അഡ്വ .കെ പ്രകാശ് ബാബു

ജാലകം

September 05, 2021, 5:30 am

ഖിലാഫത്തും മലബാർ കലാപവും

Janayugom Online

ബ്രിട്ടീഷിന്ത്യയിലെ ഇന്ത്യൻ പട്ടാളക്കാരും ഉത്തരേന്ത്യൻ കർഷകരും ഒരുമിച്ച് അണിനിരന്ന 1857 ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ വെറും ”ശിപായി ലഹള” എന്നാണ് ബ്രിട്ടീഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയത്. ഈ പ്രക്ഷോഭത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി കാണാൻ നമ്മുടെ ചരിത്രകാരന്മാർക്ക് കഴിഞ്ഞിരുന്നില്ല.
ഇതിനു തുല്യമാണ് മലബാറിലെ കർഷക കലാപത്തെ ”മാപ്പിള ലഹള”യായി മാത്രം ചിത്രീകരിക്കുന്നതും ഈ കലാപത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കാണാൻ കഴിയുകയില്ലായെന്ന നിലപാടെടുക്കുന്നതും. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ പോസ്റ്ററിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ ചിത്രം ഒഴിവാക്കുകയും മഹാത്മാ ഗാന്ധി വധക്കേസിലെ കൂട്ടുപ്രതിയും ബ്രിട്ടീഷ് അധികാരികൾക്ക് മാപ്പെഴുതിക്കൊടുത്ത് ജയിൽ മോചിതനുമായ വി ഡി സവർക്കറുടെ ഫോട്ടോ അതിൽ ഉൾപ്പെടുത്തുകയും ചെയ്ത ഇന്ത്യൻ ചരിത്ര ഗവേഷക കൗൺസിലാണ് ഇതെല്ലാം ചെയ്യുന്നത് എന്നു കാണുമ്പോൾ രാജഭരണകാലത്തെ ദണ്ഡനീതി ഓർത്തു പോകുന്നു.

1921 ൽ മലബാറിൽ നടന്ന കർഷക കലാപം ബ്രിട്ടീഷ് ആധിപത്യത്തിനും ജന്മി-ഫ്യൂഡൽ പ്രഭുത്വത്തിനും എതിരായ ശക്തമായ പ്രക്ഷോഭം ആയിരുന്നു. ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ ”മാപ്പിള”മാർ പൊതുവെ ദരിദ്രരായിരുന്നു. നാട്ടിൻപുറത്ത് കൃഷിപ്പണികളും പലവിധ കൂലിപ്പണികളും നഗരപ്രദേശങ്ങളിൽ ചില്ലറ വ്യാപാര‑വാണിഭങ്ങളുമായിരുന്നു ഇവരുടെ തൊഴിലും ഉപജീവന മാർഗവും. ”മാപ്പിളക്കുടി”യും, ”തിയ്യപ്പുര”യും, ”ചെറുമച്ചാള”യും കണ്ടു തിരിക്കുവാൻ വളരെ വിഷമമില്ല. എല്ലാം ദാരിദ്ര്യ ദേവതയുടെ അധിവാസ സ്ഥലങ്ങളാണ്” (മലബാർ കലാപം — കെ മാധവൻ നായർ). ഈ വാക്കുകളിൽ ഏറനാടിന്റെ നേർചിത്രമുണ്ട്. അവരുടെ കുടിയോ പാടമോ ഉടമസ്ഥനായ ജന്മിയോ കാണക്കാരനോ പാട്ടത്തിന്റെ പേരിൽ ഒഴിപ്പിക്കുമ്പോൾ ഈ ജനതയുടെ മനസിൽ ദാരിദ്ര്യം, അന്ധവിശ്വാസം, നിരക്ഷരത, മതഭ്രാന്ത് ഇതെല്ലാം കൂടി ചേർന്ന ഒരുതരം വൈകാരിക മനോഭാവം വളർന്നു വന്നു എന്നത് സ്വാഭാവികം. അതു മറ്റുപല സ്ഥലങ്ങളിലേയുംപോലെ ലഹളകളായി രൂപം പ്രാപിച്ചു. ഈ നിർധന ജനവിഭാഗത്തിനെതിരെ ജന്മിമാരും ബ്രിട്ടീഷ് അധികാരികളും ഒരുമിച്ച് അണിനിരന്നു. 1836 മുതൽ നടന്ന ഇത്തരം ലഹളകളിൽ കൊള്ളകളും നിർബന്ധിത മതപരിവർത്തനവുമെല്ലാം നടന്നിട്ടുണ്ടാവാം.

