Thursday
21 Feb 2019

പ്രണയം മതാതീതമാണ്

By: Web Desk | Wednesday 30 May 2018 10:36 PM IST

കേരളം വീണ്ടും ദുരഭിമാനക്കൊലയാല്‍ അപമാനിതയായിരിക്കുന്നു. നിലമ്പൂരിലെ ജാത്യാഭിമാനക്കൊലപാതകത്തിന്റെ നൊമ്പരമടങ്ങും മുമ്പേ കോട്ടയത്തും അത് ആവര്‍ത്തിച്ചിരിക്കുന്നു.
ഹിന്ദുസമുദായത്തിലേതാണെന്ന് അവകാശപ്പെടുന്ന ഒരു സമൂഹത്തിലെ പെണ്‍കുട്ടിയെയാണ് കീഴാള വിഭാഗത്തില്‍പ്പെടുന്ന ഒരു പട്ടാളക്കാരനെ പ്രണയിച്ചതിന്റെ പേരില്‍ സ്വന്തം പിതാവുതന്നെ നിലമ്പൂരില്‍ കൊലപ്പെടുത്തിയത്. കോട്ടയത്താകട്ടെ, ക്രിസ്തീയത പാലിച്ചുപോരുന്ന ഒരു ഇസ്‌ലാം-ക്രൈസ്തവ ദമ്പതികളുടെ മകള്‍ ദളിത് സമൂഹത്തില്‍ നിന്നും ക്രൈസ്തവതയിലേക്ക് ചേക്കേറിയ ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ചതാണ് ദുരഭിമാനക്കൊലയ്ക്ക് കാരണമായത്.

