Thursday
23 May 2019

വെടിവയ്പില്‍ തകര്‍ന്നത് മിഠായി ഭരണികള്‍!

By: Web Desk | Sunday 10 March 2019 10:49 PM IST


devika

ണ്‍പതുകളുടെ ആദ്യമാണ്. തലസ്ഥാനത്ത് ഒരു വര്‍ഗീയലഹള നടന്നു. ‘ചന്ദ്രശാലാശതങ്ങളും ചാരുതര ഹര്‍മ്യങ്ങളും ചന്ദ്രികാ ചര്‍ച്ചിതമാം പ്രാകാരങ്ങളു’മുള്ള പഴവങ്ങാടി കോട്ടയ്ക്കകത്ത് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിനു ചുറ്റുപാടും കത്തിക്കാളി. തീജ്വാലകള്‍ ക്ഷേത്രത്തിനു മുന്നിലെ കോട്ടവാതിലിനു മുകളിലേയ്ക്ക് വരെ പടര്‍ന്നു. കാര്‍ത്തികതിരുനാള്‍ തിയേറ്ററിന് ഓരം പറ്റിയുള്ള പാലസ് ഹോട്ടല്‍ വെന്തുവെണ്ണീറായ ഭയാനക ദൃശ്യം പഴയ തലമുറയില്‍പെട്ടവര്‍ക്ക് ഇന്നും ഓര്‍മയുണ്ട്. സന്ധ്യയായപ്പോള്‍ ലഹള പ്രശസ്തമായ ചാലക്കമ്പോളവും കടന്ന് കരമന വരെ വ്യാപിക്കാന്‍ ഏറെ നേരം വേണ്ടിവന്നില്ല.
അനന്തപുരിയുടെയാകെ നിയന്ത്രണം സായുധ പൊലീസ് ഏറ്റെടുത്തു. ലഹളക്കാരും പൊലീസും തമ്മില്‍ കിളിത്തട്ടുകളി പോലെ കാര്യങ്ങള്‍ വളര്‍ന്നും പലേടത്തും കണ്ണീര്‍വാതക പ്രയോഗവും വെടിവയ്പും. ചാലയില്‍ പൊലീസ് കേന്ദ്രീകരിക്കുമ്പോള്‍ ലഹള കരമനയിലേയ്ക്ക് പടര്‍ന്നു. പൊലീസ് അങ്ങോട്ടേയ്ക്ക് ഓടി. കണ്ണീര്‍ വാതകം ഫലിക്കാതായപ്പോള്‍ തലങ്ങും വിലങ്ങും വെടിവയ്പായി. എന്നിട്ടും കലാപകാരികള്‍ ഇരച്ചുകയറി. കാരണം ഒറ്റ വെടി പോലും ജനക്കൂട്ടത്തിനിടയിലേയ്ക്കല്ല. കേരളാ പൊലീസിന്റെ മഹത്തായ വെടിവയ്പു വൈഭവം മുഴുവന്‍ പാതയോരത്തെ മാടക്കടകളിലെ മിഠായി ഭരണികളിലേയ്ക്കായിരുന്നു. ലഹളയില്‍ ചിലര്‍ കൊല്ലപ്പെട്ടത് പൊലീസിന്റെ വെടിവയ്പു കണക്കുപുസ്തകത്തിലെഴുതിവച്ചു. സൈന്യം റൂട്ട്മാര്‍ച്ച് നടത്തി ലഹള ഒതുക്കിയപ്പോള്‍ ദേ വരുന്നു ചാലയിലേയും കരമനയിലേയും കച്ചവടക്കാര്‍; തങ്ങളുടെ മിഠായിഭരണികളും ബിസ്‌കറ്റ് ടിന്നുകളും വെടിവച്ചു നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട്.