ഈ സന്ദർഭത്തിലാണ് ഖിലാഫത്ത് പ്രസ്ഥാനം ഉടലെടുക്കുന്നത്. ലോക മുസ്‌ലിങ്ങളുടെ മതമേധാവിയായി കരുതിയിരുന്ന ടർക്കിയിലെ സുൽത്താന്റെ (ഖാലിഫ്) ഓട്ടോമൻ സാമ്രാജ്യം ഒന്നാം ലോക യുദ്ധത്തിനൊടുവിൽ തകർന്നു. ബ്രിട്ടൻ ഖാലിഫിനു നൽകിയ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് ഖാലിഫിനു പിന്തുണയുമായി രൂപംകൊണ്ട ഇന്ത്യൻ മുസ്‌ലിങ്ങളുടെ പ്രസ്ഥാനമാണ് ”ഖിലാഫത്ത്”. ആലി സഹോദരന്മാർ എന്നറിയപ്പെട്ട മൗലാന മുഹമ്മദ് ആലി, ഷൗക്കത്ത് ആലി തുടങ്ങിയവരായിരുന്നു ഇതിന്റെ സ്ഥാപക നേതാക്കൾ. ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാക്കുന്നതിന് ആഗ്രഹിച്ച ഗാന്ധിജി ഹിന്ദുക്കളുടെ പിന്തുണ ഇന്ത്യൻ മുസ്‌ലിങ്ങൾക്കുണ്ടാവണമെന്നും അതിൽക്കൂടി ഹിന്ദു-മുസ്‌ലിം മൈത്രി ശക്തിപ്പെടുത്താമെന്നും കരുതി ഖിലാഫത്ത് പ്രസ്ഥാനത്തിൽ സജീവമാവുകയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. 1919 ൽ ഡൽഹിയിൽ വച്ച് ഗാന്ധിജിയുടെ അധ്യക്ഷതയിൽ കൂടിയ ഖിലാഫത്ത് സമ്മേളനം രാജ്യവ്യാപകമായി ഖിലാഫത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. 1920 ലെ കോൺഗ്രസിന്റെ കൽക്കട്ട വിശേഷാൽ യോഗത്തിലും അതേ വർഷം നടന്ന നാഗ്പൂർ കോൺഗ്രസ് സമ്മേളനത്തിലും ഖിലാഫത്ത് പ്രശ്നവും നിസ്സഹകരണ സമരവും തുല്യ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെട്ടു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചരണത്തിനായി മഹാത്മാഗാന്ധിയും മുഹമ്മദാലിയും 1920 ൽ കോഴിക്കോട് സന്ദർശിച്ചു. 1921 ൽ ഖിലാഫത്ത് നേതാവ് യാക്കൂബ് ഹസൻ കോഴിക്കോട് എത്തിയപ്പോൾ അധികാരികൾ നിരോധനാജ്ഞ പുറപ്പെടുവിച്ചു പ്രസംഗം നിരോധിച്ചു. നിരോധനം ലംഘിച്ചതിന്റെ പേരിൽ യാക്കൂബ് ഹസൻ, യു ഗോപാലമേനോൻ, കെ മാധവൻ നായർ, പൊന്മാടത്ത് മൊയ്തീൻ കോയ എന്നീ കോൺഗ്രസ്-ഖിലാഫത്ത് നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ആറ് മാസം തടവിനു ശിക്ഷിച്ചു.

