April 2, 2023 Sunday

ലോറി മറിഞ്ഞപ്പോള്‍ കോഴി മോഷ്ടിക്കുന്നവര്‍

Janayugom Webdesk
വാതിൽപ്പഴുതിലൂടെ
March 9, 2020 5:45 am

പുര കത്തുമ്പോള്‍ കഴുക്കോല്‍ കക്കുന്നവരേയും കുലവാഴ വെട്ടുന്നവരേയും കുറിച്ചു പറഞ്ഞു കേട്ടിട്ടുണ്ട്. അന്യന് ആപത്തുവരുമ്പോള്‍ അതിനിടെ ചൂഷണം നടത്തുന്നവരെക്കുറിച്ചുള്ള അതിഭാവുകത്വം നിറഞ്ഞ നാട്ടുവര്‍ത്തമാനങ്ങള്‍ മാത്രമാണിത്. മീന്‍ ലോറികള്‍ മറിയുമ്പോള്‍ റോഡില്‍ ചിതറുന്ന മീനുംവാരി ഓടുന്നവര്‍ നമുക്ക് പരിചിതം. ഇക്കഴിഞ്ഞ ദിവസം കോഴികളെ കയറ്റിവന്ന ഒരു വാഹനം മറി‍‌ഞ്ഞപ്പോഴുണ്ടായ രംഗങ്ങള്‍ നമ്മുടെ മനസുകള്‍ എത്രത്തോളം ഇടുങ്ങിപ്പോയിരിക്കുന്നുവെന്ന് കാട്ടിത്തന്നു. മറിഞ്ഞ ലോറിയുടെ ഡ്രൈവറും ക്ലീനറും ചോരയില്‍ കുളിച്ച് മരണാസന്നരായി പ്രാണനുവേണ്ടി കേഴുമ്പോള്‍ രംഗത്ത് ഓടിക്കൂടുന്ന നൂറുകണക്കിന് നാട്ടുകാര്‍ക്ക് ഇതൊന്നും ഒരു വിഷയമേയല്ല. അവര്‍ ലോറിക്കുള്ളില്‍ കയറി കോഴികളെ കയ്യിലും കക്ഷത്തിലും ഇടുക്കിപ്പിടിച്ച് വീടുകളിലേക്ക് ഓടുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ കോഴിലോറി കാലി. അപ്പോഴും ഡ്രൈവറും ക്ലീനറും ചോരച്ചാലില്‍ ജീവനുവേണ്ടി നിലവിളിക്കുന്നു. കോഴിക്കുഞ്ഞുങ്ങളോളം പോലും ഹൃദയവിശാലതയില്ലാത്ത മനുഷ്യ ജന്മങ്ങളെക്കുറിച്ചുള്ള ദുരന്ത ദൃശ്യമായിരുന്നു അത്.
മലയാളം ചാനലുകളായ ‘ഏഷ്യാനെറ്റും’ ‘മീഡിയാ വണ്ണും’ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കേന്ദ്ര ഫാസിസ്റ്റു ഭരണകൂടം 48 മണിക്കൂര്‍ നേരത്തേക്ക് അടച്ചുപൂട്ടിയതിനു പിന്നാലെ നടന്ന സംഭവങ്ങളാണ് നിരത്തിലെ കോഴിമോഷ്ടാക്കളെ ഓര്‍മ്മിപ്പിച്ചത്. ഏഴരയോടെ ഈ രണ്ടു ചാനലുകളുടേയും സംപ്രേഷണം നിലയ്ക്കുന്നു. സ്ക്രീനില്‍ കറുപ്പുമാത്രം. എന്തുസംഭവിച്ചുവെന്നറിയാന്‍ പ്രേക്ഷകര്‍ മറ്റു ചാനലുകളില്‍ പരതുന്നു. എന്തിനു രണ്ടു ചാനലുകള്‍ പൂട്ടിയെന്ന് ജനത്തെ വിവരമറിയിക്കുന്നതു തങ്ങളുടെ പണിയല്ലെന്ന മട്ടില്‍ പ്രമുഖ ചാനലുകളെല്ലാം വാചാലമായ മൗനം. ‘ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ചാനലുകള്‍‘പോലും രണ്ടു പ്രമുഖ ചാനലുകള്‍ക്കു വീണ വിലക്കിനെക്കുറിച്ച് ഉരിയാട്ടമില്ല. റേറ്റിംഗില്‍ പിന്‍നിരയിലുള്ള ഒരു ചാനല്‍ മാത്രം കേന്ദ്രത്തിന്റെ മാധ്യമമാരണ അടിയന്തരാവസ്ഥമൂലമാണ് ‘ഏഷ്യാനെറ്റി‘ന്റെയും ‘മീഡിയാ വണ്ണി‘ന്റെയും സംപ്രേഷണം നിര്‍ത്തിവയ്പിച്ചതെന്ന വാര്‍ത്ത പുറത്തുവിടുന്നു. ആദ്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പിന്നാലെ മുഖ്യമന്ത്രി പിണറായിയും പത്രപ്രവര്‍ത്തക യൂണിയനും രാഷ്ട്രീയ‑സാംസ്കാരിക പ്രവര്‍ത്തകരും കേന്ദ്രത്തിന്റെ മാധ്യമമാരണ നയത്തെ അപലപിച്ചിട്ടും മറ്റു പ്രമുഖ ചാനലുകള്‍ക്കൊന്നും അതു വാര്‍ത്തയല്ല. ചാനലുകള്‍ പൂട്ടിയ വാര്‍ത്ത കൊടുക്കാത്ത തങ്ങളെന്തിന് അതിനെതിരായ പ്രതികരണം നല്കണം എന്ന നപുംസകനിലപാടില്‍, ചാനലുകള്‍ തമ്മില്‍ പ്രൊഫഷണല്‍ കഴുത്തറുപ്പന്‍ മത്സരമായിക്കോട്ടെ. പക്ഷേ മാധ്യമങ്ങള്‍ക്കു വിലങ്ങുവീഴുമ്പോള്‍ അതു കാണാതെ പോകുന്നവര്‍ നിരത്തില്‍ മറിഞ്ഞ ലോറിയില്‍ കയറിയ കോഴിക്കള്ളന്മാരെപ്പോലെയായതാണ് അത്യന്തം ലജ്ജാകരം. ചാനലുകള്‍ പൂട്ടിയ വാര്‍ത്തകള്‍ തമസ്കരിച്ച പ്രമുഖന്മാര്‍ ഇതേക്കുറിച്ച് പിന്നീട് വായതുറന്നത് മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളിയാഴ്ച പാതിരാത്രി കഴിഞ്ഞ് വിലക്കു പിന്‍വലിച്ചപ്പോള്‍ മാത്രമാണ്. എന്നിട്ടും ഇരയായ ചാനലുകള്‍ക്കെതിരേ ഒരു പാരയും; ഡല്‍ഹി കലാപത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തതിനാലാണത്രേ സംപ്രേഷണം നിര്‍ത്തിവയ്പിച്ചതെന്നും!
പ്രബുദ്ധ മലയാളത്തിലെ ചാനല്‍ ഭീകരരാണ് തങ്ങളുടെ സഹജീവികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ കോഴിക്കള്ളന്‍ അപ്പുമാരായത്, എന്നായിരുന്നു തെറ്റായ വാര്‍ത്താ റിപ്പോര്‍ട്ടിംഗ് എന്നു മാത്രം അവര്‍ മിണ്ടുന്നില്ല. ഡല്‍ഹിയിലെ കലാപദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന പേരിലാണ് ‘ഏഷ്യാനെറ്റും’ മീഡിയാവണ്ണും അടച്ചുപൂട്ടാന്‍ മോഡി സര്‍ക്കാര്‍ കല്പന പുറപ്പെടുവിച്ചത്. ഈ ചാനലുകള്‍ പുറത്തുവിട്ട ‘വിവാദ ദൃശ്യങ്ങള്‍’ എന്തായിരുന്നു. കിഴക്കന്‍ ഡല്‍ഹിയിലെ പ്രമുഖ ബിജെപിക്കാരന്റെ ഉടമസ്ഥതയിലുള്ള