കുരീപ്പുഴ ശ്രീകുമാർ

വർത്തമാനം

February 18, 2021, 6:00 am

ഭ്രാന്തുമരത്തിന്റെ വിത്തുകൾ

Janayugom Online

മതത്തിന്റെ വിത്തുകൂടയിലുള്ളതെല്ലാം ഭ്രാന്തുമരത്തിന്റെ വിത്തുകളാണ്. തണലിന് പകരം വിനാശകരമായ മൃതികിരണങ്ങളാണ് അവ പ്രസരിപ്പിക്കുന്നത്. വിവേകികൾ ആ ആകർഷകമായ തണലിൽ നിന്നും യാഥാർത്ഥ്യത്തിന്റെ വെയിലിലേക്ക് മാറി നിൽക്കും. വെയിൽ മെല്ലെ ശീതളഛായയാകുന്നത് അനുഭവിക്കുകയും ചെയ്യും.

വിവേകത്തിന്റെ മരുന്നു കൊടുത്താൽ മതഭ്രാന്ത് മാറുകതന്നെ ചെയ്യും. ആരു കൊടുക്കുമെന്നതാണ് പ്രശ്നം. ആരെങ്കിലും കൊടുക്കാൻ ശ്രമിച്ചാൽ വ്യക്തിയിലെ മതഭ്രാന്ത് സമൂഹത്തിലേക്ക് വ്യാപിക്കുന്നത് കാണാം. അത് കൂടുതൽ അപകടവുമാണ്. നവഖാലിയിലെ കൂട്ട മതഭ്രാന്തിന് വിവേകത്തിന്റെ മരുന്ന് കൊടുത്ത മഹാത്മാ ഗാന്ധിയുടെ ജീവൻ അപഹരിച്ചത് മതഭ്രാന്തു തന്നെയാണല്ലോ.

പാലക്കാട് ജില്ലയിലെ തേങ്കുറിശ്ശിയിൽ അരങ്ങേറിയ ജാതിമതഭ്രാന്തിന്റെ അവതരണം നല്കിയ നടുക്കം മാറിയിട്ടില്ല. അതിനു മുൻപ് പാലക്കാട് ജില്ലയിൽ നിന്നുതന്നെ മറ്റൊരു മതഭ്രാന്തിന്റെ വാർത്ത. ഇസ്ലാം മത വിശ്വാസിയായ ഒരു അമ്മ, ആ ഉമ്മയ്ക്ക് ദൈവവിളി ഉണ്ടായത്രേ. അതിനെ തുടർന്ന് അവർ ആറു വയസുള്ള സ്വന്തം മകനെ കഴുത്തറുത്തുകൊന്നു. ബലി നൽകിയെന്നാണവർ പൊലീസിനോട് പറഞ്ഞത്.

തേങ്കുറിശ്ശിയിലെ ജാതിക്കൊലപാതകം ബോധത്തോടെ തന്നെ നടത്തിയതാണെങ്കിൽ ഇതിൽ തീർച്ചയായും യഥാർത്ഥ മാനസിക രോഗത്തിന്റെ അടയാളങ്ങളെല്ലാമുണ്ട്. അബോധമായ ഒരു പ്രക്രിയയിലൂടെയാണ് ആ ഉമ്മ ഈ ക്രൂരകൃത്യം ചെയ്തത് എന്നു അനുമാനിക്കാവുന്നതാണ്. അപ്പോഴും ഒരു ചോദ്യം അവശേഷിക്കും. തെലുങ്കുനാട്ടിലെ ഉന്നതവിദ്യാഭ്യാസമുള്ള ഹിന്ദുമതക്കാരായ മാതാപിതാക്കൾ ആലോചിച്ചുറപ്പിച്ചു, പുനർജ്ജനിക്കും എന്ന വിശ്വാസത്തിൽ വിദ്യാസമ്പന്നരായ പെൺമക്കളെ കൊന്നതോ?
അതേ. ഈ സംഭവങ്ങൾ മതവിശ്വാസത്തിന്റെ അടിത്തറ ദൈവവിശ്വാസമാണ് എന്ന വാസ്തവത്തിലാണ് നമ്മളെ കൊണ്ടെത്തിക്കുന്നത്. ശബരിമല വിഷയത്തെക്കുറിച്ചു പ്രതികരിക്കവേ ഒരു ഇടതുപക്ഷനേതാവ് ഈ സത്യം തുറന്നു പറയുകയും ചെയ്തല്ലോ.

