ദേവിക

വാതിൽപ്പഴുതിലൂടെ

May 04, 2021, 5:00 am

ദൈവങ്ങള്‍ പിന്നെയും കരയുന്നു

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇടതുമുന്നണി നാടിനെ ചുവന്നുതുടുപ്പിച്ച് ഒരു സുന്ദരിക്കുട്ടിയാക്കി പിന്നെയും ഒരുക്കിനിര്‍ത്തിയിരിക്കുന്നു. ഇതിനിടെയാണ് തോറ്റവരുടെ പരിദേവനങ്ങളും പരിഭവങ്ങളും. തൃശൂരില്‍ തോറ്റ കോണ്‍ഗ്രസ് നേതാവ് പത്മജാ വേണുഗോപാലും നേമത്ത് തോറ്റുതൊപ്പിയിട്ട ഏട്ടന്‍ കെ മുരളീധരനും ഇരട്ട ദുഃഖബിംബങ്ങളായി. ബിജെപിയുടെ കണക്കുപുസ്തകം വലിച്ചുകീറി നേമത്തെ പനത്തുറ കടലില്‍ എറിയുകയാണ് തന്റെ അവതാര ലക്ഷ്യമെന്ന് പ്രഖ്യാപിച്ചായിരുന്നു മുരളിയേട്ടന്റെ അവിടേക്ക് എഴുന്നള്ളത്. പോകുന്നേടത്തെല്ലാം അദ്ദേഹം പ്രചാരണവാഹനത്തില്‍ ഒരു വലിയ കടലാസു പുലിയെയും കൂട്ടി. ഇതോടെ ജനത്തിനാകെ കണ്‍ഫ്യൂഷന്‍. മുരളിയുടെ ചിഹ്നം കൈപ്പത്തിയോ പുലിക്കുട്ടിയോ, ബാലറ്റില്‍ പുലിയുടെ പടമില്ലാത്തതിനാല്‍ ജനം പുലിമുഖനായ കുമ്മനത്തിനു കുത്തി. കടലാസു പുലിയാണ് തന്നെ തോല്പിച്ചതെന്ന് മുരളിക്ക് ഒരു ശങ്ക. തെരഞ്ഞെടുപ്പു കാലത്ത് മുരളിയും പെങ്ങളൂട്ടി പത്മജയും പറഞ്ഞത് പിതാശ്രീ കരുണാകരനില്‍ നിന്നു പാരമ്പര്യമായി ലഭിച്ച തന്ത്രങ്ങളാണ് തങ്ങള്‍ എടുത്തുപയറ്റുന്നതെന്നായിരുന്നു. കരുണാകരന്റെ തന്ത്രങ്ങള്‍ ജയിക്കാനുള്ള തന്ത്രങ്ങളായിരുന്നുവെന്ന് പഴമക്കാര്‍ക്കറിയാം. ആ തന്ത്രങ്ങള്‍ തലമുറ കൈമാറിയപ്പോള്‍ തോല്ക്കാനുള്ള തന്ത്രങ്ങളായി പരിണമിച്ചുപോയി. ഇനിയെന്തു ചെയ്യാന്‍ കോണ്‍ഗ്രസിന്റെ തുരുമ്പിച്ച സംഘടനാ സംവിധാനത്തിന്റെ തലയില്‍ തന്നെയായിരിക്കട്ടെ പഴി മുഴുവന്‍. കോണ്‍ഗ്രസ് നന്നായിട്ടേ ഇനി താന്‍ മത്സരത്തിനുള്ളൂ എന്ന് പ്രഖ്യാപിച്ചശേഷം പത്മജ പൂജാമുറിയില്‍ കയറി ദൈവങ്ങളോടു ചോദിച്ചു. ഈ കോണ്‍ഗ്രസ് എന്നു നന്നാകും എന്റെ ഗുരുവായൂരപ്പാ! ഗുരുവായൂരപ്പന്‍ കണ്ണീര്‍ പൊഴിച്ചു. കോണ്‍ഗ്രസ് നന്നാകുന്നതു കാണാന്‍ ഞാനുണ്ടാകില്ലല്ലോ മോളേ! ‘അപ്പോള്‍ ഇനിയെനിക്കു മത്സരിക്കാനാവില്ലേ ഭഗവാനേ’ എന്നു പത്മജ. തന്റെ കാലശേഷവും കോണ്‍ഗ്രസ് നന്നാകില്ലെന്നിരിക്കേ ഇത്തരം കഠിനപ്രതിജ്ഞയെടുക്കരുതെന്ന് നിന്റെ കാരണവരായ എന്റെ പഴയ ഭക്തന്‍ പറഞ്ഞു തന്നിട്ടില്ലേ എന്നു ഗുരുവായൂരപ്പന്റെ ചിത്രത്തില്‍ നിന്ന് ഒരശരീരി!

പണ്ട് എം എന്‍ ഗോവിന്ദന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കല്ല അതിനെ നയിക്കുന്ന നേതാക്കള്‍ക്കാണ് പ്രായോഗികബുദ്ധിയുണ്ടാകേണ്ടതെന്ന്. തെരഞ്ഞെടുപ്പില്‍ തോറ്റാലും നിന്നു പിഴയ്ക്കണമല്ലോ. ലോക്‌സഭാംഗമായ കെ മുരളീധരനും രാജ്യസഭാംഗമായ എം വി ശ്രേയാംസ് കുമാറും ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. രണ്ടുപേരും പരാജിതര്‍. പക്ഷേ, ഇരുവരും പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കാതെയാണ് അങ്കത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പില്‍ തോറ്റാലും പാര്‍ലമെന്റിലേക്കു പോകാം. പരാജിതര്‍ ഇരുവര്‍ക്കും ഇനി വിജയശ്രീലാളിതരെപ്പോലെ നേരെ പാര്‍ലമെന്റിലേക്കു വിമാനം കയറാം. ഈ പ്രായോഗികബുദ്ധി ഇല്ലാതെപോയത് ജോസ് കെ മാണിക്കു മാത്രം.

നെഹ്‌റുവിന്റെ കാലത്തെ ചൈനീസ് ആക്രണകാലത്ത് ഇന്ത്യ വിളിച്ച ഒരു മുദ്രാവാക്യമുണ്ട് ‘ഒരേ ഒരിന്ത്യ ഒരൊറ്റ ജനത’ അതാണ് നമ്മുടെ മുദ്രവാക്യം. പിന്നീട് ഇന്ദിരാഗാന്ധിയുടെ കാലത്ത് ആ മുദ്രാവാക്യം അനുയായികള്‍ ഒന്നു മാറ്റിപ്പിടിച്ചു. ‘ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ’ മോഡി അതിനൊരു പാഠഭേദം വരുത്തി ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ഒരു പെന്‍ഷന്‍’. ആദ്യത്തെ മുദ്രാവാക്യത്തില്‍ ദേശാഭിമാനമാണു ജ്വലിച്ചുനിന്നതെങ്കില്‍ മറ്റു രണ്ടു മുദ്രാവാക്യങ്ങള്‍ക്കും സ്വേഛാധിപത്യത്തിന്റെ ഗന്ധം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കൂട്ടത്തോല്‍വി സമ്മാനിച്ചത് ജനങ്ങളല്ല, സംഘടനാ സംവിധാനത്തിന്റെ ജീര്‍ണതയാണെന്ന പതിവദ്യായമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കളത്തിലിറങ്ങി കളി തുടങ്ങിയിരിക്കുന്നു. സംഘടനയാകെ ഉടച്ചുവാര്‍ത്തില്ലെങ്കില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് അധോഗതിയെന്നാണ് തിരുവഞ്ചൂരാശാന്റെ കണ്ടുപിടിത്തം. ഇതുകേട്ടാല്‍തോന്നും തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ കണ്ടതെല്ലാം അധോഗതിയല്ല പുരോഗതിയെന്ന്! ക്ഷീണിതമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇനി ഒരു ശബ്ദവും ഒരു നാവും മാത്രമേയുണ്ടാകാവൂ എന്ന് അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു. അതായത് തലപ്പത്ത് വരേണ്ടത് ഒരു ഏകാധിപതിയെന്നു വ്യംഗം. അതിനു പറ്റിയ ഒരാളെയും കണ്ടുപിടിച്ചിരിക്കുന്നു. കണ്ണൂരിന്റെ കടുവ സാക്ഷാല്‍ കെ സുധാകരന്‍. സുധാകരാവതാരം കഴിയുമ്പോഴറിയാം പഞ്ചപുഛമടക്കി നില്ക്കുന്ന ഉമ്മന്‍ചാണ്ടിയേയും രമേശിനെയും തിരുവഞ്ചൂരിനെയും. കോണ്‍ഗ്രസിനെ ആയുധമണിയിക്കുന്ന ആ കാലം വരാതിരിക്കട്ടെ, കേരളം ഒരു ചോരക്കളമാകാതിരിക്കട്ടെ.

