിന്റെ അവതരണത്തിനായി ഗായകരുടെ സ്വരത്തെ രൂപപ്പെടുത്തുകയും ചെയ്യുന്ന സംഗീത സംവിധായകര്‍ കേരളത്തില്‍ ഏറെക്കാലം പിന്നണിയില്‍ തന്നെയായിരുന്നു.

സംഗീത സംവിധാനരംഗത്തെ കേരളത്തിന്റെ കുലപതിമാരായ ജി ദേവരാജന്‍, എം എസ് ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, എം കെ അര്‍ജുനന്‍ തുടങ്ങിയവരൊക്കെ അവരുടെ ഗായകര്‍ക്ക് ശേഷമേ അറിയപ്പെട്ടിരുന്നുള്ളു. എന്നാല്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളിലെ വിശ്രുത സംഗീത സംവിധായകര്‍ കെ വി മഹാദേവന്‍, എം എസ് വിശ്വനാഥന്‍, ഇളയരാജ, രമേശ് നായിഡു, ദേവ, എ ആര്‍ റഹ്‌മാന്‍ തുടങ്ങിയവരുടെ സ്ഥിതി അതല്ലായിരുന്നു. എങ്കിലും നമ്മുടെ സംഗീത സംവിധായകര്‍ യേശുദാസിലൂടെ അവര്‍ തീര്‍ത്ത ഗാനശില്പങ്ങളെ യാഗാശ്വങ്ങളെപ്പോലെയാണ് തുറന്നുവിട്ടത്. ഓരോ ഗാനങ്ങളും അനശ്വരതയുടെ മുദ്രകളായി ജനമനസുകളില്‍ കുടികൊള്ളുന്നു. ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ എഴുതിയിരുന്നു ‘മലയാളത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഗായകന്‍ യേശുദാസാണ്.

അതു കഴിഞ്ഞുമാത്രമേ മറ്റു ഗായകരുള്ളു. എന്റെ മനസിലെ ഈണങ്ങളെ 60 ശതമാനത്തിലേറെ പാട്ടില്‍ കൊണ്ടുവരാന്‍ യേശുദാസിന് കഴിയുന്നുണ്ട്’. (എന്നാൽ ഈണങ്ങളെ ഏതാണ്ട് പൂർണ്ണതയിൽ എത്തിക്കാൻ‍ കഴിവുള്ള ഒരേയൊരു ഗായിക പി സുശീല മാത്രമാണെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്). ‘ഞാന്‍ പാട്ടുകള്‍ക്ക് സംഗീതം നല്‍കുന്നത് യേശുദാസിനെക്കൊണ്ട് പാടിപ്പിക്കാന്‍ മാത്രമാണെന്നാണ് എ ടി ഉമ്മര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.’ ‘എനിക്ക് കാഴ്ചശക്തി കിട്ടിയാല്‍ ആദ്യം കാണാനാഗ്രഹിക്കുന്നത് യേശുദാസിനെ‘യാണെന്നാണ് രവീന്ദ്ര ജയിന്‍ അഭിപ്രായപ്പെട്ടത്.

ഉഷാഖന്ന, രാജ്കമല്‍, സലില്‍ ചൗധരി, ശ്യാം, രവീന്ദ്രന്‍, ജോണ്‍സണ്‍, കെ ജെ ജോയി, എം ജി രാധാകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, ജിതിന്‍ ശ്യാം, ശങ്കര്‍ ഗണേഷ്, എസ് പി വെങ്കിടേഷ് തുടങ്ങി എത്രയോ സംഗീത സംവിധായകര്‍ തങ്ങളുടെ ഉള്ളിലെ ഈണങ്ങളെ യേശുദാസിന്റെ സുവര്‍ണനാദത്തിലൂടെ ഗാനതല്ലജങ്ങളാക്കി പരിവര്‍ത്തിപ്പിച്ചിരിക്കുന്നു. കാലം അതേറ്റുവാങ്ങുകയും തലമുറകള്‍ക്ക് കൈമാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. ശാസ്ത്രീയ സംഗീതത്തോട് വലിയ ആഭിമുഖ്യം കാട്ടാതിരുന്ന ഒരു തലമുറയെ ആ ശാഖയോട് അടുപ്പിച്ചതിൽ യേശുദാസ് ചരിത്രപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്. എം ഡി രാമനാഥനെപ്പോലെയോ, ചെമ്പൈയെപ്പോലെയോ മഹാസംഗീതജ്ഞനായില്ലെങ്കിലും യേശുദാസ് മഹാജനകീയ ഗായകനായി തലമുറകള്‍ നിലനിൽക്കും. എല്ലാ വിഭാഗീയതകള്‍ക്കുമപ്പുറം മലയാളിയെ കോര്‍ത്തിണക്കുന്ന സ്വര്‍ണ നൂലിഴയാണ് പത്മവിഭൂഷണ്‍ ഡോ. കെ ജെ യേശുദാസ്.

മാറ്റൊലി: ഗുരുവായൂരിലെ അമ്പലവാസി യാദവന്‍ ഗാനലോക വീഥികളില്‍ വേണുവൂതുന്ന ഇടയനെ ഇനിയും അകറ്റിനിര്‍ത്തണമോ? തൂണിലും തുരുമ്പിലും കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ അമ്പലത്തിൽ തേടേണ്ടതുണ്ടോയെന്ന ചോദ്യവും മുന്നിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.