Thursday
23 May 2019

മാധ്യമ കൂലിത്തല്ലുകാരും കത്തിവേഷങ്ങളും

By: Web Desk | Sunday 3 March 2019 10:07 PM IST


Secirity personnal near awantipora blast site. Express Photo by Shuaib Masoodi 14/02/2019

devika

യുദ്ധത്തിലായാലും സമാധാനത്തിലായാലും ഒരു ജനതയുടെ പൊതുബോധ്യം ദേശാഭിമാന നിര്‍ഭരമായിരിക്കും. ആ തികഞ്ഞ ദേശഭക്തി അളക്കാന്‍ കോലും കത്തിയുമായി ആരും ഇറങ്ങിപുറപ്പെടാറുമില്ല. കാരണം ദേശസ്‌നേഹവും യുദ്ധാവസ്ഥയിലെ ഒരു ജനതയുടെ ഒരുമയും സ്വയംഭൂവാണ്. ഇന്ത്യ അഭിമുഖീകരിച്ച യുദ്ധകാലങ്ങളിലൊക്കെയും ഇതുതന്നെയായിരുന്നു സ്ഥിതി. ഇന്ദിരാ ഭരണത്തിന്‍ കീഴില്‍ നടന്ന ഇന്തോ-പാക് യുദ്ധങ്ങളിലും അതിനു മുമ്പ് നെഹ്‌റും, വി കെ കൃഷ്ണമേനോനും പടനയിച്ച ചൈനീസ് യുദ്ധകാലത്തും ബിജെപി നേതാവ് എ ബി വാജ്‌പേയ് നേതൃത്വം നല്‍കിയ കാര്‍ഗില്‍ യുദ്ധത്തിലും ഈ മഹാെഎക്യമാണ് നാം ദര്‍ശിച്ചത്.

എന്നാല്‍ പാകിസ്ഥാനുമായി ഈയിടെ നടന്നു വരുന്ന ‘ഛോട്ടാലഡായി’കള്‍ക്കിടയില്‍ ആപല്‍ക്കരമായ ഒരു പ്രവണത ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. ദേശാഭിമാനത്തേയും പൊതുബോധത്തേയും അരക്കില്ലത്തിലടച്ച് വരുതിയിലാക്കാനുള്ള ഹീന ശ്രമങ്ങള്‍ ഇതാദ്യമായി ഉയര്‍ന്നു വന്നിരിക്കുന്നു. മോഡിയും ഭരണകൂടവും കാട്ടുന്ന ഏതു ഊളത്തരത്തിനും ഇന്ത്യന്‍ ജനത ഹല്ലേലുയ പാടിക്കൊള്ളണമെന്ന ആജ്ഞ അടിച്ചേല്‍പ്പിക്കാന്‍ മോഡിക്കും സംഘ പരിവാറിനും കുഴലൂത്തു നടത്തുന്നത് മാധ്യമ ഗുണ്ടകളും ചാനല്‍ കത്തിവേഷങ്ങളുമാണെന്നു വരുമ്പോഴാണ് ആപത്തിന്റെ ആഴമേറുന്നത്. ഇപ്പോള്‍ നടന്നു വരുന്ന സംഘര്‍ഷത്തിലേയും അതിനിടയാക്കിയ സംഭവ പരമ്പകളിലേയും ന്യായാന്യതകളെക്കുറിച്ച് കമാ എന്ന് ഒരക്ഷരം മിണ്ടിക്കൂടാ. തിരുത്തേണ്ട പാളിച്ചകളും വങ്കത്തങ്ങളും മോഡി ഭരണത്തില്‍ നിന്നുണ്ടാകുമ്പോള്‍ ചൂണ്ടിക്കാണിക്കുന്നവരെ രാജ്യദ്രോഹികളും പാക് തത്തകളുമായി ചാപ്പകുത്തുന്ന അര്‍ണബ് ഗോസ്വാമിമാരെപ്പോലുള്ള മാധ്യമ കത്തിവേഷങ്ങള്‍ ചരിത്രത്തിലാദ്യമായി ബിജെപിക്കു വേണ്ടി പകര്‍ന്നാട്ടം നടത്തുമ്പോള്‍ ഹിറ്റ്‌ലറുടേയും, മുസോളിനിയുടേയും പ്രേതങ്ങള്‍ പുനര്‍ജനിക്കുന്ന ഭയാനകമായ പ്രതീതി.