മോഹന്‍ ക്ലിനിക് ആന്റ് ഹോസ്പിറ്റലിന്റെ മുകളിലെ നിലയിലെ ടെറസില്‍ നിന്ന് ഹിന്ദുഭീകരക്കൂട്ടം താഴെ നിരത്തിനരികില്‍ സമരം ചെയ്യുന്ന ന്യൂനപക്ഷങ്ങളടക്കമുള്ള ജനക്കൂട്ടത്തിലേക്ക് ബോംബുകളെറിയുന്നതും വെടിവയ്ക്കുന്നതുമായ ദൃശ്യങ്ങളാണ് ഈ ചാനലുകള്‍ സംപ്രേഷണം ചെയ്തത്. ഇതേ ദൃശ്യങ്ങള്‍ മോഡിയുടെയും അമിത് ഷായുടെയും കൂലിത്തല്ലുകാരനായ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിലൂടെ പുറത്തു വിട്ടത് കുറ്റകരമായില്ല, വിലക്കും വീണില്ല, അത്യന്തം ആപല്‍ക്കരമായി ആവിഷ്ക്കാരസ്വാതന്ത്ര്യം തകര്‍ത്ത് മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താനാകുമോ എന്ന പദ്ധതിയുടെ ഒരു ആസിഡ് ടെസ്റ്റായിരുന്നു ‘ഏഷ്യാനെറ്റി‘നും ‘മീഡിയാ വണ്ണി‘നുമെതിരെയുള്ള വിലക്ക്. പക്ഷേ ഈ ആസിഡ് ടെസ്റ്റില്‍ മോഡിയുടെ കൈ പൊള്ളിയപ്പോള്‍ ഞാനൊന്നുമറിഞ്ഞല്ലേ രാമനാരായണാ എന്ന നാണംകെട്ട വേഷം കെട്ട്. മാധ്യമമാരണത്തിനുള്ള പല പദ്ധതികളും ഇനിയും തലനീട്ടും.
അന്നും നപുംസക ചാനലുകളുടെ കാണ്ടാമൃഗചര്‍മ്മ നിലപാട് എന്തായിരിക്കുമെന്നും നമുക്ക് കാത്തിരുന്നു കാണാം.
ഞങ്ങളുടെ നാട്ടില്‍ ഒരു ‘ഉമ്മിണി കണ്‍ട്രാക്ക്’ ഉണ്ടായിരുന്നു. എന്നുവച്ച് ആ പാവം കോണ്‍ട്രാക്ടര്‍ ഒന്നുമായിരുന്നില്ലാ നരച്ച കൊമ്പന്‍ മീശവച്ച മഹാരസികന്‍. അന്ന് എക്സൈസുകാര്‍ വ്യാജവാറ്റുകാരെയൊന്നും തൊടാറില്ല. തലസ്ഥാന ജില്ലയിലാണെങ്കില്‍ അന്ന് സമ്പൂര്‍ണ മദ്യ നിരോധനവും. വണ്ടിക്കൂലി മുടക്കി കൊല്ലത്ത് പോയി കുടിക്കാന്‍ പാങ്ങില്ലാത്തവരുടെ അത്താണിയാണ് ഉമ്മിണി കണ്‍ട്രാക്ക്. തന്റെ വാറ്റുചാരായത്തെ സ്വയമ്പന്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. അരിവകയാറും കരിപ്പെട്ടിയും പഴങ്ങളുമിട്ട് എടുക്കുന്ന കോടയില്‍ വാറ്റുന്ന ചാരായമായതിനാല്‍ വാടയുമില്ലെന്ന് വിശദീകരണം. തന്റെ ഉല്പന്നത്തെ പ്രകീര്‍ത്തിക്കാന്‍ ഉമ്മിണി കണ്‍ട്രാക്കിന് ഒരു സ്ഥിരം പരസ്യവാചകവുമുണ്ട്; ‘അമ്മ കുടിച്ചാല്‍ മോള്‍ കൂത്താടും!’ കാലിക്കറ്റ് സര്‍വകലാശാല കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു സര്‍ക്കുലറിനെക്കുറിച്ച് കേട്ടപ്പോഴാണ് നാല്പതാണ്ടു മുമ്പ് കഥാവശേഷനായ ഉമ്മിണി കണ്‍ട്രാക്ക് എന്ന കഥാപാത്രം ഓര്‍മ്മയില്‍ ഓടിക്കയറിയത്. ഒപ്പം അദ്ദേഹത്തിന്റെ ‘അമ്മ കുടിച്ചാല്‍ മോള്‍ കൂത്താടും’ എന്ന പ്രയോഗത്തേയും. മദ്യവും ലഹരി വസ്തുക്കളും ഉപയോഗിക്കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് സര്‍വകലാശാലയിലും അതിനു കീഴിലുള്ള കോളജുകളിലും പ്രവേശനം നല്കില്ലെന്നാണ് സര്‍ക്കുലര്‍. വിദ്യാര്‍ത്ഥിയും രക്ഷിതാവും ഇതുസംബന്ധിച്ച് അപേക്ഷയോടൊപ്പം സത്യവാങ്മൂലവും നല്കണമത്രേ. രണ്ടെണ്ണം വിടുന്ന ശീലം തനിക്കില്ലെന്ന് പിതാവും ലഹരി തനിക്കു ചതുര്‍ത്ഥിയാണെന്ന് മകനും ഒപ്പിട്ടു നല്കണം. അഡ്മിഷനു വരുമ്പോള്‍ കുട്ടികളെയും രക്ഷകര്‍ത്താക്കളെയും കോളജ് അധികൃതര്‍ അടിവസ്ത്രം വരെ അഴിച്ചു പരിശോധിക്കും; വല്ല പൈന്റോ, ക്വാര്‍ട്ടറോ, കഞ്ചാവു പൊതിയോ ഒളിപ്പിച്ചിട്ടുണ്ടെന്നറിയാന്‍! പക്ഷേ വീട്ടിലിരിക്കുന്ന മാതാശ്രീമാര്‍ ഉമ്മിണി കണ്‍ട്രാക്കിന്റേതുപോലുള്ള സ്വയമ്പന്‍ സാധനമടിക്കുമ്പോള്‍ മകളും കൂത്താടിയാല്‍ അഡ്മിഷന്‍ കാര്യം പോക്ക്! സര്‍ക്കുലര്‍ നടപ്പായാല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരൊറ്റ കുട്ടി പ്രവേശനത്തിനുണ്ടാവില്ല. സിന്‍ഡിക്കേറ്റ് മെമ്പര്‍മാരെയും പ്രിന്‍സിപ്പല്‍മാരെയും ചാന്‍സലറെയും (അതായത് സാക്ഷാല്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍) വൈസ് ചാന്‍സലറെയും പ്രോവൈസ് ചാന്‍സലറെയും മദ്യം ഹറാമായ പ്രോചാന്‍സലര്‍ മന്ത്രി കെ ടി ജലീലിനെയും ബ്രത്ത് അനലൈസറിനു മുന്നില്‍ നിര്‍ത്തി ഊതിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ അകത്തു കടത്തൂ! ഇവര്‍ മരുന്നടിച്ചിട്ടുണ്ടോ എന്നറിയാന്‍ ഹൈടെക് ഊതല്‍ വേറേ! കേരളത്തിലെ ഒരു പ്രബുദ്ധ സര്‍വകലാശാലയാണ് ഈ ഊളന്‍ ഉത്തരവിറക്കിയിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ഞെട്ടിപ്പോകുന്നു. താനിതൊന്നും അറിഞ്ഞില്ലെന്നാണ് വൈസ് ചാന്‍സലര്‍ പറയുന്നത്. ചാനലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് താനറിയാതെയാണെന്ന് മോഡി പറഞ്ഞ അതേ ശേല്!