പുതിയ നിയമസഭ ഇനി സംഗീതസാന്ദ്രമാവും. പതിനൊന്നുപേര്‍ വനിതകള്‍. അവരില്‍ പത്തുപേരും ഇടതുപക്ഷത്തുള്ളവര്‍. പ്രതിപക്ഷത്തുനിന്നും ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമ മാത്രം. പിന്നണി ഗായികയായ അരൂരില്‍ നിന്നുള്ള ദലീമ ജോജോ ജയിച്ചത് പാട്ടുംപാടി. പി ജെ ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയ ഗായകസാമ്രാട്ടുകള്‍ വേറേ. ‘അരിവാളും കൊടികളുമായി ഇരുളലകള്‍ നീന്തിക്കയറും അരുണോദയ കന്യകളേ’ എന്ന് ദലീമ വിപ്ലവഗാനം ആലപിക്കുമ്പോള്‍ പി ജെ ജോസഫുണ്ടോ വിടുന്നു ‘വരിക വരിക സഹജരേ ട്രാക്റ്ററില്‍ കയറുവിന്‍’ എന്ന കര്‍ഷകഗാനം വച്ചു കാച്ചും’. വയസാംകാലത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളിയും പാടും, ഇന്നെനിക്കു പൊട്ടുകുത്താന്‍ സന്ധ്യകള്‍ ചാലിച്ച സിന്ദൂരം… നിയമസഭാ ഗാനോത്സവ പന്തലാവുമ്പോള്‍ പാട്ടുപാടാത്ത കഴുതയില്ല എന്നു പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച് ഉമ്മന്‍ചാണ്ടിയും ഒരു പാട്ടുപാടിയാലോ. ഈസിമണി, ഈസിമണി വള്ളുവനാടന്‍ ഈസിമണി എന്ന എം ജി ശ്രീകുമാറിന്റെ പൊട്ട പരസ്യഗാനം പോലിരിക്കും. എന്തുചെയ്യാന്‍. ക്രമപ്രശ്നം ഉന്നയിച്ചു പാടിയാല്‍ തടയാന്‍ സ്പീക്കര്‍ക്കുമാവില്ലല്ലോ.

മോഡി ഇടയ്ക്കിടെ ഒരു വായ്ത്താരി മുഴക്കാറുണ്ട്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ രാഷ്ട്ര ഹൃദയത്തിന്റെ ഭാഗമാണ്. അവര്‍ ഇവിടെയൊക്കെയുണ്ടാകും. അവര്‍ക്ക് പലായനത്തിനാകില്ലല്ലോ എന്നൊക്കെ. എന്നാല്‍ രാജ്യത്ത് കോവിഡ് മരണക്കൊയ്ത്ത് നടത്തുമ്പോള്‍ നാം ചില പലായനങ്ങള്‍ കണ്ടു. രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകള്‍ സകുടുംബം ആഡംബര ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കോവിഡ് ഭീതിയില്ലാത്ത ലണ്ടനിലേക്കു ചേക്കേറിയിരിക്കുന്നു. ആപത്തുകാലത്ത് ഇന്ത്യയേയും ഇന്ത്യാക്കാരേയും മരണത്തിലേക്ക് എറിഞ്ഞുകൊടുത്തു കോര്‍പ്പറേറ്റ് പലായനം. രക്തം ഊറ്റിക്കുടിക്കാന്‍ ഇന്ത്യവേണം. ആപത്ഘട്ടത്തില്‍ ഇന്ത്യ വേണ്ട. വിദേശ കൊട്ടാരവാസം മതി. എന്നുകരുതി പിറന്നമണ്ണില്‍ നിന്നും പ്രാണവായുവിനുവേണ്ടി പലായനം ചെയ്യാന്‍ ദരിദ്ര ജനകോടികള്‍ക്കാവില്ലല്ലോ. ഓക്സിജന്‍ കിട്ടാതെ മരിച്ചാലും ഈ മണ്ണില്‍ ആറടി നമുക്കവകാശപ്പെട്ടതാണല്ലോ. കോവിഡ്കാല കൗതുകങ്ങള്‍ പിന്നെയും നീളുന്നു. കുപ്രസിദ്ധ അന്താരാഷ്ട്ര അധോലോക നായകനായ ഛോട്ടാരാജന്‍ ഇപ്പോള്‍ ഡല്‍ഹി തിഹാര്‍ ജയിലിലാണ് വാസം. ഇതിനിടെ കോവിഡ് ബാധിച്ച അയാളെ ചികിത്സിക്കാന്‍ പ്രവേശിപ്പിച്ചത് നക്ഷത്ര സൗകര്യങ്ങളുള്ള എയിംസ് ആശുപത്രിയിലെ എക്സിക്യൂട്ടീവ് സ്യൂട്ടില്‍. അതേസമയം മാധ്യമപ്രവര്‍ത്തകനായ സിദ്ധിഖ് കാപ്പനെ ജയില്‍ ആശുപത്രിയിലെ കട്ടിലില്‍ ചങ്ങലയ്ക്കിട്ടിരിക്കുന്നു. അദ്ദേഹത്തെ എയിംസിലേക്കു മാറ്റാന്‍ രാജ്യത്തെ പരമോന്നത നീതിപീഠം ആവശ്യപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത് എയിംസില്‍ കാപ്പനെ ചികിത്സിക്കാന്‍ മുറി ലഭ്യമല്ലെന്ന്. ഛോട്ടാരാജന് നക്ഷത്ര മുറിയുണ്ട്. കാപ്പന് ജനറല്‍ വാര്‍ഡില്‍ പോലും ഇടം നല്കാത്ത മോഡിയുടെ കോവിഡ്കാല ജനാധിപത്യം.