അത്തരം ഒരു നഷ്ടപരിഹാരകേസ് ഇതാ ഐക്യരാഷ്ട്രസഭയുടെ മുന്നിലേയ്ക്ക്. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ തങ്ങളുടെ വനമേഖലയിലെ 19 പൈന്‍മരങ്ങള്‍ ബോംബിട്ടു തകര്‍ത്ത ഇന്ത്യ ആ പ്രദേശത്ത് വന്‍ പരിസ്ഥിതിനാശം വരുത്തിയെന്നാണ് പാകിസ്ഥാന്റെ സങ്കട ഹര്‍ജി. മഹായുദ്ധങ്ങള്‍ കൈകാര്യം ചെയ്യുന്ന യുഎന്നിനു മുന്നില്‍ ചരിത്രത്തില്‍ ആദ്യമായി ലഭിക്കുന്നതാണ് ഇത്തരം ഒരു ഹര്‍ജി. പാകിസ്ഥാനിലെ ഭീകരത്താവളങ്ങള്‍ ഇന്ത്യ ചാമ്പലാക്കിയെന്നും 350 ഭീകരരെ നിഗ്രഹിച്ചുവെന്നുമാണ് മോഡിയും കൂട്ടരും അവകാശപ്പെട്ടത്. ലോകത്തെ മിക്ക വാര്‍ത്താ ഏജന്‍സികളും ഉപഗ്രഹ നിരീക്ഷണ സംവിധാനമുള്ള ലോകോത്തര സ്ഥാപനങ്ങളും ഭീകരത്താവളങ്ങളുടെ സമ്പൂര്‍ണനാശം എന്ന മോഡിയുടെയും ബിജെപിയുടെയും അവകാശവാദങ്ങള്‍ തള്ളിക്കളയുന്നു. സംഘികള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ കണ്ടാല്‍ പാകിസ്ഥാന്‍ മണ്ണോടുമണ്ണു ചേര്‍ന്നുവെന്നു തോന്നിപ്പോകും. അപ്പോഴാണ് ഫ്രഞ്ചു വാര്‍ത്താ ഏജന്‍സിയായ എഎഫ്‌വിയുടെ പുറപ്പാട്. 2005ല്‍ പാകിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ നാശം വിതച്ചതിന്റെ ദൃശ്യങ്ങള്‍ തങ്ങള്‍ പ്രസിദ്ധീകരിച്ചതാണ് ഇന്ത്യന്‍ ആക്രമണത്തിലെ നാശനഷ്ടങ്ങളായി പുറത്തുവിടുന്നതെന്ന വെളിപ്പെടുത്തല്‍ നിഷേധിക്കാന്‍ പോലും മോഡിക്ക് ആവാത്ത ഗതികേട്.
കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് ബിജെപി അധ്യക്ഷന്‍ അമിത്ഷാ എന്ന മൊണ്ണയപ്പന്റെ അവകാശവാദം. ഇന്ത്യന്‍ ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ‘ബലൂണ്‍ഷാ’യുടെ അവകാശവാദം. ഇതിനു തൊട്ടുപിന്നാലെ വ്യോമസേനാ മേധാവി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പോലും മരിച്ചവരുടെ എണ്ണമെടുക്കേണ്ടത് തങ്ങളുടെ പണിയല്ലെന്നാണ് വ്യക്തമാക്കിയത്. ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ അവ പൂര്‍ണമായി പകര്‍ത്താന്‍ ഇരുളില്‍ പോലും പ്രവര്‍ത്തിക്കുന്ന നൈറ്റ്‌വിഷന്‍ ക്യാമറകള്‍ എല്ലാ യുദ്ധവിമാനങ്ങളിലുമുണ്ട്. ഇതിനെല്ലാം പുറമേ ഇന്ത്യന്‍ ബഹിരാകാശ സംഘടനയുടെ നൂറുകണക്കിന് ഉപഗ്രഹങ്ങള്‍ കണ്ണുചിമ്മാതെ പ്രവര്‍ത്തനസജ്ജമാണ്. ഇതുവഴി ലഭിച്ച ചിത്രങ്ങള്‍ ആക്രമണത്തിനും ഭീകരനിഗ്രഹത്തിനും തെളിവായി പുറത്തുവിടാമെന്നിരിക്കെ മോഡിക്ക് അക്കാര്യത്തിലും മിണ്ടാട്ടമില്ല. 250 പേരെ വകവരുത്തിയെന്നു മൊണ്ണയപ്പന്‍ ഷാ പറയുമ്പോള്‍ ആ കണ്ണുകളിലൊന്നു ശ്രദ്ധിച്ചുവോ. ‘ചുമ്മാ’ എന്ന മട്ടില്‍ കണ്ണിറുക്കുന്ന അമിത് ഷാ. പാകിസ്ഥാന്റെ ശല്യം സഹിക്കാതെ വന്നപ്പോള്‍ ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്ന് ഒന്നു വിരട്ടി. അത്രതന്നെ. മോഡിക്കും ഷായ്ക്കും അത് ധാരാളം. തെരഞ്ഞെടുപ്പ് വരികയല്ലേ. ഇതിന്റെ പേരില്‍ ഒരു സീറ്റെങ്കില്‍ ഒന്ന്.