ജമ്മു-കശ്മീര്‍ മഹാരാജാവ് ഹരിസിംഗ് തന്റെ രാജ്യത്തെ ഇന്ത്യയോട് ലയിപ്പിച്ചതുമുതലുള്ള നാള്‍ വഴിക്കണക്കുകള്‍ നമുക്കു മാറ്റി വയ്ക്കാം. ഒരു മാസം മുമ്പ് കശ്മീരിലെ പുല്‍വാമയില്‍ നടന്ന കിരാതമായ ഭീകരാക്രമണത്തില്‍ നമ്മുടെ നാല്‍പത് ജവാന്മാരാണ് രക്തസാക്ഷികളായത്. തങ്ങളുടെ ഇന്നിന്റെ വസന്തം നാടിന്റെ നാളെയുടെ വസന്തത്തിനായി ഹോമിച്ച ആ സൈനികരെ വീരമൃത്യു എന്ന സ്വര്‍ണ്ണ അലുക്കുകളിടുള്ള കൂട്ടിലടച്ച് നാം നന്ദികാട്ടി. എന്നാല്‍ ഈ വീര്യമൃത്യുവിനു വഴി തെളിച്ചത് മോഡി ഭരണകൂടമാണെന്ന് ഈ ചാനല്‍ കൂലിത്തല്ലുകാരെന്തേ മിണ്ടാത്തത്. ഭീകരര്‍ നിര്‍മ്മിച്ച ചാവേര്‍ മനുഷ്യഭിത്തികള്‍ക്കിടയിലൂടെ ആയിരക്കണക്കിനു ജവാന്മാരെ റോഡ്‌ഷോ പോലെ ശ്രീനഗറിലേയ്ക്ക് തെളിക്കാനെടുത്ത തീരുമാനമല്ലേ രാജ്യദ്രോഹം? അതുപറഞ്ഞപ്പോള്‍ മോഡിയും മന്ത്രിപരിവാരങ്ങളായ രാജ്‌നാഥ് സിംഗും നിര്‍മ്മലാ സീതാരാമനും രാജ്യത്തെ രാജ്യദ്രോഹത്തിന്റെ പാതയിലൂടെ ചിലര്‍ കൈപിടിച്ചു നടത്തുന്നുവെന്ന് കോലാഹലമായി. ഇന്ത്യന്‍ ജവാന്മാരെ ഇന്ത്യന്‍ മണ്ണിലൂടെയല്ല ആകാശം വഴികൊണ്ടു പോകുമോ എന്നായി രാജ്‌നാഥിന്റെ ചോദ്യം. ഇത്തരം ചാവേര്‍പഥങ്ങളിലൂടെ ആട്ടിന്‍പറ്റങ്ങളെപ്പോലെ സൈനികരെകൊണ്ടു പോകുന്നതിനു പകരം വ്യോമമാര്‍ഗ്ഗം ലക്ഷ്യസ്ഥാനങ്ങളിലെത്തിയ്ക്കണമെന്നു പറഞ്ഞവരെ രാജ്യദ്രോഹികള്‍ എന്നു മുദ്രകുത്തിയ മോഡി രായ്ക്കുരാമാനം തീരുമാനം മാറ്റി, ഭാവിയില്‍ ഇത്തരം സൈനിക നീക്കങ്ങള്‍ വ്യോമമാര്‍ഗ്ഗം മാത്രമേ നടത്തൂ എന്ന്!

