December 5, 2022 Monday

വാരിയേറുകൾ തമാശകളാകുമ്പോൾ

Janayugom Webdesk
നോട്ടം( വാർത്താസമ്മേളനം)
September 4, 2020 5:45 am

ഔദ്യോഗിക പ്രതിപക്ഷത്തിനായാലും കൂടെ ചേർന്നുകിടക്കുന്ന ബിജെപിക്കായാലും സർക്കാരിനെയും മുഖ്യമന്ത്രിയെയും ഒരുദിവസമെങ്കിലും ഒന്നു കുത്തിനോവിച്ചില്ലെങ്കിൽ ഉറക്കം വരില്ലെന്ന സ്ഥിതിയായി. ‘പകല്‍ കോൺഗ്രസ് രാത്രി ആർഎസ്എസ്’ എ കെ ആന്റണി പറഞ്ഞ ആ കഥയിൽ നിന്നെല്ലാം സംഗതി പുരോഗമിച്ചു. കോൺഗ്രസിന്റെയും ലീഗിന്റെയും ബിജെപിയുടെയും കാര്യത്തിൽ കാലം സെക്കൻഡ് സൂചിയേക്കാൾ വേഗത്തിലാണ്. കാര്യങ്ങൾ ബിജെപി അധ്യക്ഷൻ വാർത്താസമ്മേളനം വഴി നിരത്തും. രാവിലത്തെ ബിജെപി വാദങ്ങൾക്ക് പ്രതിപക്ഷ നേതാവോ കോൺഗ്രസിന്റെയോ ലീഗിന്റെയോ ഏതെങ്കിലും നേതാക്കളോ അടിവരയിടും. ലക്ഷ്യം വൈകുന്നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിലൂടെയുള്ള മറുപടിയാണ്. മുഖ്യമന്ത്രിയുടെ മറുപടിയോടെ തന്റെ ഒരുദിവസത്തെ ഇടപെടലിന് ‘മൈലേജ്’ കിട്ടിയെന്നാണത്രെ. ഓരോരോ ആത്മനിർവൃതികള്‍.

കോവിഡ് കേരളത്തിൽ വ്യാപിക്കാൻ തുടങ്ങിയതു മുതലാണ് മുഖ്യമന്ത്രി ദിനേന വാര്‍ത്താസമ്മേളനം വഴി ജനങ്ങളോട് സ്ഥിതിവിവരം പറയാൻ നിശ്ചയിച്ചത്. കോവിഡ് രോഗത്തിന്റെ അവസ്ഥയെക്കുറിച്ച് കേൾക്കാൻ കാത്തിരിക്കുന്നവർ ഒരുപാടുണ്ടെങ്കിലും മാധ്യമങ്ങൾക്കും പ്രതിപക്ഷ‑ബിജെപി നേതാക്കൾക്കും വേണ്ടത് അതൊന്നുമല്ല. വാർത്താസമ്മേളനത്തിന്റെ അന്ത്യത്തിലെ മാധ്യമവിചാരണയിലാണ് കാര്യമിരിക്കുന്നത്. ചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയതുമുതൽ കേരളത്തിലെ മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും പൊതുജനങ്ങൾക്കുണ്ടായിരുന്ന ബഹുമാനമത്രയും തകർന്നില്ലാതായെന്നത് വേറെ കാര്യം. പകൽ വാർത്താസമ്മേളനങ്ങൾ വഴി പ്രതിപക്ഷമോ ബിജെപിയോ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ മുഖ്യമന്ത്രിയിലേക്ക് എത്തിക്കുകയും അതിന് മറുപടി വാങ്ങിക്കൊടുക്കുകയും ചെയ്യുന്ന ഇടനിലക്കാരായി ഇവർ മാറിക്കഴിഞ്ഞു. പൊതുജനങ്ങളുടേതായ വിഷയങ്ങളിലേക്കോ കോവിഡ് സംബന്ധിയായ നടപടിക്രമങ്ങളിലേക്കോ മാധ്യമങ്ങൾ കടന്നുചെല്ലുന്നില്ല. അതിനർത്ഥം അത്തരം പരാതികൾ പൊതുജനങ്ങൾക്കിടയിൽ ഇല്ലെന്നതാവാം. പക്ഷെ, പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി ചോദിച്ചുവാങ്ങുന്നുമുണ്ട്.

സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജ­ൻസികൾ നടത്തുന്ന അന്വേഷണങ്ങളുടെ പുരോഗതിയെക്കുറിച്ചാണ് മിക്കവാറും ദിവസവും തിരക്കിയിരുന്നത്. പ്രതിപക്ഷ നേതാക്കളുടെ വാര്‍ത്താസമ്മേളനങ്ങളും അതിലെ ആരോപണങ്ങളും ഓരോദിവസവും വൈകുന്നേരങ്ങളിൽ മാലപ്പടക്കം പോലെ പൊട്ടിയവസാനിക്കുന്നത് കാഴ്ച തന്നെയായിരുന്നു. ഏറ്റവുമൊടുവിൽ ഇന്നലെയുണ്ടായ ചോദ്യവും അതിനുള്ള ഉത്തരവും പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും അവസ്ഥയെ ബോധ്യപ്പെടുത്തുന്നതായിരുന്നു. ബിജെപിയുടെ സംസ്ഥാന വക്താവ് കണ്ടുപിടിച്ചുകൊണ്ടുവന്ന ഫയലിൽ മുഖ്യമന്ത്രിക്കുപകരം വ്യാജനായ ഒരാൾ ഒപ്പുവച്ചുവെന്നായിരുന്നു. സംഭവം രാവിലെ മുതൽ ഏഷ്യാനെറ്റും മാതൃഭൂമിയും ജനം ടിവിയുമെല്ലാം ആഘോഷിച്ചു. മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനായി കസേരയിൽ ഇരിക്കുന്ന നിമിഷം വരെ ശ്വാസംവിടാതെയായിരുന്നു ചാനൽ അവതാരകരുടെ ആവേശവിവരണം. കോവിഡ് അവലോകന റിപ്പോർട്ടും പൊതുവിവരങ്ങളും പറഞ്ഞുതീരും വരെ ശ്വാസം അടക്കിപ്പിടിച്ചിരുന്നവർ സടകുടഞ്ഞെഴുന്നേറ്റ് ചോദ്യമുന്നയിച്ചു. ഐപാഡും ഉയർത്തി മുഖ്യമന്ത്രി മറുപടി തുടങ്ങി. ‘ഒന്നല്ല, അന്ന് ഞാൻ ഒപ്പുവച്ചത് 39 ഫയലുകളിലാണ്’- അതുവരെ ഊതിവീർപ്പിച്ചുവച്ച കൂറ്റൻ ബലൂണായിരുന്നു ഒറ്റ സെക്കൻഡിൽ പൊട്ടിയത്. മുഖ്യമന്ത്രി ചികിത്സാർത്ഥം അമേരിക്കയിലായിരുന്നപ്പോൾ ഇ‑ഫയലായി വാങ്ങി ഒപ്പിട്ടു നൽകിയ ഫയലുകളാണ് വ്യാജനെന്ന രീതിയിൽ ബിജെപി വക്താവ് വാർത്താസമ്മേളനം വഴി മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചത്.