കൊറോണ വൈസ് കൊറോണാ കേരളാകോണ്‍ഗ്രസ് പോലെ ഉലകമാകെ പടരുമ്പോള്‍ ആശ്വാസമായി ബിജെപിയുടെ ഔഷധ നിര്‍മ്മാണശാലയില്‍ മരുന്നു കണ്ടുപിടിച്ചിരിക്കുന്നുവെന്ന ആശ്വാസ വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. കര്‍ണാടകയിലെ ഗിരിയൂരില്‍ സ്വര്‍ണഭൂമിഗോശാലയിലാണ് ഹോപ്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിനേയും തോല്പിക്കുന്ന കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. സംഗതി സിംപിള്‍. ഒരു ബക്കറ്റ് ചൂടു ഗോമൂത്രത്തില്‍ ചാണകം കുറുകെ കലക്കുക. ചാണക‑ഗോമൂത്ര മിശ്രിതം നഗ്നരായിനിന്ന് പാദാദികേശവും കേശാദി പാദവും പൂശുക. പൂശലില്‍ ഒരു അവയവം വിടരുത്. ശരീരത്തിലെ ദ്വാരങ്ങളെല്ലാം ഈ കുഴമ്പുകൊണ്ട് അടയ്ക്കുക. ഈ ചികിത്സ ആണിനും പെണ്ണിനുമാകാം. അരമണിക്കൂര്‍ കഴിഞ്ഞ് കുളിക്കുക. കൊറോണ പമ്പകടക്കും! പിന്നെ ജീവിതത്തിലൊരിക്കലും കൊറോണ വൈറസ് ഇത്തരം കുളിക്കാരെ തൊട്ടുതീണ്ടില്ലത്രേ. അന്ധവിശ്വാസങ്ങള്‍ക്കെതിരേ നിയമം കൊണ്ടുവന്നിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. എന്തു ചെയ്യാന്‍ വഴിനീളെ മൂത്രമൊഴിച്ചുനടക്കുന്ന പശുവിന്റെ ഗുഹ്യഭാഗത്ത് കൈകുമ്പിള്‍ നീട്ടി ഗോമൂത്രപാനം നടത്തുന്ന മുഖ്യമന്ത്രി പുംഗവനായ പൂച്ചസന്യാസി യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ അത്തരമൊരു നിയമത്തിനും സ്കോപ്പില്ല.
ഇന്നലെ ലോകവനിതാദിനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരാഴ്ച മുമ്പുതന്നെ അതിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. കല്യാണം കഴിച്ച പെണ്ണിനു ചെലവിനു കൊടുക്കാതെ വലിച്ചെറിഞ്ഞ മോഡിയുടെ സ്ത്രീഭക്തി കണ്ട് നമുക്ക് ആനന്ദ നിര്‍വൃതിയടയാം. വനിതാദിനത്തിന്റെ കര്‍ട്ടന്‍ റെയിസറായി മന്ത്രി സ്മൃതി ഇറാനിയടക്കമുള്ള തടിമാടികള്‍ ചേര്‍ന്ന് നമ്മുടെ പാവം കൊച്ച് രമ്യ ഹരിദാസിനെ ലോക്‌സഭയിലിട്ട് തല്ലിച്ചതച്ചു. ഏതെല്ലാം ഭാഗത്ത് സ്മൃതി ഇറാനിസ്മൃതിയില്‍ തല്ലുന്ന ചവിട്ടു പാസാക്കിയെന്ന് ആ കൊച്ച് നാണക്കേടുകൊണ്ട് പറയാത്തതാ! ഇന്നലെ വനിതാദിനത്തില്‍ തന്നെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഇന്നലത്തേയ്ക്ക് മാത്രമായി ഏഴു പെണ്‍മണിമാര്‍ക്കു പതിച്ചു നല്കി. ഇവരിലൊരാള്‍ ഫുഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്ഥാപകയായ സ്നേഹ മോഹന്ദോസ്. അവര്‍ മോഡിയുടെ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തത് വലിയൊരു ചെയ്തായിപ്പോള്‍. ഭക്ഷണത്തെപ്പറ്റി നാം നിരന്തരം പറയുന്നു. പക്ഷേ ദാരിദ്ര്യത്തെക്കുറിച്ച് മിണ്ടുന്നില്ല എന്ന് സ്നേഹ പറഞ്ഞത് മോഡിക്കിട്ടുള്ള ഒരു ആക്ക് ആയിപ്പോയി. മോഡിയുടെ ജന്മഭൂമിയായ ഗുജറാത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 15,401 കുട്ടികളാണ് പട്ടിണിമൂലം മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കണക്ക് ഇതായിരിക്കേ മോഡിയുടെ അക്കൗണ്ടില്‍ കയറി ദാരിദ്ര്യ ദുഃഖശമനായ നരേന്ദ്രമോഡി എന്നു കളിയാക്കിയതിന് എന്തു ഭാവനാചന്തം!

Eng­lish Sum­ma­ry: janayu­gom col­umn about media freedom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.