പണ്ട് പൊലീസുകാരന്‍ സൈക്കിളില്‍ ലോഡു കയറിവന്ന പയ്യന്‍മാരോട് കയ്യിലെത്ര കാശുണ്ടെന്നു ചോദിച്ചു. എട്ടണയെന്ന് കുട്ടന്മാരുടെ മറുപടി. ‘എട്ടണയെങ്കില്‍ എട്ടണ. എടെടാ എട്ടണ. എട്ടണ കടിക്കുമോടാ’ എന്ന് ചോദിച്ചതുപോലെ. പക്ഷെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വ്യോമാക്രമണത്തെ പര്‍വതീകരിക്കാന്‍ മോഡി-ഷാമാര്‍ നടത്തിയ പണിയൊക്കെ ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്നതുപോലെയായി. തെക്കൂന്നു വന്നതും പോയി ഒറ്റാലില്‍ കിടന്നതും പോയി. ഇത്രയും കള്ളങ്ങള്‍ പറഞ്ഞ് ഇന്ത്യന്‍ ജനതയേയും ലോകസമൂഹത്തെയും കബളിപ്പിച്ച മോഡി ഇനി പാകിസ്ഥാനെ ഭസ്മമാക്കിയാല്‍ പോലും ജനം വിശ്വസിക്കാത്ത കള്ളങ്ങളുടെ സുനാമിയല്ലേ സൃഷ്ടിച്ചത്. കള്ളങ്ങള്‍ ഏശാതെ വന്നപ്പോള്‍ മോഡി ഇപ്പോള്‍ മാറ്റിപ്പിടിക്കുന്നു; ‘പ്രതിപക്ഷം എന്റെ ജാതി പറയുന്നു, എന്റെ ദരിദ്രാവസ്ഥ പറയുന്നു’ എന്നൊക്കെ. പത്തുകോടിയുടെ കോട്ടു ധരിക്കുകയും കിലോയ്ക്ക് എണ്‍പതിനായിരം രൂപ വിലയുള്ള നാലഞ്ച് കിലോ കൂണും ബദാംപരിപ്പ് അരച്ചുകലക്കി നല്‍കി വളര്‍ത്തുന്ന ആടുകളുടെ നാലഞ്ചു ലിറ്റര്‍ പാലും ദിവസേന അകത്താക്കുന്ന മോഡിയല്ലേ ഇന്ത്യയിലെ ഏറ്റവും വലിയ പട്ടിണിപ്പാവം.
തികഞ്ഞ സിപിഐക്കാരനായിരുന്ന കാലടി ഗോപിയുടെ ഒരു പ്രസിദ്ധ നാടകമുണ്ട്. പിന്നീട് സിനിമയുമായ ഏഴുരാത്രികള്‍. അതിലെ ഉള്ളില്‍ തട്ടുന്ന കഥാപാത്രമാണ് പാഷാണം വര്‍ക്കി. ഒരുവശത്ത് ഗുരുവായൂരപ്പന്റെയും മറുപുറത്ത് ഉണ്ണിയേശുവിന്റെയും ചിത്രവുമായി തരാതരം പോലെ തെണ്ടുന്ന യാചകന്‍. ഇതിനിടെ യാചകക്കൂട്ടത്തില്‍ ഒരുവനു ക്ഷയം വന്നു. അയാള്‍ക്ക് ക്ഷയരോഗികള്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷന്‍ കിട്ടിയെന്നറിഞ്ഞപ്പോള്‍ പാഷാണം വര്‍ക്കി ചങ്കുപൊട്ടി പ്രാര്‍ഥിച്ചു; ‘കര്‍ത്താവേ എനിക്കും ക്ഷയം വരണേ. അതുപോലെ ഇന്ത്യയിലെ പാവങ്ങളും ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നു; ഉടയതമ്പുരാനേ എനിക്കും മോഡിയെന്ന് പേരുകിട്ടണേ എന്ന്. ആ പേരു കിട്ടിയാല്‍ രാജ്യത്തിന്റെ പണം കീശയിലാക്കാം. നാടുവിടാം. ലണ്ടനില്‍ ബിസിനസ് നടത്താം. ലലനാമണികളുമായി അഭിരമിക്കാം. ഇന്ത്യയെ നോക്കി കൊഞ്ഞനംകുത്താം. പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യത്തിന്റെ ഖജനാവ് കൊള്ളയടിച്ച് ഇവിടെ കൂണും പാലുമായി കഴിയുമ്പോള്‍ ക്രിക്കറ്റ് ലീഗിലെ ആയിരക്കണക്കിന് കോടിയുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ലണ്ടനിലേയ്ക്ക് മുങ്ങിയ ലളിത് മോഡി അവിടെ രാജകീയ മാഡത്തില്‍. ലേറ്റസ്റ്റ് മോഡി പതിമൂവായിരം കോടി രൂപ ബാങ്കില്‍ നിന്ന് തട്ടിച്ച് ആന്റിഗ്വയിലേയ്ക്ക് മുങ്ങി ഓഗസ്റ്റില്‍ ലണ്ടനില്‍ പൊങ്ങിയ നീരവ് മോഡി. ആ കൊടും കള്ളനു സംരക്ഷകനായി നരേന്ദ്രമോഡി. ബിജെപി രാജ്യസഭാംഗമായിരിക്കേ 10,000 കോടിയുമായി മുങ്ങിയ മദ്യരാജാവ് വിജയ്മല്യയും ലണ്ടനില്‍. മോഡി ഭരണത്തില്‍ മോഡിമാര്‍ക്കും മല്യമാര്‍ക്കും ‘നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍’ എന്ന പോലെ മഹാനഗരമായ ലണ്ടനും!