പാലക്കാട് പുതുപ്പള്ളി തെരുവിലെ ഉമ്മ ചെയ്തത്, കുഞ്ഞിനെ കുളിമുറിയിൽ കൊണ്ടുപോയി കാലുകൾ കെട്ടിക്കിടത്തി കഴുത്തറുക്കുകയായിരുന്നല്ലോ. സ്വന്തം ഉമ്മയെ കണ്ണുമടച്ച് അനുസരിച്ച ആ ബാലന്റെ നിഷ്ക്കളങ്കതയും നിസ്സഹായതയും പെറ്റമ്മയിലുള്ള വിശ്വാസവും ഓർക്കുമ്പോഴാണ് നമ്മുടെ കണ്ണീർ ഗ്രന്ഥികൾ കവിഞ്ഞൊഴുകുന്നത്. ഉമ്മയാണെങ്കിൽ വിശുദ്ധ പുസ്തകം പഠിച്ചിട്ടുള്ള ആളുമാണത്രേ.

വെറും മനഃശാസ്ത്ര ചികിത്സ കൊണ്ട് ഈ രോഗം മാറുകയില്ല. മതവിദ്യാഭ്യാസത്തിന് പകരം ശാസ്ത്രീയമായ വിദ്യാഭ്യാസം നിർബന്ധമാക്കിയെങ്കിലേ ഭാവിതലമുറയെങ്കിലും മാനസിക ആരോഗ്യമുള്ളവരായി വളരുകയുള്ളൂ.
മറ്റൊരു മതഭ്രാന്തിന്റെ വാർത്ത ഹിന്ദുമത തീവ്രവാദികൾ കൊല്ലാനായി ചുണ്ണാമ്പ് തൊട്ടു നിർത്തിയിട്ടുള്ള ഡോ. കെ എസ്. ഭഗവാന്റെ മുഖത്ത് മഷിയൊഴിച്ചതാണ്. കോടതിവളപ്പിൽ വച്ച്, നിയമം പഠിച്ച അഭിഭാഷകയായ ഒരു വനിതയാണ് മതവിശ്വാസത്തിന്റെ പേരിൽ ഈ അവഹേളനം നടത്തിയത്. വാർദ്ധക്യകാലത്ത് സ്വാമി അഗ്നിവേശിനെ ശാരീരികമായി ആക്രമിച്ച അതേ വികാരം തന്നെയാണ് ഈ ആക്രമണത്തിന് പിന്നിലുമുള്ളത്.

ആരാണ് ഡോ. കെ എസ് ഭഗവാൻ? ഷേക്സ്പിയറിന്റെ നാടകങ്ങൾ കന്നടയിലേക്ക് പരിഭാഷപ്പെടുത്തിയ മൈസൂർ മഹാരാജാസ് കോളജിലെ പ്രൊഫസർ. ആദിശങ്കരന്റെ ഹിന്ദുമത പുനസ്ഥാപനവും ബുദ്ധമത നശീകരണവും സംബന്ധിച്ചു ഗൗരവതരമായ അന്വേഷണം നടത്തിയ യുക്തിവാദി. കന്നഡ സാഹിത്യ അക്കാദമി അവാർഡ്, കുവെമ്പു പുരസ്ക്കാരം, ലോകായത പുരസ്ക്കാരം ഇവയൊക്കെ നേടിയ എഴുത്തുകാരൻ. സ്ത്രീകളും വൈശ്യൻമാരും ശൂദ്രൻമാരും ജൻമനാതന്നെ പാപികളാണെന്ന് പറയുന്ന ഭഗവദ്‍ഗീതയിലെ ഒമ്പതാം അധ്യായത്തിലെ മുപ്പത്തിരണ്ടാമത്തെയും മുപ്പത്തി മൂന്നാമത്തെയും ശ്ലോകങ്ങളെ കഠിനമായി വിമർശിച്ച മനുഷ്യസ്നേഹി.

രാമനെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചു നൽകപ്പെട്ടിട്ടുള്ള കേസിൽ വാദം കേൾക്കാനെത്തിയപ്പോഴാണ് എഴുപത്തഞ്ചുകാരനായ ഈ മഹാഗുരുനാഥൻ ആക്രമിക്കപ്പെട്ടത്. മത തീവ്രവാദികളുടെ നിയമവ്യവസ്ഥ അക്രമത്തിൽ അധിഷ്ഠിതമായതും ഇന്ത്യൻ നിയമവ്യവസ്ഥയെ വകവയ്ക്കാത്തതുമാണല്ലോ. ആരെങ്കിലും രണ്ടു വാക്കു പറഞ്ഞാൽ അപകീർത്തിപ്പെടുന്നതാണോ ദൈവ രാമൻ?നാമജപമെന്ന വിശുദ്ധനാമത്തിൽ, സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമെതിരെ നടത്തിയ അക്രമസമരത്തിൽ ഈ സമാന്തര നിയമവ്യവസ്ഥ കേരളീയർ കണ്ടതുമാണല്ലോ. ഭ്രാന്തുമരത്തിന്റെ വിത്തുകൾ മനുഷ്യാന്തകവിത്തുകളാണ്. കരുതലോടെ കൈകാര്യം ചെയ്യേണ്ടത്.