കഠിനമായ നവോത്ഥാന പരിശ്രമങ്ങളിലൂടെ ഇത്തരം മനുസംസ്‌കാരത്തെ അകറ്റിനിര്‍ത്തിയവരാണ് കേരളീയര്‍. വാവിട്ടു കരയുന്ന നീനു എന്ന നവവധുവിനോട് നമ്മള്‍ എന്തുപറയും? ആ കണ്ണുനീരിന് സാക്ഷരകേരളത്തോട് ചോദിക്കാന്‍ അനവധി ചോദ്യങ്ങളുണ്ട്.
പ്രണയത്തിന് ജാതിയോ മതമോ ഇല്ല. പ്രണയം നൈസര്‍ഗികവും ജാതിമതങ്ങള്‍ കൃത്രിമവുമാണ്. ജാതിയും മതവും മാത്രമല്ല ധനസ്ഥിതിയോ പ്രായവ്യത്യാസമോ ഒന്നും പ്രണയത്തെ ബാധിക്കാറില്ല. കുടുംബജീവിതത്തിന്റെ ഭദ്രതയ്ക്കുവേണ്ടി സമൂഹം നല്‍കിയിട്ടുള്ള ചില വിലക്കുകള്‍ പാലിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. സഹോദരീ സഹോദരന്മാര്‍ തമ്മിലും മാതാപിതാക്കളും മക്കളും തമ്മിലും രതിക്കതീതമായ ഒരു ബന്ധം ഉദാത്തമായി സമൂഹത്തില്‍ നിലനില്‍ക്കുന്നത് ഈ വിലക്കുകളെ മാനിക്കുന്നതുകൊണ്ടാണ്. അതും സമൂഹത്തിന്റെ സൃഷ്ടിയായതിനാല്‍ ചില നിരീക്ഷണങ്ങള്‍ നമ്മളെ അത്ഭുതപ്പെടുത്തും. സഹ്യപര്‍വതത്തിനു പടിഞ്ഞാറുള്ള ജനങ്ങളില്‍ അമ്മയുടെ സഹോദരന്റെ മകനുമായി പെണ്‍കുട്ടിക്ക് വിവാഹബന്ധം ആകാമെങ്കില്‍ കിഴക്കുള്ളവരുടെ സ്ഥിതി വേറെയാണ്. അവിടെ അമ്മയുടെ സഹോദരന്‍ തന്നെയാണ് മുറച്ചെറുക്കന്‍.
ഇങ്ങനെ ചില നിബന്ധനകള്‍ക്ക് സമൂഹം വിധേയമായിട്ടുണ്ടെങ്കിലും ജാതിമത വിലക്കുകളെ ആരും അംഗീകരിച്ചില്ല. പറയ സമുദായത്തില്‍പ്പെട്ട ഒരു യുവതിക്ക് ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട ഒരു പുരുഷനില്‍ നിന്നും ഉണ്ടായ കുട്ടികളാണല്ലോ ഐതിഹ്യത്തിലെ കേരളീയര്‍.
കെവിന്‍ ജോസഫിന്റെ മരണത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പന്താടുമ്പോള്‍ നമ്മള്‍ ഓര്‍ത്തിരിക്കേണ്ട ഒരു കാര്യം സവര്‍ണ സംസ്‌കാരത്തെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഉല്‍പന്നം തന്നെയാണ് ദുരഭിമാനക്കൊലകള്‍ എന്നതാണ്.
ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഉള്ളതിന്റെ ഒരു ശതമാനം പോലും മിശ്രവിവാഹിതര്‍ വലതുപക്ഷ പ്രസ്ഥാനങ്ങളില്‍ ഇല്ല. കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാക്കളായ വയലാര്‍ രവിയുടെയും മേഴ്‌സി രവിയുടെയും മകന് ഗുരുവായൂരിലുണ്ടായ അനുഭവത്തെ പ്രശ്‌നവല്‍ക്കരിക്കാനോ അതുവഴി മതാതീത സാമൂഹ്യബോധത്തെ പ്രസരിപ്പിക്കുവാനോ ആ സംഘടനയ്ക്ക് കഴിഞ്ഞില്ല. നോക്കൂ, മതങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് നിരവധി വിവാഹബന്ധങ്ങള്‍ രൂപപ്പെടുത്തിയെടുത്ത നെഹ്‌റു കുടുംബത്തെ അഭിവാദ്യം ചെയ്യുന്ന സംഘടനയുടെ കാര്യമാണിത്. തീവ്ര വലതുപക്ഷ രാഷ്ട്രീയസംഘടനയാകട്ടെ ഇത്തരം കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അര്‍ഹതയുള്ളവരുമാണ്.
കേരളത്തിലെ ദളിതര്‍ ക്രിസ്തുമാര്‍ഗത്തിലേക്ക് ചേക്കേറിയത് ഹിന്ദുമതക്കാരുടെ പീഡനം അസഹ്യമായതുകൊണ്ടാണ്. എന്നാല്‍ അവിടെയും അവര്‍ക്ക് രക്ഷയുണ്ടായില്ല. പൊയ്കയില്‍ അപ്പച്ചന്റെ പ്രവര്‍ത്തനങ്ങളും വയലാറിന്റെ ഇത്താപ്പിരി തുടങ്ങിയ കവിതകളും ഈ ദുരവസ്ഥയിലേക്ക് വെളിച്ചം വീശുന്നവയാണ്. യാഥാസ്ഥിതിക ക്രൈസ്തവരാകട്ടെ ക്‌നായി തോമയുടെ കാലം വരെയുള്ള പാരമ്പര്യം പറയുകയും ഹിന്ദുമതത്തിലെ സവര്‍ണരില്‍ നിന്നും ക്രിസ്തുമാര്‍ഗം സ്വീകരിച്ചവരാണെന്ന് ദുരഭിമാനം കൊള്ളുകയും ചെയ്യാറുണ്ട്. ക്രിസ്തുമതത്തില്‍ എത്ര വിഭാഗങ്ങളുണ്ടെന്ന് സാക്ഷാല്‍ യഹോവയ്ക്കുപോലും അറിയാമെന്നു തോന്നുന്നില്ല. സ്വയം പ്രഖ്യാപിത പോപ്പുമാരും പട്ടാളത്തിന്റെ ലക്ഷണം കാണിക്കുന്ന പ്രചാരകരും ഒക്കെയുള്ള ഒരു അത്ഭുത ലോകമാണത്. മറ്റ് മതത്തിലുള്ള വിഭാഗീയതകളേക്കാള്‍ ശക്തമാണ് ക്രൈസ്തവര്‍ തമ്മിലുള്ള ശത്രുതയെന്നത് കേരളത്തിലെ അടഞ്ഞുകിടക്കുന്ന ക്രൈസ്തവദേവാലയങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മതങ്ങളെയോ വര്‍ഗീയ രാഷ്ട്രീയപ്രസ്ഥാനങ്ങളെയോ മാനുഷിക പ്രണയത്തിനൊപ്പം നില്‍ക്കുന്നവരായി കാണാന്‍ കഴിയില്ല. എന്നാല്‍ മറ്റു പ്രസ്ഥാനങ്ങള്‍ സ്വന്തം അണികളെ ശുദ്ധീകരിക്കുക തന്നെ വേണം. ജാതിയും മതവുമല്ല ജീവിതമാണ് പ്രധാനം എന്ന ഉള്‍ക്കാഴ്ച യുവാക്കള്‍ക്കുണ്ടായാല്‍ മാത്രമേ ദുരഭിമാനക്കൊലകളില്‍ നിന്നും കേരളത്തിന് മുക്തി പ്രാപിക്കാന്‍ സാധിക്കൂ. പ്രണയം ഒരു കുറ്റകൃത്യമല്ല. പ്രണയിച്ചതിന്റെ പേരില്‍ ആരും കൊല്ലപ്പെടാനും പാടില്ല.