ഓഫീസിന് പുറത്തുള്ള സന്ദർഭങ്ങളിൽ മന്ത്രിമാർ­ക്ക് ഇ സോഫ്റ്റ്‌വേർ ഉപയോ­ഗിക്കാമെന്ന ചട്ടമുണ്ട്. അ­ങ്ങ­നെ നടത്തി­യ നടപടികളെയാണ് ബിജെപി വക്താവ് വ­ലിയ സംഭവമായി അവതരിപ്പിച്ചത്. ബിജെപിയുടെ ആരോപണത്തെ നിരവധി തവണ മ­ന്ത്രിയായിരുന്ന നിലവിൽ പാര്‍ലമെന്റംഗവുമായ പി കെ കു‍ഞ്ഞാലിക്കുട്ടി ഏറ്റുപിടിച്ച വിവരവും മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ബിജെപി പറഞ്ഞ കാര്യം കോൺഗ്രസിനെക്കാൾ വാശിയോടെ മുസ്‌ലിം ലീഗ് ഏറ്റെടുത്തു. ബിജെപിയുടെ ഒക്കച്ചങ്ങാതിമാരായി ലീഗ് മാറിയതുകൊണ്ടാണത്. മുഖ്യമന്ത്രി അതിനും മറുപടി നല്‍കി. ആദ്യം ബിജെപി പറയുക പിന്നെ അതിന് ബലം കൊടുക്കാൻ വേണ്ടി യുഡിഎഫ് ഇടപെടുക‑ഇതാണ് ഇപ്പോൾ നടക്കുന്നത്- ഇത്രയും കേട്ടതോടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും ബലം കുറഞ്ഞു. അപ്പോഴും ചിലർ അന്തിചര്‍ച്ചക്കായി ‘മുഖ്യന്ത്രിക്ക് അപരൻ’ എന്ന തലക്കെട്ടുപോലും കണ്ടുപിടിച്ചിരുന്നു. ബിജെപി നേതാവിന് പറ്റിയ അബദ്ധത്തെപ്പറ്റി അന്വേഷിക്കാൻ മുതിരാതെ അതേ വിഡ്ഢിരഥത്തിൽ ഉരുളാൻ ചാനലുകളും തയ്യാറെടുക്കുന്നതിനെ എന്ത് വിളിക്കും. കേരളത്തിൽ ഒന്നുമല്ലാത്ത ബിജെപിയിൽ നേതാവാകാൻ മത്സരിക്കുന്നവർക്ക് മുൻപേ പറഞ്ഞ ‘മൈലേജ്’ ഉണ്ടാക്കുന്ന ജോലിയിലാണ് ചില മാധ്യമങ്ങൾ. അവർ പറയുന്ന വിഡ്ഢിത്തങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്നതും അത് ജനങ്ങൾക്കിടയിലേക്ക് നൽകുകയുമാണ് ഇവർ.

ബിജെപിയുടെ സ്വരം പ്രചരിപ്പിക്കുമ്പോഴും കോൺഗ്രസിന് താങ്ങാവാനും ചിലർ തന്ത്രപൂർവം പരിശ്രമിക്കുന്നുമുണ്ട്. അതിനുദാഹരണമാണ് തലസ്ഥാനത്തിനടുത്ത് കഴിഞ്ഞ ദിവസം ഉണ്ടായ ഇരട്ടക്കൊലപാതകവും അതിനെച്ചുറ്റിപ്പറ്റി ഉടലെടുക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളും കൈവിട്ട് ഈ വ്യാജ ഒപ്പിന്റെ കഥയ്ക്ക് പിറകെ പായാൻ ശ്രമിച്ചതും. കോൺഗ്രസ് നേതാക്കളുടെ അറിവോടെയും സംരക്ഷണത്തിലുമാണ് ക്രിമിനലുകൾ രണ്ട് യുവാക്കളെ കൊന്നുതള്ളിയത്. നിലവിൽ സംസ്ഥാന സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ ഏതുവിധേനയും തകിടംമറിക്കാനുള്ള തത്രപ്പാടിലാണ് ഈ നീക്കങ്ങളെല്ലാം. എന്നാൽ, ഓണത്തിരക്കും യാത്രകളും മൂലം അടുത്തനാളുകളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതിനുള്ള തയ്യാറെടുപ്പുകളെന്തെന്ന് ആരായാൻ ആരും തയ്യാറായില്ലെന്നതാണ് പൊതുജനങ്ങളെ അമ്പരപ്പിച്ചത്. ഇങ്ങനെ മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും ഒത്തുപിടിച്ച് സർക്കാരിനെതിരെ യുദ്ധം ചെയ്യുന്നത് കോവിഡ് പ്രതിരോധനടപടികളെ അട്ടിമറിക്കാനാവുമോ എന്ന സംശയമാണ് ജനങ്ങൾക്കിടയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.