ഈ അഭിപ്രായം പറഞ്ഞവരെ രാജ്യദ്രോഹികള്‍ എന്നു വിളിച്ച മോഡിയല്ലേ നമ്മുടെ 40 വിലപ്പെട്ട ജീവനുകള്‍ ഭീകരര്‍ക്കു കുരുതിക്കെറിഞ്ഞു കൊടുത്ത രാജ്യദ്രോഹ കേസിലെ ഒന്നാംപ്രതി? ലോക് സഭാതെരഞ്ഞെടുപ്പില്‍ തോറ്റമ്പുമെന്നുറപ്പായ മോഡിക്ക് പുല്‍വാമ ഭീകരാക്രമണം പരാജയത്തിന് ഒരു രാസത്വരകവുമായി. ഇതിനിടെയാണ് ആര്‍എസ്എസ് സുപ്രീം കമാന്‍ഡര്‍ മോഹന്‍ഭാഗവതിന്റെ അവതാരം. സംഘികളുടെ കാല്‍കവാത്തിനില്ല പാകിസ്ഥാന്‍ എന്ന വീമ്പിളക്കലിലൂടെ ഇന്ത്യയുടെ മഹത്തായ സൈനിക വിഭാഗങ്ങളെ അവഹേളിച്ച മോഹന്‍ ഭാഗവത് അടുത്ത ഭാരതരത്‌നത്തിന് അര്‍ഹനായ പത്തരമാറ്റ് രാജ്യസ്‌നേഹി. എന്തെങ്കിലും കാട്ടിക്കൂട്ടിയില്ലെങ്കില്‍ കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്നായപ്പോള്‍ മിറാഷ് വ്യൂഹത്തെ അയച്ച് പാക്ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നു പ്രഖ്യാപനം. ഈ ആക്രമണത്തില്‍ ഭീകരകേന്ദ്രങ്ങള്‍ക്ക് കാര്യമായി ഒന്നുംസംഭവിച്ചില്ലെന്ന്ആഗോള മാധ്യമങ്ങളും ഉപഗ്രഹ ചിത്രങ്ങളും സാക്ഷ്യം പറയുമ്പോള്‍ അക്കാര്യം ചൂണ്ടിക്കാട്ടിയവരും രാജ്യദ്രോഹികള്‍, മോഡി പറയുന്ന നുണകള്‍ ഉപ്പുതൊടാതെ വിഴുങ്ങുന്നവര്‍ കറകളഞ്ഞ രാജ്യദ്രോഹികളെന്ന് അവ്യാഖ്യാനിക്കാന്‍ അര്‍ണബ് ഗോസ്വാമിമാരെപ്പോലുള്ള മാധ്യമ ഉഡായിപ്പുകളും. ഇനി മറ്റൊരു കാര്യം. അതുപറഞ്ഞതിന് ദേവികയെ രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗ്രഹത്തിലടയ്ക്കുമെങ്കില്‍ അതിനു തയ്യാര്‍.