ഇതുംകൂടി വായിക്കൂ:മലബാറിലെ കാർഷിക കലാപങ്ങൾ

കോൺഗ്രസ് ആരംഭിച്ച നിസ്സഹകരണ സമരത്തിന്റെയും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും സംയുക്ത പ്രക്ഷോഭങ്ങളിൽക്കൂടിയാണ് 1921 ൽ ”മാപ്പിള ലഹള” യെന്നു വിളിച്ച ”മലബാർ കലാപം” ഉടലെടുത്തത്. 1921 ലെ ആദ്യ മാപ്പിള ലഹളക്കാലത്ത് കേസെടുത്ത് ശിക്ഷിക്കപ്പെട്ടവരിൽ കെ കേളപ്പൻ, കെ മാധവൻ നായർ, എം പി നാരായണമേനോൻ, മുഹമ്മദ് അബ്ദുറഹ്‌മാൻ, ഇ മൊയ്തു മൗലവി തുടങ്ങിയവർ ഉൾപ്പെടുന്നു. യഥാർത്ഥത്തിൽ ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്പെട്ടതിന്റെ ഫലമായി ഹിന്ദു-മുസ്‌ലിം മൈത്രിയും ശക്തിപ്പെട്ടു. ‘ഖിലാഫത്ത്’ എന്ന ശബ്ദം മലബാറിൽ കാര്യമായി കേട്ടുതുടങ്ങിയത് 1920 ഏപ്രിലിൽ മഞ്ചേരിയിൽ വച്ചു നടന്ന കോൺഫറൻസ് മുതലാണ്. വടക്കേ മലബാറിൽ യു ഗോപാലമേനോനെയും തെക്കേ മലബാറിൽ കെ മാധവൻ നായരെയും ചുമതലപ്പെടുത്തി ഖിലാഫത്ത് കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. ഈ രണ്ടുപേരും വാരിയൻ കുന്നൻ മുഹമ്മദ് ഹാജിയുൾപ്പെടെയുള്ള ഖിലാഫത്ത് നേതാക്കളും സഭകൾ വിളിച്ചുകൂട്ടുകയോ അവിടെ പ്രസംഗിക്കുകയോ പാടില്ലെന്ന് കളക്ടർ 1921 ഫെബ്രുവരിയിൽ നോട്ടീസ് കൊടുത്തു. അതിനു കാരണമായി പറഞ്ഞിരുന്നത് ഖിലാഫത്ത് സഭ കൂടിയാൽ, ”അറിവില്ലാത്ത മാപ്പിളമാർക്ക് ഗവൺമെന്റിന്റെ നേർക്ക് മാത്രമല്ല ഹിന്ദു ജന്മികളുടെ നേരെയും വിദ്വേഷം വർധിക്കും” എന്നാണ്.
മലബാർ ജില്ലാ കളക്ടറുടെ ഉത്തരവ് കൂടാതെ ഖിലാഫത്ത് കമ്മിറ്റികൾ കൂടുന്നത് വിലക്കിക്കൊണ്ട് മലപ്പുറം തുക്കിടി ഏറനാട്ടിലും വള്ളുവനാട്ടിലും സമാന ഉത്തരവ് പുറപ്പെടുവിച്ചു. ഖിലാഫത്ത് നേതാവ് യാക്കൂബ് ഹുസൈന്റെ പ്രസംഗം തടഞ്ഞുകൊണ്ട് കോഴിക്കോട് 144 