തെരഞ്ഞെടുപ്പിലെ കാലുവാരലിന്റെ സൂചനകളാവുന്ന പ്രചാരണ പോസ്റ്ററുകള്‍ എന്ന അഭൂതപൂര്‍വ ദൃശ്യങ്ങളും നമുക്കു പുതിയൊരനുഭവമാകുന്നു. വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വീണാ നായരുടെ പോസ്റ്ററുകള്‍ കെട്ടുകണക്കിന് തൂക്കിവിറ്റ സംഭവമുണ്ടായി. കഴക്കൂട്ടമാണ് പോസ്റ്റര്‍ വിപ്ലവത്തിന്റെ മറ്റൊരു പ്രഭവകേന്ദ്രം. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന്റെ പോസ്റ്ററുകള്‍‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. ഫലപ്രഖ്യാപനം വന്നശേഷവും പോസ്റ്ററുകള്‍ താരങ്ങളാവുന്നു. കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്റെ പോസ്റ്ററുകള്‍ ഇന്നലെ കെട്ടുകണക്കിനു കണ്ടെത്തിയത് കേന്ദ്രമന്ത്രി വി മുരളീധരന്റെ സഹായിയുടെ വീട്ടുവളപ്പില്‍ നിന്നാണെന്ന വാര്‍ത്തയും വരുന്നു. ‘വല്ലഭനു പുല്ലുമായുധം’ എന്ന ചൊല്ലുപോലെ തെരഞ്ഞെടുപ്പില്‍ പോസ്റ്ററുകളും കായംകുളം വാള്‍പോലെ പാരവയ്പായുധമാകുന്ന കാലം!

പ്രബുദ്ധ കേരളത്തിലെ മലയാളിയുടെ രാഷ്ട്രീയ മനസിന് അഭിവാദ്യങ്ങള്‍. ഇടതുമുന്നണി സെഞ്ചുറിയിലേക്കടുത്ത തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷാരവത്തില്‍ നാടു പ്രകമ്പനം കൊള്ളേണ്ടതായിരുന്നു. എങ്ങും ജയഘോഷയാത്രകള്‍ ഇരമ്പിമറിയുമായിരുന്നു, ഭരണ–പ്രതിപക്ഷ ഭേദമില്ലാതെ. പക്ഷേ കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതാദ്യമായി ജനാരവങ്ങളില്ലാതെ, ജയാരവങ്ങളില്ലാതെ മലയാളി മനസില്‍ വിജയം കൊണ്ടാടിയ രോമാഞ്ചഭരിതമായ ചരിത്രം. കോവിഡ് കാലത്തെ ആത്മനിയന്ത്രണത്തില്‍ ആരവങ്ങള്‍ ഉള്ളിലൊതുക്കാനും മലയാളിക്കറിയാമെന്ന സമ്മോഹനമൂഹൂര്‍ത്തം.