ഇതാണ് ആ ചോദ്യം സൈനിക കരങ്ങളില്‍ ബന്ധനാക്കപ്പെട്ട പാകിസ്ഥാനിലുള്ള ജനാധിപത്യം ഇന്ത്യയിലുണ്ടോ ? സംഘര്‍ഷം വളര്‍ന്നപ്പോള്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പാക്പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് ചേര്‍ത്താണ് സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തത്. പാക്പിടിയിലായ ഇന്ത്യന്‍പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്റെ മോചനം അദ്ദേഹം പ്രഖ്യാപിച്ചതും പാര്‍ലമെന്റില്‍. മോഡി ഇത്തരമൊരു അത്യന്തം ഗുരുതരമായ അന്തരീക്ഷത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുകൂട്ടാത്തതില്‍ ആഗോള സമൂഹം തന്നെ അത്ഭുതം കുറുന്നു. മിന്നലാക്രമണമെന്ന് മോഡി അവകാശപ്പെടുന്ന സംഭവത്തിനു ശേഷം രാഷ്ട്രത്തോടുപോലും സംസാരിക്കാതെ തന്റെ പാര്‍ട്ടിറാലിയില്‍ ഗീര്‍വാണമടിച്ച മോഡിയെക്കാള്‍ ജനാധിപത്യവാദി ഇമ്രാനാണെന്നുപറഞ്ഞതിന്റെ കാരണവും ഇതാണ്. ഇത്തരം അടിയന്തരമായ അന്തരീക്ഷസൃഷ്ടിയുണ്ടാകുമ്പോള്‍ പ്രതിപക്ഷങ്ങളെ വിളിച്ച് ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നത് ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ കീഴ്‌വഴക്കമാണ്. മോഡിയുടെ കീഴില്‍ ഇന്ത്യയ്ക്ക് ആ ജനാധിപത്യകീഴ്‌വഴക്കവും കീഴ്‌മേല്‍ മറിഞ്ഞു. സംയുക്ത പാര്‍ലമെന്റ് സമ്മേളനമോ പ്രതിപക്ഷ കക്ഷികളുടെ യോഗമോ വിളിച്ചാല്‍ മോഡിയുടെ അവകാശവാദങ്ങള്‍ പൊളിയുമെന്ന ഭീതികൊണ്ടാണ് പട്ടടയില്‍വെയ്ക്കും വരെ അസത്യങ്ങളുമായേ അഭിരമിക്കൂ എന്നു വ്രതമെടുത്ത മോഡി ഈ രണ്ടു വേദികളും വേണ്ടെന്നു വച്ച് ബിജെപി റാലിയിലെ എറാന്‍ മൂളികളോട് രാജ്യസ്‌നേഹം ഉദ്‌ഘോഷിച്ചത്, ജനാധിപത്യബോധത്തിലും ജനതയെ മുഖവിലയ്‌ക്കെടുക്കുന്നതിലും ഇമ്രാന്‍ഖാന്‍ കാട്ടുന്ന ആര്‍ജവം മോഡിക്ക് എന്നേ കൈമോശം വന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ജനാധിപത്യവാദിയും മോഡി ജനാധിപത്യവിരുദ്ധനുമാവുന്നത്. മോഡിയുടെ സൈനിക കോപ്പരാട്ടികളെല്ലാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സീറ്റുനേടാനാണെന്ന സത്യം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനായ മുന്‍കര്‍ണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞത് മോഡി മഹാരാജാവിന്റെ കരണക്കുറ്റിക്ക് പ്രഹരമായി, മിറാഷുകളുടെ മിന്നലാക്രമണം കഴിഞ്ഞപ്പോള്‍ 340 ഭീകരരെ ഇന്ത്യ വക വരുത്തിയെന്നാണ് മോഡിയും കൂട്ടരും വെളിപ്പെടുത്തിയത്. പക്ഷേ ഇപ്പോഴിതാ മോഡിയുടെ മന്ത്രിസഭാംഗമായ എസ് എസ് അലുവാലിയ പറയുന്നത് 340 ഭീകരരെ കൊന്നുവെന്ന് ഞങ്ങളാരെങ്കിലും പറഞ്ഞോ എന്ന് ! ചുരുക്കത്തില്‍ മോഡി പടനയിച്ചത് വെളുക്കാന്‍ തേച്ചതുപാണ്ടുപോലെയായി.

പാകിസ്ഥാന്റെ ലോകോത്തരമായ എഫ്-16 യുദ്ധവിമാനം വെടിവെച്ചുവീഴ്ത്തിയ നമ്മുടെ ധീരവൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമാന് നമുക്ക് ആയിരമായിരം അഭിവാദ്യമര്‍പ്പിക്കാം. ആധുനിക വ്യോമയുദ്ധത്തില്‍ വെറുമൊരു തകരപാട്ട തട്ടിക്കുൂട്ടിയതാണ് ഇന്ത്യയുടെ മിഗ്-21 ബൈസണ്‍ യുദ്ധവിമാനം, 46 വര്‍ഷം പ്രായമുള്ള ഈ കളിവിമാനത്തിലിരുന്നും പാക ് പടവിമാനത്തെ വീഴ്ത്തിയശേഷം തന്റെ വിമാനം തകര്‍ന്നു പിടിയിലായ അഭിനന്ദന്റെ ദേശാഭിമാനഭരിതമായ കരളുറപ്പ് 56 ഇഞ്ച് വിരിമാറുകാട്ടുന്ന മോഡിക്കു സ്വപ്‌നം കാണാനാകുമോ?