പ്രഖ്യാപിച്ചു. നിരവധി നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ഓഗസ്റ്റ് മാസം തിരൂരങ്ങാടി, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ ഖിലാഫത്ത് കമ്മിറ്റിയുടെ ബോർഡും കൊടിയും നശിപ്പിച്ചും ചവുട്ടിത്തേച്ചും അക്രമം കാണിച്ച മലപ്പുറം സ്പെഷ്യൽ പൊലീസ് വീണ്ടും ലഹളയ്ക്ക് തിരിയിട്ടു. പൊലീസിന്റെ അന്യായമായ ആക്രമണത്തിനെതിരെ രംഗത്തുവരുകയും ശബ്ദമുയർത്തുകയും ആളുകൾക്ക് ആത്മവീര്യം പകർന്നു നൽകുകയും ചെയ്ത നേതാവായിരുന്നു ആലി മുസലിയാർ. ഖിലാഫത്ത് നേതാക്കളായ നാരായണമേനോന്റെയും മുഹമ്മദ് മുസലിയാരുടെയും ഉപദേശം കേട്ട് ഹാലിളകി നിന്ന ലഹളക്കാരുടെ കോപം ശമിപ്പിച്ച അവരുടെ നേതാവായിരുന്നു ആലി മുസലിയാർ.
ഈ കാലഘട്ടത്തിലുണ്ടായ പല ലഹളകളും അടിസ്ഥാനമില്ലാത്ത ഊഹാപോഹങ്ങൾ കാരണമായിരുന്നു എന്നതും ചരിത്ര വസ്തുതയാണ്. ഉദാഹരണത്തിന് തിരൂരങ്ങാടി പള്ളി പട്ടാളം വെടിവച്ചു തകർത്തു എന്നൊരു കിംവദന്തി പരന്നതിന്റെ പേരിലുണ്ടായ ലഹള അതിരു വിട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. നിലമ്പൂർ, മഞ്ചേരി, പരപ്പനങ്ങാടി, താനൂർ, പൂക്കോട്ടൂർ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നടന്ന ലഹളകളിൽ ഇത്തരം സംഭവങ്ങൾ കാണാം. ലഹളകളിൽ ഉൾപ്പെട്ടിരുന്ന ചിലർ കൊള്ളയും കൊള്ളിവയ്പ്പും നടത്തിയിരുന്നു. ആലി മുസ്‌ലിയാർ, വാരിയൻ കുന്നൻ മുഹമ്മദ് ഹാജി തുടങ്ങിയ നേതാക്കൾ ആ കൊള്ള മുതലുകൾ തിരിച്ചു കൊടുപ്പിച്ച സംഭവങ്ങളും നിരവധിയാണ്. തിരൂരങ്ങാടിയിലും പൂക്കോട്ടൂരും താനൂരുമെല്ലാം ബ്രിട്ടീഷ് പൊലീസും പട്ടാളവുമായിട്ടാണ് മലബാറിലെ മാപ്പിളമാർ ഏറ്റുമുട്ടി രക്തസാക്ഷികളായത്. നിരവധി പൊലീസുകാർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.