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കിയ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥികള്‍ പ്രചാരണവഴികള്‍ ഏറെ ദൂരം താണ്ടിക്കഴിഞ്ഞപ്പോള്‍ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുടെ മാത്രമല്ല ബൂത്തു പ്രസിഡന്റുമാരുടെ പോലും ഇടിച്ചുകയറ്റമായിരുന്നു. എല്ലാ സീറ്റുകളും മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതല്‍ മൂക്കുന്നിമല തങ്കപ്പന്‍ വരെ ബുക്ക് ചെയ്തിരുന്നു. രാഹുല്‍ സവിധത്തിലെത്തി സ്ഥാനാര്‍ഥിത്വം ഉറപ്പാക്കാന്‍. ഇന്നലത്തെ ഇടി കണ്ടാല്‍ ലോക്‌സഭയിലേയ്ക്ക് പതിനായിരം സീറ്റു പോലും തികയില്ലെന്നാണ് വിമാനത്താവള ജീവനക്കാര്‍ പറയുന്നത്. തിരിച്ചുവരുമ്പോള്‍ സീറ്റുകിട്ടാത്തവരും കിട്ടിയവരും തമ്മില്‍ വിമാനത്തിനുള്ളില്‍ സ്റ്റണ്ടു നടത്തുമെന്ന ആശങ്കയിലാണ് വിമാനകമ്പനികള്‍. കോണ്‍ഗ്രസുകാരെന്ന പേരില്‍ വിമാന ടിക്കറ്റു നിഷേധിക്കാനും വയ്യാത്ത ത്രിശങ്കുസ്വര്‍ഗത്തില്‍. കോണ്‍ഗ്രസിന്റെ സീറ്റുപ്രഖ്യാപനമൊന്നു വന്നോട്ടെ. കേരളത്തില്‍ കോണ്‍ഗ്രസുകാരുടെ നിലത്തില്‍ പോരു നമുക്കു കണ്‍കുളിര്‍മയോടെ കാണാം.