ഇതുംകൂടി വായിക്കൂ:മലബാർ കലാപത്തിന്റെ ഓർമ്മകൾക്ക് 100 വയസ്

സമാധാനം സ്ഥാപിക്കുന്നതിനായി ബ്രിട്ടീഷ് പട്ടാളത്തിന്റെ മുമ്പിൽ കീഴടങ്ങാൻ തീർച്ചപ്പെടുത്തിയ നേതാവായിരുന്നു ആലി മുസ്‌ലിയർ. മുസ്‌ലിയാർ കീഴടങ്ങിയില്ലെങ്കിൽ മമ്പുറംപള്ളിയും തിരൂരങ്ങാടി പട്ടണവും തകർത്തു കളയുമെന്ന് പൊലീസ് വിളംബരം ചെയ്ത സാഹചര്യത്തിൽ പള്ളിയിൽ നിന്നും പുറത്തുവന്ന ആലി മുസ്‌ലിയാരെ മാർഷ്യൽ ലോ കോടതി വിചാരണ ചെയ്ത് 1922 ഫെബ്രുവരി 17-ാം തീയതി കോയമ്പത്തൂർ ജയിലിൽ വച്ച് തൂക്കിക്കൊല്ലുകയാണ് ചെയ്തത്.
നിലമ്പൂർ കേന്ദ്രീകരിച്ച പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു ധീരനായ വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് പട്ടാളക്കാർക്ക് വിവരം ചോർത്തിക്കൊടുക്കുന്നവരും ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് അഭയം നൽകുന്നവരും ആയിരുന്നു അദ്ദേഹത്തിന്റെ ശത്രുക്കൾ. അതിൽ ഹിന്ദുവും മുസ്‌ലിമും ഒന്നുമില്ല. കൊള്ള ചെയ്തവരെയും സ്ത്രീകളെ ശാരീരികമായി പീഡിപ്പിക്കുന്നവരെയും വാരിയൻ കുന്നൻ ശിക്ഷിച്ചിരുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നവരുടെ കൈവിരൽ വെട്ടികളഞ്ഞാണ് ശിക്ഷ കൊടുത്തത്. കൊള്ള മുതൽ മടക്കി കൊടുക്കുക മാത്രമല്ല കുറ്റക്കാർക്ക് അടിശിക്ഷയും നൽകിയിരുന്നു. അവസാനം ഗവൺമെന്റിനു മുൻപിൽ കീഴടങ്ങിയ വാരിയൻ കുന്നൻ കുഞ്ഞഹമ്മ്ദ് ഹാജിയേയും മാർഷ്യൽ ലോ കോടതി സമ്മറി ട്രയൽ നടത്തി വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടു. 1922 ജനുവരി 20 ന് മലപ്പുറം മഞ്ചേരി റൂട്ടിലെ കോട്ടക്കുന്നിൽ വച്ച് ശിക്ഷ നടപ്പാക്കുകയും ചെയ്തു. തിരൂർ റയിൽവേ സ്റ്റേഷനിൽ നിന്നും നവംബർ 20 ന് വായു കടക്കാത്ത റയിൽവേ വാഗണിൽ കുത്തിനിറച്ച് കോയമ്പത്തൂരേക്ക് കൊണ്ടുപോയ മലബാർ കലാപകാരികളിൽ 64 പേർ ശ്വാസം കിട്ടാതെ മരിച്ചതും ബ്രിട്ടീഷ് അധികാരികളുടെ ക്രൂരതയുടെ തെളിവാണ്. ‘മലബാർ കലാപം’ നിർബന്ധിത മതപരിവർത്തനത്തിനു വേണ്ടി മാത്രമായിരുന്നു എന്ന നിലയിൽ വ്യാഖ്യാനിക്കുകയും ബ്രിട്ടീഷുകാർക്കെതിരായും ജന്മി ഫ്യൂഡൽ മാടമ്പിമാർക്കെതിരായുമുള്ള പ്രക്ഷോഭമായി അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നത് ചരിത്രത്തോടുള്ള നിഷേധമാണ്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ വ്യത്യസ്തങ്ങളായ സമര രൂപങ്ങളും അധികാരം നിലനിർത്താൻ വേണ്ടി കൗശലക്കാരായ ബ്രിട്ടീഷുകാർ നടത്തിയ ഹീനകൃത്യങ്ങളും ഒരു പുസ്തകരചന കൊണ്ടുപോലും തീരുന്നതല്ല. മലബാർ കലാപം പോലെയുള്ള നിരവധി ലഹളകളുടെ ആത്യന്തിക ഫലമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യം. അന്ന് ബ്രിട്ടീഷുകാരോടൊപ്പം നിന്നവർക്കും മാപ്പെഴുതിക്കൊടുത്ത് ജയിലിൽ നിന്നിറങ്ങിയവർക്കും ഇതൊന്നുമറിയില്ലല്ലോ.